മലയാള സാഹിത്യത്തെപ്പറ്റി, കഥകളെപ്പറ്റി വിശേഷിച്ചും, മിണ്ടാതായത് മടുത്തിട്ടാണ്. പണ്ട് ഫെയ്‌സ്ബുക്കിൽ ആ ആഴ്ചയിൽ വായിച്ചവയെപ്പറ്റി സ്ഥിരമായി പറയാറുണ്ടായിരുന്നു. ധാരാളം ശത്രുക്കളെ എളുപ്പവഴിയ്ക്കു സമ്പാദിയ്ക്കാമെന്നതാണ് അതിന്റെ ഒരു ഗുണം. അത്രയ്‌ക്കാണ് മലയാളത്തിലെ മീഡിയോക്രിറ്റിയുടെ ആഘോഷം. ഒരു വർഷത്തോളമായി എത്ര ആഘോഷിയ്ക്കപ്പെട്ട കഥകളായാലും തിരിഞ്ഞു നോക്കുന്ന പതിവില്ലായിരുന്നു. ഇന്നലെ മാതൃഭൂമിയിലെ പുതുമുഖങ്ങളുടെ (നോക്കുമ്പോൾ എല്ലാം വർഷങ്ങളായി എഴുതുന്നവർ തന്നെ) കഥകളും, മാധ്യമത്തിലും മാതൃഭൂമിയിലും സന്തോഷ് കുമാർ എഴുതിയ കഥകളും ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്നത് വായിയ്ക്കുകയുണ്ടായി. ഷിനിലാലിന്റെ “കുളച്ചൽ യുദ്ധം” എന്നോ മറ്റോ ഉള്ള ഒരു കഥ വായിച്ചത് നല്ല ഒരുനുഭവമായി ഓർമ്മയിലുണ്ട്. ഭാഷയിൽ നല്ല വഴക്കമുള്ള ആളാണ് എഴുത്തുകാരൻ. എന്നാൽ മാതൃഭൂമിയിലെ കഥകളിലെല്ലാം പറഞ്ഞു പഴകിയ ക്ളീഷേ ശൈലിയും അപാരമായ കൃത്രിമത്വവുമാണ് എനിയ്ക്കനുഭവപ്പെട്ടത്. സുഭാഷ് എന്തൊരു മോശം തെരെഞ്ഞെടുപ്പുകാരനാണ് എന്നത് അയാളുടെ നോവലിലെ അഭ്യാസങ്ങളും ഈ ചെറുകഥകളും വായിച്ചാൽ ഒന്നുകൂടി മനസ്സിലാകും. സ്ത്രീ പക്ഷ രചനയാണത്രെ ഷിനിലാലിന്റെത്. അതിൽ പീഡോഫീലിയ പോലുമുണ്ട് – കഥ ചർവ്വിതചർവ്വണം തന്നെ, തനിയ്ക്ക് പരിചിതമില്ലാത്ത ആധുനിക സെക്സ് ജീവിതത്തെ കൃത്രിമ ലോകത്ത് അവതരിപ്പിയ്ക്കുകയാണ് എഴുത്തുകാരൻ. പകുതി വായിച്ചപ്പോൾ തന്നെ മടുത്തുപോയി. ഇതിനെയൊക്കെ വാഴ്ത്തിപ്പാടുന്നതിന്റെ സത്യമറിയാൻ വായിച്ചു തീർത്തെന്നു മാത്രം. പിന്നെയുള്ളത് കെവി മണികണ്ഠന്റെ കഥയാണ് – അതിന്റെ കൃത്രിമത്വം കൗമാരക്കാരുടെ എഴുത്തിൽപ്പോലും കാണാൻ കഴിയില്ല. ഹാസ്യമെന്ന ലേബൽ ഉള്ളതുകൊണ്ട് അതങ്ങു ചിലവായിയ്ക്കോളും എന്നാണ് എഴുത്തുകാരന്റെ ധാരണ. അയാളുടെ “അഫ്‌റാജ്” എന്നോ മറ്റോ ഒരു കഥ പണ്ട് വായിച്ചിഷ്ടപ്പെട്ടിരുന്നു. എന്നാൽ അയാളുടെ സുഹൃത്തുക്കൾ വായിച്ചു ഘോഷിച്ചിരുന്ന “ഭഗവതിയുടെ ജട” ഒരു ഒന്നാന്തരം ബോറൻ വർക്കായിരുന്നു. ഈ കഥയും അതികൃത്രിമത്വത്തിൽ ചെടിപ്പുളവാക്കുന്നു. ഇപ്പോഴും മലയാളി എഴുത്തുകാർ വിദേശത്തെ ജോലി, വിദേശ ജീവിതം തുടങ്ങിയവയോടു കാണിയ്ക്കുന്ന അവജ്ഞയും പരിഹാസവും അവരുടെ ധിഷണാപരമായ മടിയെയും ലജ്ജയില്ലാത്ത അജ്ഞതയെയും മാത്രമാണ് കാണിയ്ക്കുന്നത്. എന്തൊരു വേസ്റ്റ് ഓഫ് ടൈം. മണികണ്ഠൻ സന്തോഷ് കുമാറിനെ തൊപ്പിയൂരി വണങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഫോർവേഡ് ചെയ്തു വന്നത് അടുത്തിടെ കാണുകയുണ്ടായി. സന്തോഷിന്റെ “നീചവേദം” എനിയ്ക്കു ഭയങ്കര ഇഷ്ടമുള്ള കഥയാണ് – ഒരു എഴുത്തുകാരന്റെ രചനാതന്ത്രം എന്തെന്ന് നോക്കിപ്പോകുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില എഴുത്തുകളുണ്ടാകുമല്ലോ – സന്തോഷ് എന്നെ പിടിച്ചുവച്ചുകളഞ്ഞ ഒരു കഥയാണത്. ആ കഥയിലെ മിസ്റ്ററി എലിമെന്റാണ് കഥയുടെ ഹൈലൈറ്റ്, ആ കഥ അവസാനിപ്പിച്ച രീതി. “നാരകങ്ങളുടെ ഉപമ”- എന്ന കഥയുടെ അവസാനവും ഉജ്ജ്വലമാണ് – “അത് അക്ഷോഭ്യമായി തന്റെ സമയത്തിലൂടെ വളർന്നു. പൂവിട്ടു. ഭൂമിയിയ്ക്കടിയിലെ ഭൂതകാലത്തിൽ വേരുകളാഴ്ത്തി, ഇപ്പോഴത് ഭാവിയിലേയ്ക്ക് പടർന്നുപന്തലിച്ചിരിയ്ക്കുന്നു” – ഈയൊരു ഭാഗം എഴുത്തിന്റെ പെർഫെക്ഷനാണ്. ഇവിടെപ്പറയുന്ന “അക്ഷോഭ്യത” എന്നത് സന്തോഷിന്റെ എഴുത്തിന്റെ തന്നെ സ്വഭാവമാണ്. ട്രെൻഡുകളും മറ്റും നോക്കാതെ അത് അക്ഷോഭ്യമായി, തനതുരീതിയിൽ നിലകൊള്ളുന്നു എന്ന് ചുരുക്കം. വണങ്ങുന്നതല്ല, പാകമാകുമ്പോൾ പറിയ്ക്കുന്ന ഫലം പോലെയാണ് കഥയെന്ന തിരിച്ചറിവാണ് വിനയത്തിന്റെ ലക്ഷണം. അല്ലാതെ നാട്ടുകാരുടെ മുന്നിൽ വിനയാന്വിതനാണ് താൻ എന്ന് കാണിയ്ക്കുന്നതല്ല. മലയാളിയുടെ അമിത വിനയം പോലെ വമനേച്ഛ ഉണ്ടാക്കുന്ന ഒരു സംഗതി വേറെയില്ല എന്ന് കൂടി ചേർക്കട്ടെ.
