വായനക്കാരുടെ ചോദ്യങ്ങളും മറുപടിയും – 1

  1. ഫിക്ഷൻ /നോൺഫിക്ഷൻ? why?

ഫിക്ഷൻ – എന്നാൽ ഫിക്ഷനിൽ ഇടം, ചരിത്രം, കാലം എന്നിവ അടയാളപ്പെടുത്തുന്ന വിധത്തിലുള്ളവ. ഇപ്പോൾ വായിയ്ക്കുന്ന Shuggie Bain-ൽ ഗ്ലാസ്‌ഗോയുടെ ചരിത്രമുണ്ട്. Annie Ernaux എഴുതിയ പുസ്തകങ്ങളിൽ അറുപതുകളിലെ ഫ്രഞ്ച് ജീവിതം, വിശിഷ്യാ സ്ത്രീകളുടേതു കടന്നു വരുന്നു. Romesh Gunesekera-യുടെ Reef-ൽ ശ്രീലങ്കയുടെ പോസ്റ്റ് കൊളോണിയൽ ജീവിത സാഹചര്യങ്ങൾ, അന്നാട്ടിലെ ആഭ്യന്തര/വംശീയ യുദ്ധങ്ങളുടെ തുടക്കം എല്ലാമുണ്ട്. The Enlightenment of the Greengage Tree-ൽ ഇറാനിയൻ വിപ്ലവവും ഖൊമൈനിയുടെ നേതൃത്വത്തിൽ നടന്ന purge-ഉം ഒക്കെയാണു വിഷയം. അഥവാ, ഇപ്പോൾ ചൊദ്യത്തിലുള്ളതുപൊലുള്ള വേർതിരിവു തന്നെ കുറഞ്ഞുവന്നുകൊണ്ടിരിയ്ക്കുന്നു. സാഹിത്യഭാഷ എന്ന് നമ്മൾ വിചാരിയ്ക്കുന്ന ഭാഷയ്ക്ക് മാറ്റം വന്നിരിയ്ക്കുന്നു. മലയാളികൾക്കു മാത്രമാണ് obsession, മറ്റുള്ളവർക്കില്ല. ഓട്ടൊ ഫിക്ഷൻ പുനരുജ്ജീവിപ്പിയ്ക്കപ്പെട്ട കാര്യം കൂടി പറയേണ്ടതുണ്ട്. നോൺ ഫിക്ഷൻ വായിയ്ക്കാൻ മടിയുള്ളതല്ല. ഒരു പിടി മാഗസിനുകളും പത്ര കോളങ്ങളും സ്ഥിരമായി വായിയ്ക്കാറുണ്ട്, അതു കഴിഞ്ഞ് ഇതും കൂടി ഉൾക്കൊള്ളിയ്ക്കാൻ ഇടമില്ല.

  1. Novel,Short Story, Poetry, Crime, Sci-Fi തുടങ്ങിയ നിരവധി Genres നെ കുറിച്ച് അഭിലാഷ് എഴുതിയിട്ടുണ്ട്.Childrens Fiction/Fantacy തുടങ്ങിയ Genre കളെ കുറിച്ച് പറയാമോ?

നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം ആണ് ചെറുപ്പത്തിലെ എറ്റവും അടുപ്പമുണ്ടായിരുന്ന ഒരു പുസ്തകം. യൂറി ഒലേഷയുടെ മൂന്ന് തടിയന്മാർ ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ്. ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ചു കരഞ്ഞിട്ടുണ്ട്. പഞ്ചതന്ത്രവും മാലിരാമയണവും മാലിഭാരതവും കഥാസരിത് സാഗരവും എല്ലാം പണ്ടേ വായിച്ചിട്ടുണ്ട്. എന്നാൽ നീലക്കപ്പ് എന്ന റഷ്യൻ നാടോടീക്കഥകളുടെ collection-ന്റെ ആസ്വാദ്യത എനിയ്ക്ക് മറ്റൊന്നിലും തോന്നിയിട്ടില്ല. അനിമേ, മാംഗ സിനിമകളും കോമിക്സുകളും ആണ് മറ്റൊന്ന് – പക്ഷെ പലതും കുട്ടികൾക്ക് യോജിച്ചതല്ല, പക്ഷെ അവർ ഒരു പ്രായം കഴിഞ്ഞാൽ അവ വായിയ്ക്കണം. മലയാളി വായനക്കാർക്ക് ചില തരം ശുദ്ധതാവാദങ്ങളുണ്ട്. തങ്ങളുടെ പുരാണ കഥകളുടെ ഭാവനാലോകത്തിൽ വലിയ അഭിമാനവും. അവർ ഇവ വായിയ്ക്കണം. My Neighbour Totoro പോലെ ഒരു സിനിമ ലോകത്ത് ഒരു ഭാഷയിലും വന്നിട്ടില്ല, അല്ലെങ്കിൽ Spirited Away‌ പോലത്തേത്. ഈ കഥകളെല്ലാം മനുഷ്യലോകത്തിന്റെ പൊതുസ്വത്താണ്.

ഗെയിം ഒഫ് ത്രോൺസ് -ന്റെ സ്കോപ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പണ്ട് ഒപ്പം ജോലി ചെയ്തിരുന്നവർ എല്ലാവരും കൂടി വായിച്ചു ചർച്ച ചെയ്യുമായിരുന്നു. പുസ്തകത്തിന്റെ complexity കാരണം എഴുത്തുകാരനു പത്തു വർഷത്തോളം writers block വന്നു എന്നോർക്കുക. കെൻ ലിയുവിനെയും ഇഷ്ടമാണ്. സിക്സിൻ ലിയുവിനെപ്പറ്റി ഞാൻ ഏറെ എഴുതിയിട്ടുണ്ട്. റ്റെഡ് ചിയാങ്ങിനെപ്പറ്റി മലയാളത്തിലെ ഒരു “സയൻസ് ഫിക്ഷൻ” എഴുത്തുകാരനു പറഞ്ഞുകൊടുക്കെണ്ടി വന്നത് ഓർക്കുന്നു. അത്രയ്ക്കു അജ്ഞരാണ് നമ്മുടെ എഴുത്തുകാർ, ഇക്കാലത്തും.

  1. ആവർത്തിച്ചു വായിക്കുന്ന എഴുത്തുകാർ/പുസ്തകങ്ങൾ ഉണ്ടോ?എങ്ങനെയാണ് ഒരു എഴുത്തുകാരെ വായിക്കുന്നത്?ഇഷ്ടപ്പെടുന്ന എഴുത്തുകാരെ തുടർച്ചയായി വായിക്കാറുണ്ടോ?

ആവർത്തിച്ചുള്ള വായന അപൂർവ്വമാണ്. എംടി, ബഷീർ, മാധവിക്കുട്ടി തുടങ്ങിയവരെ സമീപകാലത്ത് ശ്രദ്ധയോടെ വീണ്ടും റ്വായിച്ചു. നോവൽ എഴുതുന്ന സമയത്ത് വായന കൂടാറുണ്ട്. അടുത്ത കാലത്തായി ചില എഴുത്തുകാരെ തുടർച്ചയായി വായിയ്ക്കുന്ന പതിവുണ്ട് – Knausgaard, Carrere, Annie Ernaux, for example.

  1. അഭിലാഷ് വരയ്ക്കുന്ന ഒരാളാണ്. പെയിന്റിങ്ങുകൾ ആസ്വദിക്കുന്ന ഒരാളാണ്. പെയിന്റിംഗ്/Films പോലുള്ള ‘Other than literature’ മീഡിയങ്ങൾ Readingൽ ഏതെങ്കിലും impact ഉണ്ടാക്കുന്നുണ്ടോ?എഴുത്തിൽ?

