
പഴയ സോവിയറ്റ് രാജ്യങ്ങളിൽ/ബ്ലോക്കുകളിൽ നിന്നെല്ലാം വരുന്ന പുസ്തകങ്ങൾ തരുന്ന അക്കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പറ്റിയുള്ള ചിത്രം അത്ര ഭംഗിയുള്ളതല്ല എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. Beanpole പോലുള്ള സിനിമകൾ, സോവിയറ്റ് മിൽക്ക്, സ്വിമ്മിങ് ഇൻ ദി ഡാർക്ക് തുടങ്ങിയ നോവലുകൾ അലെക്സിവിച്ച് പോലുള്ളവരുടെ നോൺ ഫിക്ഷൻ പുസ്തകങ്ങൾ എന്നിവയെല്ലാം തുടങ്ങിവച്ച ആ തരംഗം ഇപ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിയ്ക്കുകയാണ്. കരേറെയുടെ “ലിമോനോവ്” പോലുള്ള പുസ്തകങ്ങൾ യൂണിയൻ വീണതിന് ശേഷമുള്ള സംഗതികളാണ് വിവരിയ്ക്കുന്നത് (ഇതിൽ പലതും ഞാനിവിടെ മുന്നേ എഴുതിയിട്ടുള്ളതാണ്). അതിൽ ഗുലാഗിനെപ്പറ്റി എഴുതിയ സോൾഷെനിറ്റ്സിൻ പിൽക്കാലത്ത് മോസ് കോയിൽ വന്നപ്പോൾ ആളുകൾ അയാളെ പരിഹാസത്തോടെയാണ് നോക്കിയതെന്നു പറയുന്നുണ്ട്. ഗുലാഗാണ് Sasha Filipenko എഴുതിയ “Red Crosses” എന്ന നോവലിലും കേന്ദ്രത്തിൽ. സ്റ്റാലിൻ യുഗത്തിലെ കുപ്രസിദ്ധമായ NKVD എന്ന രഹസ്യപ്പോലീസ് സംഘടനയുടെ ഭാഗമായിരുന്നു Tatyana എന്ന സ്ത്രീയുടെ കഥയിൽ 1930കളിലെ “ഭീതിയുടെ വർഷങ്ങളിലൂടെ” വീണ്ടും നമ്മൾ സഞ്ചരിയ്ക്കുന്നു. നോവലിൽ റഷ്യൻ ആർക്കൈവുകളിൽ നിന്നും റെഡ് ക്രോസ്സ് ആസ്ഥാനത്തുനിന്നും ഉള്ള രേഖകൾ അതേപടി പകർത്തിയിട്ടുണ്ട്. സത്യത്തിൽ, നോവലിൽ ഫിക്ഷനെത്ര സത്യമെത്ര എന്ന് പറയുക കഠിനമാണ് – എന്നാൽ മേൽപ്പറഞ്ഞ പറഞ്ഞ തരം പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർക്ക് ഇതിലെ സത്യം മനസ്സിലാവുകയും ചെയ്യും.
