

ഫിറന്തേയുടെ Frantumaglia വായിയ്ക്കുമ്പോഴാണ് എഴുത്തുകാരിയുടെ, അവരുടെ പുസ്തകങ്ങൾക്ക് പുറത്തെ calibre നമ്മൾ കാണുക. കേരളത്തിൽ ഫെമിനിസ്റ്റായിരിയ്ക്കുകയും എന്നാൽ തീർത്തും അപൊളിറ്റിക്കൽ ആയിരിയ്ക്കുകയും ചെയ്യാം. എന്നാൽ അപൊളിറ്റിക്കൽ ആകാതെയിരിയ്ക്കുന്ന എഴുത്തുകാരികളാണ് ഫിറന്തേയും റ്റോക്കർസക്കും ഒക്കെ(സാലി റൂണിപോലും പൊളിറ്റിക്കൽ ആണ്). Frantumaglia-യിൽ അവരെ ഇൻസ്പയർ ചെയ്ത രണ്ടു പ്രധാനപുസ്തകങ്ങളെപ്പറ്റി പറയുന്നുണ്ട്. ലല്ല റൊമാനോയുടെ “സൈലെൻസ് ഷെയേർഡ്”, പിന്നെ അൽബ ഡി സെസ് പീഡ്സ്-ന്റെ “ഫോർബിഡൻ നോറ്റ്ബുക്ക്”(രണ്ടു പുസ്തകങ്ങൾക്കും പുതിയ എഡിഷൻ ഇപ്പോൾ വന്നിട്ടുണ്ട്, സെസ് പീഡ്സ്-ന്റെ പരിഭാഷ ആൻ ഗോഡ്സ്റ്റെയിൻ ആണ്, ഫിറന്തേയുടെ പരിഭാഷക തന്നെ). ജൂമ്പ ലാഹിരിയുടെ “ട്രാൻസ്ലേറ്റിങ് മൈസെൽഫ് ആൻഡ് അതേർസ്” വായിയ്ക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ സംഗതി ഇന്ത്യൻ അപ്പർ കാസ്റ്റ് എഴുത്തുകാരികളെപ്പോലെ അല്ലാതെ അവർ ട്രമ്പിനും മറ്റു റൈറ്റ് വിൻഗേഴ്സിനും എതിരെ നിലപാടെടുക്കുന്നതാണ് – എന്തുകൊണ്ട് പരിഭാഷകൾ വേണം എന്നതിന്റെ ഒരു പ്രേരകമാണ് ഫാസിസ്റ്റുകൾ എന്നതാണ് അവരുടെ പറച്ചിൽ. അവർ സെസ് പീഡ്സ്-ന്റെ പുസ്തകത്തിന്റെ ഇൻട്രോ എഴുതിയിട്ടുണ്ട് (ഗോൾഡ് സ്റ്റെയിനും കുറിപ്പ് എഴുതിയിട്ടുണ്ട്). ഇറ്റാലിയൻ കമ്യൂണിസ്റ്റായ അൽബയെ മുസോളിനിയും സംഘവും വേട്ടയാടിയിട്ടുണ്ട്. റൊമാനൊ ഒന്നാം ലോകായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്, അവർ സോഷ്യലിസ്റ്റ് ആയിരുന്നു, അവിടത്തെ പാർട്ടിയിൽ അംഗമായിരുന്നു (സെസാർ പവേസ് അവരെ എഴുത്തിലേയ്ക്ക് തിരിച്ചുവിട്ടു). ലാഹിരിയുടെ മേൽപ്പറഞ്ഞ പുസ്തകത്തിലെ ഏറ്റവും അപ്രതീക്ഷിത ഭാഗം ഇറ്റാലിയൻ പഠനത്തിന്റെ ഭാഗമായാണെങ്കിലും അവർ ഗ്രാംഷിയുടെ നോട്ട്ബുക്സ് മുഴുവനായി വായിയ്ക്കുന്നതും അതിനെപ്പറ്റി എഴുതുന്നതുമാണ്. റ്റോക്കർസക്കിന്റെ ക്രൈം നോവൽ “ഡ്രൈവ് ..” വലതുപക്ഷക്കാരെ അരിശപ്പെടുത്തി, ചർച്ചും അവരോടു ശത്രുത കാണിച്ചിട്ടുണ്ട്. സെസ് പീഡ്സ്-ന്റെ നോവലിലെ കഥാപാത്രം സ്വന്തമായി ഒരു ഡയറി ഉണ്ടാകണം എന്നും സ്വകാര്യമായി എഴുതണം എന്നും ആഗ്രഹിയ്ക്കുന്നു. അവരുടെ നോർമൽ കുടുംബ പശ്ചാത്തലത്തിലും അതൊരു വെല്ലുവിളിയായാണ് അവർക്കു തോന്നുന്നത്. ഇതേ ആവശ്യമുള്ള നായികയുള്ള ഇന്ത്യൻ നോവലുണ്ട്. നോവൽ ത്രയം, ബംഗാളിയിൽ. ആശാപൂർണ്ണദേവിയുടെ പ്രഥമ പ്രതിശ്രുതി/സത്യവതി/ബാകുളിന്റെ കഥ എന്ന മൂന്നു നോവലുകൾ. സത്യവതി (ഓർമ്മയിൽനിന്ന്, സ് കൂൾ കാലത്തു വായിച്ചതാണ്) രഹസ്യമായി നോവലെഴുതുകയും അത് കത്തിച്ചുകളയുകയും ചെയ്യുന്നു. അവരുടെ ഒരേ ഒരു ആഗ്രഹം പുറത്തേയ്ക്കു നോക്കിയിരിയ്ക്കാൻ ഒരു വരാന്ത പണികഴിപ്പിയ്ക്കണം എന്നായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അന്നും ഇന്നും ഗ്ലോബൽ ആയ വശമാണുള്ളത് എന്നർത്ഥം. പുസ്തകങ്ങൾ വായിയ്ക്കുന്തോറും ഇമ്മാതിരിയുള്ള പാരലൽസ് കൂടുതൽ കൂടുതലായി കണ്ടെത്തുന്നു എന്നതാണ് വായനയുടെ ഒരു കൗതുകം, ഈയിടെയായി.
NB: ജൂൺ 19, ജൂൺടീന്ത്, അമേരിക്കൻ സിവിൽ വാർ അവസാനിയ്ക്കുകയും, അടിമത്തം അവസാനിപ്പിയ്ക്കുകയും ചെയ്ത ദിവസം കൂടിയാണ്.