
ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക് കാരണമാകുന്ന ജയിലിലും (മതിലുകൾ), പൂങ്കുന്നത്തെ താമസ സ്ഥലത്തും (അനുരാഗത്തിന്റെ ദിനങ്ങൾ) ഈ ആരാധകനുണ്ട്. അയാളെ കാണുന്ന ഒരാൾ പാവപ്പെട്ടവരുടെ വേശ്യയെപ്പറ്റി അയാളോട് പറയുന്നു, ഇങ്ങനെ നിരവധി സംഗതികൾ. ഒറ്റയ്ക്ക് അതികായൻ നയിയ്ക്കുന്ന സമരങ്ങൾ, ജീവിതകാലം മുഴുവൻ അയാളുടെ ഒളി/എഴുത്തു ജീവിതം. ഒരിടത്ത് ചെഗുവേരയുടെ പടം വരയ്ക്കുന്നപോലെ ബഷീറിന്റെ ചിത്രം കുറെ യുവാക്കൾ ചുവരിൽ വരയ്ക്കുന്നത് കാണുന്നു. അയാളുടെ മറ്റൊരു കഥയിലെ കഥാപാത്രങ്ങൾ എഴുത്തുകാരന്റെ ശവത്തിനുചുറ്റും നിന്ന് സംസാരിയ്ക്കുന്ന രംഗത്തു എത്തിപ്പെടുന്നതോടു കൂടി ജൂനിയർ എഴുത്തുകാരനും ഭ്രാന്തിന്റെ പിടിയിലമരുന്നത് നമ്മൾ കാണുന്നു. പിന്നെ അയാൾ തന്റെ എഴുത്ത്/ഭാവനാവിലാസം ആരംഭിയ്ക്കുകയാണ്. അയാൾ എഴുതുന്ന അപര ചരിത്രമോ അതിൽ അയാൾ സ്വയം ആരോപിയ്ക്കുന്ന പങ്കാളിത്തമോ ആരും വക വയ്ക്കുന്നില്ല. അയാളോട് മറ്റൊരു കൂട്ടർ ഒരു വ്യാജ ചരിത്രം എഴുതാൻ പറയുകയാണ്. അയാൾ അതെഴുതുന്നത് അവർ സദാ വിലയിരുന്നതുന്നുണ്ട് എന്നാൽ അതും തീർക്കാൻ അയാൾക്ക് കഴിയുന്നില്ല, അയാൾക്ക് ചുറ്റും നാടും കാലവും മാറിമറിഞ്ഞു കൊണ്ടിരിയ്ക്കുന്നു. ബഷീർ പറഞ്ഞപോലെ പടച്ചവന്റെ ഖജാനയിൽ നിന്ന് അയാൾക്കനുവദിച്ച സമയം കഴിഞ്ഞു പോയി. അയാൾ മാനുസ്ക്രിപ്റ്റ് എടുത്ത് പുറത്തേയ്ക്കോടുന്നു. അയാളുടെ അവസാനമെങ്കിലും അയാൾക്ക് യോജിച്ച വിധം വന്നു എന്ന് പറയാം. ഒരു സമയത്ത് ബഷീർ/അതികായൻ ഈ കഥയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. അയാളെ ആഖ്യാതാവ് പിന്നെ കാണുന്നത് ജയിലിലെ ഒരു വൻമതിലിനപ്പുറം ഏകാന്ത തടവുകാരനായാണ്. അതെ, ഉജ്ജ്വലനായ ബഷീർ, ഏകാകിയായ ആ മരം, ഗർവ്വോടെ മലയാള സാഹിത്യത്തിൽ കൂസലില്ലായ്മയുടെ പ്രതീകമായി അങ്ങനെ നിലനിൽക്കുന്നു.
ഇത്രയും എന്റെ വേർഷൻ. ഹരീഷ് തന്റെ ക്രിയേറ്റീവ് കരിയറിലെ ഏറ്റവും ഉന്നതിയിൽ ഇരിയ്ക്കുന്ന സമയത്താണ് ഈ നോവൽ എഴുതിയത് എന്ന് വ്യക്തം. ചരിത്രം ഗുരുതരമായ ആയുധമാണ് എന്നതാണ് എഴുത്തുകാരൻ ചർച്ചയ്ക്ക് വയ്ക്കുന്ന വിഷയം. എത്ര നിഷ്പ്രയാസം അതിനെ വളച്ചൊടിയ്ക്കാം എന്നത് നമ്മൾ ലൈവ് ആയി കണ്ടു കൊണ്ടിരിയ്ക്കുകയാണല്ലോ. അതെന്തിന് എന്നും നമുക്കറിയാം. അതിന്റെ കേന്ദ്രത്തിൽ തിരുവിതാംകൂർ വന്നു എന്നത് പോലും അത്ഭുതമാകുന്നില്ല. പണ്ടത്തെ രാജകുടുംബത്തെ പൊലിപ്പിച്ചെടുക്കാൻ വ്യാജചരിത്രം എഴുതിയ ഒരുത്തന്റെ പുസ്തകങ്ങൾ ഇന്നാട്ടിൽ ചൂടപ്പം പോലെയാണ് വിൽക്കുന്നത്. അതും പോരാഞ്ഞു തിരുവനന്തപുരം എയർപോർട്ട് പിടിയ്ക്കാൻ നടന്ന ചരടുവലികളുടെ പേരിലും ഒരു സമയത്ത് പലതും കേട്ടിരുന്നു. രാജാവ് അടുത്ത കാലത്ത് വരെയും കുതിരപ്പുറത്ത് വരാറുണ്ടായിരുന്നെന്നും ക്ഷേമാന്വേഷണം നടത്താറുണ്ടെന്നും ഒരു അന്നാട്ടുകാരനൊരുത്തൻ അഭിമാനത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. കേരളം ഏറെക്കുറെ മതാടിസ്ഥാനത്തിൽ തന്നെ വിഭജിയ്ക്കപ്പെടുന്ന സംഗതിയാണ് നോവലിന്റെ കേന്ദ്രത്തിൽ. അതുളവാക്കുന്ന ഭീതിയാണ് ആദ്യ പകുതിയിൽ ഒരു ക്രൈം ത്രില്ലർ പോലെ നമുക്ക് വായിയ്ക്കാൻ കഴിയുന്ന കഥ. പിന്നെ അത്തരമൊരവസ്ഥയിൽ നമ്മുടെ നേതാക്കന്മാർക്കും (വിഎസ് ജയിൽചാട്ടത്തിനിടെ വെടിയേറ്റ് മരിയ്ക്കുന്നു, ഓർത്തുനോക്കൂ അത്തരമൊരു ചരിത്രം) എഴുത്തുകാർക്കുമെല്ലാം (ഒഎൻവിയെയും എംടിയേയുമൊക്കെ സ്പൂഫ് ചെയ്യുന്നുണ്ട് ഹരീഷ് ഇവിടെ) എന്ത് സംഭവിയ്ക്കുന്നു എന്നതിന്റെ വിവരണം. അത്തരമൊരു രാജ്യത്തെ കൈപ്പിടിയിലാക്കാൻ ഇന്ത്യ നടത്തുന്ന യുദ്ധങ്ങൾ, ഇരു രാജ്യങ്ങളുടെയും നയതന്ത്ര പോരാട്ടങ്ങൾ തുടങ്ങി അനവധി വിശദാമ്ശങ്ങൾ ഈ ഭാഗത്തുണ്ട് – യാഥാർഥ്യത്തോട് വളരെ ചേർന്ന് നിൽക്കുന്നു എന്നതാണ് ഈ ആഖ്യാനം വായനക്കാരെ അലോസരപ്പെടുത്തുന്നതിനു കാരണം. ഇതേ അനുഭവം മുന്നേ വന്ന, രാജേഷ് വർമ്മയുടെ “ചുവന്ന ബാഡ്ജ്” എന്ന നോവലിലും ഉടനീളമുണ്ട്. കേന്ദ്രത്തിൽ ഒരു സന്യാസിയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് ഉണ്ടാകുന്നതും അവർ ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടുന്നതും ഭാഷ അടിച്ചേൽപ്പിയ്ക്കുന്നതുമൊക്കെയാണ് ആ (ബ്രില്ല്യന്റ്) നോവലിലെ കഥ. ഇവിടെ ഹരീഷിന്റെ ഭാവനയും അയാൾ സൃഷ്ടിയ്ക്കുന്ന ലോകവും അതിവിശാലമാണ്. അതിൽ ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ എഴുത്തുകാരൻ വിളക്കിച്ചേർക്കുന്ന സംഗതികൾ നോവലിനെ മറ്റൊരു തലത്തിലേയ്ക്കുയർത്തുന്നു. ഇറ്റ്സ് ഓഫ്റ്റൺ ബ്രെത്റ്റെയ്ക്കിങ്. സിനിമാപരിചയം ഹരീഷിനെ കൂടുതൽ ശ്രദ്ധാലുവായ എഴുത്തുകാരനാക്കിയതായാണ് ഞാൻ കാണുന്നത്, മറിച്ചല്ല. ആഖ്യാതാവിന്റെ ഭാവന ചരിത്രത്തിൽ നിന്ന് വിട്ടു മറ്റു കാര്യങ്ങളിലേയ്ക്ക് കടക്കുന്ന വേളകളിലും എഴുത്തുകാരന്റെ കയ്യിടറുന്നില്ല. മീശയെക്കാളും ബഹുദൂരം മുന്നിലാണ് “ഓഗസ്റ്റ് -17”. അജയിന്റെ നോവൽ വായിച്ചപ്പോഴും എനിയ്ക്ക് അയാളുടെ മുൻ നോവലിനെപ്പറ്റി ഇതേ സംഗതി തോന്നി. ബഷീറിനുള്ള ആദരവ് ഇമ്മട്ടിൽ പ്രകടിപ്പിച്ചതിനും ഹരീഷിനോട് എനിയ്ക്കു സ്നേഹമുണ്ട്. ബഷീർ എന്തൊരെഴുത്തുകാരനായിരുന്നു എന്ന് നമ്മൾ വീണ്ടുമോർക്കും. ഹരീഷിന്റെ ആഴമുള്ള വായനയോടും ഗവേഷണ താൽപ്പര്യത്തോടും നമുക്ക് ആദരവു തോന്നും. മലയാളത്തിൽ അത്ര അധ്വാനം തന്നെ വലിയൊരു സംഗതിയാണ്.