സാഷ എന്ന ഫുടബോൾ റഫറി ഒരു പുതിയ അപ്പാർട്മെന്റിലേയ്ക്ക് താമസം മാറുമ്പോഴാണ് വൃദ്ധയായ Tatyana-യെ പരിചയപ്പെടുന്നത്. അവർ തന്റെ ജീവിതകഥ അയാളോട് പറയുന്നു. നാലുഭാഷകൾ കൈകാര്യം ചെയ്യുന്ന അവരെ NKVD പഠിയ്ക്കുന്ന കാലത്തേ ജോലിയ് ക്കെടുക്കുകയായിരുന്നു. അവരുടെ ഭർത്താവ് യുദ്ധമുന്നണിയിലാണ്. യുദ്ധത്തിൽ തടവിലാവുന്ന സൈനികരെപ്പറ്റി വിവരങ്ങൾ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു. കൂട്ടത്തിൽ സ്വന്തം ഭർത്താവിനെയും തടവുകാരനായി പിടിച്ചു എന്ന് കാണുമ്പോൾ അവർ തകർന്നു പോയി – സോവിയറ്റ് യൂണിയനിൽ യുദ്ധത്തിൽ പിടികൊടുക്കുന്ന സൈനികരെ വഞ്ചകരായാണ് കണക്കാക്കിയിരുന്നത് (മരിയ്ക്കുക എന്നതാണ് ഏക പോംവഴി, നല്ല സൈനികൻ അതാണ് ചെയ്യുക എന്ന്). അവരുടെ കുടുംബങ്ങളെയും അധികൃതർ വെറുതെവിടില്ല എന്നതായിരുന്നു സ്ഥിതി. എന്നാൽ ബുദ്ധിമതിയായ ആ സ്ത്രീ അതിനൊരു പരിഹാരം കണ്ടെത്തുന്നു. എന്നാൽ അതവരെ രക്ഷപ്പെടുത്തുന്നില്ല. ജർമ്മനി അക്രമിയ്ക്കുന്നതുവരെ റഷ്യയും ഹിറ്റ്ലറും തമ്മിൽ പ്രശ്ങ്ങളുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, റഷ്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം “cemented in blood” എന്നാണ് സ്റ്റാലിൻ പ്രസ്താവിച്ചത്( എന്നാൽ യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോൾ ജർമ്മനിയുമായി യുദ്ധത്തടവുകാരെപ്പറ്റിപ്പോലും ചർച്ച ചെയ്യില്ല, അതൊരു രാജ്യമല്ല കുറ്റവാളികളുടെ കൂട്ടമാണ് എന്നായി റഷ്യയുടെ നിലപാട്. ഗ്രോസ്സ്മാന്റെ സ്റ്റാലിൻഗ്രാഡ് എന്ന നോവൽ ഈ യുദ്ധത്തിന്റെ ഉജ്ജ്വലമായ, ഇതിഹാസമാനമാർന്ന ആഖ്യാനമാണ്, നിരവധി കാലം സെൻസർഷിപ്പ് നേരിടേണ്ടി വന്നെങ്കിലും പുസ്തകം ഏറെക്കുറെ പൂർണ്ണമായി അടുത്തകാലത്ത് പരിഭാഷയിൽ വന്നു). സംഗതികൾ താമസിയാതെ കലങ്ങി മറിഞ്ഞു, Tatyana-യെ രഹസ്യപൊലീസ് അറസ്റ്റു ചെയ്യുകയും ഗുലാഗിലെത്തിയ്ക്കുകയും ചെയ്യുന്നു. മകളെ അധികൃതർ ഒരു ഓർഫനേജിലേയ്ക്കയ്ക്കുന്നു. ഗുലാഗിലെ പത്തുവർഷത്തെ ജീവിതത്തെപ്പറ്റിയുള്ള നോവലിലെ വിവരണങ്ങൾ കഠിനമാണ്. നോവലിന്റെ ഏറ്റവും ശക്തമായ ഭാഗമാണിത്. മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞാണ് അവർ അവിടെയെത്തുന്നത് – എത്തിയ ഉടനെ സ്ത്രീകളെ ആഴമേറിയ കുഴിയുടെ വക്കത്തു നിറുത്തുന്നു – വെടിയുണ്ടകളെ ഭയന്ന് ചില സ്ത്രീകൾ കരഞ്ഞുകൊണ്ട് കുഴിയിലേയ്ക്ക് ചാടുന്നു, എന്നാൽ സൈനികരുടെ ഒരു സ്ഥിരം തമാശ മാത്രമായിരുന്നു അത്. ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത തണുത്തുറഞ്ഞ ആ സ്ഥലത്ത് മരിയ്ക്കുന്നവരുടെ ശവങ്ങൾ ഒരു ഷെഡിനു പിന്നിൽ അട്ടിവയ്ക്കുകയാണ്. ഇങ്ങനെയുള്ള ശവങ്ങളിൽ നിന്ന് ശരീരഭാഗങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നത്രെ – അതിനെയും കടത്തി വെട്ടുന്ന രംഗമുണ്ട് നോവലിൽ, ഒരു മൺവെട്ടിയിൽ വച്ച പഴകിയ ഇറച്ചിക്കഷണം തിന്നാൻ മുട്ടിലിഴഞ്ഞു വരേണ്ടി വരുന്ന സ്ത്രീകളുടെ ചിത്രമാണ് അത്. തുടർന്ന് വായിയ്ക്കുക –
The scariest thing, I thought, was not that exhausted prisoners were trying to bite a piece of meat, but the idea that, if we didn’t change anything, if the world never learned about these atrocities, then, half a century later, a process of crystallization would take place, resulting in human beings who would eat from a shovel of their own free will. And if that difficult realization never took place, and if the powers-that-be did not repent, then human beings would be standing in line to eat from a shovel full of pancakes, and they would be happy, they would be ecstatic to eat from the shovel, because their prison would no longer be the Gulag but their own selves.
