സജിതയുടെ കഥ

സജിത : ചെറിയമ്മയുടെ ഭർത്താവിന്റെ അനിയന്റെ മകൻ – അതായിരുന്നു ഞാനും സുധാകരൻമാഷും തമ്മിലുള്ള ബന്ധം. സുധ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ചെറുപ്പത്തിൽ ഞങ്ങൾ അമ്പലക്കുളത്തിലാണ് നീന്തൽ പഠിച്ചത്. മൊത്തലയിട്ട്. അച്യുതൻ മാഷായിരുന്നു പഠിപ്പിച്ചത്, അച്ചുവേട്ടൻ. യുപിയിൽ ഞാനും സുധയും ഒരുമിച്ചു പഠിച്ചു. ഹൈസ്‌കൂളിലായപ്പോൾ ഒരേ ബസ്സിലായി യാത്ര. പത്തിലെത്തിയപ്പോഴേയ്ക്കും സൗഹൃദം വേറെയൊരു വഴിയ്ക്കു തിരിഞ്ഞിരുന്നു. ബസ്സിലൊക്കെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവൻ മൂന്നു കിലോമീറ്റർ സൈക്കിളോടിച്ചു വരും, എന്നിട്ടു വീടിന്റെ പരിസരത്തൊക്കെ കറങ്ങി നടക്കും. അടുത്തുള്ള ഒരു അമ്പലത്തിൽ കാര്യമായ വെടിക്കെട്ടുണ്ട്. അതുകാണാൻ വരും. അതിപ്പോൾ വെടിക്കെട്ട് എവിടെയായാലും അവൻ പോകും. പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴത്തെ ഉത്സവത്തിന് വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്നു. അന്ന് രാത്രി ഇറങ്ങിച്ചെല്ലാനും വിറകുപുരയ്ക്കു പിന്നിൽവരാനും ഒക്കെ ക്ഷണം കിട്ടി. ജനാലയ്ക്കൽ വന്നു ചുരണ്ടിയും കൊട്ടിയുമൊക്കെ കുറേസമയം കളഞ്ഞു. ഞാൻ വഴങ്ങിയില്ല. അടുത്ത വേനലിൽ സ്വന്തം വീട്ടിലേയ്ക്കും വിളിച്ചു. ഞാൻ പോയില്ല. അതിന്റെ പിണക്കവുമായി നടന്നു, കുറച്ചുകാലം. പ്രീഡിഗി കഴിഞ്ഞപ്പോൾ അച്ചുവേട്ടൻ സുധയെ ടിടിസിയ്ക്കു വിട്ടൂ. എനിയ്ക്കു ഒന്നുരണ്ടു കത്തുകൾ വന്നു. അതിലെന്തായിരുന്നു എന്നൊന്നും ഓർക്കുന്നില്ല. ടിടിസി കഴിഞ്ഞു വന്നയുടനെ എന്നെ ടൗണിൽ ഒരു സിനിമയ്ക്ക് വിളിച്ചു. വേറെയൊന്നുമുണ്ടായില്ല. വളരെ അടക്കത്തോടെയാണ് പെരുമാറിയത്. അതിന്റെ അടുത്തതവണ ഒരു ലോഡ്ജിലേയ്ക്കാണ് കൊണ്ടുപോയത്. ഞാൻ ആദ്യമൊക്കെ എതിർത്തു, പക്ഷെ അവസാനം വഴങ്ങിക്കൊടുത്തു. പിന്നെ ഇതിനു ശല്യം ചെയ്യില്ല എന്നായിരുന്നു വ്യവസ്ഥ. പക്ഷെ രണ്ടുമാസം കഴിഞ്ഞു പിന്നെയും വിളിച്ചു. പലതവണയായപ്പോൾ ഞാൻ വീണ്ടും ചെന്നു. എന്നാൽ ആ തവണ സുധ ഒറ്റയ്ക്കായിരുന്നില്ല, കൂടെ ജനാർദ്ദനൻ എന്നൊരു സ്ഥിരം കൂട്ടുകാരനുമുണ്ടായിരുന്നു. ഞാൻ ഇറങ്ങിപ്പോന്നു. പിന്നെ കാണാൻ വരവൊന്നുമുണ്ടായില്ല.

