
“Gunvor in Alf Prøysen’s novel A Blackbird in the Chandelier has a scar on her temple. She will often touch her scar, caressing it.
Am I caressing my scar?”
Vigdis Hjorth (വിഗ്ഡിസ് ഹോർട്ട) യുടെ “Will and Testament” എന്ന നോവൽ ഒറ്റവാചകത്തിൽ ഒരു പഴയ മുറിവിന്റെ സദാസമയമുള്ള ഓർമ്മപ്പെടുത്തൽ പോലെയാണ് എന്ന് പറയാം. നോവലിൽ എഴുത്തുകാരിയായ ആഖ്യാതാവ് താൻ വായിച്ച ഒരു പുസ്തകം ഓർത്തെടുക്കുന്നിടത്താണ് ഈ ചെറുകുറിപ്പുള്ളത്. ഇത്തരം ചെറുതും വലുതുമായ കുറിപ്പുകളുടെ ഘടനയിലാണ് നോവൽ എഴുതിയിരിയ്ക്കുന്നത്.
“Not to caress my scar, but move on and step out of the stupid victim role, wouldn’t that be a relief? Yes.
But that had nothing to do with me reconciling with my family. I didn’t think so. How could it be that Mum, Astrid and Åsa would appear to think that it did?”
അവർ വീണ്ടും ചോദിയ്ക്കുന്നു. നോർവെയിൽ ക്നോസ്ഗാർഡും, റ്റോമസ് എസ്പാഡേലും പുനരാരംഭിച്ച ഓട്ടോ ഫിക്ഷൻ തരംഗത്തിലെ ഒരു പ്രധാന എഴുത്തുകാരിയായാണ് Vigdis ഇപ്പോൾ കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ചും അവരുടെ നോവൽ അവരുടെ തന്നെ ബാല്യകാല അനുഭവങ്ങളെപ്പറ്റിയാണ് എന്ന് പൊതുവെ കരുതപ്പെടുന്നതുകൊണ്ട്. നോവലിൽ കഥാപാത്രമായി വരുന്ന അവരുടെ സഹോദരി ഈ നോവലിനെതിരെ മറ്റൊരു നോവൽ എഴുതുകയുണ്ടായി (“Free Will”, Helga Hjorth). എഴുത്തുകാരി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു :-
“My last novel, Arv og miljø is the most political, and has caused a big debate in Norway. In it, I tried to mirror one of Marina Abramovic’s first performances. Abramovic is supposed to stand still for six hours. On the table in front of her are a lot of things: a rose, a feather a gun. The public can do whatever they want with those objects. In the beginning the public is very discreet. Then they take the feather. But suddenly one breaks the intimacy border and touches her. They get caught up and rile each other up. They take her clothes off. In the end it develops in a very bad way. One takes the gun, takes it to her head. They are so provoked by the fact that she doesn’t move. Then, when after six hours she does move, they retreat.
When talking about this performance, Abramovic said, ‘They couldn’t stand me because of what they had done to me.’ That’s also why the family can’t stand the main character in Arv og miljø.”
