കഴിഞ്ഞ ദിവസം മൂന്നു ചെറുകഥകൾ വായിയ്ക്കുകയുണ്ടായി.
മാതൃഭൂമിയിലെ ബോണി തോമസിന്റെ “ദേവാസ്‌ത”യിൽ ഒരിയ്ക്കൽ കൂടി നമ്മൾ നമ്മൾ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് പോവുകയാണ്. ദേവാസ്ത വിളിയ്ക്കുന്ന, ചവിട്ടു നാടകമെഴുതുന്ന ഒരാളുടെ മകളെ ഒരുത്തൻ പ്രേമിയ്ക്കുന്നു. അയാൾ കപ്പലിൽ ജോലി ചെയ്യുന്നു, പോകുന്ന ഓരോ രാജ്യത്തുനിന്നും കൊന്തകൾ കാമുകിയ്ക്കു വേണ്ടി വാങ്ങുന്നു. അതിൽ അവൾ തന്നെ ആവശ്യപ്പെടുന്ന കൊന്തകളുമുണ്ട് – പോപ്പ് മുത്തിയത് പോലുള്ളവ. എന്തായാലും ഓരോ തവണയും കാമുകി ബന്ധത്തിന്റെ കാര്യം തന്റെ അച്ഛനോട് പറയുന്നതിൽ നിന്ന് അയാളെ തടയുന്നു. അയാൾ പറയുമ്പോഴാകട്ടെ സഭ മാറി വിവാഹം കഴിച്ചതിനു മുക്കുവകൃസ്ത്യാനി എന്ന് വിളിച്ചാക്ഷേപിയ്ക്കപ്പെട്ട അപ്പന്റെ മകളെ കെട്ടുന്നത് മുക്കുവൻ തന്നെ ആയിരിയ്ക്കണം എന്ന് അപ്പന് വാശി. കഥയിലെ ഏറ്റവും ശക്തമായ നിമിഷമാണ് ഇത്. എന്നാൽ കഥയുടെ ബാക്കിഭാഗത്ത് വിവരിയ്ക്കുന്ന പ്രേമകഥയോ, നായകന്റെ സഞ്ചാരങ്ങളോ ഒന്നും വായനക്കാരിൽ ഒരു ചലനവുമുണ്ടാക്കാൻ ഉതകുന്നവയല്ല. അഥവാ, സെറ്റിങ്ങിലെ പുതുമയാണ് നൊറോണയും വിവേകും വിനോയും ഒക്കെ എഴുതിമടുപ്പിച്ച ടെംപ്ളേറ്റിൽ വരുന്ന ഈ കഥയിലും എഴുത്തുകാരന്റെ തുറുപ്പുചീട്ട്. ഈ കഥ പലർ റെക്കമെന്റ് ചെയ്താണ് വായിച്ചത്. ഇന്ദുമേനോന്റെയും ഇന്ദുഗോപന്റെയും വളയത്തിലൂടെയുള്ള ചാട്ടം കഴിഞ്ഞു ഇത് വായിയ്ക്കുമ്പോൾ ഒരു മയമുണ്ട്, അത്രമാത്രം.