Yes and no. Films are not at all like Books. ഒരു പുസ്തകം സിനിമ ആകുന്നത് പ്രയാസമുള്ള പ്രവർത്തിയാണ്. പുസ്തകങ്ങളെ അതിശയിക്കുന്ന സിനിമകൾ അപൂർവ്വമാണ് – പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ കൂടി ചേർത്താണ് പറയുന്നത്. പിന്നെ, പെയിന്റിങിനെപ്പറ്റി അടിസ്ഥാന ധാരണ ഇല്ലെങ്കിൽ ഒരാൾ ക്നൊസ്ഗാർഡ് Monet -നെപ്പറ്റി പേജുകണക്കിന് എഴുതിയ നോവൽ വായിയ്ക്കുമ്പോൾ എന്താണ് കരുതുക? അയാൾ മങ്കിനെപ്പറ്റി (Munch) എഴുതിയിട്ടുമുണ്ട്. അതിലെ ചിത്രങ്ങൾ മനസ്സിലാക്കതെ ആ പുസ്തകം ആസ്വദിയ്ക്കുക സാധ്യമല്ല. ഇക്കാലത്ത് ഇതൊന്നും വലിയ സംഗതിയല്ല. എല്ലാം നെറ്റിലുണ്ട്. കേവലം ധാരണയ്ക്കു വേണ്ടിയുള്ള അറിവേ എനിയ്ക്കുള്ളൂ താനും. എഴുത്തിൽ വിഷ്വൽ സ്വാധീനമുണ്ട് എന്ന് എനിയ്ക്കറിയാം. ഡീറ്റൈലിങ് ചെയ്തില്ലെങ്കിൽ എന്തോ മിസ്സിങ് പോലെ തോന്നും. എന്നാൽ അത് സിനിമയിൽ നിന്നു വന്നതല്ല. അത്തരത്തിൽ എഴുതുന്ന എഴുത്തുകാർ തന്നെയാണ് പ്രചോദനം. ഉദാ : – Knausgaard.

Call me by your Name സിനിമയിലെ അവസാന രംഗം പുസ്തകത്തിലില്ല എന്നാണോർമ്മ. അങ്ങനെ ഒരു സീൻ പുസ്തകത്തിൽ എഴുതുക പ്രയാസം. Portrait of Lady on Fire -ൽ പെയിന്റിങ്ങുകൾ സിനിമയുമായി ഇണക്കിയ വിധം അനന്യമാണ്. അതിന്റെ അവസാന രംഗം എഴുതി ഫലിപ്പിയ്ക്കാൻ പ്രയാസമായിരിയ്ക്കും. മറിച്ച്, An episode in the life of a Ladscape Painter എന്ന നോവെല്ല എതൊരു Impressionist പെയിന്റിങ്ങിനോടും കിട പിടിയ്ക്കുന്ന ഒന്നാണ്.

  1. “എഴുത്തുബുദ്ധി’”എന്ന വാക്ക് ആവർത്തിക്കാറുണ്ടല്ലോ. മിഡിയോക്രിറ്റി മാനദണ്ഡമാകുന്നതിലെ അപകടങ്ങളെക്കുറിച്ചുമതെ.’എഴുത്തുബുദ്ധി’ എന്ന term ന് ഒരു നിർവചനം നൽകാമോ?

