ചില ക്രൈം വായനകൾ

1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട്ടു നാലു ദശാബ്ദത്തോളം താമസിയ്ക്കുന്ന ഈ അനിയത്തി. അവരുടെ അനിയനാണ് ബെനാർഡ്. അയാൾക്കുമുണ്ട് അമ്പതിനടുത്ത പ്രായം. കാൻസർ പിടിപെട്ടു, മരിയ്ക്കാൻ അധികനാളില്ല എന്ന് മനസ്സിലായ ബെനാർഡ് ഒരു സീരിയൽ കില്ലറാകുന്നു. ഒരു മൈനറായ പെൺകുട്ടിയെ നിസ്സാരമായി കഴുത്തു ഞെരിച്ചു കൊല്ലുകയാണ് അയാൾ. ഒരു പൂമ്പാറ്റയെ കൊല്ലുന്ന ലാഘവത്തോടെ, എന്നിട്ടു താൻ മരണത്തെപ്പോലെ ശക്തനാണ് എന്ന് അട്ടഹസിയ്ക്കുകയും ചെയ്യുന്നു. അയാളുടെ വിധി മറ്റൊന്നാണ് എന്ന് മാത്രം. വീട്ടിൽ സൂക്ഷിച്ചിരിയ്ക്കുന്ന, അഴുകിത്തുടങ്ങിയ ശവം, എലികളെ തീറ്റിച്ചു, ആ എലികളെ തിന്നുന്ന ഒരു രംഗമുണ്ട് നോവലിൽ. ഇതിനോടൊപ്പം നേരത്തെ പറഞ്ഞപോലെയുള്ള പാസേജുകൾ – താൻ സാധാരണ പുറത്തേയ്ക്കു നോക്കിയിരിയ്ക്കുന്ന ജനലിനെ നായിക വിശേഷിപ്പിയ്ക്കുന്നത് “ബെല്ലി ബട്ടൺ” എന്നാണ്, ചിലപ്പോൾ ലോകത്തിന്റെ മലദ്വാരം എന്ന്. മറ്റൊരു ഭാഗത്തു നിന്ന് :-

Four days of Siberian chill. Nothing was moving on the plain, the cold took even the wind’s breath away. Work on the A26 site had been brought to a standstill. The silence was such that you could hear a branch snap with the ice like a glass straw from a mile away. It no longer seemed like death even, more like the time before life, before life had even been thought of. Yolande spent hours face to face with the cooker, as rigid as the chair she was sitting on, chewing the inside of her cheeks. Four days, four years, four hundred years … And then the chap had rung the doorbell. When no one answered, he’d knocked several times. He took a few steps back and looked upwards. All the shutters were closed. He scribbled a quick note on his knee and slipped it under the door. Yolande was watching him through the world’s arsehole. She’d waited for him to disappear off in his little blue car before seizing on the note. ‘Hello Bernard! Down at the station we’re wondering how you are. Give us a ring or join us for a drink. See you soon, Simon.’

Yolande folded the note in two, then in four, in six, then eight, till it was no bigger than a pill and she swallowed it. Others would come. She would swallow them all. She’d swallow everything. That’s what she’d do.

ഇതൊക്കെ എഴുതിയ ഗാർനിയെ കുട്ടികളുടെ നോവലുകളും എഴുതിയിട്ടുണ്ട്, അയാൾ പെയിന്ററും ആയിരുന്നു. അങ്ങനെയൊക്കെ ഉള്ള സംഗതികൾ നടക്കണമെങ്കിൽ അസാധാരണ ക്ഷമയും അർപ്പണബോധവും നിങ്ങളുടെ ജീവിതത്തിലും ഉണ്ടാവണം.

