എഡിറ്റിംഗ്

(രണ്ടു വർഷം മുന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയതിൽ നിന്നൊരു ഭാഗം)

1922-ൽ എലിയട്ട് (TS Elliot) എഴുതിയ “The Waste Land”-ന്റെ അമ്പത്തിനാല് പേജുള്ള ഒരു ഡ്രാഫ്റ്റ്, എഴുത്തുകാരൻ ഒരു സമ്മാനം പോലെ അമേരിയ്ക്കയിൽ പ്രസിദ്ധീകരണത്തിനും മറ്റും സഹായിച്ച, സാഹിത്യ കുതുകിയായ, John Quin-ന് അയയ്ക്കുകയുണ്ടായി. ക്വിന്നിന്റെ ആകസ്മിക മരണത്തിനുശേഷം ഇത് ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ്, കവി എസ്രാ പൗണ്ട് (Ezra Pound) അതിൽ നടത്തിയിട്ടുള്ള നിശിതമായ എഡിറ്റിംഗ് എല്ലാവരുടെയും ശ്രദ്ധയിൽ പെടുന്നത്. ഇപ്പോൾ എഡിറ്റിംഗിന്റെ ഏറ്റവും ഉന്നതമായ ഉദാഹരണമായാണ് “വേസ്റ്റ് ലാൻഡി”ന്റെ ഡ്രാഫ്റ്റ് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള Mark Ford -ന്റെ ലേഖനവും അതിപ്രശസ്തമാണ്.

“His main term of praise is ‘O.K.’, although occasionally he writes STET (meaning ‘let it stand’). His various disapprovals take more various forms: ‘Too tum-pum at a stretch’, ‘too penty’ [i.e. too much iambic pentameter], ‘Too loose’, ‘Perhaps be damned’, ‘make up yr. mind’, ‘verse not interesting enough as verse to warrant so much of it’, ‘Too easy’ ” – ലേഖനത്തിലെ ഒരു ഭാഗം.

നിരവധി ഭാഗങ്ങൾ പൗണ്ട് വെട്ടിക്കളയുകയും ചെയ്തു (ഓരോ ഭാഗത്തും എത്ര പേജുകൾ കളഞ്ഞു എന്ന് ലേഖനത്തിലുണ്ട്). “യൂലീസ്സിസ്” ഇറങ്ങിയ വർഷം തന്നെയാണ് “വേസ്റ്റ് ലാൻഡും” പുറത്തു വന്നത്. അവ ഒരുമിച്ചു വായനാലോകത്തുണ്ടാക്കിയ പ്രകമ്പനം നമുക്ക് ഊഹിയ്ക്കാവുന്നതേയുള്ളൂ. ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ “ബെർഗ് കളക്ഷനി”ൽ, പൗണ്ട് തിരുത്തിയ ഡ്രാഫ്റ്റിന്റെ ചിത്രങ്ങൾ ലഭിയ്ക്കും (https://www.bl.uk/20th-century-literature/articles/ezra-pound-and-the-drafts-of-the-waste-land). സ്വർണ്ണഖനിയാണത്, പ്രത്യേകിച്ചും എഡിറ്റിംഗ് താൽപര്യമുള്ളവർക്കും, എഴുത്തുകാർക്കും.

*

നമ്മുടെ നാട്ടിലെ വാരികകളിൽ ഉള്ളടക്കം ക്യൂറേറ്റ് ചെയ്യുന്ന ആളുകളെയാണ് എഡിറ്റർ എന്ന് വിളിയ്ക്കുക പതിവ്. മാക്സ് പെർക്കിൻസ് (Max Perkins) പോലുള്ള പ്രതിഭകൾ ഇടപെട്ടിരുന്ന മേഖലയാണ് അത് – അയാളില്ലെങ്കിൽ ഫിറ്റ്സ്ജെറാൾഡ്, ഹെമിങ്‌വേ, തോമസ് വൂൾഫ് തുടങ്ങിയ പല എഴുത്തുകാരും അവരുടെ പല എഴുത്തുകളും ഇന്നുള്ളപോലെ ഉണ്ടാവില്ലായിരുന്നു. ഹെമിങ്‌വേയുടെ എഴുത്തുപോലെ ധീരമായിരുന്നല്ലോ അയാളുടെ ജീവിതവും. അയാളുടെ നായകരുടെ ഗുണഗണങ്ങൾ അതേപോലെ എഴുത്തിലുമുണ്ടായിരുന്നു (“grace under pressure”). ഹെമിങ്‌വേ ആവശ്യത്തിലധികം എഴുത്തു വെട്ടിത്തിരുത്തുന്ന സ്വഭാവക്കാരനുമായിരുന്നു. “A Farewell to Arms – ന്റെ ചില ഭാഗങ്ങൾ അമ്പത് തവണയോളം താൻ തിരുത്തിയെന്ന് അയാളൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട്” – പെർക്കിൻസ് പറയുന്നു. “Before an author destroys the natural qualities of his writing—that’s when an editor has to step in. But not a moment sooner”, ഇതായിരുന്നു പെർക്കിൻസിന്റെ സമീപനം (തന്റെ എഴുത്തിന്റെ സ്വാഭാവികഗുണത്തെ എഴുത്തുകാരൻ നശിപ്പിയ്ക്കുന്നതിനു മുന്നേ ഇടപെടുക, അതാണ് പ്രൊഫഷണൽ രീതി).

