കഥയില്ലായ്മകൾ

മാതൃഭൂമിയുടെ ചിത്രകാരന്മാരുടെ പതിപ്പ് ഇപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്. നല്ലൊരു ആശയമാണ്. ഷെരീഫിന്റെ മരങ്ങളെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. ഷെരീഫ് ആണ് മാതൃഭൂമി കഴിഞ്ഞ പത്തിരുപതുകൊല്ലത്തിൽ നടത്തിയ ഏറ്റവും മികച്ച hiring. എ എസ് കഴിഞ്ഞാൽ എനിയ്ക്കു വാരികകളിൽ വരയ്ക്കുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ആർട്ടിസ്റ്റാണ് ഷരീഫ്. അയാളെപ്പോലെ ഇപ്പോഴാരും ഇല്ല എന്ന് ഞാൻ കരുതുന്നു. നമ്പൂതിരിയുടെ മിനിമലിസം ഇഷ്ടമാണ് എന്നാൽ ഷരീഫിനോട് തികച്ചും മറ്റൊരു തരം അടുപ്പമാണ്, ഇങ്കും ബ്രഷും എനിയ്ക്കും പ്രിയപ്പെട്ടതാണ് എന്നതാവാം കാരണം. കൂട്ടത്തിൽ മദനനെപ്പറ്റിയുള്ള കുറിപ്പ് കൗതുകമായിത്തോന്നി. അധികം കേട്ടിട്ടില്ലാത്ത ഒരു ബാക്‌സ്റ്റോറി ആണ് അയാൾക്കുള്ളത്. എന്നാൽ മദനന്റെ വരയിൽ എനിയ്ക്കു വലിയ കമ്പമില്ല. ഇറ്റ്സ് റിജിഡ്. എ എസിന്റെ അനുകരണമായിരുന്നു അയാളുടെ പല വർക്കുകളൂം. വിശിഷ്യാ യയാതിയ്ക്കോ മറ്റോ എ എസ് വരച്ചിരുന്ന ഇങ്ക് ഡ്രോയിങ്സ് അതുപോലെയും പല വേർഷൻസിലും മദനൻ പിന്നീട് ഉപയോഗിച്ചിട്ടുണ്ട്. പണ്ട് ബാലൻചന്ദ്രന്റെയോ മറ്റോ കാശ്മീർ പശ്ചാത്തലമായി വന്നിരുന്ന നോവലിന് അയാൾ വരച്ചിരുന്ന ജലച്ചായ ചിത്രങ്ങൾ കുട്ടിക്കാലത്തെ നല്ല ഒരോർമ്മയാണ്. എന്നാൽ അതിനേക്കാൾ ശക്തമാണ് എ എസിന്റെ പെൺകുട്ടി നദിക്കരയുടെ ചെരിവിലൂടെ ഓടുന്ന ചിത്രം. അയാളെപ്പറ്റി നാലുപേജ് എഴുതിയ്ക്കുവാൻ സുഭാഷിന് കഴിഞ്ഞില്ല എന്നത് അയാളുടെയും വാരികയുടെയും പരാജയമാണ്. ലജ്ജാവഹം, എന്തെങ്കിലും അജൻഡ കാണുമെന്നുറപ്പ്. മദനൻ, താൻ ദേശാഭിമാനിയിൽ വരയ്ക്കുന്ന കാലത്തു എ എസ് വിളിച്ചുവരുത്തി നമ്പൂതിരിയുടെ ഒഴിവിൽ അയാളെ എടുക്കുകയാണ് എന്ന് പറഞ്ഞതിനെപ്പറ്റി പറയുന്നുമുണ്ട് – അത്തരം ഡിസിസിഷൻസ് എടുക്കാൻ പവറുള്ള ആളായിരുന്നു എ എസ്. എന്ന ആളെയാണ് ഇത്തരത്തിൽ നെഗേറ്റ് ചെയ്തിരിയ്ക്കുന്നത്. ഏതായാലും ആലു മുളച്ചു കഴിഞ്ഞല്ലോ, ഊഞ്ഞാലുകൾ ആടിക്കൊണ്ടേയിരിയ്ക്കും എന്നുറപ്പിയ്ക്കാം.