എഴുത്തുകാരൻ എന്ത് എങ്ങനെ പറയണം എന്നു തീരുമാനിയ്ക്കുന്ന വിധത്തെയാണു ഞാൻ പൊതുവെ സൂചിപ്പിയ്ക്കുന്നത്. വായനയിൽ ഒരു എഴുത്തുകാരന്റെ അത്തരം ബുദ്ധി നമുക്ക് മനസ്സിലാകും. എംടിയുടെ മൃഗം സത്രത്തിലെ രാത്രിയിൽ പൊന്തകളിൽ അലയുന്നത്, അയാളുടെ പൂച്ച നഖം വെളിപ്പെടുത്തുന്നത് ഒക്കെ അവ്വിധമാണ്. വാനപ്രസ്ഥത്തിലെ നായികയെ നായകൻ ഒരിയ്ക്കൽ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കുന്നു. അവൾ പോകുന്നില്ല. എന്നാൽ ഒരു വട്ടം കൂടി വിളിച്ചിരുന്നെങ്കിൽ അവൾ പോയേനെ എന്ന് വ്യംഗ്യമുണ്ട്. രതിയ്ക്കായാണ് ഇത് വ്യക്തം, അതു പറയുന്നില്ല ഒരിടത്തും. വാർധക്യത്തിലെ ആ രാത്രി മൃഗവും അതു തന്നെ. വിടനായ റ്റോൾസ്റ്റോയി എഴുതിയ കരേനിനയിൽ ഒരിയ്ക്കൽ പോലും അവിഹിതം എന്ന പദം കടന്നു വരുന്നില്ല. സെബാൾഡ് holocaust എന്ന് അയാളുടെ നാലു നോവലുകളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ?

പാണ്ഡവപുരത്തിൽ സവിശേഷമായ ഒരു പസിൽ പോലെ സേതുവിന്റെ ബുദ്ധി അവ്വിധത്തിൽ തന്നെ പ്രവർത്തിയ്ക്കുന്നുണ്ട്. അതാണ് ആ നോവലിനെ ഇത്രയധികം ആളുകൾ വ്യാഖ്യാനിച്ചിട്ടുള്ളതിന് കാരണം (ഡിസി ഒരു ഭാഗം നോവലും മറുഭാഗം പഠനവുമായി പുസ്തകം പോലും ഇറക്കി). സന്തോഷ് കുമാറിന്റെ നീചവേദം, ഹരീഷിന്റെ മോദസ്ഥിതൻ തുടങ്ങിയ കഥകളിലും അതുണ്ട്. കാളിദാസൻ എഴുതുമ്പോൾ അതുണ്ട് എന്നാൽ ഓ എൻ വിയുടെ ഉജ്ജയിനിൽ ഭാഷാഭംഗി മാത്രമേയുള്ളൂ. ഖസാക്കിലെ ഭാഷ അമ്പതു വർഷത്തിനുശേഷവും അധികപ്പറ്റായി തോന്നുന്നില്ല. എന്നാൽ സമുദ്രശിലയിലെ ഭാഷ കണ്ട് എനിയ്ക്കു ഓക്കാനം വന്നു. ബഷീറിന്റെ മകന്റെ ഇൻട്രോ ചെയ്യാനുള്ള തീരുമാനമൊക്കെ low IQ -വിന്റെ ലക്ഷണമായേ ഞാൻ കാണൂ. ഹെവി ഭാഷയൊക്കെ പഴഞ്ചനായി, അതുപയോഗിയ്ക്കാൻ ഒരു കാരണം വേണം, അതിനെ ജസ്റ്റിഫൈ ചെയ്യാൻ കഴിയണം. അല്ലെങ്കിൽ അസ്ഥാനത്തെ ഉദ്ധാരണം പോലെ തോന്നും.

  1. ആനന്ദ് മലയാളത്തിന്റെ ഒരേയൊരു യൂണിവേഴ്സൽ എഴുത്തുകാരനാണ് എന്ന് ആവർത്തിക്കാറുണ്ട്.എന്താണ് അയാളെ വെത്യസ്തനാക്കുന്നത്?