ഫിറന്തേയുടെ(Elena Ferrante) ആത്മകഥാപരമെന്നു കരുതപ്പെടുന്ന Neopolitan സീരീസിന്റെ കഥയിലെ പീഡാനുഭവുമായി ഈ നോവലിലെ കഥയ്ക്ക് സാമ്യമുണ്ട്. എന്നാൽ “My Brilliant Friend“-ലെ (ആ സീരീസിലെ ആദ്യ നോവൽ) നായിക സമ്മിശ്ര വികാരങ്ങളോടെയാണ് തന്റെ ദുരനുഭവത്തെ കാണുന്നത്, അഥവാ അവൾക്ക് അത് എന്താണെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല. പീഡകനാകട്ടെ അവൾ സ്നേഹിയ്ക്കുന്ന യുവാവിന്റെ പിതാവും. തന്റെ കൗമാരപ്രായത്തിൽ അനുഭവമുണ്ടാക്കുന്ന ആത്മസംഘർഷത്തിന്റെ ഒരു വശം മാത്രമാണ് ആ കഥാപാത്രം കാണുന്നത്. “Will and Testament”-ലെ നായികയാകട്ടെ, തന്റെ അൻപതുകളിലാണ് അവസാനമായി തന്റെ അനുഭവത്തെ അതിന്റെ പൂർണ്ണരൂപത്തിൽ മറ്റുള്ളവർക്ക് മുന്നിൽ വയ്ക്കുന്നത്, അതും നീണ്ട സൈക്യാട്രിക് ചികിത്സയ്ക്ക് ശേഷം. Tove Ditlevsen -ന്റെ ഓർമ്മക്കുറിപ്പുകളെ ആഖ്യാതാവ് ഒരിടത്ത് ഓർക്കുന്നുണ്ട്.
“The street of my childhood, Klara said, quoting Tove Ditlevsen, is the root of my being. It anchored me on a day I was utterly lost. It sprinkled melancholy into my mind on a rainy night. It threw me to the ground to harden my heart, before raising me gently and wiping away my tears.”
എന്നിട്ടു തന്നെ അവർക്കതുണ്ടാക്കുന്ന അസ്വസ്ഥത താങ്ങാനാകുന്നില്ല. അവർ നിരന്തരം കാമുകനെയും സുഹൃത്തിനെയും വിളിയ്ക്കുകയും, കാണുകയും, സംസാരിയ്ക്കുകയുമാണ്. അവർക്ക് എപ്പോഴും തന്റെ ചിന്തകളെ, പ്രവർത്തികളെ രണ്ടാമതൊരാൾ വിലയിരുത്തിക്കിട്ടണം. എഴുത്തുകാരി കഥാപാത്രത്തിന്റെ ഈ മാനസികനിലയെ നോവലിൽ ഉള്ളിൽത്തങ്ങിനിൽക്കും വിധം അവതരിപ്പിയ്ക്കുന്നുണ്ട്.
മേലെ സൂചിപ്പിച്ചപോലെ ചെറുതും വലുതുമായ കുറിപ്പുകളുടെ രൂപത്തിലാണ് പുസ്തകം. വളരെ പതിയെയാണ്, പ്രസിദ്ധീകരണ സമയത്തെ വിവാദങ്ങൾക്കു ശേഷം ഇപ്പോൾ സസ്പെൻസ് ഒന്നും ശേഷിയ്ക്കാത്ത, നോവലിലെ കഥയുടെ ക്ളൈമാക്സ് കടന്നു വരുന്നത്. ലൈംഗിക അതിക്രമണങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അത്തരമൊരു അനുഭവത്തിലൂടെ പോകുന്ന, അവബോധവും, ചികിത്സയും, നിയമവും എല്ലാമുള്ള നാടുകളിലെ സ്ത്രീകളും നേരിടുന്നത് ഒരേ തരം പ്രശ്നങ്ങളാണ് എന്നതാണ് വാസ്തവം. ഇത്തരം അനുഭവങ്ങളുള്ള ഒരു സ്ത്രീയ്ക്ക് എന്താണ് വേണ്ടത്, അവരെന്താണ് അന്വേഷിയ്ക്കുന്നത് എന്നതിന്റെ ബ്ലൂ പ്രിന്റ് പോലെ ഈ പുസ്തകം കാണാം എന്നതാണ് ഈ നോവലിന്റെ മേന്മ എന്ന് ഞാൻ കരുതുന്നു.
