നിയപോളിറ്റൻ നോവൽ സീരീസ്.

ഫിറന്തേയുടെ നിയപോളിറ്റൻ നോവൽ സീരീസിൽ ആഖ്യാതാവായ നായികാകഥാപാത്രം, എലീന ഗ്രെക്കോ, കോളേജിൽ നിന്ന് താൻ ജനിച്ചു വളർന്ന ചെറുപട്ടണത്തിലെത്തി, സുഹൃത്തിന്റെ, ലീലയുടെ, വീട്ടിലേയ്ക്കു പോവുകയാണ് – തിരക്കുള്ള ബസ്സിലാണ് യാത്ര. നഗരത്തിലെ “സംസ്കാരമുള്ള” ആളുകൾക്കിടയിൽ നിന്ന് വരുന്ന എലീനയെ തിരക്കുള്ള ബസിൽ ആരോ കയറിപ്പിടിയ്ക്കുന്നു. അവർ തിരിഞ്ഞു അയാളെ നേപ്പിൾസിലെ സംസാരഭാഷയിൽ ചീത്ത വിളിയ്ക്കുന്നു. ബസ്സിൽ നിന്നിറങ്ങിയ അവർ ആലോചിയ്ക്കുകയാണ് – സംസ്കാര സമ്പന്നയാവാനും ഒരു “ലേഡി” ആവാനും ഇത്രകാലം പഠിച്ച തനിയ്ക്ക് എവിടെനിന്നാണ് ഈ ഭാഷ ഇപ്പോഴും നാവിൽ വരുന്നത്? എവിടെനിന്നാണ് വിദ്യാഭ്യസമില്ലാത്തവരെപ്പോലെ സദാ വഴക്കടിയ്ക്കാനും മറ്റുമുള്ള വാസനയുണ്ടാവുന്നത്? ഒരു മനുഷ്യന് തന്റെ വേരുകളിൽ നിന്ന് ഒരിയ്ക്കലും മോചനമില്ലേ?തന്റെ brawling nature അവരെ സീരീസിലുടനീളം കുഴക്കുന്നുണ്ട്. എന്നാൽ നേപ്പിൾസിൽ തന്നെ താമസിയ്ക്കുന്ന അവരുടെ സുഹൃത്ത് ലീലയ്ക്ക് അത്തരത്തിലുള്ള ആധികളൊന്നുമില്ല. ലീല പഠിത്തത്തിൽ എലീനയെക്കാളും മുന്നിലായിരുന്നു. എന്നാൽ ദരിദ്രസാഹചര്യത്തിൽ അവർക്ക് പഠിത്തമുപേക്ഷിയ്ക്കേണ്ടി വന്നു – എന്നിട്ടും അവർ പിൽക്കാലത്ത് സ്വന്തം കാലിൽ നിൽക്കാവുന്നിടത്തോളം സമ്പന്നയായി – തന്റെ ജീവിതത്തിലെ ഓരോ സ്റ്റേജിലും ചുറ്റുപാടുകളെയും ആളുകളെയും തന്റെ നിയന്ത്രണത്തിൽ നിറുത്തി. എന്നാൽ കൂട്ടുകാരിയെ മനസ്സിലാക്കാൻ ഒരു കാലത്തും എലീനയ്ക്കു കഴിയുന്നില്ല. നോവലിന്റെ അവസാനം വരെ അവരുടെ കഥ പറയുന്ന നായികയ്‌ക്കോ, അവരോടൊപ്പം കഴിയുന്ന പുരുഷന്മാർക്കോ, അവരുടെ ജീവിതത്തിലെ മറ്റുള്ള ആളുകൾക്കോ പൂർണ്ണമായും ചുരുളഴിച്ചെടുക്കാനാവാത്ത ഒരാളാണ് ആ കഥാപാത്രം.

ഫിറന്തേയുടെ നോവലുകളിലെ പുരുഷന്മാർ പൊതുവെ വ്യക്തിത്വമില്ലാത്തവരും വഞ്ചകരും ദുർബ്ബലരും എല്ലാമാണ്. എന്നിട്ടും നായികമാർ ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ അവരുടെ കുതന്ത്രങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നു. “ഡേയ്സ് ഓഫ് അബാൻഡൻമെന്റ്” എന്ന നോവലിലെ നായിക അവിഹിതത്തിലൂടെയാണ് ഭർത്താവിനോട് പ്രതികാരം ചെയ്യാനും തന്റെ ജീവിതത്തിൽ അതുവഴി ഒരു ബാലൻസ് കൊണ്ടുവരാനും നോക്കുന്നത് – ലോസ്റ്റ് ഡോട്ടറിലെ ആഖ്യാതാവായ പ്രൊഫസർ ബീച്ചിൽ വച്ച് കാണുന്ന എലീന എന്ന സ്ത്രീയും മറ്റൊന്നല്ല ശ്രമിയ്ക്കുന്നത് (പേര് ശ്രദ്ധിയ്ക്കുക). ഇതേ പ്രൊഫസർ നിയപോളിറ്റൻ സീരീസിലെ നായികയാണ് (വലിയൊരു പരിധിവരെ) എന്നും വായനക്കാർക്ക് കാണാൻ കഴിയും – അവർ ബീച്ചിൽ കാണുന്ന അമ്മയും മകളും പാവക്കുഞ്ഞും നിയപോളിറ്റൻ സീരീസിൽ അവർത്തിയ്ക്കുന്നുണ്ട്. ആ സ്ത്രീയും ഒരു ചെറുപ്പക്കാരനും ചുംബിയ്ക്കുന്നത് പ്രൊഫസർ കാണുന്നു. ഈ സീരീസിൽ ലീലയും, താൻ രഹസ്യമായി പ്രേമിയ്ക്കുന്ന നീനോ എന്ന സഹപാഠിയും അതേപോലെ ചുംബിയ്ക്കുന്ന രംഗം എലീന കാണുന്നതായുണ്ട്, തന്റെ മകളും ലീലയുടെ മകനും കൂടി ചുംബിയ്ക്കുന്നത് അവർ തന്നെ പിന്നൊരിയ്ക്കൽ കാണുന്നുമുണ്ട്. “സാവേജ്” എന്ന നോവൽ ബൊലാഞ്ഞോ എവ്വിധമാണോ ഐഡിയകൾ വർക്ക് ഔട്ട് ചെയ്യാൻ ഉപയോഗിച്ചത് അതുപോലെയാണ് ആദ്യനോവലുകൾ ഫിറന്തേ ഉപയോഗിച്ചത് എന്ന് ചുരുക്കം – പല രംഗങ്ങളും കഥാപാത്രങ്ങളും ഈ നോവലുകളിലും, ഈ വർഷം ഇറങ്ങിയ “ലയിങ് ലൈഫ് ഓഫ് അഡൾട്സ്” എന്ന നോവലിലും കടന്നുവരുന്നു.

“ഡേയ്സ് ഓഫ് അബാൻഡൻമെന്റ്” വന്നപ്പോൾ കേരളത്തിൽ കോളമെഴുത്തുകാരും ആക്ടിവിസ്റ്റ് സാഹിത്യത്തെപ്പറ്റി സ്ഥിരം എഴുതുന്നവരും എല്ലാം ആ നോവലിനെ ഫെമിനിസ്റ്റ് നോവൽ എന്ന നിലയിൽ ആഘോഷിയ്ക്കുന്നത് കണ്ടിരുന്നു. എന്നാൽ പൂർണ്ണമായും സ്ത്രീയുടെ കണ്ണിലൂടെ വരുന്ന ഈ നോവൽ സീരീസിനെപ്പറ്റി അത്തരത്തിൽ ആരും എഴുതിക്കാണുകയുണ്ടായില്ല. ഉത്തരം നോവലിൽ തന്നെയുണ്ട് എന്ന് വായനയിൽ ബോധ്യമായി – സ്‌കൂൾ കാലത്തേ നായിക പ്രേമിയ്ക്കുന്ന ആളാണ് നീനോ. എന്നാൽ അവനു മറ്റൊരു കാമുകിയുണ്ട്. എഴുത്തുകാരിയാവാൻ ആഗ്രഹിയ്ക്കുന്ന എലീനയ്ക്ക് അയാളുടെ ബുദ്ധിജീവി ജീവിതത്തോടും നേപ്പിൾസിന്റെ പരിമിതമായ സാഹചര്യങ്ങൾക്ക് പുറത്തേയ്ക്കു വളരാനുള്ള വെമ്പലിനോടും ആകര്ഷണമുണ്ട് – അതാണ് തന്റെയും വഴി എന്നുമവൾക്ക് ബോധ്യമുണ്ട്. ഒരു വെക്കേഷന് ഒരു ഹോം സ്റ്റേയിൽ സഹായിയായി പോവുന്ന അവൾ പല പത്രങ്ങളിൽ കോളമെഴുത്തുകാരനായ നിനോയുടെ അച്ഛനെ കണ്ടുമുട്ടുന്നു(പണ്ട് ഒരേ തെരുവിലാണ് അവരെല്ലാം താമസിച്ചിരുന്നത്) – ഈ എഴുത്താണ് അവളെ ആകര്ഷിയ്ക്കുന്നത്. നിനോ അവിടെ വരികയും അവളോട് ഇടപഴകുകയും ചെയ്യുന്നെങ്കിലും അവളാഗ്രഹിച്ച രീതിയിൽ ആ ബന്ധം മുന്നോട്ടു പോകുന്നില്ല. അവനും അച്ഛനും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ട്, അവൻ വന്നപോലെ പോവുകയും ചെയ്യുന്നു. ആ വീട്ടിൽ വച്ച് കാമുകന്റെ അച്ഛൻ അവളെ ലൈംഗികമായി ആക്രമിയ്ക്കുന്നു. എന്നാൽ സാധാരണ കഥകളിലെപ്പോലെയല്ല നായിക പെരുമാറുന്നത് – അവൾ പിന്നീട് അയാളെ തന്നെ തിരഞ്ഞുപിടിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നു – അത് അന്നത്തെ മാനസികാവസ്ഥയിൽ ചെയ്തതാണെങ്കിലും തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നുന്നുണ്ട്. വർഷങ്ങൾക്കു ശേഷം വൃദ്ധനായ അയാളെ കാണുമ്പോൾ തന്റെ പ്രവർത്തിയെപ്പറ്റി അവൾക്ക് അത്ഭുതം തോന്നുന്നു. അപ്പോഴേയ്ക്കും ആണുങ്ങൾ എത്തരക്കാരാണെന്നു അവൾക്ക് ധാരണയായിക്കഴിഞ്ഞു. ബുദ്ധിജീവി എന്ന് നടിയ്ക്കുന്ന നീനോ പോലും അയാളുടെ അച്ഛനുമായി വ്യത്യാസപ്പെടുന്നത് അയാളണിയുന്ന മുഖം മൂടികളിൽ മാത്രമാണെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ട്.

