
ജയേഷിനെ പരിചയപ്പെടുന്നത് ബ്ലോഗുകാലത്താണ്. പരിചയം എന്ന് വച്ചാൽ ബ്ലോഗിലെ, ഒന്നോരണ്ടോ വാക്കുകളിലുള്ള കമന്റുകൾ. ഏതോ ഒരു കവിതയിൽ അയാളിട്ട “ഒരു സ്പാർക്കുണ്ട്” എന്ന ഒരു കമന്റ് എനിയ്ക്കന്നു പ്രധാനമായിരുന്നു, അങ്ങനെ എല്ലാ കവിതയും വായിച്ചു സ്ഥിരം കമന്റ് തന്നിരുന്ന അപൂർവ്വം ചിലരിൽ ഒരാൾ. മറ്റൊരാൾ ജ്യോനവൻ എന്ന ഐഡിയായിരുന്നു(അയാളും ഇന്നില്ല). രണ്ടു പേരെയും ഞാൻ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ പിന്നീട് ജയേഷും ഞാനും വോയ്‌സ് മെസേജുകൾ കൈമാറുമായിരുന്നു. നോക്കൂ, എഴുത്തിലെ ഏകാന്തത പോലെ മറ്റൊന്നില്ല. ഹൃദയം പറിച്ചു വച്ചാലും ആളുകൾക്ക് സന്തോഷമാവാത്തപോലെ നമുക്ക് തോന്നും. അതാണ് എഴുത്തുകാർ ബ്ലോഗുകളും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളും എല്ലാം തുടങ്ങുന്നത് – ആരെങ്കിലും നമ്മെ സന്തോഷിപ്പിയ്ക്കും എന്ന ചിന്തയിൽ. ഞങ്ങൾ തമ്മിൽ ഒരു തുറന്ന സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്, പരിമിതമെങ്കിലും, പരസ്പരം അഭിപ്രായങ്ങൾ കൈമാറാൻ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല എന്ന് മാത്രമല്ല, മലയാളത്തിൽ മിയ്ക്കവാറും എഴുത്തുകാർക്കൊന്നുമില്ലാത്ത ഒരു സംഗതി ജയേഷിനുണ്ടായിരുന്നു. ഹ്യൂമർ സെൻസ്. അയാൾ തന്നെ പറഞ്ഞിട്ടുണ്ട് – എന്തിനാണ് നമ്മുടെ എഴുത്തുകാരൊക്കെ ഇത്ര ഗൗരവക്കാരാകുന്നത്, ലോകം മുഴുവൻ തങ്ങളുടെ തോളിൽ എന്ന മട്ടിൽ നടക്കുന്നത്, എന്ന്. അയാളുടെ ഏതു കഥയിലും ഈ ഒരു ഹ്യൂമർ നിങ്ങൾ കാണും. അയാളെ ആദ്യമായി ഞാൻ ശ്രദ്ധിയ്ക്കുന്നത് ബ്ലോഗിൽ തന്നെ വന്ന “ഒരിടത്തൊരു ലൈൻമാൻ” എന്ന കപടസദാചാരികളുടെ കഥ വായിച്ചാണ്. പിൽക്കാലത്തു മലയാളം ബ്ലോഗുകാലത്തിന്റെ പ്രധാന സംഭാവനകളിൽ ജയേഷ് ചേരുന്നത് അങ്ങനെയാണ്. പ്രധാന ക്ലയന്റിന് പെൺവേശ്യകളെ അല്ല വേണ്ടത് എന്നതിനാൽ തന്നെത്തന്നെ ഉപയോഗിയ്ക്കാൻ പറയുന്ന ആദ്യകാല കഥാനായകനിലും, അടുത്തിടെ വന്ന, ആടുജീവിതത്തെ ഒന്ന് തോണ്ടിയ ശുക്രനാടിലും എല്ലാം ഹ്യൂമർ പ്രധാനമാണ്. കഥയുടെ അവസാനം ട്വിസ്റ്റ് വരുന്ന കഥകൾ എഴുതുന്നത് ഒരു ട്രിക്കി ബിസിനസ് ആണ്. അയാൾ പറഞ്ഞത്, അങ്ങനെയുള്ള കഥകൾ ആണ് അയാൾക്കിഷ്ടം, അതാണ് അങ്ങനെ എഴുതുന്നത് എന്നാണ്. ജയേഷിന്റെ കഥകൾ ഒരു വിധം എല്ലാം അങ്ങനെയാണ്. കഴിഞ്ഞ വർഷാവസാനം “ലൈൻമാൻ” പുസ്തകമായി വന്നത് വായിച്ചു 3.5 സ്റ്റാർസ് കൊടുത്തതിന്റെ സ്ക്രീൻ ഷോട്ട് കൊടുത്തപ്പോൾ അയാൾ എന്നോട് പറഞ്ഞു, ആ സമാഹാരം വായിച്ചാണ് അയാളുടെ ജീവിതപങ്കാളി പരിചയപ്പെട്ടത് എന്ന്. ആദ്യമായി എന്റെ ഓപ്പൺനെസ്സിൽ എനിയ്ക്കൊരു വിമ്മിട്ടം അനുഭവപ്പെട്ടു. ഇന്ന് ജയേഷ് ഇല്ല. നേരിൽ കാണാൻ അവസരങ്ങൾ ഉണ്ടായതുമില്ല. അനശ്വരത തുടങ്ങിയ വാക്കുകളിൽ എനിയ്ക്ക് താൽപ്പര്യമില്ല. മലയാളമുള്ളിടത്തോളം അയാളുടെ കഥകളും എഫ്ബി ഉള്ളിടത്തോളം അയാളുടെ ഫൺ പോസ്റ്റുകളും എല്ലാം കാണും. ഹി വാസ് റ്റൂ യങ്, ആൻഡ് ഇറ്റ് വാസ് ഹാർട്ട് ബ്രേക്കിംഗ് വേ റ്റു ഗോ. ഇന്ന് ജയേഷിന്റെ വോയ്‌സ് മെസേജുകൾ എല്ലാമിരുന്നു കേട്ടു. എന്തോ, ഒരു ജ്യേഷ്ഠസഹോദരൻ, വളരെ അടുപ്പമുള്ള ഒരാൾ, നഷ്ടമായ പോലെ തോന്നുന്നു. അത് ചെയ്യാമായിരുന്നു ഇത് ചെയ്യാമായിരുന്നു എന്ന് പറയുന്നതിൽ എന്ത് പ്രസക്തി?
Some memories I would give anything to forget.
Others I would not give up upon the point of
death, they are the bright hawks of my life.
—Mary Oliver