മലയാള സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചവറുകളിലൊന്നായിരുന്നു ഇന്ദുമേനോന്റെ നീണ്ട കഥാഭാസം, അത് കഴിഞ്ഞെന്നു തോന്നുന്നു. പഴയ ലക്കങ്ങൾ നോക്കാൻ മാഗ്‌സ്സ്റ്ററിൽ ഓപ്‌ഷനുണ്ടെങ്കിലും ജീവനിൽ കൊതിയുള്ളതുകൊണ്ടു നോക്കിയില്ല. ഇന്ദുഗോപൻ കഷ്ടപ്പെട്ട് വലിച്ചു നീട്ടിയ കഥ ഒരു വിധം വായിച്ചു തീർത്തതിനു പിന്നാലെ ഇത്! ആയമ്മ വീരേന്ദ്രകുമാറിന്റെ ലൈബ്രറിയിൽ പോസ് ചെയ്തുകൊണ്ട് ഫോട്ടോയോ കുറിപ്പോ ഒക്കെ ഉണ്ടായിരുന്നു പോലും. ഭാഗ്യത്തിന് കണ്ടില്ല. എന്തൊരു പീഡനമാണിത്, മീഡിയോക്രിറ്റിയാണ് മാതൃഭൂമിയിലെ പ്രതിഷ്ഠ എന്ന് തോന്നുന്നു.

ലാസർ ഷൈൻ ട്രൂകോപ്പിയിൽ എഴുതിയ കഥയെപ്പറ്റി ഒന്നും പറയാനില്ല. അയാളുടെ ഡ്രൈവിംഗ് സ്‌കൂൾ എന്ന മാതൃഭൂമിയിൽ കഥ ഒന്നാന്തരം ആഭാസമായിരുന്നു (ആ പേര് തന്നെ നോക്കുക). അന്നത് പറഞ്ഞതിന് ഫെയ്‌സ്ബുക്കിൽ പ്രമുഖരുടെ പരാതിയായിരുന്നു. അവരീക്കഥ വായിയ്ക്കണം. കമൽറാം മാതൃഭൂമിയിൽ ചെയ്ത അപരാധങ്ങൾ ആവർത്തിയ്ക്കുകയാണ്. കൂ എന്ന കഥയും മറ്റൊരു കഥയുമാണ് (പേര് മറന്നു) ലാസറിന്റെ വായിയ്ക്കാൻ കൊള്ളാവുന്നതായുള്ളത്. പുതിയ കഥ മേലെ പറഞ്ഞതിനേക്കാൾ വലിയ ആഭാസമാണ്, എഴുത്തുകാരന്റെ പെർവെർഷൻ മാത്രമാണ് ഇതിലുള്ളത്. ജുഗുപ്സ ഉളവാക്കാത്ത ഒരു പാരഗ്രാഫ് ഇതിലില്ല. കമൽറാം പൊക്കിക്കൊണ്ട് നടന്നിരുന്ന മറ്റൊരു എഴുത്തുകാരിയാണ് യമ. അവരുടെ അഭ്യാസം കാണണമെങ്കിൽ മലിന എന്ന കഥ വായിയ്ക്കുക(എന്തൊരു ആപ്റ്റ് പേര്). കൂടുതൽ ഒന്നും പറയാനില്ല. ആക്ടിവിസം അതിന്റെ പിറകെ പെർവെർഷൻ, ഇതിന്റെ ഓക്കാനം വരുന്ന മിക്‌സാണ് ടോപ് നാലഞ്ചുപേരെ കഴിച്ചാൽ മലയാള സാഹിത്യത്തിലെ പോപ്പുലർ ആയ സംഗതി. കെ രേഖയുടെ ഒരു കഥ അടുത്ത് വായിച്ചപ്പോൾ ഒരു കഥാപാത്രം കുളിക്കടവിൽ നിന്ന് പെട്ടെന്നങ്ങു പറയുകയാണ് – ആ കടവിലാണ് ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് (മുങ്ങിയാണോ മരിച്ചത്?). ചുമ്മാ ഒരു ആണി. കഥയ്ക്കും അതും തമ്മിൽ ഒന്നുമില്ല. ബാക്കി സ്ഥലത്തു കുറെ ജാതി വിഷയങ്ങൾ, കുറെ ആക്ടിവിസം, കുറെ സിംബലിസം. സത്യത്തിൽ കഥയെഴുത്തൊക്കെ എന്ത് സുഖം. രൂപി കൗറിന്റെ പോലെ പോയട്രി എഴുതാനായി ഒരാൾ ഒരു പ്രോഗ്രാം എഴുതിയിരുന്നു കുറച്ചു കാലം മുന്നേ, അത് നന്നാല് വരി വച്ച് തുരുതുരാ കവിത എഴുതും. അതുപോലെ ഓട്ടോമേറ്റഡ് കഥകൾ എഴുതാൻ മലയാളത്തിലും സൗകര്യം ആലോചിയ്ക്കാവുന്നതാണ്, നാലഞ്ചു കാര്യങ്ങളെ മിക്സ് ചെയ്യാനുള്ളൂ.