പിസായിൽ കോളേജ് പഠനകാലത്താണ് എലീന ആദ്യമായി പ്രേമിയ്ക്കുന്നത് – ഫ്രാങ്കോ എന്ന പയ്യനെ. പിന്നെ വലിയൊരു ലിബറൽ ഫാമിലിയിൽ നിന്നുവരുന്ന പിയെത്രോ എന്ന ഒരാളുമായി അവൾ പ്രേമത്തിലാവുകയും അവർ വിവാഹിതരാവുകയും ചെയ്യുന്നു – അയാളുടെ അമ്മയാണ് അവളെ പബ്ലിഷിംഗ് ലോകത്ത് എത്തിയ്ക്കുന്നത്. ലോസ്റ്റ് ഡോട്ടർ എന്ന നോവലിൽ നായികയായ പ്രൊഫസർ തന്റെ അമേരിക്കയിലുള്ള മുൻഭർത്താവിന്റെ ഒപ്പം കഴിയാനായി പോകുന്ന മക്കളെക്കുറിച്ചു പറയുന്നുണ്ട് – അതേ സാഹചര്യം ഈ നോവൽ സീരീസിൽ ആവർത്തിയ്ക്കുന്നു, പിയെത്രോവിലൂടെ. നീനോയുടെ സ്വഭാവമറിഞ്ഞു കൊണ്ടുതന്നെ എലീന അയാളോടൊപ്പം വിവാഹം പോലും ചെയ്യാതെ ജീവിയ്ക്കുകയാണ് – അയാൾ അയാളുടെ ഭാര്യയെ അപ്പോഴും ഉപേക്ഷിയ്ക്കുന്നില്ല. അയാൾക്ക് ലീലയുമായുള്ള ബന്ധത്തിൽ കുഞ്ഞുണ്ടായി എന്നതും (അത് തെറ്റാണെന്ന് പിന്നീട് മനസ്സിലാവുന്നുണ്ട്), അയാൾക്ക് തന്റെ മറ്റൊരു സുഹൃത്തിൽ കുഞ്ഞുണ്ട് എന്നതും എല്ലാം അറിഞ്ഞുകൊണ്ടാണ് അവളിതു ചെയ്യുന്നത് എന്നതാണ്. എഴുത്തുകാരിയായി തീരുന്ന അവർ, തന്റെ “ചാരിത്ര്യം” നഷ്ടമായതിനെപ്പറ്റിയും നേപ്പിൾസിലെ അയൽപക്കത്തെ വയലൻസിനെപ്പറ്റിയും എല്ലാം നോവൽ എഴുതുന്നെങ്കിലും ഒരിയ്ക്കലും നീനോയെപ്പറ്റിയോ മറ്റു ബന്ധങ്ങളെപ്പറ്റിയോ എഴുതുന്നതായി നോവൽ സീരീസിൽ എവിടെയും പറയുന്നില്ല. എന്തിനാണ് ഇതെല്ലാം ചെയ്തുകൂട്ടിയതെന്ന് ഒരു വേള ചിന്തിയ്ക്കുകയും അടുത്ത മാത്രയിൽ തന്റെ എഴുത്തുജീവിതവുമായി മുന്നോട്ടു പോവുകയുമാണ് അവർ. നോവലിലെ അടുത്ത റണ്ണിങ് തീം ഈ എഴുത്തുജീവിതമാണ് – വളരെ വിശദമായി എഴുത്തു പ്രോസെസ്സും, അതിന്റെ സംഘർഷങ്ങളും അധ്വാനവും അതുമൂലം വന്നുചേരുന്ന നഷ്ടങ്ങളും എല്ലാം ഈ സീരീസിൽ വിശദമായുണ്ട്. ഫിറന്തേയുടെ എഴുത്തിന്റെ ശക്തി അവർ എലീനയിലോ മറ്റു വ്യക്തികളിലോ മാത്രമായി ഇതുപോലെ ശ്രദ്ധ കേന്ദ്രീകരിയ്ക്കുമ്പോഴാണ്.

