ഈ വർഷം ഏറ്റവും കൂടുതൽ വായിയ്ക്കുകയുണ്ടായത് ബഷീറിനെയാണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്നതിൽ ഒരു പുസ്തകവും അയാളുടെയാണ്(യാ ഇലാഹീ). ഇവയിൽ ഒന്നോ രണ്ടോ ഒഴികെ (ധർമ്മരാജ്യം) എല്ലാം മുൻപേ വായിച്ചിട്ടുള്ളവയാണ്. പലതും മറന്നു പോയതാണ്. ഇപ്രാവശ്യത്തെ വായനകളിൽ അയാളുടെ ശൈലി, ടെക്നിക്, എഴുത്തിൽ വരുന്ന വിശദാമ്ശങ്ങൾ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിച്ചു. വളരെ പേഴ്സണൽ ആയ ഒരു രീതി എഴുത്തിൽ കൊണ്ടുവരാൻ ആദ്യം കാലം തൊട്ടേ ബഷീറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. അതിനെ നീട്ടിയും കുറുക്കിയും അവസാനംവരെ യാതൊരുവിധ ക്ലേശവും കൂടാതെ അയാൾ എഴുതി എന്ന് തന്നെ ധരിയ്ക്കണം – റൈറ്റേർസ് ബ്ലോക്ക് തുടങ്ങിയ സംഗതികൾ ഇല്ലാതെ ബഷീർ കഴിഞ്ഞു പോയതിനു കാരണം മുൻപിൻ ഇല്ലാതെയുള്ള ഈ എഴുത്തായിരിയ്ക്കണം – ഉദാഹരണത്തിന് ജയിലിൽ ആയിരുന്നപ്പോൾ “പ്രേമലേഖനം” എഴുതുന്നു, കൂടാതെ മറ്റു തടവുകാർക്ക് വായിയ്ക്കാൻ അവർ ചോദിയ്ക്കുന്ന മുറയ്ക്ക് കഥകൾ എഴുതുന്നു, എത്രയെന്നോ എന്താണെന്നോ അറിയാൻ വഴിയില്ല. പ്രേമലേഖനമൊഴികെ എല്ലാം നഷ്ടപ്പെട്ടുപ്പോയി. അത് കൂടാതെ കത്തുകളും(നായന്മാരെപ്പറ്റി ബഷീർ വൈക്കം ചന്ദ്രശേഖരൻ നായർക്കെഴുതുന്ന ഒന്ന് സർകാസത്തിന്റെ പരകോടിയാണ്), ജീവിതാനുഭവങ്ങളും (അതിൽ തീരെ പ്രശസ്തമല്ലാത്ത പലതുമുണ്ട് ഉദാ : – കർണ്ണാടകയിൽ അധ്യാപകനായി കഴിഞ്ഞ കാലത്തെ ഒരു പ്രേതാനുഭവം), മറ്റു സാഹിത്യകാരന്മാരെ സംബന്ധിയ്ക്കുന്ന കഥകളും ( വി കെ എൻ-നെ ബഷീറിനു കാവലിരുത്തുന്നതും അയാൾ മദ്യപിയ്ക്കാൻ പോകുമ്പോൾ ബഷീറിന്റെ മേൽ ഒരു ഓല മടലിന്റെ താഴ്ഭാഗം ചാരി വച്ചിട്ടുപോകുന്നതും, അഴീക്കോടിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുവരുന്ന വാഴയിലുണ്ടാകുന്ന പഴം തിന്നു ഇഷ്ടപ്പെട്ട അഴീക്കോടിന് തന്നെ അതിൽ നിന്ന് ഒരു പടല പൊതിഞ്ഞു കൊടുക്കുന്നതും) ഒക്കെയായി ഏറെ സംഗതികൾ സംഭബഹുലമായ ബഷീറിയൻ എഴുത്തുജീവിതത്തിൽ കാണാം. ഉമ്മയെപ്പറ്റി പറയുന്ന ഒരു അനുഭവക്കുറിപ്പ് എനിയ്ക്കു