
മലയാളത്തിലെ മേജർ എഴുത്തുകാരൊക്കെ പുസ്തകം ഇറക്കിയ വർഷമാണ് (അതൊരു വലിയ സന്തോഷമാണ്, മലയാളം എന്ന കൊച്ചുഭാഷയ്ക്കും വേണ്ടേ ആർഭാടവും ആഘോഷവും). പിഎഫ്, ഹരീഷ്, അജയ്, ദേവദാസ് വിഎം, ഇ സന്തോഷ് കുമാർ, സ്റ്റാൻലി ജോണി. കൂട്ടത്തിൽ രണ്ടു വളരെ പ്രോമിസിംഗ് ആയ എഴുത്തുകാര് കൂടിയുണ്ട്. ഹരികൃഷ്ണൻ തച്ചാടൻ. മൃദുൽ വിഎം. ഹരിയുടെ കഥാസമാഹാരം വരുമെന്ന് കേൾക്കുന്നു, നോവൽ വന്നു, ധാരാളം വായിയ്ക്കപ്പെടുകയും ചെയ്തു (അതിന്റെ നാലഞ്ച് വേർഷൻ വായിച്ചതുകൊണ്ട് കൃത്യമായ അഭിപ്രായം പറയാൻ കഴിഞ്ഞില്ല, ഫൈനൽ വേർഷൻ വന്നത് തന്നെ ബെസ്റ്റ് വേർഷൻ). സമാഹാരങ്ങൾ പ്രധാനമാണ്. കാരണം – അതിൽ എഴുത്തിലെ പാറ്റേണുകൾ തെളിയും. മൃദുലിനെപ്പറ്റി ഞാൻ എഴുതിയിട്ടില്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്. ഹരീഷ്, ദേവൻ, പിഎഫ് – ഇവർ മൂവരും അടിസ്ഥാനപരമായി ചെറുകഥാകാരന്മാരാണ്. അവരുടെ എഴുത്തിന്റെ പവർ കൂടുതൽ ഫലവത്താകുക ചെറിയ എഴുത്തുകളിലാണ് എന്നർത്ഥം. എന്നാൽ ഹരീഷ് എഴുതിയ മൂന്നു നോവലുകളും വിജയങ്ങളാണ് (മീശയെപ്പറ്റി അങ്ങനെ മുഴുവനായി പറയുന്നില്ല, എന്നാൽ അത് നോവൽ രൂപത്തിൽ വരേണ്ടത് തന്നെയാണ്, പുഴു വായിച്ചു തീരാനായി – അതേപ്പറ്റി വഴിയേ), ദേവന്റെ നോവലുകൾ ചെറുകഥകൾ ലിങ്ക് ചെയ്തപോലെ പലപ്പോഴും തോന്നാറുണ്ട്, ലിറ്റററി വർക്കുകൾ പ്രത്യേകിച്ചും. ചെറുകഥയിൽ ഇവർ രണ്ടു പേരും മലയാളത്തിലെ മറ്റു എഴുത്തുകാരേക്കാൾ ബഹുദൂരം മുന്നിലാണ്. അജയ് ആണ് സത്യത്തിൽ ഇതിലെ പ്യുവർ നോവലിസ്റ്റ് ടാഗ് ഉള്ളയാൾ. ലോങ്ങ് ഫോം ആണ് അയാളുടെ തട്ടകം (ചെറുകഥ എഴുതിയത് എനിയ്ക്ക് വർക്കായില്ല). നോൺ ഫിക്ഷൻ എഴുതിയ തഴക്കം അയാൾക്ക് കൂടും. അതുകൊണ്ട് വ്യതിരിക്തമായ, പേഴ്സണൽ ടച്ചുള്ള ഭാഷ അയാൾക്കുണ്ട്. മൂന്നുപേരും ഫ്ലോയിൽ ആണെങ്കിൽ ഉജ്ജ്വലമായ ടെക്സ്റ്റ് എഴുതാൻ കഴിവുള്ളവർ. പിഎഫിന്റെ ചാവുനിലം മലയാളത്തിലെ മൈൽസ്റ്റോൺ നോവലാണ്. എന്നാൽ അതിനോട് കിടപിടിയ്ക്കുന്ന നോവലുകൾ പിന്നെ എഴുതാൻ കഴിഞ്ഞില്ല (പുണ്യാളൻ തൊട്ടുപിറകിലുണ്ട്). പിഎഫ് ചെറുകഥാകാരനാണ് എന്നതാണ് അതിന്റെ കാരണം (പുതിയ നോവൽ വായന തുടങ്ങിയെ ഉള്ളൂ). ഇതേ പ്രശ് നം സുഭാഷിനുണ്ട്. അയാളും ഷോർട് ഫോമിന്റെ ആളാണ്. അയാൾക്ക് പക്ഷെ അത് മനസ്സിലാവുന്നില്ല. സന്തോഷ് ഉജ്ജ്വല ചെറുകഥാകാരനാണ്. എന്റെയിഷ്ട സമാഹാരങ്ങളിൽ ഒന്ന് ഡിസി ഇറക്കിയ സന്തോഷിന്റെ കളക്ഷൻ ആണ് (ഭയങ്കര റിപ്പീറ്റ് വാല്യൂ ഉണ്ട് സന്തോഷിന്). അങ്ങനെ എടുത്താൽ ഹരീഷ്, ദേവൻ, സന്തോഷ് തുടങ്ങിയവർ ഈ തലമുറയിലെ ബെസ്റ്റ് ആണെന്ന് പറയേണ്ടി വരും. സന്തോഷിന്റെ നോവലുകൾ എനിയ്ക്ക് വർക്കായിട്ടില്ല. വാക്കുകൾ, കുള്ളന്മാരുടെ കഥ പറയുന്ന നോവെല്ലകൾ എല്ലാം ഓക്കേ ആണ്. എന്നാൽ ജ്ഞാനഭാരം എന്ന നോവല്ലയോടെ(ഇതിനെപ്പറ്റി ഇനി പറയില്ല) അയാളുടെ തട്ട് പൊങ്ങി എന്ന് ഞാൻ കരുതുന്നു. അതിനുശേഷം സന്തോഷ് എഴുതിയ ഒന്നും എനിയ്ക്ക് ഏശിയിട്ടില്ല. ഉപരിപ്ലവത, പ്രെഡിക്റ്റബിലിറ്റി ഇങ്ങനെയുള്ള പ്രശനങ്ങൾ തന്നെ. നല്ല ഭാഷയാണ് സന്തോഷിന്റെ പോപ്പുലാരിറ്റിയ്ക്ക് ഇപ്പോഴും/എപ്പോഴും കാരണം (റിപ്പീറ്റ് വാല്യൂ അതിൽ നിന്നാണ് വരുന്നത്). ക്ലാസ്സിക് മലയാളത്തിന്റെ ടച് അയാളിലുണ്ട്. പറയുന്ന കഥകൾ വർക്കാകുന്നില്ല. അതാണ് കുഴപ്പം. ഇനി തച്ചാടനും, മൃദുലും. സത്യത്തിൽ ഷനോജ് കൂടിയുണ്ട് ഈ കൂട്ടത്തിൽ. തച്ചാടൻ വ്യത്യസ്തനാകുന്നത് പിഎഫ് കൊണ്ട് വരികയും പിന്നെ നൊറോണ ഫെയ്മസ് ആക്കുകയും ചെയ്ത ദേശമെഴുത്ത് ടെംപ്ലേറ്റ് മറികടന്നു എന്ന കാരണം കൊണ്ടാണ്, അയാളുടെ കഥകളിലും പൊയ് ലോത് ഡെർബി എന്ന നോവലിലും കുറച്ചു കൂടി മേൽപ്പറഞ്ഞ സീനിയർ എഴുത്തുകാരുടെ ശൈലിയിലുള്ള ഭാഷയാണ്. അതുകൊണ്ട് അയാളുടെ കഥകൾ എനിയ്ക്ക് എന്നും വർക്കാകാറുണ്ട്. കുറച്ചു കുഴക്കുന്ന കഥകൾ ആണ് എനിയ്ക്ക് പഥ്യം – വായിച്ചു കഴിഞ്ഞാൽ അഞ്ചുമിനിറ്റ് എന്നെ ആ ലോകത്ത് തന്നെയിരുത്താൻ എഴുത്തിനാകണം. ഹരിയിൽ അതുണ്ട്. പിന്നെ ടെംപ്ലേറ്റ് ഉപയോഗിയ്ക്കാതെ അതിനെ മറികടക്കാനുള്ള ശ്രമം. അതും എനിയ്ക്കിഷ്ടമാണ്. അയാൾ പീക്കെത്തിയിട്ടില്ല എന്നതാണ് മറ്റൊരു