സീരീസിന്റെ പ്രധാന വീക്നെസ് സത്യത്തിൽ അതാണ് – വളരെ കുറഞ്ഞ എണ്ണം കഥാപാത്രങ്ങളെവച്ചു കഥ പറയുമ്പോൾ, വിശിഷ്യാ നേപ്പിൾസിന്റെ വയലൻസിനെപ്പറ്റിയും അവിടത്തെ ഫാസിസ്റ്റുകളും ലിബറലുകളും ക്രിസ്ത്യൻ ഡെമോക്രാറ്റുകളും കമ്മ്യുണിസ്റ്റുകളും ചേര്ന്നുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തെപ്പറ്റിയും വിവരിയ്ക്കുന്ന ദീർഘമായ ഭാഗങ്ങൾ മൂന്നാം പുസ്തകത്തിലുണ്ട്, അതിൽ കുറച്ചു കഥാപാത്രങ്ങൾ എല്ലാ തരം സാഹചര്യങ്ങളിലും ആവർത്തിച്ചുവരുന്നു. നായികയുടെ അയൽപക്കത്തെ സൊലാറ്റ സഹോദരന്മാരാണ് എല്ലായിടത്തും, ഉദാഹരണത്തിനു, വില്ലന്മാരുടെ റോൾ ചെയ്യുന്നത് – കഥയിലെ പല ത്രെഡുകളിലും ഇവരെ ബന്ധിപ്പിയ്ക്കാനുള്ള എഴുത്തുകാരിയുടെ ശ്രമങ്ങൾ പലപ്പോഴും ബാലിശമായ രീതിയിലാണ് വായനയിൽ പ്രത്യക്ഷപ്പെടുന്നത് – ഇതൊക്കെക്കൊണ്ടുതന്നെ വായനക്കാരനെ പരീക്ഷിയ്ക്കുന്ന പുസ്തകമാണ് സീരീസിലെ മൂന്നാമത്തേത്. 1950 മുതൽ 2000-ങ്ങളിലേയ്ക്ക് നീളുന്ന, ഇറ്റലിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ കാലയളവാണ് നോവലിന്റെ പശ്ചാത്തലമായി വരുന്നതെന്ന കാര്യം ഇത്തരം സംഗതികൾ കൂടി ഉൾപ്പെടുത്താൻ എഴുത്തുകാരിയെ പ്രേരിപ്പിച്ചു കാണണം. എന്നാൽ തൻറെ വീക്നെസ് അവർ മനസ്സിലാക്കുന്നുണ്ടെന്നും കരുതാം – വളരെ പെട്ടെന്ന് വ്യക്തി കേന്ദ്രീകൃതമായ ആഖ്യാനത്തിലേയ്ക്ക് അവർ തിരികെപ്പോകുന്നു. എലീനയുടെ സങ്കീർണ്ണമായ എഴുത്തു-വ്യക്തി ജീവിതങ്ങളുടെ ആഴങ്ങളിലേയ്ക്ക് ചുഴിയുന്ന ഏറെ മുഹൂർത്തങ്ങൾ സീരീസിലുണ്ട് എങ്കിലും നാലാമത്തെ നോവലിൽ നായികാ നടത്തുന്ന ജീവിതവലോകനം സവിശേഷമാണ് – ആദ്യ പുസ്തകത്തിലും രണ്ടാം പുസ്തകത്തിൽ അങ്ങിങ്ങായും കടന്നുവരുന്ന ഈ നിരീക്ഷണങ്ങളുടെ, അന്വേഷണങ്ങളുടെ ഗഹനത ഏറ്റവും കൂടുതൽ അനുഭവമാകുന്നത് നാലാമത്തെ പുസ്തകത്തിലാണ്. ഈ ഭാഗങ്ങളിൽ പലപ്പോഴും എലീന മികച്ച യുറോപ്പിയൻ എഴുത്തുകാരുടെ നിരയിലേയ്ക്കുയരുന്നത് നമുക്ക് കാണാം – അത്തരത്തിലെ രണ്ടു രംഗങ്ങളാണ് ഫാസിസ്റ്റുകളാൽ ആക്രമിയ്ക്കപ്പെടുന്ന ഫ്രാങ്കോ എന്ന, എലീനയുടെ ആദ്യകാമുകൻ മരിയ്ക്കുന്ന രംഗം.

“There was blood on the pillow and on the sheet, a large blackish stain that extended to his feet. Death is so repellent. Here I will say only that when I saw that body deprived of life, that body which I knew intimately, which had been happy and active, which had read so many books and had been exposed to so many experiences, I felt both repulsion and pity. Franco had been a living material saturated with political culture, with generous purposes and hopes, with good manners. Now he offered a horrible spectacle of himself. He had rid himself so fiercely of memory, language, the capacity to find meaning that it seemed obvious the hatred he had for himself, for his own skin, for his moods, for his thoughts and words, for the brutal corner of the world that had enveloped him.”