2019 ജനുവരിയിൽ, നൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ച ഡയാന അതിൽ (Diana Athill) ഉജ്ജ്വലമായ ജീവിതം നയിച്ച എഡിറ്ററും (“Looking at things is never time wasted”), നോവലിസ്റ്റും, memoirist-ഉം (കുറെയധികം ഓർമ്മക്കുറിപ്പുകളുണ്ട് അവരുടേതായി) ഒക്കെയാണ്. അവർ കൂടെ ജോലി ചെയ്തിട്ടുള്ള എഴുത്തുകാരുടെ ലിസ്റ്റ് നോക്കൂ – Philip Roth, Norman Mailer, John Updike, Mordecai Richler, Simone de Beauvoir, Jean Rhys, Gitta Sereny, Brian Moore, V. S. Naipaul, Molly Keane, Stevie Smith, Jack Kerouac, Charles Gidley Wheeler, Margaret Atwood, and David Gurr. തീർന്നില്ല, ഇന്ത്യക്കാർക്ക് പ്രിയങ്കരനായ Ruskin Bond-ന്റെയും എഡിറ്ററായിരുന്നു അവർ. ഞാൻ വായിച്ചിട്ടുള്ള അവരുടെ രണ്ടു പുസ്തകങ്ങൾ “After A Funeral”, “Somewhere Towards the End” എന്നിവയാണ് (ഓർമ്മക്കുറിപ്പുകൾ). ഒരു അറബ് എഴുത്തുകാരനുമായുള്ള അവരുടെ സൗഹൃദത്തിന്റെ കഥപറയുന്ന “After A Funeral”, ഉഗ്രൻ കാരക്റ്റർ സ്റ്റഡി ആണ്. അവരുടെ ഏറ്റവും നല്ല എഴുത്തുകളിലൊന്ന്.

നെയ്‌പോളിനെ ആദ്യമായി കണ്ട കാര്യം ഡയാന ഓർക്കുന്നത്, എഴുത്തുകാരൻ ചിരിയ്ക്കാത്ത, കഠിനഭാവമുള്ള ഒരുത്തനായിരുന്നെങ്കിലും അയാൾ കൊണ്ടുവന്ന മാനുസ്ക്രിപ്റ്റ്, “Miguel Street”, പ്രസന്നവും തമാശയൊക്കെയുള്ളതുമായിരുന്നെന്നാണ്. പക്ഷേ ആ പുസ്തകം പ്രസിദ്ധീകരണത്തിന് എടുക്കുന്നില്ലെന്ന് തീരുമാനിയ്ക്കുകയാണ് അവരുടെ എഡിറ്റോറിയൽ ബോർഡ് ചെയ്തത്, ഭാഗ്യത്തിന് നെയ്പോൾ ആ സമയത്ത് “The Mystic Masseur” എഴുതുക്കൊണ്ടിരിയ്ക്കുകയായിരുന്നു, അങ്ങനെ അത് അയാളുടെ ആദ്യ പുസ്തകമായി. നെയ്പോൾ സ്വയം, നല്ല വായനക്കാരനും നിരൂപകനുമായിരുന്നു, എന്നതുമുണ്ട്. ഇതിനെയെല്ലാം പറ്റി ഡയാന ദീർഘമായി എഴുതിയിട്ടുണ്ട്.

*

ആൽബർട്ട് എർസ്‌കിൻ (Albert Erskine) എന്ന എഡിറ്റർ കോമാക് മക്കാർത്തിയുടെ (Cormac McCarthy)-യുടെ “Suttree” എന്ന നോവൽ വായിച്ചിട്ട് പറഞ്ഞത് – “Extraneous baggage” എന്നാണ്. അതുകേട്ട മക്കാർത്തി മാസങ്ങളാണ് പിന്നെയാ പുസ്തകത്തിൽ പണിയെടുത്തത്. എർസ്‌കിൻ അതിനു മുന്നേ എഡിറ്റിംഗ് ജോലി ചെയ്തത് ഫോക്നറുടെ (Faulkner) ഒപ്പമായിരുന്നു (ഫോക്‌നർ redundant synonyms ഉപയോഗിയ്ക്കുന്നു എന്നയാൾ എഴുത്തുകാരനോട് പറഞ്ഞു). പിന്നെ യൂഡോറ വെൽറ്റിയുടെ (Eudora Welty) ഒപ്പം. പുസ്തകം – “Losing Battles”. “എന്നെ അയാൾ അതിഥിയെപ്പോലെ വീട്ടിൽ ക്ഷണിച്ചുവരുത്തും. എല്ലാ ദിവസവും, ഉഗ്രൻ ഭക്ഷണം കഴിച്ച്, കുറച്ചു നേരംപോക്കൊക്കെ പറഞ്ഞിരുന്നു പിന്നെ, അയാളുടെ എഴുത്തുമേശയിൽ, ദീർഘമായ മാനുസ്ക്രിപ്റ്റിലെ ഓരോരോ വരിയിലൂടെയും ഞങ്ങൾ കടന്നുപോകും” എന്നാണ് വെൽറ്റി പറയുന്നത്. Robert Penn Warren – നോട് എർസ്‌കിൻ പറഞ്ഞത് അയാൾ cicada – കളെപ്പറ്റി കൂടുതൽ പഠിയ്ക്കണമെന്നാണത്രേ. റാൽഫ് എല്ലിസന്റെ (Ralph Ellison) -ന്റെ “Invisible Man”, മാൽക്കം ലോറിയുടെ (Malcolm Lowry) “Under the Volcano” തുടങ്ങിയ പുസ്തകങ്ങളും എഡിറ്റ് ചെയ്തത് ഇദ്ദേഹമാണ്. John O’Hara യുടെ ഒപ്പവും ജോലി ചെയ്തിട്ടുണ്ട്.