വളരെ പ്രിയപ്പെട്ടതാണ്. അനുരാഗത്തിന്റെ ദിനങ്ങളിലെ ഡീറ്റൈലിംഗ് ഞാൻ മുന്നേ സൂചിപ്പിച്ചിട്ടുണ്ട് – ഒരു സുഹൃത്ത് ബഷീറിന്റെ പെണ്ണുങ്ങൾ മുടികെട്ടുന്ന രീതിയുടെ വിവരണങ്ങളുടെ വൈപുല്യത്തെപ്പറ്റി അടുത്തകാലത്ത് പറഞ്ഞത് ഓർത്തുപോകുന്നു. അനുരാഗത്തിന്റെ ദിനങ്ങൾ ബഷീർ പറയുന്നത് പകർത്തിയെഴുതാൻ പോയ എഴുത്തുകാരൻ(പേരുമറന്നു, മാങ്ങാട്?), ബഷീർ പറച്ചിലിലുടനീളം കരഞ്ഞുകൊണ്ടിരുന്നത് എഴുതിയത് വായിച്ചു അത്ഭുതപ്പെട്ട ഓർമ്മയുണ്ട്. സ്ഥിരം കാണാൻ വരുന്ന ഭിക്ഷക്കാരൻ, അയാൾ ബഷീറിനെ വായിയ്ക്കുമായിരുന്നു, മരിച്ചപ്പോൾ അയാളുടെ വഴിയിൽ കിടന്ന ശരീരത്തിനു കാവലിരുന്നതും അതൊരു വണ്ടിയിൽക്കയറ്റി അയയ്ക്കാനും സംസ്കാരത്തിനും എല്ലാം ബഷീർ തന്നെ മുൻകൈയെടുക്കുന്നതും ഒരു കുറിപ്പിലുണ്ട്. ബഷീറിന്റെ മാനുഷികത മാത്രമല്ല, അയാളുടെ വായനസമൂഹത്തിന്റെ പരപ്പുകൂടിയാണ് നമ്മൾ കാണുന്നത്. മറ്റെഴുത്തുകാരെപ്പോലെയല്ല ഞാൻ എഴുത്തല്ലെങ്കിൽ എനിയ്ക്കു പാചകവും പറമ്പുകിളയ്ക്കലും തെങ്ങുകയറ്റവും വശമുണ്ട് എന്ന് പറഞ്ഞ ആദ്യത്തെയും അവസാനത്തെയും മലയാളി എഴുത്തുകാരനാണ് ബഷീർ. ഇതൊക്കെയാണ് ബഷീർ നിരന്തരം തടയില്ലാതെ എഴുതിയിരുന്നത്തിന്റെ രഹസ്യവും – അത്രയധികം അനുഭവങ്ങൾ ഉണ്ടെന്നത് മാത്രമല്ല, അതിനെയെല്ലാം ലഘുവായി, സരസമായി കാണാനുള്ള മാനസികവ്യാപ്തിയും അയാൾക്കുണ്ടായിരുന്നു, ഹി നെവർ റ്റൂക് ഹിംസെൽഫ് റ്റൂ സീരിയസ്‌ലി (ബഷീറിനെതിരെയും കോപ്പി അടി ആരോപണമുണ്ടായിട്ടുണ്ട്, അതിനു ബഷീറിയൻ മറുപടിയും ഉണ്ട് ). എന്നാൽ പ്രതിഭയ്‌ക്കൊത്തും അറിവിനും തുല്യമായ അളവിൽ അദ്ദേഹം എഴുതിയിട്ടുണ്ടോ എന്നൊരു ചോദ്യവും ശേഷിയ്ക്കുന്നു. സൂഫിയായ അത്താറിനെപ്പറ്റി അയാൾ എഴുതിയ കുറിപ്പിൽ നിന്ന് അത് വ്യക്തമാണ്. റൂമിയുടെയും ഗുരുവായ (“അത്താർ സ്‌നേഹത്തിന്റെ എഴുനഗരങ്ങളിൽ സ്വതന്ത്രനായി വിഹരിച്ചു”) ആളായിരുന്നു പൊതുവെ അത്ര പ്രശസ്തനല്ലാത്ത അത്താർ. ഇവിടെ ഒരു കാര്യം കൂടി പറയാനുള്ളത് ബഷീറിനെപ്പറ്റിയുള്ള ഡോക്യൂമെന്ററിയിൽ താൻ എങ്ങനെ എഴുത്തുകാരനായി എന്ന് ബഷീർ വിവരിയ്ക്കുന്ന ഭാഗമാണ് – അക്കാലത്തു വായിച്ചിരുന്ന കഥകളിലൊക്കെ മുസ്ലീങ്ങൾ കള്ളന്മാരും കൊള്ളക്കാരുമായി ചിത്രീകരിച്ചുകണ്ടത് വെറുത്തിട്ടാണ് താൻ തനിയ്ക്ക് പരിചിതമായ മുസ്‌ളീം ജീവിതത്തെപ്പറ്റി എഴുതാൻ താൻ തീരുമാനിച്ചത് എന്ന് ബഷീർ പറയുന്നുണ്ട്. ഐതിഹ്യമാല എന്ന ബ്രാഹ്മണമാഹാത്മ്യവർണ്ണനാ പുസ്തകം ഒന്ന് മാത്രം മതി ഇത് മനസ്സിലാക്കാൻ. വാഗ്ഭടന്റെ അയാൾ കഥയിൽ മുഹമ്മദീയർ “ആക്രമണം വഴി ബ്രാഹ്മണന്റെ അറിവ് മൊത്തം സ്വന്തമാക്കിയത്” തിരിച്ചെടുക്കാൻ വേഷം മാറി മുസ്ലീമായി പോകുകയാണ്. അതിൽ മഹാഭാരതത്തിൽ കർണ്ണന്റെ കാലിൽ വണ്ടുകുത്തുന്ന പോലെയൊരു രംഗമുണ്ട്. വാഗ്‌ഭടനെ രജനീകാന്താക്കാൻ ശങ്കുണ്ണി കണ്ടുപിടിച്ച വഴിയാണ്. അതുപോലെ കായംകുളം കൊച്ചുണ്ണിയെ വർണ്ണിയ്ക്കുന്നത് – തികഞ്ഞ അവജ്ഞയാണ് കഥാപാത്രത്തിനോട് ശങ്കുണ്ണിയ്ക്ക്. ഇതൊക്കെ കൊണ്ട് ബഷീർ ഉണ്ടായി എന്ന് പറയാം. ബഷീറിന്റെ സാന്നിദ്ധ്യമില്ലാതെ മലയാളസാഹിത്യം ഒരുകാലത്തും ഉണ്ടാവില്ല എന്നതിന് തെളിവ് അയാളുടെ പുസ്തകങ്ങൾ ഇപ്പോഴും ചൂടപ്പം പോലെ വിൽക്കുന്നതാണ് (ഡിസി ബഷീർ നിലാവ് എന്ന ഒരു ചവറു പുസ്തകം പോലും ഇറക്കി കഴിഞ്ഞവര്ഷമോ മറ്റോ, ധർമ്മരാജ്യത്തിൽ ഡിസിയെ ബഷീർ എടുത്തുപറയുന്ന കത്തുകളെല്ലാം ചേർത്തിട്ടുണ്ട്). ബഷീറിനെ വായിച്ചു മനസ്സിലായില്ല, അല്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറയുന്ന ഒരാളെ ഞാൻ ഇനിയും കണ്ടിട്ടില്ല (വിജയനെപ്പറ്റി എപ്പോഴും കാണാം). അങ്ങനെ ആളുകൾ ഉണ്ടാവുന്ന കാലത്തു മലയാളിയുടെ സഹൃദയത്വം മരിച്ചു എന്ന് കരുതേണ്ടി വരും. അവസാനകാലത്ത് കടുത്ത മതവിശ്വാസത്തിലേയ്ക്ക് ബഷീർ ചായുന്നു എന്ന് തോന്നിയപ്പോൾ ഇസ്ലാമിസ്റ്റുകൾ അയാളെ ഹൈജാക്ക് ചെയ്യാൻ നോക്കിയെന്നതുണ്ട്. അല്ലെങ്കിൽ മാങ്കോസ്റ്റിന്റെ കീഴെ ബഷീർ വിശ്രമിച്ചേനെ. ബഷീറിന്റെ സ്മാരകം ഒരിയ്ക്കലുമുയർന്നില്ല എന്നതുമുണ്ട്. സർക്കാരിന് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലെന്ത്, ബഷീർ വായനക്കാരുടെ മനസ്സിൽ അനശ്വരനായി കഴിയുന്നു.
കർണ്ണാടകയിൽ പ്രേതാനുഭവം ഏതിലാണ് പറയാമോ?