ഏകദേശ പരിഭാഷ താഴെ :-

“തലയിണയിലും വിരിയിലും രക്തമുണ്ടായിരുന്നു – വിരിയിൽ, അവന്റെ കാലടിയോളമെത്തുന്ന കറുത്തുപോയ കറയുടെ ഒരു വലിയ പാട്. മരണം എത്ര ജുഗുപ്സാവഹമാണ്. ഇത്രയേ എനിയ്ക്കു പറയാനാവുന്നുള്ളൂ – ഞാൻ വളരെ അടുത്തറിഞ്ഞ, സന്തോഷവും ഊർജ്ജവും പ്രസരിച്ചിരുന്ന, ധാരാളം പുസ്തകങ്ങളിലൂടെയും ധാരാളം അനുഭവങ്ങളിലൂടെയും കടന്നു പോയ ആ ശരീരം, എന്നിൽ വെറുപ്പും ദയയും ഒരേ സമയത്തുളവാക്കി. ഫ്രാങ്കോ തന്റെ മജ്ജയിൽപ്പോലും രാഷ്ട്രീയ സംസ്കാരം നിറഞ്ഞു തുളുമ്പുന്ന ഒരുത്തനായിരുന്നു, ഉദാരമായ ഉദ്ദേശ്യങ്ങളും പ്രതീക്ഷകളും ഉള്ളയാളായിരുന്നു, അതിനോടൊപ്പം മാന്യമായ പെരുമാറ്റവുമായിരുന്നു, അയാളുടെ. അത്തരത്തിലുള്ള ഒരാളുടെ അചിന്ത്യമായ, ഭീകരമായ ഒരു തരം പ്രകടനമായിപ്പോയി ഇത്. അയാൾ സ്വയം ഓർമ്മയിൽ നിന്ന്, ഭാഷയിൽ നിന്ന്, എന്തിന്റെയും പൊരുൾ കണ്ടെത്താനുള്ള കഴിവിൽ നിന്ന് തന്നെ നിശ്ശേഷം തുടച്ചു നീക്കിയിരിയ്ക്കുകയാണ് – സ്വന്തം അസ്തിത്വത്തെ, തൊലിയെ, മാനസികാവസ്ഥകളെ, ചിന്തകളെ, വാക്കുകളെ, തന്നെ ചുറ്റിയിരിയ്ക്കുന്ന ലോകത്തിന്റെ ആ കോണിനെ, അയാൾ എത്രമാത്രം വെറുത്തിരുന്നെന്ന് ആ പ്രവൃത്തിയിലൂടെ കാണിയ്ക്കുകയാണ്”.

അതിനുപിന്നാലെയാണ് നായികയുമായി ഒരു കാലത്തും യോജിയ്ക്കാതെ ജീവിച്ച അമ്മയുടെ മരണം – രണ്ടു ചെറു പാരഗ്രാഫുകളിൽ ഫിറന്തേ വിവരിയ്ക്കുന്ന ഈ രംഗങ്ങൾ ഞാൻ അടുത്ത കാലത്തു വായിച്ച ഏറ്റവും പ്രഹരശേഷിയുള്ളവയാണ്.