എന്നാൽ നോവലിലെ പ്രധാന കഥ ഇതല്ല. അച്ഛന്റെ മരണശേഷം അച്ഛന്റെ വിൽപ്പത്രത്തിൽ ഇളയ രണ്ടു പെണ്മക്കൾക്ക് സ്വത്തു കൂടുതൽ നൽകി എന്നതിനെച്ചൊല്ലി മൂത്ത രണ്ടു മക്കളും അമ്മയും തമ്മിലുണ്ടാകുന്ന വഴക്കിൽ നിന്നാണ് നോവൽ ആരംഭിയ്ക്കുന്നത്. മൂത്ത മകനായ Bard തന്റെ അറുപതുകളിലാണ്. നായികയാകട്ടെ അമ്പതുകളിൽ. അവരെന്തിനാണ് തർക്കിയ്ക്കുന്നത്? അതും നോവലിൽ നിരന്തരമുള്ള ചോദ്യമാണ്. രണ്ടു പേർക്കും പണമല്ല വേണ്ടത്. തങ്ങൾക്കു നേരിടേണ്ടി വന്ന അവഗണനയ്ക്കു പരിഹാരമാണ് ശരിയ്ക്കും അവർ തേടുന്നത്. എന്നാൽ നായികയ്ക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്. അതവർ വെളിപ്പെടുത്തുന്നതോടെ സ്വത്തുതർക്കം മറ്റൊരു തലത്തിലെത്തുന്നു. 23 വര്ഷങ്ങളോളം അവർ അനിയത്തിമാരെ കണ്ടിരുന്നില്ല. അമ്മയെയും, ചേട്ടനെയും പോലും. അതെന്തിനായിരുന്നു? അവരെന്തിനാണ് ഇത്ര കാലം സത്യം വെളിപ്പെടുത്താൻ കാത്തിരുന്നത് (അമ്മ ചോദിയ്ക്കുന്നത് അവരെന്തുകൊണ്ട് പോലീസിൽ പോയില്ല എന്നാണ്)? ഈ വാർദ്ധക്യത്തിൽ കുട്ടികളും പേരക്കുട്ടികളും ഒക്കെയുള്ള അവർക്ക് എന്താണ് അതിന്റെ ആവശ്യം? ഏതു സമൂഹത്തിലും ഇരയോട് ചോദിയ്ക്കപ്പെടുന്ന ചോദ്യങ്ങളാണിവ. മുപ്പതാം വയസ്സിൽ വിവാഹം ചെയ്യുകയും മൂന്നു കുട്ടികളുടെ അമ്മയാവുകയും ചെയ്ത ഒരു സ്ത്രീയ്ക്ക് നോർമൽ ആകാൻ കഴിയില്ലേ? തനിയ്ക്ക് പിന്നീടുണ്ടായിരുന്ന ലൈംഗിക അഭിനിവേശത്തെക്കുറിച്ചു നായിക സൂചിപ്പിയ്ക്കുന്നുണ്ട്. അപ്പോൾ പിന്നെ എന്താണ് അവരുടെ അസംതൃപ്തിയുടെ, പരാതികളുടെ ഹേതു – ഇതാണ് നോവലിലെ അന്വേഷണം. അവർ രഹസ്യം വെളിപ്പെടുത്തുമ്പോൾ അവരെ റോൾ മോഡൽ പോലെ കണ്ടിരുന്നു എന്ന് അവകാശപ്പെടുന്ന സഹോദരി പോലും സന്തോഷകരമായ സ്വന്തം ബാല്യ കാലാനുഭവങ്ങളുടെ വെളിച്ചത്തിൽ നിലപാടെടുക്കാൻ തനിയ്ക്ക് ബുദ്ധിമുട്ടാണ് എന്നാണ് പറയുന്നത്. അവരുടെ ഓർമ്മയിൽ, അവരുടെയെല്ലാം ചെറുപ്പകാലത്ത്, അമ്മ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത് മൂത്ത സഹോദരിയ്ക്കായിരുന്നു. ഇളയവർക്ക് രണ്ടുപേർക്കും ഇപ്പോഴാണ് അമ്മയുടെ ശ്രദ്ധ ലഭിയ്ക്കുന്നത്. അതുകൊണ്ടു അവർ അമ്മയുടെ കാര്യങ്ങൾ നോക്കി നടത്തുന്നു. അതുകൊണ്ട് അവർക്ക് സ്വത്തു കൂടുതൽ ലഭിച്ചതിൽ വിഷമിയ്ക്കാനില്ല – അതിലൊരു ഓഹരി ചേച്ചിയ്ക്ക് കൊടുക്കാൻ പോലും അവർ തയ്യാറാണ്. ചേട്ടൻ മാത്രമാണ് പൂർണ്ണമായും നായികയുടെ കൂടെ നിൽക്കുന്നത്. അമ്മ ഒരിയ്ക്കലും അവരോടു ക്ഷമിയ്ക്കുകയില്ല എന്ന് പറയുന്നു.