ഇതൊക്കെ ആയാലും ഗുലാഗിലെ സ്ത്രീകൾ സ്റ്റാലിനിൽ ഫാദർ ഫിഗറിനെത്തന്നെ കണ്ടുവെന്ന് Tatyana പറയുന്നു. അതായിരുന്നു സ്റ്റാലിന്റെ ജീനിയസ്. സ്റ്റാലിനല്ല, NKVD-യിലെ മറ്റ് ഉദ്യോഗസ്ഥരായിരുന്നു പർജ്ജിനു പിന്നിൽ എന്നൊക്കെ പലരും അർഗ്യൂ ചെയ്യുന്നത് ഞാൻ വായിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സ്റ്റാലിന്റെ മരണത്തിനു തൊട്ടുപിന്നാലെ ഗുലാഗിലെ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചത് എന്തിനായിരുന്നു എന്ന ചോദ്യമുണ്ട് (എല്ലാവരെയും വിട്ടില്ല, അതിനുള്ള കൃത്യമായ മാർഗരേഖ ഈ നോവലിൽ (മറ്റു പല രേഖകൾക്കൊപ്പം) അതേപടി ചേർത്തിട്ടുണ്ട്. വർഷങ്ങൾക്കുശേഷം തത്യാനയോട് റെഡ്ക്രോസ് ഓഫിസിൽ നിന്ന് ചോദിയ്ക്കുന്ന ചോദ്യം റഷ്യ എന്തുകൊണ്ട് അവരുടെ പരിക്കേറ്റ സൈനികരെ തിരികെ സ്വീകരിയ്ക്കാൻ വിസമ്മതിച്ചു എന്നാണ് . മറുപടി കിട്ടാതിരുന്നപ്പോൾ എന്തോ കാരണം കൊണ്ട് റിക്വസ്റ്റ് തള്ളിപ്പോയി എന്ന് കരുതി റെഡ് ക്രോസ്സ് വീണ്ടും വീണ്ടും ഈ ലിസ്റ്റുകൾ അയച്ചത്രേ, എന്തിന് എന്നാണ് തത്യാനയുടെ ചോദ്യം, ഒൻപതു ഉദ്യോഗസ്ഥർ തള്ളിയാലും പത്താമത്തെ ആളെങ്കിലും ഈ ലിസ്റ്റുകണ്ടു നടപടിയെടുക്കുമല്ലോ എന്ന് അവർ കരുതിയത്രെ. unfortunately, you underestimated us എന്നാണ് തത്യാനയുടെ മറുപടി – ഈ സംഗതിയുടെ രേഖ നോവലിലുണ്ട്). നോവലിലെ നായിക എവിടെയും പോകാൻ വഴിയില്ലാത്തതിനാൽ തിരികെ കാമ്പിലേയ്ക്ക് തന്നെപോയി അവിടെ ജോലിയ്ക്കു കയറുന്നു. അവരുടെ അന്വേഷണം എങ്ങനെ അവസാനിച്ചു എന്നാണ് നോവലിന്റെ അവസാന ഭാഗങ്ങളിൽ. ഗുലാഗിൽ മരിച്ചവരെ അടക്കാനായി ഉണ്ടാക്കിയ വലിയൊരു സെമിത്തേരി പൊളിച്ച് റോഡ് നിർമ്മിയ്ക്കാനൊരുങ്ങുന്നത് നോവലിൽ മറ്റൊരിടത്തുണ്ട്. ഗുലാഗ് തങ്ങളുടെ ചരിത്രത്തിലെ ഒരു മായാത്ത കറയാണ് എന്നത് റഷ്യൻ അധികാരികൾക്കറിയാമായിരുന്നു. ഫാദർ ഫിഗറിലും പാട്രിയോട്ടിക് വാറിലും ഒന്നും ഇതുപോലുള്ള സംഗതികൾ ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ല(അതേ സ്റ്റാലിന്റെ കീഴിലെ ചെമ്പടയാണ് നാസികളെ യുദ്ധത്തിൽ തോൽപ്പിച്ചതും ഓഷ്വിറ്റ്സിലെയും മറ്റും തടവുകാരെ മോചിപ്പിച്ചതും (ആ ചരിത്രം നമ്മൾ സ് കൂളിൽ പഠിയ്ക്കുന്നില്ല, അവിടെ അമേരിക്ക മാത്രമേയുള്ളൂ). റഷ്യൻ സൈന്യം വരുന്നുവെന്നു കേട്ട് ജർമ്മനിയിൽ സ്ത്രീകൾ കുട്ടികളുമായി ആത്‍മഹത്യ ചെയ്യാൻ തുടങ്ങിയപ്പോൾ ഇതേ സൈന്യത്തോട് അവരെ രക്ഷിയ്ക്കാൻ പറയുകയാണ് സ്റ്റാലിൻ ചെയ്തത് – ഓർക്കുക, ഈ സൈനികർക്ക് ഇത് പ്രതികാരം ചെയ്യാൻ കൂടി വേണ്ടിയുള്ള യുദ്ധമായിരുന്നു – ഈ യുദ്ധത്തിന്റെ ബാക്കിപത്രമാണ് ബീൻപോൾ എന്ന സിനിമ. സത്യത്തിൽ, ദുഃഖം മാത്രം അവശേഷിയ്ക്കുന്ന ഒന്നാണ് റഷ്യക്കാരുടെ ചരിത്രം). സെന്റ് പീറ്റേഴ് സ്ബർഗിൽ തന്നെ താമസിയ്ക്കുന്ന എഴുത്തുകാരനാണ് റഷ്യനിലെഴുതുന്ന, ബലാറസുകാരനായ സാഷ. റഷ്യയിൽ നിന്നും/മുന്നത്തെ യൂണിയൻ പ്രദേശങ്ങളിൽ നിന്നുമൊക്കെ പുതിയൊരു കൂട്ടം എഴുത്തുകാർ വന്നുകൊണ്ടിരിയ്ക്കുന്ന സമയമായതുകൊണ്ട് ഇനിയും സത്യങ്ങളും ദുരന്ത കഥകളും പലതും നമ്മൾ കേൾക്കും എന്നുമെനിയ്ക്കു തോന്നുന്നു.
നോവലിന്റെ പശ്ചാത്തലം 2001-ലെ മിൻസ്കാണ് (ബെലാറസ്). നൂറുവർഷത്തെ അതിസങ്കീർണ്ണമായ ചരിത്രം 200 പേജുള്ള പുസ്തകത്തിൽ ഒതുക്കാൻ നോക്കുകയാണ് ഇവിടെ. സാഷയുടെ തന്നെ ദുരന്തകഥ നോവലിന്റെ ആദ്യഭാഗങ്ങളിലുണ്ട്. അത് തത്യാനയുടെ കഥയുടെ ഒഴുക്കിൽ മുങ്ങിപ്പോകുന്നു. ഈ ന്യൂനതകൾക്കിടയിലും മനുഷ്യരുടെ സഹനത്തിന്റെ ഈ കഥയ്ക്ക് നമ്മൾ കൂടി തോളേറ്റേണ്ടതായ കനമുണ്ട്.