നോവലിന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നത് എന്നാൽ, ലീല എന്ന “ബ്രില്ല്യന്റ് ഫ്രന്റ്” തന്നെയാണ് – നായികയ്ക്ക് ഒരിയ്ക്കലും അവരെ പൂർണ്ണമായി മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. എഴുത്തുകാരിയ്ക്കു തന്നെ ആ കഥാപാത്രത്തെ മുഴുവനായി വികസിപ്പിയ്ക്കാൻ കഴിഞ്ഞോ എന്നൊരു സംശയം സീരീസ് വായന കഴിഞ്ഞപ്പോൾ എനിയ്ക്കുണ്ടായി. ഒരു തരത്തിലുമുള്ള ഒത്തുതീർപ്പുകൾക്കും വഴങ്ങാതെ പോയ ഒരു പ്രഹേളികയായി അവരീ നോവലിൽ നിറഞ്ഞു നിൽക്കുന്നു. പുരുഷന്മാരെ തന്റെ ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും നേരിടുന്ന അവർ തന്റെ ചുറ്റുമുള്ള എല്ലാത്തിനെയും ബോധപൂർവ്വം തന്നെ നിയന്ത്രിയ്ക്കുന്നു – ബന്ധങ്ങൾക്കുള്ളിലും പുറത്തും അവർക്ക് തന്റെ തീർപ്പുകളെപ്പറ്റി, തീരുമാനങ്ങളെപ്പറ്റി യാതൊരു സംശയവുമില്ല – അവരെ സംശയത്തോടെ സമീപിയ്ക്കാത്ത ഒരു കഥാപാത്രം പോലും നോവലില്ല. ചെറിയ ക്‌ളാസിൽ പഠനമുപേക്ഷിയ്ക്കേണ്ടി വരുന്ന അവർ പിന്നീട് വിവാഹത്തിലൂടെയും പിന്നെ സ്വന്തമായി ബിസിനസ് ചെയ്തും എല്ലാം തന്റേതായ ഒരു അധികാരം ചുറ്റുപാടുകൾക്കും ആളുകൾക്കും മേലെ സ്ഥാപിയ്ക്കുന്നു – അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത അവർ കമ്പ്യൂട്ടർ ഇൻഡസ്ട്രിയുടെ ആദ്യനാളുകളിൽ തന്നെ സ്വന്തമായി ഒരു കമ്പനി സ്ഥാപിച്ചു സമ്പന്നയാകുന്നു. ഭാഷകൾ പഠിയ്ക്കുന്നതിൽ അസാധാരണ പ്രതിഭയുള്ള അവർ ചെറുപ്പത്തിൽ ഒരു കഥയെഴുതുന്നത് നോവലിലെ ഒരു പ്രധാന സംഗതിയാണ് – അതിനെ അതിശയിയ്ക്കുക എന്നതാണ് പിന്നെ എഴുത്തുകാരിയാവുന്ന നായികയുടെ ലക്‌ഷ്യം. എന്നാൽ എലീന എഴുതുന്ന ഒരു നോവൽ പോലും അവർക്കിഷ്ടമാകുന്നില്ല. അവരുടെ അംഗീകാരം കിട്ടാൻ എന്താണ് വഴി എന്നോർത്ത് സദാ സമ്മർദ്ദത്തിലാവുകയാണ് എഴുത്തുകാരി. എല്ലാം കഴിഞ്ഞു വാർദ്ധക്യത്തിൽ താനും ലീലയുമായുള്ള ബന്ധത്തെപ്പറ്റി അവരെഴുതുന്ന നോവൽ സ്‌കൂളിൽ പാഠപുസ്തകമായിപ്പോലും വരുന്നുണ്ട്. അതവരുടെ ഏകദേശം അവസാനത്തിലെത്തിയ എഴുത്തു കരിയറിനെ പുനരുജ്ജീവിപ്പിയ്ക്കുകപോലും ചെയ്യുന്നു. അപ്പോഴും ലീല അവരെ അംഗീകരിയ്ക്കുന്നില്ല. അതേസമയം തന്റെ മകൾ, ലീല അവരുടെ കമ്പ്യൂട്ടറിൽ, സ്വന്തമായി, നേപ്പിൾസിനെപ്പറ്റിയുള്ള ചരിത്രപുസ്തകം എഴുതുകയാണ് എന്ന് വന്നു പറയുമ്പോൾ അവർ ആകാംക്ഷകൊണ്ട് വശം കെടുന്നു. അവരുടെ ഒറ്റപ്പുസ്തകം തന്റെ എഴുത്തുകരിയറിനെ മൊത്തം നിസ്സാരമാക്കിക്കളയുമോ എന്നതാണ് അവരുടെ പേടി.