പിന്നെ കേട്ടത് ചേട്ടന്റെ ജോലിസ്ഥലത്ത്, അതേ സ്‌കൂളിൽ, ജോലിയ്ക്കു കയറിയെന്നാണ്. ഞാൻ ബിഎഡ് കഴിഞ്ഞപ്പോൾ അതേ സ്‌കൂളിൽ ചേർന്നു. എനിയ്ക്ക് വേറൊരു ടീച്ചറുടെയൊപ്പം ആലിക്കുട്ടി എന്നയാളുടെ വാടകവീട്ടിൽ, സുധയുടെ വീടിനടുത്തുതന്നെ, താമസം ശരിയാക്കിത്തന്നു – എന്റെ പഴയ സംശയങ്ങൾ തലപൊക്കിയെങ്കിലും, അക്കാലത്തുതന്നെ അവന്റെ കല്യാണം നടന്നു. പിന്നാലെ കുഞ്ഞുപിറന്നു. പിന്നെ ജോലിത്തിരക്കും അതുമിതുമായി കാലം പോയി. പിന്നെയാണ് അവന്റെ ഭാര്യയ്‌ക്ക് ബ്രെസ്റ്റ് കാൻസർ വരുന്നത്. ആ സമയത്തൊക്കെ ഞങ്ങൾ ബന്ധുക്കളെല്ലാവരും ഓരോരോ രീതിയിൽ അവരെ സഹായിയ്ക്കാറുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കുഞ്ഞിന്റെ കാര്യങ്ങൾ ഞങ്ങളാലൊക്കുന്ന മട്ടിൽ നോക്കുമായിരുന്നു. ആ സമയത്താണ് സുധ വീണ്ടും, വർഷങ്ങൾക്കു ശേഷം, ജോലിസംബന്ധമല്ലാത്ത സംസാരങ്ങളും സന്ദർശനങ്ങളും തുടങ്ങിയത്. എനിയ്ക്കും ശ്രദ്ധയൽപ്പം കുറഞ്ഞുപോയി. ഒരു ദിവസം ഭാര്യയോടുള്ള ഭയത്തെക്കുറിച്ചു പറഞ്ഞു. അവളോടല്ല, അവളുടെ അസുഖത്തെപ്പറ്റിയുള്ളത്. അതിനുപിന്നാലെ ഇടയ്ക്കിടയ്ക്ക് സുഖാന്വേഷണത്തിന് വരവുതുടങ്ങി. എന്റെ കൂടെ താമസിച്ചിരുന്ന ടീച്ചർ വേറൊരിടത്തേയ്ക്കു മാറുക കൂടി ചെയ്തതോടെ സുധയ്ക്കു കാര്യങ്ങൾ എളുപ്പമായി. ഞാനാണെങ്കിൽ വീട്ടിൽ നിന്ന് വിവാഹം കഴിയ്ക്കാനുള്ള സമ്മർദ്ദത്തെ ഒരു വിധം പ്രതിരോധിച്ചു കഴിയുകയായിരുന്നു. വരവുകൾ കൂടി. സ്‌കൂളിൽ ബയോളജി പഠിപ്പിച്ചിരുന്ന സതീഷ് മാഷിന്റെ കോഴിക്കോട്ടെ പുതിയ വീടിന്റെ കേറിത്താമസത്തിന് ഞങ്ങൾ കുറേപ്പേർ ഒരു വൈകുന്നേരം പോയി. സതീഷിന്റെ ഭാര്യ രമ അക്കാലത്ത് സ്‌കൂളിൽ വന്നേയുള്ളൂ. ഞാനുമായി നല്ല കൂട്ടായിരുന്നു. അവൾ നിർബന്ധിച്ചപ്പോൾ ഞങ്ങൾ, മറ്റു ചുറ്റുപാടുകളില്ലാത്ത കുറച്ചുപേർ അന്നവിടെത്തങ്ങി. അന്നുരാത്രി കൃഷ്ണൻ നമ്പൂതിരിയും സുധയും കൂടിവന്നു. എവിടെയോ പോയിവരികയാണ് എന്ന് പറഞ്ഞു. സതീഷ് മദ്യം സൽക്കരിച്ചു. അവനൊഴികെ ആരും അധികം കഴിച്ചതൊന്നുമില്ല. ഞാൻ ഉമ്മറത്തിരുന്നു നോക്കിക്കാണുന്നുണ്ടായിരുന്നു. രാത്രി കുറച്ചുപേർ പിന്നിലെ തറവാട്ടുവീട്ടിൽ കിടക്കട്ടെ എന്ന് തീരുമാനമായി. അത് കേട്ടപ്പോൾ തന്നെ എനിയ്ക്കൊരു വല്ലായ്ക തോന്നി. രാത്രി സുധ കാൽക്കൽ വന്നു നിന്നപ്പോൾ ആ തോന്നൽ പൂർത്തിയായി. പതുങ്ങിയ ശബ്ദത്തിൽ അഭ്യർത്ഥനയും ചക്കരവർത്തമാനവും പുരോഗമിച്ചപ്പോൾ ഞാൻ വഴങ്ങിക്കൊടുത്തു. ആർത്തിയൊടുങ്ങാത്ത പോലെ അവന്റെ കയ്യും വായും നാവും മേലുമുഴുവൻ അരിച്ചുനടന്നു. മുലകളിൽ ഉമ്മവയ്ക്കുമ്പോൾ അവൻ കരച്ചിൽ അഭിനയിച്ചു. ഈ വിഡ്ഢിയെ ഞാൻ ഒരു കാലത്ത് ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നാണ് എനിയ്ക്ക് ചിന്ത പോയത്. ഞാൻ മരം പോലെ കിടന്നു. കാര്യം കഴിഞ്ഞപ്പോൾ സംഗതി മനസ്സിലായപോലെ അവനെഴുന്നേറ്റു സ്ഥലം വിടുകയും ചെയ്തു. രണ്ടാഴ്ച ആളെനിയ്ക്കു മുഖം തരാതെ നടന്നു. അന്ന് കൃത്യമായി അവനെത്തിയത് സതീഷറിഞ്ഞു തന്നെയാകണം എന്ന് ഞാൻ കരുതി. പക്ഷെ അതിന്റെ ദേഷ്യമൊന്നും ഞാൻ ഭാര്യയോടും ഭർത്താവിനോടും കാണിച്ചില്ല. സംഗതി ഉറപ്പായത് സതീഷ് കൂടെത്താമസിയ്ക്കാൻ ഒരാളെ വേണോ എന്നുചോദിച്ചപ്പോഴാണ്. ഹിന്ദി പഠിപ്പിയ്ക്കുന്ന ഒരു ഷാനിടീച്ചർ. ഞാൻ പറഞ്ഞു – അയ്യോ സതീഷേ, അമ്മ വരാമെന്നു പറഞ്ഞല്ലോ. അമ്മയോട് ഇക്കാര്യം പറഞ്ഞിട്ടുപോലുമില്ലായിരുന്നു. ഞാൻ അന്ന് തന്നെ കൊളപ്പുറത്തുപോയി വീട്ടിലേയ്‌ക്കു വിളിച്ചു. ഒറ്റയ്ക്ക് കഴിയുമ്പോഴുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞു. മറ്റുചില സൂചനകൾ കൊടുത്തു. അച്ഛൻ ഞാൻ സ്കൂളിൽ പഠിയ്ക്കുമ്പോഴേ മരിച്ചിരുന്നു. അമ്മ കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കിയപോലെ ഒരാഴ്ചയ്ക്കുള്ളിൽ പൊറ്റാളിൽ എത്തി. അമ്മ വന്നതോടെയുണ്ടായ മാറ്റം, ചുറ്റുപാടുമായി എനിയ്ക്കില്ലാത്ത ഒരു ബന്ധം അമ്മയുണ്ടാക്കിയെടുത്തു എന്നതാണ്. പിന്നിലെ വീട്ടിൽനിന്ന് പാല്, അയല്പക്കങ്ങളിൽ നിന്ന് മാങ്ങാ, ചക്ക, അമ്മയോടൊപ്പം പുറത്തിറങ്ങിയാൽ ആളുകൾ കുശലം പറയുന്നത് – അങ്ങനെ സംഗതികൾ പലതും മാറി. സുധ വരവ്‌ നിറുത്തിയെന്നൊന്നും കരുതരുത്. എന്നാൽ ഒരു തരം ഗൗരവമായി ആൾക്ക്. കുറച്ചുകാലം വരാതെയുമിരുന്നു. പിന്നെ വന്നപ്പോൾ ഓരോ സാധങ്ങളുമായാണ് വന്നത്. ചാക്ക്, ചെറിയ കാർഡ്ബോർഡ് പെട്ടികൾ. പിറകിലെ ചായ്‌പിൽ വയ്ക്കും. വന്നപോലെ ചിലപ്പോൾ എടുത്തുകൊണ്ടും പോകും. ഏതോ ഒരു പത്രം വരിസംഖ്യ അടപ്പിച്ചു. പിന്നെയൊരിയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയും കൂടിവന്ന് അമ്പലം പിരിവ്. അങ്ങനെ സമയം കടന്നുപോയി. അമ്മ ഒരു തയ്യൽമെഷീൻ വാങ്ങി ചെറിയ ചില ഏർപ്പാടുകൾ തുടങ്ങി. ഒരു ദിവസം സ്‌കൂൾ മതിലിൽ എന്റെയും സുധയുടെയും പേരുകൾചേർത്ത് ആരോ അശ്ലീലം എഴുതിവെച്ചു. അമ്മ പറഞ്ഞു – നീ ഒരക്ഷരം എവിടെയും മിണ്ടിപ്പോകരുത്. അല്ലെങ്കിലും ഞാൻ മിണ്ടാൻ പോകുമായിരുന്നില്ല. ടീച്ചേർസ് റൂമിലും ചിരിയും കണ്ണുകാണിയ്ക്കലും ഉണ്ടായിരുന്നു, എന്തിന്, ക്‌ളാസ്സിലെ കുട്ടികൾ പോലും. എന്നാലും നര കയറിത്തുടങ്ങിയപ്പോഴാണല്ലോ ഇതൊക്കെ നാട്ടുകാർ പറയാൻ തുടങ്ങിയത് എന്നൊരു തമാശ ഉള്ളിൽക്കിടന്നു തിരിഞ്ഞു.

https://www.amazon.in/gp/product/B07VPX935R/ref=dbs_a_def_rwt_hsch_vapi_tkin_p1_i2

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top