അത്തരത്തിലൊരു സംഗതി കുടുംബത്തു നടന്നു എന്നത് വിശ്വസിയ്ക്കാൻ ആരുമില്ല എന്നതാണ് നായികയുടെ മുന്നിലെ പ്രഹേളിക. അവരുടെ ആവശ്യം സത്യത്തിൽ ലളിതമാണ്. Acknowldgement. Recognition. കഥയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്, നിങ്ങൾ ഒരിയ്ക്കൽ കുടുംബത്തിന് എതിരെ നിന്നാൽ പിന്നെ നിങ്ങൾ ഒറ്റയ്ക്കാണ് എന്ന്. Incest കേസുകളിലെ ക്രൂരമായ വശം ഇതാണ്. “And that’s exactly what makes incest cases so complex and wicked. The absence of proof. It’s one person’s word against another. ” – സംഭവത്തിന് ദൃക്‌സാക്ഷികളോ മറ്റോ ഇല്ല. നായികയ്ക്കല്ലാതെ ആർക്കും, ഇത്തരത്തിലൊരു കാര്യം നടന്നതിന്റെ ഒരു ലാഞ്ചന പോലും ആ കുടുംബാന്തരീക്ഷത്തിൽ നിന്നോ അംഗങ്ങളുടെ സ്വഭാവത്തിൽ നിന്നോ, നായികയുടെയോ പിതാവിന്റെയോ പിൽക്കാല ജീവിതത്തിൽ നിന്നോ കണ്ടെടുക്കാനാകുന്നില്ല. ഒരു വേള വായനക്കാർ വരെ സംശയാലുക്കളാകും. എന്നാൽ അതാണ് യഥാർത്ഥ ലോകത്തെയും ഗതി എന്നാലോചിയ്ക്കുമ്പോഴാണ് ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർ ചുമക്കുന്ന ഭാരം നമുക്കും അനുഭവപ്പെടുക. ആ നിലയിൽ ഈ നോവൽ ഉജ്ജ്വലമാണ്. പുറമേയ്ക്ക് bold, stable ഒക്കെയായി കാണപ്പെടുന്ന ഈ കഥാപാത്രത്തിന്റെ predicament നമ്മെ വിട്ടുപോവുകയേയില്ല. വിവാദമോ മറ്റു പശ്ചാത്തലങ്ങളോ കണക്കിലെടുക്കാതെ തന്നെ ആ അനുഭവം നമ്മെ അസ്വസ്ഥരാക്കും. നോർഡിക്കിൽ നിന്ന് കടന്നു വരുന്ന, പുനഃപ്രസിദ്ധീകരങ്ങളിലൂടെയും (Tove തുടങ്ങിയവർ) അല്ലാതെയും (Sara Stridsberg, Matilda Gustavsson, Daša Drndić തുടങ്ങിയവർ), കരുത്തുറ്റ സ്ത്രീ എഴുത്തുകാരികളുടെ മുൻനിരയിലേയ്ക്കു ഹോർട്ട എത്തിച്ചേരുന്നത് ഞാൻ കാണുന്നു.