പറയുക പ്രയാസം, വിശപ്പ്, വേശ്യ, വിഡ്ഢികളുടെ സ്വർഗ്ഗം – ഇതിലേതിലോ ഒന്നിൽ ആണെന്നാണ് എന്റെ വിചാരം. ഞാൻ സ്റ്റോറിടെൽ ഓഡിയോ ബുക്ക് ആണ് കേട്ടത്
“വിശപ്പ്”-ൽ പിശാച് എന്ന കഥ
നന്ദി , അഭിലാഷ്ന്റെ goodreads പേജിൽ വിഡ്ഢികളുടെ സ്വർഗത്തിൽ ഒരു പ്രേതകഥ പറയുന്നത് കണ്ടു ഞാൻ അതായിരിക്കും വിചാരിച്ചെ.
അഭിലാഷ് മലയാളം Writersനെ കുറിച്ച് എഴുതുന്നതിലെ കൗതുകം സത്യത്തിൽ ഇതിലുണ്ട്.ഒരുപക്ഷെ ബഷീറില്ലായിരുന്നെങ്കിൽ എൻ്റെ വായന തന്നെ ഒരുകാലത്ത്, ഒരു അഞ്ചിലോ ആറിലോ ആയിരിക്കുമ്പോൾ,മാറാൻ ചാൻസുണ്ട്,നിലയ്ക്കാൻ തന്നെ.മലയാളത്തിൽ തീരെ ഇല്ലാത്ത ഒന്നാണല്ലോ Young Adult Fiction(ഏകദേശം ആ രീതിയിൽ വായിക്കാവുന്നത് എന്ന നിലയിൽ) അതിൻ്റെ ശരിയായ അർത്ഥത്തിലല്ലെങ്കിലും മലയാളത്തിൽ അതിനോട് ചേർന്നു നിൽക്കുന്ന books കുറച്ചുകൂടി ബഷീറിൻ്റെയാണ് എന്ന് തോന്നുന്നു. ഞാൻ അങ്ങനെ പറയാൻ കാരണം, ബാലസാഹിത്യകൃതികളും കോട്ടയം പുഷ്പനാഥിൻ്റെയും മറ്റും ഡിറ്റക്ടീവ് കൃതികളും കഴിഞ്ഞ് കുറച്ചു കൂടി സീരിയസ് ആയ റീഡിങിലേക്ക് മാറുന്ന ആ ഒരു ട്രാൻസിഷനിൽ കൊള്ളാവുന്നത് ഒരുപക്ഷെ ബഷീർ മാത്രമേ ഉണ്ടാവൂ എന്ന അർത്ഥത്തിലാണ്.കുറേ പേരെ വായിച്ചാൽ വായന തന്നെ മടുക്കും.എന്നാൽ ബഷീറിൻ്റെത് സമയം കൊല്ലി സാഹിത്യമല്ലതാനും. ഞാൻ ഇപ്പോളും നിരന്തരം വായിക്കുന്ന ഒരു ബഷീർ കൃതി മതിലുകളാണ്.😃
ഈ പുസ്തകങ്ങൾ, തകഴിയുടെ ഏണിപ്പടികൾ ഒക്കെ എഴുതപ്പെടുന്ന കാലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നമ്മുടെ ഭാഷയുടെ പരിവർത്തനകാലം കൂടിയാണ്. ആ അർത്ഥത്തിൽ നമ്മുടെ സാധാരണ വായനക്കാർ ബഷീറിനൊടും തകഴിയോടും എല്ലാം വളരെ കടപ്പെട്ടവരാണ്. ബഷീറിനെ ബാൻ ചെയ്യാൻ ഒരു കാരണം അയാളുടെ “സാധാരണ” ഭാഷയായിരുന്നു എന്നതുകൂടി ഓർക്കണം. പരിഷ്കൃത സമൂഹങ്ങളിൽ കൗമാരക്കാരെ പ്രാധാന്യത്തോടെ കാണുന്ന പതിവുള്ളതുകൊണ്ടു അവർക്കുവേണ്ടി സാഹിത്യമുണ്ടാകുന്നു. ഇവിടെ പതിനേഴു വയസുള്ള പയ്യന്മാരെ മുടിവളർത്താൻ പോലും സ്വാതന്ത്ര്യമില്ലാത്ത സ്‌കൂളുകളിൽ ഇരുത്തി പഴുപ്പിച്ചെടുക്കുന്നു.
Found a beautiful tribute by Vijayan on Basheer https://www.outlookindia.com/magazine/story/classic-tribute/202860
Thanks man!