

ഒന്ന് – ക്ലെയർ കീഗന്റെ “So Late in the Day” എന്ന ന്യൂയോര്‍ക്കറിൽ വന്ന കഥ ഒരു നോവെല്ല രൂപത്തിൽ. ആ കഥയെപ്പറ്റി 2022 ആദ്യം ഞാൻ ബ്ലോഗിലും ഫെയ്സ്ബുക്കിലും എഴുതിയിരുന്നു. കീഗൻ എനിയ്ക്കു പ്രിയപ്പെട്ട എഴുത്തുകാരിയാണ്. സാലി റൂണിയുടെ നാലിലൊന്നു പ്രശസ്തി അടുത്ത കാലം വരെ അവർക്കുണ്ടായിരുന്നില്ല എന്നതാണ് അത്ഭുതം. ബ്ലോഗിലേയ്ക്കുള്ള ലിങ്ക് താഴെ.
https://melethilwrites.com/2022/02/23/so-late-in-the-day/
(ഇതേ പേരിൽ മൂന്നു കഥയുള്ള ഒരു എഡിഷൻ ഉണ്ടെന്നു പറയുന്നു (കിൻഡിലിൽ ഇല്ല), അതിൽ അന്റാർട്ടിക്ക എന്ന കഥ അതേ ടൈറ്റിലിൽ അവരുടെ മറ്റൊരു കളക്ഷനിൽ ഉള്ളതാണ്, അത് അവരുടെ ഒരു തല്ലിപ്പൊളി കഥയുമാണ്, അതിലെ മൂന്നാമത്തെ കഥ ഞാൻ വായിച്ചിട്ടില്ല)
രണ്ട് – ഞാൻ ഫിക്ഷനിൽ ഏറ്റവും കുറച്ചു വായിച്ചിട്ടുള്ള എഴുത്തുകാരനായ കൂറ്റ്സിയുടെ പുതിയ കഥാസമാഹാരമാണ് – The Pole and Other Stories. കഥകളാണ്. എഴുത്തുകാരന്റെ അവസാന സമാഹാരം എന്നൊക്കെ പറയുന്നു. എന്തോ മക്കാർത്തിയെപ്പറ്റി എല്ലാവരും ഇങ്ങനെ പറഞ്ഞ്, അവസാനം അയാൾ മരിയ്ക്കുകയാണുണ്ടായത്, അതുകൊണ്ട് ഒരു മിസ്സിംഗ് ഫീലിംഗ് ഇപ്പോൾ തന്നെ. ഡിസ്ഗ്രേസ് എന്ന നോവലിന് കിടപിടിയ്ക്കുന്ന ഒന്നും ഈ എഴുത്തുകാരൻ ഫിക്ഷനിൽ എഴുതിയിട്ടില്ല എന്നാണ് എന്റെ തോന്നൽ (അധികവും വായിച്ചു തുടങ്ങി ഉപേക്ഷിച്ചതാണ്). എന്നാൽ ഓർമ്മക്കുറിപ്പുകളും, എസ്സേകളുമായി കുറേയധികമുണ്ട് താനും (മാർകേസിന്റെയും കവാബത്തയുടെയും നോവലുകളെ തുലനം ചെയ്ത സ്ലീപ്പിങ് ബ്യൂട്ടി എന്ന ലേഖനം ഉദാഹരണം, അതിനെപ്പറ്റി ബ്ലോഗിൽ കാണുമെന്നു തോന്നുന്നു).