ഇതിന്റെ വേറെ ഒരു വേർഷനാണ് ശ്രീകല മുല്ലശേരിയുടെ, ഹെമിംഗ്വേ-യുടെ അപ്രകാശിത കഥയിലും ഓൾഡ് മാൻ ആൻഡ് സീയിലും ആണത്തഘോഷണം കണ്ടുപിടിയ്ക്കുന്ന ലേഖനം. വീണ്ടും ട്രൂ കോപ്പിയിൽ തന്നെ. അപ്രകാശിത കഥയായിരുന്നു എന്നോർക്കുക, കാരണം സുവ്യക്തം – നോവലിനോടുള്ള സാമ്യം, അതാണ് അതയാൾ പ്രസിദ്ധീകരിയ്ക്കാഞ്ഞത്. നോവൽ സ്ത്രീയോ പുരുഷനോ എന്നല്ല, മനുഷ്യകുലത്തിന്റെ മൊത്തം വിജയിയ്ക്കാനുള്ള ദാഹത്തെയാണ് കാണിയ്ക്കുന്നത്. അത് തന്നെ എപിക് ലെവലിൽ മോബിഡിക്കിലെയും തീം. അത് തന്നെ ലാക്‌സ്‌നെസ്സിന്റെ ഇൻഡിപെൻഡന്റ് പീപ്പിളിലും. ഇതെല്ലാം ആണത്ത ഘോഷണമായി കാണേണ്ടതല്ലേ? എന്നാൽ ഇതേ നിരൂപകർ ലാസർ ഷൈനിന്റെയും മറ്റും കഥകളിൽ ഒരു കുഴപ്പവും കാണില്ല, അതെന്താണ്? ഇമ്മാതിരി വിമർശനമൊക്കെ ചേരുന്നിടത്തു ചേർക്കാനറിയണം. ഇക്കാലത്തിരുന്നു ഗാന്ധിയെയും മണ്ടേലയെയും വിജയനേയും എംടിയെയും ഒക്കെ വിലയിരുത്തുമ്പോൾ ഇതുപോലെ പല തെറ്റുകുറ്റങ്ങളും നമുക്ക് കണ്ടെടുക്കാൻ കഴിയും, നമുക്കിപ്പോൾ കൈവശമുള്ള ടൂളുകൾ അന്നവർക്കില്ലായിരുന്നു എന്നതാണ് ഞാനവർക്ക് കൊടുക്കുന്ന ആനുകൂല്യം. അതാണ് പുത്തന്തലമുറയിലെ മനുപിള്ള ജാതിവാൽ വച്ചുകൊണ്ടു ജാതിയെപ്പറ്റി അയാളുടെ പുസ്തകങ്ങളിൽ ഘോരഘോരം തള്ളുന്നത് കണ്ടിട്ട് എനിയ്ക്കു ചിരിവരുന്നതും (ഫെയ്‌സ്ബുക്കിൽ പോലും ലിബറൽസിൽ അധികമാളുകളും ജാതിവയ്ക്കാറില്ല എന്നോർക്കുക). വ്യക്തിപരമായി സ്ത്രീകൾ, ദലിതുകൾ, ബ്ലാക്സ്, ആദിമവാസികൾ എന്നിവരുടെ കഥകൾ അതാതു കൂട്ടർ എഴുതുന്ന പോലെ വരില്ലെന്ന സംഗതി എനിയ്ക്കു ബോധ്യമായിട്ടുണ്ട്, വിശിഷ്യാ ഞാനത്തരം ഒരു സംഗതി ചെയ്യാൻ ശ്രമിച്ചതുകൊണ്ട്. നൂറു സിംഹാസങ്ങൾ മാത്രമായിരിയ്ക്കും ഒരു പക്ഷെ ഒരു exception.