താൽപ്പര്യം. മൃദുൽ കുറച്ചുകൂടി സോഫിസ്റ്റിക്കേറ്റഡ്, റൗണ്ടഡ് ആണ് (കുളെ എന്ന കഥയാണ് സമാഹാരത്തിലെ പ്രധാന കഥ, അത് ഹരീഷിന്റെ മോദസ്ഥിതന്റെ മറ്റൊരു വേർഷനാണ്, കോപ്പി എന്നല്ല, അതോർമ്മ വന്നു, ഹരീഷിന്റെ കഥയിലെ പീക്കുകളിൽ ഒന്നാണ് അത്). സത്യത്തിൽ ഷോർട് ഫോമിൽ സന്തോഷ്, ദേവൻ, പിഎഫ് , ഹരീഷ് – എസ്റ്റാബ്ലിഷ്ഡ് ആയ ഇവർ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും പ്രോമിസിംഗ് എഴുത്തുകാരനാണ് മൃദുൽ. അതിനെപ്പറ്റി കൂടുതലായി വഴിയേ, പറഞ്ഞല്ലോ. ഒരു സമാഹരമാണ് ഒരു ഷോർട് ഫോം എഴുത്തുകാരനെ ജഡ്ജ് ചെയ്യാൻ വേണ്ട സംഗതി – അയാളുടെ ട്രിക്കുകൾ, ട്രോപ്പുകൾ, പാറ്റേണുകൾ എല്ലാം അതിൽ തെളിയും. കൺസിസ്റ്റൻസിയും. സ്റ്റാൻലി എഴുതുന്ന പുസ്തകങ്ങൾ അവസാനത്തുനിന്ന് മുന്നോട്ടു മറിയ്ക്കുക – നോൺ ഫിക്ഷൻ എഴുത്തിന്റെ ഏറ്റവും വലിയ കാര്യം റെഫറൻസാണ്. അയാളുടെ ആദ്യപുസ്തകത്തിൽ അമ്പതു പേജോ മറ്റോ അതായിരുന്നു. പുതുതിൽ മുപ്പതോളം പേജുകൾ അതാണ് (മുല്ല എന്ന പുസ്തകം നോക്കിയിട്ട് കാണുന്നില്ല), മലയാളികൾ എന്താണ് ഇയാളെ വായിയ്ക്കാത്തത്? ജേര്ണലിസ്റ്റുകൾ പോലും അയാളെ ഉദ്ധരിയ്ക്കാറില്ല, വൈ? സ്റ്റാൻലി ഈസ് എ സ് പെഷലിസ്റ്റ് – നമുക്ക് ഇല്ലാത്ത ഒന്നാണ് അത്. ഒറിജിനൽ സിൻ ഒരു മസ്റ്റ് റീഡ് ആണ്. ഞാൻ വായന തുടങ്ങിയേ ഉള്ളൂ, ബാക്കി വഴിയേ. ഷനോജ് ആർ ചന്ദ്രൻ എഴുതിയ സദ്യ, അമ്പലപ്പുഴ സിസ്റ്റേഴ്സ്, ദീർഘനിദ്ര – ഈ കഥകൾ ഈ വർഷം ഞാൻ വായിച്ചതാണ്. അയാൾ മറ്റുരണ്ടു ചെറുപ്പക്കാരുടെ ലീഗിൽ ആണെന്ന് ഞാൻ കരുതുന്നില്ല, അവിടെയെത്തുമായിരിയ്ക്കും. എന്നാൽ വ്യത്യസ്തങ്ങളായ, അപ്പോഴും ദേശമെഴുത്തു ടെംപ്ലേറ്റ് ഉള്ള കഥകളാണ് അയാളുടെ. പറഞ്ഞപോലെ ഒരു സമാഹാരമായി വന്നാൽ വാങ്ങി വായിയ്ക്കാൻ ഞാൻ തയ്യാറായ തരം കഥകൾ. രതീഷ് എഴുതിയ മാളം എന്ന സമാഹാരം കയ്യിലുണ്ട്. വായിച്ചു തീരുന്ന മുറയ്ക്ക് എഴുതാം. ടൈറ്റിൽ കഥ വളരെ ഇന്ററസ്റ്റിംഗ് ആയിരുന്നു. ക്രിസ്മസിന് ഇതുമതി എന്ന് തോന്നുന്നു.
കാണായ്മ നല്ലതായിരുന്നോ?