പിന്നെയുള്ള കഥ അബിൻ ജോസഫിന്റെ നക്സൽ കഥയാണ്. നോക്കൂ, എത്ര ലജ്ജാകരമാണ് നമ്മുടെ രാഷ്ട്രീയ കഥകൾ. എഴുപതുകളിൽ നിൽക്കുകയാണ് നമ്മുടെ രാഷ്ട്രീയം. ഇടതു രാഷ്ട്രീയത്തിന്റെ (നക്സൽ എന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾക്ക് ആളെക്കൂട്ടുന്ന ജോലി ചെയ്യുന്നു) ആത്മരതിയിലും ഗൃഹാതുരതയിലുമാണ് നമ്മുടെ കഥാകാരന്മാർ ഇപ്പോഴും ജീവിയ്ക്കുന്നത്. എൺപതുകൾക്കു ശേഷം ജനിച്ച എഴുത്തുകാർക്കും എന്തോ, ഇത് തന്നെ ഗതി. ഈ കഥ ഹാസ്യവും സറ്റയറും ഒക്കെയാണെങ്കിലും ഇവിടെ ഇടതല്ലാത്ത രാഷ്ട്രീയമേ ഇല്ല എന്ന നിലയിലാണ് നമ്മുടെ എഴുത്തു സൈക്കോളജി പ്രവർത്തിയ്ക്കുന്നത്. സീ ആർ പരമേശ്വരന്റെ “പ്രകൃതിജീവിതം” മാത്രമാണ് മലയാളത്തിലെ ഏക ലക്ഷണമൊത്ത രാഷ്ട്രീയ നോവലായി ഇപ്പോഴും നിലകൊള്ളുന്നത് (സന്തോഷിന്റെ അന്ധകാരനഴി എന്റെ വായനയിൽ പരാജയമായി അനുഭവപ്പെട്ടു). അതിലെ അർശോരോഗികളുടെ കമ്മ്യൂൺ എന്ന പേര് ചേരുക നമ്മുടെ രാഷ്ട്രീയ കഥകൾ എഴുതുന്നവർക്കായിരിയ്ക്കും. കഥ കൊള്ളാം, ബാക്കിയൊന്നും തന്നെ അതിലില്ല, എന്നാൽ മറ്റു രണ്ടു കഥകളേക്കാൾ പാരായണയോഗ്യമായി അനുഭവപ്പെട്ടു ഇത്. അടുത്ത കഥയിലും (ദീപ?) പോലീസ് ഒരു ആക്ടിവിസ്റ്റിനെ വെടിവച്ചു കൊല്ലുന്ന വിവരണമാണ്. അതിനെപ്പറ്റി പറയുന്നില്ല. ഹരീഷ്, ദേവദാസ്, സന്തോഷ് കുമാർ, അടുത്തകാലത്ത് വായനക്കാർ മോക്ഷം കൊടുത്ത ഇന്ദുഗോപൻ തുടങ്ങിയവരും ഈ എഴുത്തുകാരും തമ്മിലുള്ള ദൂരം അളക്കുക പ്രകാശവർഷങ്ങളിലായിരിയ്ക്കും. ഈ നാൽവർ, കൂടെ ചിലപ്പോഴൊക്കെ വിനോയ് തോമസും(“തുഞ്ചൻ..”), ചേർന്നാണ് മലയാള ചെറുകഥയെ താങ്ങിനിർത്തുന്നത്. ജീവിതത്തിൽ പുസ്തകം വായിയ്ക്കാത്തവരൊക്കെ എഡിറ്ററായിരുന്നാൽ ഇത് തന്നെ ഗതി.
സന്തോഷിൻറെ കഥകൾ എന്നാൽ ഇവയിൽ നിന്ന് ഏറെ വ്യത്യസ്‍തമായി തോന്നിയില്ല എന്നിടത്താണ് ഈ കുറിപ്പിന്റെ ആന്റിക്‌ളൈമാക്‌സ്. “പാവകളുടെ വീടി”ൽ സന്തോഷ് പറയാനുദ്ദേശിയ്ക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. എന്നാൽ അതിനുപയോഗിച്ചിരിയ്ക്കുന്ന സങ്കേതം പഴഞ്ചനും കൃത്രിമവുമായിപ്പോയി. ചിലപ്പോഴൊക്കെ ബാലിശവും. അനായാസം എന്ന് തോന്നിയ്ക്കുന്ന (“അക്ഷോഭ്യമായ”) അയാളുടെ ശൈലിയാണ് പലപ്പോഴും ഈ കഥയെ വായനാക്ഷമമാക്കുന്നത്. കഥ എന്നിൽ ഒരു ചലനവുമുണ്ടാക്കിയില്ല. കഥയിൽ രാഷ്ട്രീയം കൊണ്ടുവരുന്നതിന്റെ മലയാളത്തിൽ നല്ല