ചരിത്രത്തിലും ചിത്രകലയിലും ശിൽപ്പകലയിലും ഒക്കെ താൽപ്പര്യം ഉള്ള എഴുത്തുകാർ ഉണ്ടെങ്കിൽ ആനന്ദ് പോലെ ഒരാളുണ്ടാകും. അതിനു അഭിരുചികൾ വളർത്താനുള്ള താൽപ്പര്യം വേണം. പരന്ന വായനയെങ്കിലും വേണം. അതിനൊന്നും നമ്മുടെ എഴുത്തുകാർക്ക് നേരമില്ല. സുഭാഷ്, ബെന്യമിൻ, കുറൂർ ഒക്കെ പറയുന്ന പമ്പര വിഡ്ഡിത്തങ്ങൾ നമ്മൾ ദിനേന കാണൂന്നുണ്ടല്ലൊ. കെയ്സർസ് ഡിക്ഷ്ണറി (Dictionary of Khazars) വായിച്ച ഒരാൾക്ക് “മുറിനാവ്” വായിച്ചാൽ എന്ത് തോന്നാനാണ്. അറിവില്ലായ്മ ഒരു കുറ്റകൃത്യമാണ്. അതും ഇക്കാലത്ത്. ആനന്ദ് ബുദ്ധികൊണ്ടെഴുതുന്നു എന്ന് പറയുന്നവൻ കഴിഞ്ഞ ഇരുപതു വർഷത്തെ ലോകസാഹിത്യം വായിച്ചിട്ടില്ല എന്ന് കരുതിയാൽ മതി. സാഹിത്യം അത്ര കണ്ടു മാറിപ്പോയി. ഭാഷാ അധ്യാപക സാഹിത്യക്കാരുടെ വംശം കുറ്റിയറ്റാലേ മലയാള സാഹിത്യം രക്ഷപ്പെടൂ.

  1. ഇഷ്ടപ്പെട്ട Painters & film directors?

Painters – Gustav Klimt, Egon Schiele, Van Gogh, Munch.

Directors – All three Andersons, Coen Brothers, Bela Tarr, Tharkovsky, Theo Angelopoulos, Ceylan, Andrey Zvyagintsev, Satyajit Ray, Adoor (Elipathayam to Mathilukal) Etc. Its a long list.

  1. സ്വന്തം എഴുത്തുഭാഷ രൂപപ്പെടുത്തിയ വായനകൾ-Subtle ആയോ അല്ലാതെയോ- ഏതെല്ലാമാണ്?ഏതെങ്കിലും എഴുത്തു ഭാഷ/രീതിയിൽ എഴുതാനായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ?

ഫിക്ഷൻ എഴുതാൻ ആദ്യം ഉപയോഗിച്ചത് എം ടിയുടെ ഭാഷയാണ്. പിന്നെ മാർകേസ് ആയി. പിന്നെ പാമുക്. ബഷീറിനെപ്പറ്റി പറയുന്ന പോലെ ഒരു പ്രത്യേക Banter ഉള്ള ഭാഷയാണ് പാമുക്കിന്റെ. അയത്ന ലളിതം. പിന്നെയാണ് ബഷീർ വരുന്നത്. അതിനുശേഷം ബൊലാഞ്ഞോ , ക്നോസ്ഗാർഡ്. ബൊലാഞ്ഞോയുടെ “സാവെജി”ന്റെ ഘടന എന്റെ നോവലിൽ ഉപയോഗിച്ചിട്ടുണ്ട് – കുറച്ചുകൂടി പ്രതിഭയുള്ള എഴുത്തുകാരന്റെ കയ്യിൽ ഉജ്ജ്വലമായ സാധ്യതകളുള്ള ഒന്നാണിത്. ക്നോസ്ഗാർഡിന്റെ ഡീറ്റൈലിംഗ് വളരെയിഷ്ടമാണ്. ചുരുക്കത്തിൽ ലളിതമായ ഭാഷയിൽ ഡീറ്റൈലിംഗ് വച്ച് അതിവൈകാരികതയില്ലാതെ രാഷ്ട്രീയം പറഞ്ഞു എഴുതുക എന്നതാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന രീതി. എനിയ്ക്ക് തിരക്കൊന്നുമില്ല, ഞാൻ അമ്പത് പുസ്തകമൊന്നും എഴുതില്ല എന്നെനിയ്ക്കറിയാം. ഞാൻ എനിയ്ക്കു വേണ്ടിയാണ് എഴുതുന്നത്. ആരെങ്കിലും വായിച്ചാൽ സന്തോഷം, ഇല്ലെങ്കിൽ ഒന്നുമില്ല.