ഉണ്ണി ആർ പത്തുകഥകൾ എന്നൊരു സംഗതി എഴുതിയിരിയ്ക്കുന്നു. സംഗതി അയാൾ ഫെലിക്സ് ഫെനിയൻ എന്ന നോവലിസ്റ്റിനെ വായിച്ചിട്ടുണ്ട്. അയാളുടെ “Novels in Three Lines” എന്ന നോവലിൽ ഒറ്റ സെന്റെൻസിൽ കഥപറയുന്ന രീതിയുണ്ട് –

In Bône, the courts and the bar have reestablished contact with the prison, now that the typhus outbreak there has been curbed.

Clash in the street between the municipal powers of Vendres, Hérault, and the party of the opposition. Two constables were injured.

Despondent owing to the bankruptcy of one of his debtors, M. Arturo Ferretti, merchant of Bizerte, killed himself with a hunting rifle.

EbG47TFWoAA8Qcq

എന്നിങ്ങനെ (ഈ പുസ്തകത്തെയും പരിചയപ്പെടുത്തണമെന്നു കരുതുന്നു, NYRB ഇറക്കിയതാണ്). അതിൽ നിന്ന് ഇൻസ്പയർ ആയി എന്തൊക്കെയോ എഴുതിക്കൂട്ടിയിരിയ്ക്കുകയാണ്. മലയാളത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ലേസി എഴുത്തുകാരനാണ് ഉണ്ണി. അമ്മൂമ്മ ഡിറ്റക്ടിവ്, വാങ്ക് തുടങ്ങിയ കഥകളിലെ നല്ല ആശയങ്ങൾ അയാളുടെ അക്ഷമയും മടിയും കാരണമാണ് നശിച്ചു പോയത്. അയാൾ മൂന്ന് കഥകൾ എന്നോ മറ്റോ ഒരെണ്ണം എഴുതിയതിന്റെ അഭിപ്രായം ഒരിടത്തു നിന്ന് കേട്ടതുകൊണ്ട് തലവെച്ചില്ല.

ബി രവികുമാർ എഴുതിയ പുലിക്കോലം ആശ്വാസം തോന്നിയ്ക്കുന്ന ഒന്നാണ്. സാമാന്യം ദീർഘമായ കഥയാണ്. ഒരു നാട്ടിൽ പുലിയിറങ്ങുന്ന സംഭവത്തെ വച്ച് അല്പം ചരിത്രവും ഐതിഹ്യവും മറ്റും ചേർത്ത് അത്യാവശ്യം വൃത്തിയായി എഴുതിയ കഥ. ഉജ്ജ്വലം അത് ഇത് എന്നൊക്കെ പലരും ഘോഷിയ്ക്കുന്നത് കണ്ടാണ് വായിച്ചത്. അനാവശ്യമായി കോമഡി എഴുതാൻ നോക്കുന്നതാണ് കഥയുടെ ന്യൂനത. പിന്നെ 18 ദീർഘമായ പുറങ്ങൾക്കു ശേഷം കഥ അവസാനിപ്പിയ്ക്കാൻ എഴുത്തുകാരൻ ഉപയോഗിച്ച ടെക്നിക്കും. വായനയിൽ “മീശ”യെ പലപ്പോഴും ഓർത്തു. പണ്ട് ഭഗവതിയുടെ ജട എന്ന കഥയെ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥ എന്ന് പ്രമുഖ ഓൺലൈൻ നിരൂപകൻ ഒരുത്തൻ വാഴ്ത്തുന്നത്‌ കണ്ടു വായിച്ചതും ഓർത്തു. ഇത് അതിനേക്കാളും എത്രയോ ഭേദമാണ്.

ചുരുക്കത്തിൽ ഓൺലൈനിലെ തള്ളലും പുറംചൊറിയലും അല്ലാതെ മലയാളത്തിൽ കാര്യമായി ഒന്നും നടക്കുന്നില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top