അർദ്ധവാർഷിക വായന – 2024 

ഈ വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ ഒരു സയൻസ് ഫിക്ഷൻ ഭ്രമം എനിയ്ക്ക് പിടിപെട്ടിരുന്നു. ഞെരിയാണി നനയാൻ ആഴമില്ലാത്ത പൊളിറ്റിക്സ് (നാനാതരം) എഴുതുക എന്നതാണ് ലോകത്തെവിടെയും എഴുത്തുകാർ പിന്തുടരുന്ന രീതി, ഈയിടെയായി. അവാർഡ് വാങ്ങാനുള്ള എളുപ്പവിദ്യ. ഗ്ലോബൽ വാമിങ് പോലെ, പൊക കൂട്ടിയിട്ടു കത്തിയ്ക്കൽ ആണ് സാഹിത്യം എന്ന് പ്രതിഭാധനരായ എഴുത്തുകാരടക്കം കരുതുന്നു. അത് മടുത്താണ് ഞാൻ ജോണർ മാറ്റിപ്പിടിച്ചത് എന്ന് വേണമെങ്കിൽ പറയാം. 

“സ്പിൻ” എന്ന സൈഫൈ ക് ളാസിക്കിലെ രണ്ടു ഇമോഷണൽ സീനുകൾ പോലെ എന്നെ മൂവ് ചെയ്ത, ഹ്യൂമൻ ഡ്രാമ സീനുകൾ ഞാൻ ഇക്കൊല്ലം വായിച്ച ഒരു ലിറ്റററി ഫിക്ഷൻ പുസ്തകത്തിലും ഇല്ലായിരുന്നു എന്നത് എന്നെ ആലോചനയിലാഴ്ത്തി. “കയ് റോസ്” എന്ന നോവലിൽ എഴുത്തുകാരിയ്ക്ക് പൊക ഒരു സംഭവമേ ആയിത്തോന്നിയില്ല എന്നതുമുണ്ട്. സത്യത്തിൽ എന്റെ റ്റെയ്സ്റ്റിനു പിടിയ്ക്കാത്ത, കുറച്ചു കൂടുതൽ റിലീജിയസ് ആയ ഫൊസ്സേ ആണ് എന്നെ ലിറ്റററി ഫിക്ഷനിലേയ്ക്ക് തിരികെ കൊണ്ട് വന്നത് (മോർണിംഗ്, ഈവെനിംഗ്, സെപ്റ്റലോളജി ട്രിലജി, ട്രിലജിയിലെ പുസ്തകങ്ങൾ രണ്ടാം വായന). അതിനെ തുടർന്ന്, മരിയാസിന്റെ “നെവിൻസൺ”, പൊക അൽപ്പം കുറവുള്ള, ദസായിയുടെ രണ്ടു നോവലുകൾ, “ടെൻ ലവ് സ് ഓഫ് നിഷിനോ”, പിന്നെ ജെൻബെർഗിന്റെ “ഡീറ്റെയിൽസ്” തുടങ്ങിയവയും. റ്റേജു കോളിന്റെ “ട്രെമർ”, റുഷ്ദിയുടെ “നൈഫ്” – രണ്ടും വയലൻസിനെതിരെയുളള പുസ്തകങ്ങളാണ്. ആദ്യത്തേതിൽ റെയ് സാണെങ്കിൽ രണ്ടാമത്തേതിൽ ഇസ്ലാമിക തീവ്രവാദം. ഒരു പുസ്തകം വായിച്ചു കത്തിയെടുത്തു കുത്താനാണ് തോന്നുന്നതെങ്കിൽ അത് ഏത് കൊടികെട്ടിയ ആത്മീയഗ്രന്ഥമായിട്ടും കാര്യമില്ലല്ലോ എന്ന് തെളിയിയ്ക്കുന്ന സംഭവമായിരുന്നു അത്. ഫലസ്തീനികളെ സഹായിയ്ക്കാൻ ഇങ്ങനെയാരും എടുത്തു ചാടുന്നുമില്ല. പോസ്റ്റർ അടിയ്ക്കുന്നപോലെയല്ല രാഷ്ട്രീയം. അതാണ് മേൽപ്പറഞ്ഞ തരം പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ചിരിവരുന്നതും. സ്വയം അരാഷ്ട്രീയരായിരിയ്ക്കുന്നവരുടെ അവസാനത്തെ അത്താണിയാണ് പൊളിറ്റിക്കൽ കറക്ട്നെസ്സ്. 