മറ്റൊരു എഴുത്തുകാരനെയും അനുകരിയ്ക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. മറ്റൊരാൾ എഴുതുന്നപോലെ എഴുതിയിട്ട് എന്താണ് കാര്യം? എന്നെ പ്രകാശിപ്പിയ്ക്കുന്ന എന്റെ ഭാഷയാണ് എന്റെ എഴുത്ത്.

16 thoughts on “വായനക്കാരുടെ ചോദ്യങ്ങളും മറുപടിയും – 1”

      1. Oh My Struggle series.. thought a separate work like “So much longing… “.
        //ലളിതമായ ഭാഷയിൽ ഡീറ്റൈലിംഗ് വച്ച് അതിവൈകാരികതയില്ലാതെ രാഷ്ട്രീയം പറഞ്ഞു എഴുതുക എന്നതാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന രീതി.// loved that.

      1. Oh My Struggle series.. thought a separate work like “So much longing… “.
        //ലളിതമായ ഭാഷയിൽ ഡീറ്റൈലിംഗ് വച്ച് അതിവൈകാരികതയില്ലാതെ രാഷ്ട്രീയം പറഞ്ഞു എഴുതുക എന്നതാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന രീതി.// loved that.

  1. അഭിലാഷ് കവിത എഴുതിയിരുന്ന ആളാണ്. കവിതയെഴുത്തും നോവലെഴുത്തും എങ്ങനെ നോക്കിക്കാണുന്നു? താങ്കൾക്കു എന്തിനോടാണ് കൂടുതൽ താല്പര്യം?

    1. ഈ ചോദ്യം എന്നോട് ചോദിയ്ക്കാൻ നീ മാത്രമേയുള്ളൂ :). നിന്റെ പേര് കാണുമ്പോഴൊക്കെ ഞാനിത് ഓർക്കാറുമുണ്ട്. കഥകൾ പറയുന്ന കവിതകളായിരുന്നു ഞാൻ എഴുതിയിരുന്നത്. അതിൽ മലപ്പുറം സ്ലാങ് കൊണ്ടുവരുവാൻ ഞാൻ പലപ്പോഴും നോക്കിയിട്ടുണ്ട്. ബ്ലോഗ് കാലത്തെ പ്രമോദ് കെഎം, പിൽക്കാലത്തു ഞാൻ വായിച്ച കെആർ ടോണി എന്നിവരും ഇത് മറ്റുവിധത്തിൽ ശ്രമിച്ചിട്ടുണ്ട്. എന്റെ കാര്യത്തിൽ നോവൽ എഴുതുമ്പോൾ അങ്ങനെ എഴുതാതെ പോയ കഥാകവിതകളാണ് നോവലായി മാറിയത്. അതിലെ ഓരോ കഥയും സന്ദർഭങ്ങളും അടർത്തി കവിതാ രൂപത്തിൽ എനിയ്ക്കെഴുതാനാകും എന്ന് ഞാൻ കരുതുന്നു. എന്നാൽ കവിത എഴുതാൻ വേണ്ട സൂക്ഷ്മമായ, ഏകാഗ്രമായ മാനസികാവസ്ഥ ഇപ്പോൾ എന്നിലില്ല. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിൽ ഒരേയൊരു കവിതയാണ് എഴുതി പൂർത്തിയാക്കിയത്. അത് ഇതുവരെയുള്ള കവിതകളുടെ ഭാഷയിലായിരുന്നില്ല. കവിതയ്ക്കു ഭാഷയുടെ നിബന്ധനകളില്ല എന്നൊരു സമാധാനം അതുകൊണ്ട് ഇപ്പോഴുണ്ട്. എന്നാൽ കഥ പറയാനുള്ള ത്വരയൊട്ടു കുറയുന്നുമില്ല. നോവലെഴുത്തും കവിതയെഴുത്തും തമ്മിൽ ബന്ധമൊന്നുമില്ല. എനിയ്ക്കു കവിതയാണ് പ്രയാസം. പക്ഷെ എഴുതാതിരിയ്ക്കാനാവാത്തതുകൊണ്ടു നോവലെഴുതി, അത് നല്ല ഒഴുക്കുള്ള പുഴകടക്കുന്നപോലെയാണ്. കവിതയ്ക്കായി പക്ഷെ, കടൽ കടക്കണം.