ഒരുദാഹരണം ആനന്ദാണ്. ഒരു അധ്വാനവുമില്ലാതെ ആനന്ദ് അത് എഴുത്തിൽ സാധിയ്ക്കുന്നതിന്റെ രഹസ്യം അയാൾക്ക് വ്യക്തി ജീവിതത്തിൽ രാഷ്ട്രീയ(ബോധ)മുണ്ട് എന്നുള്ളത് കൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത് – കക്ഷി രാഷ്ട്രീയം മാത്രമല്ലല്ലോ രാഷ്ട്രീയം. സന്തോഷിനോ മറ്റുള്ളവർക്കോ വ്യക്തി ജീവിതത്തിൽ, തങ്ങളുടെ മിഡിൽ ക്‌ളാസ് സംതൃപ്ത ജീവിതത്തിൽ, രാഷ്ട്രീയം ആവശ്യമില്ലെന്നു തന്നെ കരുതണം. മാധ്യമത്തിലെ കഥ, വിശുദ്ധന്റെ ചോര, ലളിതമാണ്. എന്നാൽ എഴുത്തു നിരാശപ്പെടുത്തി. സത്യത്തിൽ പറഞ്ഞുപഴകിയ ഒരു തീം തന്റെ പഴയ ഏതൊക്കെയോ കഥകളെ അനുസ്മരിപ്പിയ്ക്കുന്ന രീതിയിൽ സന്തോഷ് പറഞ്ഞു ഫലിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയാണ് – കഥയുടെ ക്ളൈമാക്സിലെ ചോരയുടെ, വായനക്കാരന് എളുപ്പം ഊഹിയ്ക്കാവുന്ന, രഹസ്യത്തെ കടന്നു നിൽക്കുന്ന ഒന്നും പിന്നീട് പറയാനില്ലാത്തതുകൊണ്ട് കഥ അവസാനിപ്പിയ്ക്കാൻ എഴുത്തുകാരൻ ബദ്ധപ്പെടുന്നപോലെയും തോന്നി.
മാതൃഭൂമിയുടെ നിർല്ലജ്ജമായ ഫാസിസ്റ്റുപ്രീണനം കണ്ടു മടുത്താണ് വാരികയുടെ വായന ഞാൻ ഉപേക്ഷിച്ചത്. അതിൽ എനിയ്ക്കു വിഷമം തോന്നേണ്ട യാതൊരു കാര്യവുമില്ല എന്ന് ബോധ്യപ്പെടുത്തിയ ഏതാനും മണിക്കൂറുകളാണ് മലയാളം വായന എന്ന പേരിലെ ഈ വ്യർത്ഥതയ്ക്കു വേണ്ടി ഞാൻ ചിലവഴിച്ചത്. ഏതായാലും പൂർവ്വാധികം ശക്തിയോടെ വൈദേശിക സാഹിത്യത്തിലേയ്ക്ക് മടങ്ങാം എന്ന് കരുതുന്നു. അതിന്റെ പേരിൽ ഓൺലൈനിൽ വർഷങ്ങളായി ഇക്കൂട്ടരുടെ പരിഹാസത്തിനു ഞാൻ പാത്രമാവാറുണ്ടെങ്കിലും, അവനവന്റെ സമയത്തിന്റെ വില മറ്റൊരാളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല എന്നതിനാൽ ഞാൻ എന്റെ വഴിയ്ക്കു നീങ്ങുന്നു.
സച്ചു തോമസിന്റെ ബാബേൽ ഫിഷിന് വേണ്ടിയല്ലാതെ മാതൃഭൂമി അങ്ങനെ നോക്കാറില്ലാരുന്നു… social mediaയിലെ തള്ള് കാരണമാണ് ഈ കഥകൾ വായിച്ചത്.
Flannery O’Connorന്റെ A Good Man Is Hard to Find…John Cheeverന്റെ The Swimmer പോലുള്ളവ reread ചെയ്യേണ്ടി വന്നു നഷ്ടപ്പെട്ട രുചി തിരിച്ചുകിട്ടാൻ.
Off topic: any copy or link of the short story “ഇരുളിന്റെ ഗന്ധം”?
Thanks
ഞാൻ ബ്ലോഗിൽ പോസ്റ്റ് ചെയ്യാം, അതൊന്നു എഡിറ്റ് ചെയ്യാനുണ്ട്.
Thank u very much Abhilash.
Looking foraward to it.
നീ നിർത്തിയോടാ നാറി?