സൗഹൃദത്തെപ്പറ്റി അടുത്ത കാലത്ത് വന്നതിൽ ഇത്ര വ്യത്യസ്‍തമായ ഒരാഖ്യാനം വേറെയുണ്ടാവില്ല എന്ന് പറയാം. സത്യത്തിൽ അത് സൗഹൃദമാണോ എന്ന് നമുക്ക് സംശയം തോന്നും. എന്റെ വായനയിൽ ലീല അവസാന നിമിഷം വരെ എലീനയെ തനിയ്ക്ക് വേണ്ടി ഉപയോഗിയ്ക്കുകയാണ് – അവർ താനുമായി ബന്ധത്തിൽ വരുന്ന എല്ലാവരെയും അതുപോലെ ചെയ്യുന്നു. വായനയിൽ അത്ര സ്മൂത്ത് ആയ നോവലുകളുമല്ല ഇവ – ധാരാളം ക്ളീഷേകളും, ട്രോപ്പുകളും ഫിറന്തേ ഉടനീളം ഉപയോഗിയ്ക്കുന്നുണ്ട് – വിശഷിച്ചും രണ്ടും മൂന്നും പുസ്തകങ്ങളിൽ. എന്നാൽ പലപ്പോഴും അസാധാരണമായ വിധത്തിൽ വായനക്കാരനെ വലിച്ചെടുക്കുന്ന ഒരു പവർ അവരുടെ എഴുത്തിനു ഉണ്ട് താനും – അത് ഞാൻ സൂചിപ്പിച്ചപോലെ എലീന എന്ന കഥാപാത്രത്തിന്റെ ചിന്തകളിലേയ്ക്ക് എഴുത്തുകാരി തന്റെ മുഴുവൻ ശക്തിയോടെ ഇറങ്ങിച്ചെല്ലുമ്പോഴാണ് (probing). എഴുത്തിന്റെ തീക്ഷ്ണത, പ്രഹരശക്തി എന്ന തരം ക്ളീഷേകൾ അവരുടെ എഴുത്തിനെപ്പറ്റി വിശദീകരിയ്ക്കാൻ ഉപയോഗിയ്ക്കുമ്പോൾ ആളുകൾ മറക്കുന്ന സംഗതി എത്രമാത്രം ശാന്തരാണ് അവരുടെ കേന്ദ്രകഥാപാത്രങ്ങൾ (അവരാണ് എല്ലാ നോവലുകളിലും ആഖ്യാനം നിർവ്വഹിയ്ക്കുന്നത്) എന്നതാണ് – ഡേ ഓഫ് അബാൻഡൻന്മെന്റ് ഒഴികെയുള്ള നോവലുകളിൽ ഇത് പ്രകടമാണ്. ഇക്കൊല്ലം എട്ടു പുസ്തകങ്ങളാണ് ഈ എഴുത്തുകാരിയുടേതായി വായിച്ചത്. ആവർത്തിയ്ക്കുന്ന തീമുകളും ശൈലികളും പാത്രസൃഷ്ടികളും മറ്റുമായി ഒരു തരം മടുപ്പ് – fatigue – ഇപ്പോൾ അവരുടെ എഴുത്തിനോടെനിയ്ക്കുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല എന്ന് തോന്നുന്നു. “ലയിങ് ലൈഫ് ഓഫ് അഡൾട്ട്സ്” എന്ന നോവൽ, സീരീസിലെ അവസാന മൂന്നു നോവലുകൾ വായിയ്ക്കുന്നതിനുമുന്നെ വായിച്ചെന്നതിൽ എനിയ്ക്കിപ്പോൾ സന്തോഷം പോലുമുണ്ട്. ഇനിയൊരു തവണകൂടി ഫിറന്തേയെ വായിയ്ക്കുക ഭഗീരഥ പ്രയത്നമായിരിയ്ക്കും.

18 thoughts on “നിയപോളിറ്റൻ നോവൽ സീരീസ്.”

  1. പേരറിയാത്ത

    Nice Write Up And Good Analysis. വായിക്കുവാൻ കരുതുന്ന ഒരു സീരീസ് ആണ്.അതിലേക്ക് ഒരു Key ആണ് ഈ Note.
    PS:ലീല എന്ന കാരക്ടർ വളരെ interesting ആയി തോന്നുന്നു. Mysterious ആയ Characterകളും characteristics ഉം Personal Taste ൻ്റെ ഭാഗമാണ്. ആ കാരണം കൊണ്ടു തന്നെ ഒഴിവുപോലെ വായിക്കണം എന്ന് കരുതുന്നു. 🙂

  2. പേരറിയാത്ത

    Nice Write Up And Good Analysis. വായിക്കുവാൻ കരുതുന്ന ഒരു സീരീസ് ആണ്.അതിലേക്ക് ഒരു Key ആണ് ഈ Note.
    PS:ലീല എന്ന കാരക്ടർ വളരെ interesting ആയി തോന്നുന്നു. Mysterious ആയ Characterകളും characteristics ഉം Personal Taste ൻ്റെ ഭാഗമാണ്. ആ കാരണം കൊണ്ടു തന്നെ ഒഴിവുപോലെ വായിക്കണം എന്ന് കരുതുന്നു. 🙂

  3. Thanks for this writeup.
    അജയിൻ്റെ ‘സൂസന്നയിൽ’ നിന്നാണ് ഈ സീരിസിനെ കുറിച്ച് ആദ്യം പറഞ്ഞു കേൾക്കുന്നത്.പിന്നീട് ‘പറവയുടെ സ്വാതന്ത്ര്യത്തിൽ’ ക്നോസ്ഗാർദിൻ്റെയും ഫിറന്തേയുടെയും എല്ലാം Auto-fiction writing നെ ചേർത്തുവച്ചിട്ടുള്ള കുറിപ്പും. ഈ blog ൽ തന്നെ ആ വായനയെ കുറിച്ചുള്ള കൗതുകം സൂചിപ്പിച്ചുകൊണ്ട് ഒരു കുറിപ്പ് ഉണ്ട് എന്നാണ് ഓർമ്മ.അതിന് എല്ലാം ശേഷമാണ് 3-4 വർഷം മുമ്പ്(5 വർഷം?) ഏതോ പേപ്പറിൽ വായിച്ച Anonymous ആയി ജീവിക്കുന്ന Best Seller Writer നെ കുറിച്ചുള്ള വാർത്ത ഇവരെ കുറിച്ചായിരുന്നു എന്ന് ഓർത്തെടുക്കുന്നത്.
    എന്നാൽ ഈ സീരിസിനെ കുറിച്ച് ഇത്തരത്തിൽ കുറച്ച് കുറിപ്പുകൾ അല്ലാതെ Serious Notes ഒന്നും മലയാളം സോഷ്യൽ മീഡിയയിൽ എഴുതി കണ്ടിട്ടില്ല.ഇവരുടെ Days Of Abandonment നെ കുറിച്ച് പിന്നെയും കണ്ടതായി ഓർക്കുന്നുണ്ട്;നിയോപൊളിറ്റൻ സീരിസിനെ കുറിച്ചില്ല.ഇതാണ് വിശദമായ ഒരു കുറിപ്പ് കണ്ടത്.So, happy to read this.