  2. അഭിലാഷ് കവിത എഴുതിയിരുന്ന ആളാണ്. കവിതയെഴുത്തും നോവലെഴുത്തും എങ്ങനെ നോക്കിക്കാണുന്നു? താങ്കൾക്കു എന്തിനോടാണ് കൂടുതൽ താല്പര്യം?

    1. ഈ ചോദ്യം എന്നോട് ചോദിയ്ക്കാൻ നീ മാത്രമേയുള്ളൂ :). നിന്റെ പേര് കാണുമ്പോഴൊക്കെ ഞാനിത് ഓർക്കാറുമുണ്ട്. കഥകൾ പറയുന്ന കവിതകളായിരുന്നു ഞാൻ എഴുതിയിരുന്നത്. അതിൽ മലപ്പുറം സ്ലാങ് കൊണ്ടുവരുവാൻ ഞാൻ പലപ്പോഴും നോക്കിയിട്ടുണ്ട്. ബ്ലോഗ് കാലത്തെ പ്രമോദ് കെഎം, പിൽക്കാലത്തു ഞാൻ വായിച്ച കെആർ ടോണി എന്നിവരും ഇത് മറ്റുവിധത്തിൽ ശ്രമിച്ചിട്ടുണ്ട്. എന്റെ കാര്യത്തിൽ നോവൽ എഴുതുമ്പോൾ അങ്ങനെ എഴുതാതെ പോയ കഥാകവിതകളാണ് നോവലായി മാറിയത്. അതിലെ ഓരോ കഥയും സന്ദർഭങ്ങളും അടർത്തി കവിതാ രൂപത്തിൽ എനിയ്ക്കെഴുതാനാകും എന്ന് ഞാൻ കരുതുന്നു. എന്നാൽ കവിത എഴുതാൻ വേണ്ട സൂക്ഷ്മമായ, ഏകാഗ്രമായ മാനസികാവസ്ഥ ഇപ്പോൾ എന്നിലില്ല. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിൽ ഒരേയൊരു കവിതയാണ് എഴുതി പൂർത്തിയാക്കിയത്. അത് ഇതുവരെയുള്ള കവിതകളുടെ ഭാഷയിലായിരുന്നില്ല. കവിതയ്ക്കു ഭാഷയുടെ നിബന്ധനകളില്ല എന്നൊരു സമാധാനം അതുകൊണ്ട് ഇപ്പോഴുണ്ട്. എന്നാൽ കഥ പറയാനുള്ള ത്വരയൊട്ടു കുറയുന്നുമില്ല. നോവലെഴുത്തും കവിതയെഴുത്തും തമ്മിൽ ബന്ധമൊന്നുമില്ല. എനിയ്ക്കു കവിതയാണ് പ്രയാസം. പക്ഷെ എഴുതാതിരിയ്ക്കാനാവാത്തതുകൊണ്ടു നോവലെഴുതി, അത് നല്ല ഒഴുക്കുള്ള പുഴകടക്കുന്നപോലെയാണ്. കവിതയ്ക്കായി പക്ഷെ, കടൽ കടക്കണം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top