സുനു എവിയുടെ “ശീതയുദ്ധം” എന്ന കഥയിൽ, അധ്യാപകനായ നായകൻ ദോശ കഴിയ്ക്കുമ്പോൾ അയാൾക്കിഷ്ടമില്ലാത്ത വെളുത്തുള്ളി കിട്ടുന്നു. അയാൾ ഭക്ഷണം തുപ്പിക്കളഞ്ഞു എണീയ്ക്കുന്നു. പരീക്ഷപ്പേപ്പർ നോക്കുമ്പോൾ ഇഷ്ടമില്ലാത്ത വിദ്യാർത്ഥിയെ പാസ്സാക്കേണ്ടി വരുന്നു. ആ നേരത്ത് ഭാര്യ തനിയ്ക്കിഷ്ടമില്ലാത്ത ചുവന്ന നിറത്തിലുള്ള സാരിയുടുത്തു വരുന്നു. എന്താണ് സംഭവിയ്ക്കുന്നത്? അവർക്കൊരു അതിഥിയുണ്ട്, അയാൾക്ക് വെളുത്തുള്ളി ഇഷ്ടമാണ്, സാരിയുടെ കളറും ഇഷ്ടം. അവിഹിതമാണ് ഇവിടെ തീം. രണ്ടോ മൂന്നോ പേജുള്ള കഥയിൽ സംഗതി ഒതുക്കി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനുണ്ടെന്ന് ആളുകൾ പറയുന്ന സട്ടിലിറ്റി യഥാർത്ഥത്തിൽ ഇല്ല. സാരിയുടെ ചുവന്ന നിറം പോലെ, ഭാര്യ വെളുത്തുള്ളിയിട്ട സാമ്പാർ കൂട്ടിയ കൈ മണത്തുനോക്കുന്നതുപോലെ വളരെ ലൗഡ് ആണ് ആ ആശയം, വായനയിൽ. ഇനിയും വെട്ടിച്ചുരുക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. നമ്മുടെ ക്‌ളാസ്സിക് എഴുത്തുകാരെപ്പോലെ പതിഞ്ഞ ശബ്ദത്തിൽ കഥ പറയാൻ ശ്രമിയ്ക്കുന്നുണ്ട് സുനു. ഇപ്പോഴുള്ള ബഹളത്തിൽ അതൊരു വലിയ ആശ്വാസമാണ്. ഈ കഥ ഈ വ്യത്യസ്‍തത മൂലമായിരിയ്ക്കാം ഇത്ര പ്രശസ്തി നേടിയത് എന്ന് തോന്നുന്നു.
വായിച്ചതിൽ ഏറ്റവും കൗതുകവും, പ്രതീക്ഷയും ഉണ്ടാക്കിയ കഥയാണ് ടി അരുൺകുമാറിന്റെ “മാച്ചേർ കാലിയ”, മലയാളത്തിൽ. ബംഗാളി പാചകമാണ് അതിന്റെ പശ്ചാത്തലം. ബോണിയുടെ കഥയിൽ പശ്ചാത്തലം അതായി മാത്രം നിൽക്കുമ്പോൾ അരുണിന്റെ കഥയിൽ അത്, അതിന്റെ രാഷ്ട്രീയത്തോടൊപ്പം വലിയ ബുദ്ധിമുട്ടില്ലാതെ കഥയുമായി ഇഴുകി വന്നിരിയ്ക്കുന്നു. നായകന്റെ കാമുകി അഭയാർത്ഥി വിഷയങ്ങളിൽ ഇടപെടുന്ന യു എന്നിലോ മറ്റോ ജോലിയെടുക്കുന്നവൾ. നായകൻ ബംഗാളി മധുരപലഹാരങ്ങളുടെ ബിസിനസ്. അയാളുടെ ഒപ്പം കൂടുന്ന ഒരാളാണ് അയാളുടെ വിജയത്തിന് പിന്നിൽ, ആ ആളുടെ പലഹാരക്കൂട്ടുകൾ. അതുപോലെ ബംഗാളികളുടെ പ്രശസ്തമായ മീൻകറിയും അയാളുണ്ടാക്കും. പാചകത്തിന്റെ വിവരണങ്ങൾ ഏറെയുണ്ട് കഥയിൽ. അഥവാ സെറ്റിങ് ബോണിയുടെ കഥയിലെപ്പോലെ പ്രത്യേകതയുള്ളത്. ആ തവണ കഥാനായിക വരുമ്പോൾ നായകന്റെ സഹായിയുടെ കൂടെ അയാളുടെ മകളും കൂടി മീൻകറി വയ്ക്കാൻ കൂടുന്നു. മകളാണ് എല്ലാം ചെയ്യുന്നത്. അപ്പോൾ യു എൻ ഉദ്യോഗസ്ഥ പറയുന്നു, നിങ്ങളുടെ പോലെയുള്ള മീൻകറി ഞാൻ ധാക്കയിൽ വച്ച് ഏറെ കഴിച്ചു മടുത്തു കഴിഞ്ഞു. ബംഗ്ലാദേശി കുടിയേറ്റവിഷയം കടന്നു വരികയാണ്. ഏറെ പൊട്ടൻഷ്യൽ ഉണ്ട് ഈ കഥയ്ക്ക്. പശ്ചാത്തലത്തിന്റെ പുതുമ പോലെ തന്നെ ഇതും. എന്നാൽ ആ പ്രോമിസിനെ എഴുതി വലുതാക്കാൻ അരുണിന് കഴിഞ്ഞില്ല എന്ന് തോന്നി. കഥയുടെ അന്ത്യത്തിന് ശക്തിപോരാ. കുറഞ്ഞത് രണ്ടോ മൂന്നോ ഡ്രാഫ്റ്റ് കൂടി എഴുതിയിരുന്നെങ്കിൽ ഈ കഥയുടെ ശേഷി ഇനിയും കൂടിയേനെ. അന്യതാബോധം എന്നുള്ളത് വളരെ ശക്തമായ തോന്നലാണ്. ശ്രീരാമന്റെ സമാന പശ്ചാത്തലത്തിലുള കഥകളിൽ അതുണ്ട്. Junot Diaz എഴുതിയ ആത്മാംശമുള്ള കഥകളും പെട്ടെന്ന് ഓർമ്മവരുന്നു(വേറെയുമുണ്ട്, പെട്ടെന്ന് ഓർമ്മയിൽ വന്നത് പറയുന്നു). ഏതായാലും കാലികമായ, ഒരു അന്താരാഷ്ട്ര വിഷയം അവതരിപ്പിച്ചു മലയാള വായനക്കാരെ ടെംപ്ളേറ്റ് കഥകളിൽ നിന്ന് മോചിപ്പിച്ച എഴുത്തുകാരന് ഒരു കുതിരപ്പവൻ. അരുൺകുമാർ നല്ല പ്രോമിസിംഗ് ആയുള്ള എഴുത്തുകാരനാണ്.
കഴിഞ്ഞ ആഴ്ചയോ മറ്റോ വി എം ഗിരിജയുടെ ചക്കക്കവിത ഏതോ വാരികയിൽ വന്നിരുന്നു. ഇപ്രാവശ്യം മാതൃഭൂമിയിൽ അനിതാ തമ്പിയുടെ കവിത. കറിവേപ്പിലയും വാഴയും മുരിങ്ങയും. രണ്ടു കവികളും ബന്ധുക്കളാണ് എന്ന് തോന്നിയ്ക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങളും. അനിതയുടെ “ആലപ്പുഴ വെള്ളം” എന്ന കവിത സമീപകാലത്തെ എണ്ണം പറഞ്ഞ കവിതയാണ്. അവരുടെ എനിയ്ക്കിഷ്ടമുള്ള ഒരു കവിതയാകട്ടെ ഗിരിജയെപറ്റിയുള്ളതും(‘തിവിം’). ഗിരിജയുടെ ചക്കക്കവിതയിലെ അവസാന ഒറ്റവരിയിൽ ആ കവിതയുടെ മുനയൊടിഞ്ഞു പോയി. എന്നാലും ഗിരിജ ഇപ്പോൾ അനിതയേക്കാൾ മേലെയായി തോന്നുന്നു. ഇതേ കൂട്ടത്തിൽ പെടുന്ന കവിയാണ് വിജയലക്ഷ്മിയും. ഇതേ പദസമ്പത്ത് അവർക്കുമുണ്ട്. എന്നാൽ, അവർ ഇവരിരുവർക്കും മേലെയാണ് എന്ന് ഇപ്പോൾ തോന്നുന്നു, അവരുടെ സമീപകാല കവിതാഭ്യാസങ്ങൾ കണക്കിലെടുക്കാതെ നോക്കുമ്പോൾ. എന്നാലും മലയാളകവിതയിലെ പുരുഷ കേസരികളേക്കാൾ മുന്നിലാണ് മൂവരും. കുറൂർ, രാമൻ, ജയദേവൻ തുടങ്ങിയവരുടെ ഒക്കെ കവിതകൾ വായിച്ചാൽ ആവണക്ക് കുടിയ്ക്കുന്ന പോലെയാണ്. പേര് മാത്രമുണ്ട് കവിതയില്ല. ഞാൻ പറഞ്ഞ മൂന്ന് സ്ത്രീകൾക്കും കവിതയുണ്ട്, പേരില്ല.
എൻ പ്രഭാകരൻ :

(ചിത്രത്തിന് കടപ്പാട്)
Exactly, I also loved that story of Arunkumar T. He is a promising writer and there was one anthology of him in Malayalam. If not, please read that too.
Some name involving “Cheenkanni”?
Chennkaniye Kanalil Chuttathu… Few of them are good.
ഇത് ഏത് പുസ്തകത്തിന്റെ ഫോട്ടോ ആണ്?
ഒരു തോണിയുടെ ആത്മകഥയിൽനിന്ന്