  4. Thanks for this writeup.
    അജയിൻ്റെ ‘സൂസന്നയിൽ’ നിന്നാണ് ഈ സീരിസിനെ കുറിച്ച് ആദ്യം പറഞ്ഞു കേൾക്കുന്നത്.പിന്നീട് ‘പറവയുടെ സ്വാതന്ത്ര്യത്തിൽ’ ക്നോസ്ഗാർദിൻ്റെയും ഫിറന്തേയുടെയും എല്ലാം Auto-fiction writing നെ ചേർത്തുവച്ചിട്ടുള്ള കുറിപ്പും. ഈ blog ൽ തന്നെ ആ വായനയെ കുറിച്ചുള്ള കൗതുകം സൂചിപ്പിച്ചുകൊണ്ട് ഒരു കുറിപ്പ് ഉണ്ട് എന്നാണ് ഓർമ്മ.അതിന് എല്ലാം ശേഷമാണ് 3-4 വർഷം മുമ്പ്(5 വർഷം?) ഏതോ പേപ്പറിൽ വായിച്ച Anonymous ആയി ജീവിക്കുന്ന Best Seller Writer നെ കുറിച്ചുള്ള വാർത്ത ഇവരെ കുറിച്ചായിരുന്നു എന്ന് ഓർത്തെടുക്കുന്നത്.
    എന്നാൽ ഈ സീരിസിനെ കുറിച്ച് ഇത്തരത്തിൽ കുറച്ച് കുറിപ്പുകൾ അല്ലാതെ Serious Notes ഒന്നും മലയാളം സോഷ്യൽ മീഡിയയിൽ എഴുതി കണ്ടിട്ടില്ല.ഇവരുടെ Days Of Abandonment നെ കുറിച്ച് പിന്നെയും കണ്ടതായി ഓർക്കുന്നുണ്ട്;നിയോപൊളിറ്റൻ സീരിസിനെ കുറിച്ചില്ല.ഇതാണ് വിശദമായ ഒരു കുറിപ്പ് കണ്ടത്.So, happy to read this.

  5. Thanks for this writeup.
    അജയിൻ്റെ ‘സൂസന്നയിൽ’ നിന്നാണ് ഈ സീരിസിനെ കുറിച്ച് ആദ്യം പറഞ്ഞു കേൾക്കുന്നത്.പിന്നീട് ‘പറവയുടെ സ്വാതന്ത്ര്യത്തിൽ’ ക്നോസ്ഗാർദിൻ്റെയും ഫിറന്തേയുടെയും എല്ലാം Auto-fiction writing നെ ചേർത്തുവച്ചിട്ടുള്ള കുറിപ്പും. ഈ blog ൽ തന്നെ ആ വായനയെ കുറിച്ചുള്ള കൗതുകം സൂചിപ്പിച്ചുകൊണ്ട് ഒരു കുറിപ്പ് ഉണ്ട് എന്നാണ് ഓർമ്മ.അതിന് എല്ലാം ശേഷമാണ് 3-4 വർഷം മുമ്പ്(5 വർഷം?) ഏതോ പേപ്പറിൽ വായിച്ച Anonymous ആയി ജീവിക്കുന്ന Best Seller Writer നെ കുറിച്ചുള്ള വാർത്ത ഇവരെ കുറിച്ചായിരുന്നു എന്ന് ഓർത്തെടുക്കുന്നത്.
    എന്നാൽ ഈ സീരിസിനെ കുറിച്ച് ഇത്തരത്തിൽ കുറച്ച് കുറിപ്പുകൾ അല്ലാതെ Serious Notes ഒന്നും മലയാളം സോഷ്യൽ മീഡിയയിൽ എഴുതി കണ്ടിട്ടില്ല.ഇവരുടെ Days Of Abandonment നെ കുറിച്ച് പിന്നെയും കണ്ടതായി ഓർക്കുന്നുണ്ട്;നിയോപൊളിറ്റൻ സീരിസിനെ കുറിച്ചില്ല.ഇതാണ് വിശദമായ ഒരു കുറിപ്പ് കണ്ടത്.So, happy to read this.

  6. Thanks for this write up.
    വായിക്കണം എന്ന് കരുതുന്നു. You did good job. നന്നായിട്ട് നിരൂപിച്ചിട്ടുണ്ട്.

  7. Thanks for this write up.
    വായിക്കണം എന്ന് കരുതുന്നു. You did good job. നന്നായിട്ട് നിരൂപിച്ചിട്ടുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top