അതിനിടയിലാണ് തന്റെ തന്നെ ഫെമിനിസ്റ്റ് കഥകളെ അതിസൂക്ഷ്മായി എഡിറ്റ് ചെയ്ത് റേച്ചൽ കസ്ക്ക് “പരേഡ്” എഴുതിയത്. ഒരു മിനി മാസ്റ്റർപീസാണ് ഈ പുസ്തകം. കഥകളൊക്കെ മുന്നെ വായിച്ചതുകൊണ്ട്, മാറ്റങ്ങൾ ഭൂതക്കണ്ണാടി വച്ച് നോക്കേണ്ടി വന്നു എന്ന് മാത്രം. “കയ് റോസി”ലെ പോലെ, സ്ത്രീകൾക്ക് മാത്രം എഴുതാൻ കഴിയുന്ന ചില രംഗങ്ങൾ ഈ നോവലിലുണ്ട്. “നിഷിനോ”യിൽ കാവകാമിയും അതുപോലെ കുറച്ചു രംഗങ്ങൾ എഴുതിയിട്ടുണ്ട്. ഒയേയുടെ “പേഴ്സണൽ മാറ്റർ” ഇതുപോലെ മാമൂലുകളെ അഡ്രസ് ചെയ്യുന്ന നോവലാണ്. വളരെക്കാലം ഡിസ്റ്റർബിങ് ആയിത്തോന്നിയ ഈ പുസ്തകം വായിയ്ക്കാതെ ഇരുന്നു. എന്നാൽ ഉഗ്രൻ ഹ്യൂമൻ മൊമെന്റ് സ് ഉള്ള പുസ്തകമാണ് അതെന്നു മനസ്സിലാകുകയും ചെയ്തു. 

“സ്പിന്നിൽ” ഭൂമിയെ വേറൊരു ടൈം ലൈനിൽ നിറുത്താനായി അജ്ഞാതശക്തികൾ അതിനുചുറ്റും ഒരു കവചം തീർത്ത കാലത്ത് മൂന്നു സുഹൃത്തുക്കൾ തങ്ങളുടെ ബാല്യകാല സൗഹൃദവും പ്രേമവും രഹസ്യങ്ങളും ഉള്ളിലടക്കി ജീവിയ്ക്കുന്നതും, ഓരോ നിമിഷങ്ങളിൽ അവ അവയുടെ സ്വതസിദ്ധമായ കരുത്തോടെ പുറത്തുവരുന്നതും അത്യുജ്ജ്വലമായി അവതരിപ്പിച്ചിയ്ക്കുന്നു – നോവലിൽ, നായിക നായകനോട് തന്റെ സ്നേഹം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തിക്കൊണ്ട്, എന്നാൽ തന്റെ ഇപ്പോഴുള്ള ബന്ധം വിടുവാൻ കഴിയില്ല എന്ന് കൂട്ടിച്ചേർത്തു പറയുന്ന രംഗം ഏതൊരു ലിറ്റററി സാഹിത്യകാരനും മതിപ്പുളവാക്കും – ഇതാണ് നമ്മുടെ പോപ്പുലർ സാഹിത്യത്തിലെ എഴുത്തുകാർ ഏറ്റവും മോശമായി ചെയ്യുന്നതും. പുസ്തകം വായിച്ചുമാത്രം പുസ്തകം എഴുതാൻ കഴിയില്ല, ജീവിയ്ക്കുക തന്നെ വേണം എന്ന്. മൈ ഫ്രണ്ട് സ്, ടൈം ഷെൽറ്റർ, വിശിഷ്യാ രണ്ടാമത്തേത് രാഷ്ട്രീയം പ്രസെന്റ് ചെയ്യുന്നത് മിടുക്കോടെയായിരുന്നു. മാതറിന്റെ നോവലിൽ ആദ്യഭാഗങ്ങളിലെ ഉഴപ്പാണ് പ്രശ്നം, എന്നാൽ നോവൽ ഹൈ നോട്ട് ഹിറ്റ് ചെയ്ത ശേഷം അവസാനം വരെ ടെമ്പോ താഴുന്നില്ല. 

മാർകേസിന്റെ സ്വതസിദ്ധമായ ടച് മിയ്ക്കവാറും ഇല്ലാതെ വന്ന വെറും ശരാശരിയായ നോവെല്ലയുടെ (ആദ്യ ചാപ്റ്റർ എഡിറ്റർമാർ എഴുതിയതെന്നു വ്യക്തം) വാഴ്ത്തുപാട്ടുകൾ അത്‍ഭുതമുളവാക്കുന്നതായിരുന്നു. അൽപ്പസ്വൽപ്പം വായനയൊക്കെയുണ്ട് എന്ന് തോന്നുന്നവരുടെ നെയ് വിറ്റി പോലെ അലോസരമുണ്ടാക്കുന്ന സംഗതി വേറെയില്ല. യോസയുടെ പുസ്തകത്തെപ്പറ്റി ഞാൻ മുന്നെ പോസ്റ്റിട്ടിരുന്നു.   