Catch-22 എഴുതിയ ഹെല്ലർ (Joseph Heller) പറയുന്നത് അയാളുടെ എഡിറ്റർ Robert Gottlieb, ഇരുനൂറോളം പേജുകൾ കഴിഞ്ഞുള്ള ഒരു അധ്യായത്തിന് പ്രാധാന്യം കിട്ടാൻ, 50-60 പേജുകൾ പുസ്തകത്തിന്റെ ആദ്യത്തിൽ നിന്ന് വെട്ടിയെന്നാണ് – “വായനക്കാരന് ഈയൊരു അധ്യായത്തിലേയ്ക്ക് പെട്ടെന്നെത്താൻ പറ്റാത്തത് എന്ത് കഷ്ടമാണ് ” എന്നായിരുന്നു എഡിറ്ററുടെ കമന്റ്. Gottlieb ന്യൂയോർക്കറിന്റെ എഡിറ്റർ ആയിരുന്നു 1987 തൊട്ടു 1992 വരെ എന്നോർക്കുക. സ്പൈ നോവലുകളുടെ തലതൊട്ടപ്പന്മാർ എന്ന് വിളിയ്ക്കാവുന്ന John le Carré, Len Deighton തുടങ്ങിയവരുടെയും എഡിറ്ററായിരുന്നു അദ്ദേഹം (“you couldn’t find a more perfect pair of opposites in the editorial process” – ഈ എഴുത്തുകാരെപ്പറ്റി അദ്ദേഹം പറഞ്ഞത്). John Cheever, Salman Rushdie, John Gardner തുടങ്ങി പല പ്രഗത്ഭരും ഈ ലിസ്റ്റിലുണ്ട്.

“മാക്സ് ടൺ കണക്കിനു ചവർ വെട്ടിക്കളഞ്ഞില്ലായിരുന്നില്ലെങ്കിൽ വൂൾഫ് ആദ്യ പുസ്തകത്തിൽ തന്നെ മോശം എഴുത്തുകാരനായി തോന്നിച്ചേനെ”- Hemingway ചാമ്പ്യൻ എഡിറ്ററായ Max Perkins, Thomas Wolfe-നെ സഹായിച്ചതിനെപ്പറ്റി പറഞ്ഞതാണിത്.

Saxe Commins എന്ന എഡിറ്റർ Faulkner-ടെ കൂടെ ഏറെക്കാലം ജോലിചെയ്തിട്ടുണ്ട്. എഴുത്തുകാരനെ പ്രൊഫഷണലായും പേഴ്‌സണലായും Commins ഏറെ സഹായിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. Faulkner തന്നെ പറയുന്നത് :- “ഞങ്ങൾ പരസ്പരം മുഖത്ത് നോക്കാറില്ലെങ്കിലും എപ്പോഴും [കയ്യെഴുത്തുപ്രതിയിലെ] ഒരേ കാര്യം തന്നെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുമായിരുന്നു”. Eugene O’Neill -ന്റെ കൂടെയും കമ്മിൻസ് ജോലിചെയ്തിട്ടുണ്ട്.

അടുത്ത കാലത്തെ വായനയിൽ കണ്ണിൽത്തടഞ്ഞ കാര്യങ്ങളാണ്, ഇതെല്ലാം. എഡിറ്റിംഗ് എന്ന് പറഞ്ഞാൽ എഴുത്തിനോളം തന്നെ പ്രധാനമാണ് എന്ന് ബോധ്യപ്പെടാൻ ഇത്രയൊക്കെ പോരെ? പാമുക്കിനെയോ, യോസയെയോ ഒക്കെ വായിയ്ക്കുന്ന സമയത്ത് എന്തൊരു കൃത്യത, എന്തൊരു ശക്തമായ വാക്കുകൾ, വാചകങ്ങൾ എന്നൊക്കെ ചിന്ത വരുമ്പോൾ, ഇതുപോലെയുള്ളവരുടെ ഉളിപ്രയോഗങ്ങൾ ആ എഴുത്തുകളിൽ അനവധി നടന്നിട്ടുണ്ടെന്നോർക്കുക.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top