എല്ലാ വർഷത്തെയും പോലെ സ്റ്റീവൻ കിംഗ് ഈ വർഷവും എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോൾ അയാളുടെ എഴുത്തിന്റെ ആഴമല്ല ക്ലാരിറ്റിയാണ് എന്നെ ഇമ്പ്രെസ്സ് ചെയ്യുന്നത് എന്ന് മാത്രം, എന്നിട്ടും ഒരു രാത്രികാല ബസ് യാത്രയിൽ കേട്ട “റാറ്റിൽസ്നേയ്ക്ക്സ്”(സമാഹാരം – “യു ലൈക്ക് ഇറ്റ് ഡാർക്കർ”) എന്നെ ഞെട്ടിച്ചു, ഒന്ന് രണ്ടു മണിക്കൂറോളം ഉറക്കമൊഴിഞ്ഞാണ് ആ കഥ ഞാൻ ആ യാത്രയ്ക്കിടെ കേട്ടത്, പുസ്തകത്തിൽ രണ്ടുമൂന്നു നോവല്ലകളുണ്ട്, ആ ഫോർമാറ്റിൽ എഴുത്തുകാരൻ ഒരു ചാമ്പ്യൻ ആണ് താനും. ആസ് യൂഷ്വൽ രണ്ടു ഏഡ്രിയൻ ചായ് ക്കോവ്സ്കിയും ഉണ്ടായിരുന്നു (ഏലിയൻ ക്ലേ, സർവീസ് മോഡൽ), ക്ളീൻ റൈറ്റിംഗ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല, ഹി ഈസ് ബികമിങ് ആൻ ഓൾഡ് ഏജ് കിംഗ്, പ്രിമച്ചുറലി എന്ന് മാത്രം പറയുന്നു. ഹിഗാഷിനോയുടെ പുസ്തകം “ഫൈനൽ കർട്ടൻ”, എനിയ്ക്കിഷ്ടപ്പെടാതെ പോയ “സൈലന്റ് പരേഡി”നെക്കാൾ മികച്ചതായിരുന്നു. എന്നാൽ പഴയ പ്രൗഢി മങ്ങിയ പോലെ തന്നെയാണ് ഇപ്പോഴും.

വായിച്ച മലയാളം കഥകൾ അധികവും വഴിപാടായിരുന്നു. ലോകകവിതയെപ്പറ്റി പിന്നീട്, മലയാളം കവിത ഇപ്പോൾ മുട്ടയുമല്ല കോഴിയുമല്ല എന്ന അവസ്ഥയാണ്. 

കുറിപ്പവസാനിയ്ക്കുമ്പോൾ ഹരികൃഷ്ണൻ തച്ചാടന്റെ “പൊയ് ലോത്ത് ഡെർബി” എന്ന കന്നി നോവലിനെപ്പറ്റി കൂടെ പറയാമെന്നു കരുതുന്നു. ഡ്രാഫ്റ്റിലും, ട്രൂ കോപ്പിയിലും ഒക്കെയായി രണ്ടു മൂന്നു തവണ വായിച്ച നോവൽ, ഇപ്പോൾ പുസ്തകമായപ്പോൾ വന്ന മാറ്റങ്ങൾ ഈ അപ്കമിങ് എഴുത്തുകാരനിൽ എനിയ്ക്ക് നല്ല പ്രതീക്ഷയുണ്ടാക്കുന്നു. നോൺ ലീനിയർ ആഖ്യാനം, എഴുത്തിലെ ഒതുക്കം, നിശിതമായ എഡിറ്റിംഗ്, സട്ടിൽ ഹ്യൂമർ, കാരക്റ്റർ സ്കെച്ചസ് തുടങ്ങിയ നോവലിന്റെ പ്ലസ് പോയിന്റാണ്. ഒരു പരിധിയ്ക്കപ്പുറം ലൗഡ് ആണ് നോവലിലെ പൊളിറ്റിക്സ്, അത് ചിലപ്പോൾ ആവർത്തന വിരസതയുണ്ടാക്കി. എന്നാൽ ഹരിയുടെ ചെറുകഥകൾ വായിച്ചുള്ള പരിചയം കൂടി കണക്കിലെടുക്കുമ്പോൾ എന്റെ പ്രതീക്ഷ പണ്ട് ദേവദാസിനെയും ഹരീഷിനെയും വായിച്ചു തുടങ്ങിയപ്പോൾ ഉള്ള നിലയിലാണ് എന്ന് പറയുന്നതിൽ പിശുക്കേണ്ട എന്ന് തോന്നുന്നു.                                               

2 thoughts on “അർദ്ധവാർഷിക വായന – 2024 ”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top