2) Higashino-യുടെ “Silent Parade” കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ ഒരു ത്രില്ലറാണ്. ഹിഗാഷിനോയെ പരിചെയ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല, പക്ഷെ, “ലാഗ്” എന്നൊക്കെ പറയുന്ന വായനക്കാർ ഇതുപോലുള്ള സീരിയസ് ക്രൈം എഴുത്തുകാരെ എങ്ങനെ വായിയ്ക്കുന്നു എന്നുള്ളത് എനിയ്ക്ക് കൗതുകമാണ് (അതേ സമയം അൻവറിന്റെ “കോമ” യിലെ കുറ്റാന്വേഷകരെ പരിചയപ്പെടുത്തുന്ന ക്ളീഷേ വായിച്ചപ്പോൾ തന്നെ ഞാൻ കോട്ടുവായിട്ടു, അന്വേഷകർ ഒക്കെ weird ആവണം എന്നൊരു നിർബന്ധമാണ് ആളുകൾക്ക്. ഡിറ്റക്റ്റീവ് പ്രഭാകരൻ വ്യത്യസ്‍തനാണ് പക്ഷേ പല കഥകളും ബോറാണ്). ഒരു പക്ഷെ ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച എഴുത്തുകാരനായ യു നെസ്‌ബോയും (Jo Nesbo) വളരെ സാവധാനം കഥ പറയുന്ന ആളാണ് (ജെകെ റൗളിങ് അഥവാ റോബർട്ട് ഗാൽബ്രെയ്ത്ത് ഇതേ രീതിയാണ് പിന്തുടരുന്നത്). Silent Parade ആദ്യമേ കൊലയാളിയെ വെളിപ്പെടുത്തുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി കൊലയാളിയെ കൊല്ലാൻ പോയവർ ആ കൃത്യം എങ്ങനെ ചെയ്തു എന്നതാണ് ഇവിടത്തെ അന്വേഷണം, നോവലിന്റെ ദീർഘമായ അവസാന ഭാഗങ്ങളിലാണ് കൊലയാളിയുടെ ബാക്‌സ്റ്റോറി വരുന്നത്. ഈ ഭാഗങ്ങൾ നോവലിന്റെ ശക്തി നഷ്ടപ്പെടുത്തി എന്നാണ് എന്റെ വിചാരം. യൂകാവ ഭയങ്കര ബോറാണ് ഈ നോവലിൽ – അയാളെ എഴുത്തുകാരൻ കയറൂരി വിട്ടിരിയ്ക്കുകയാണ്. അതും നോവലിന്റെ പോരായ്മയാണ്. ഹിഗാഷിനോയുടെ പല നോവലുകളിലും ആദ്യം ഒരു ഹിന്റുണ്ടാകും. ഇവിടെയുമുണ്ട്. അതുപോലെ കൊലപാതകത്തെപ്പറ്റി യുകാവ അവതരിപ്പിയ്ക്കുന്ന തിയറി വാസ് ബ്രെത്റ്റെയ്ക്കിങ്. എന്നാലും, നെസ്‌ബോയ്ക്കു അടുത്ത കാലത്തു സംഭവിച്ചപോലെ ഹിഗാഷിനോയ്ക്കും കരിയറിന്റെ പീക്ക് അവസാനിച്ചെന്ന് വേണമെങ്കിൽ വിചാരിയ്ക്കാവുന്നതാണ്. അപ്പോഴും അവർക്കു സമരായി ഇപ്പോൾ മറ്റാരുമില്ല.

3) മരിയാ റോസിന്റെ “ഹിച്ച്കോക്ക് അവതരിപ്പിയ്ക്കുന്നു” എന്ന പുസ്തകത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടില്ലെങ്കിൽ – വളരെ അനായാസമായി നിങ്ങൾക്ക് സംഘടിപ്പിയ്ക്കാവുന്ന ഒരു ഫൈവ് സ്റ്റാർ പുസ്തകമാണ് അതെന്നാണ് എന്റെ അഭിപ്രായം. വഴിയേ പോവുന്ന സകല ക്രൈം നോവലുകളും പോപ്പുലർ ആവുന്ന സമയത്ത്, ഹിച്ച്കോക്ക് തന്റെ ടെലിസീരീസിനുവേണ്ടി ഹാൻഡ്‌പിക്ക് ചെയ്ത കഥകളുടെ പരിഭാഷയാണ് ഈ സമാഹാരത്തിൽ വന്നിരിയ്ക്കുന്നത്. ഇറ്റ്സ് എ ഫൺ റീഡ്. എല്ലാ കഥയിലുമുള്ള വളരെ ആയാസരഹിതമായ ഹ്യൂമർ ആണ് മറ്റൊരു ഘടകം. പരിഭാഷയും വളരെ മികച്ചത്. ആദ്യ കഥയിൽ ഒരു ലെഗ് പീസ് ഇറച്ചിക്കഷണം കൊണ്ട് ഭർത്താവിന്റെ തലയ്ക്കടിച്ച് അയാളെ കൊലപ്പെടുത്തിയ ഭാര്യ അയാളുടെ സഹപ്രവർത്തകരായ പോലീസുകാർക്ക് അതേ ഇറച്ചിക്കഷണം അവനിൽ വച്ച് വേവിച്ചു കൊടുക്കുകയാണ്. പൊലീസിന് സംശയങ്ങളുണ്ട്, എന്നാലും അവർ ചിക്കൻ തിന്നുന്നു. ഫെൽഹാം എന്നൊരുത്തൻ തന്റെ ജീവിതത്തിൽ ഒരു അപരനുണ്ടെന്നു കണ്ടുപിടിയ്ക്കുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും എല്ലാം ഫെൽഹാം തന്നെയാണ് അപരൻ എന്നാണ് വിചാരം. അവസാനം തന്റെ ഒപ്പു വരെ മറ്റെയാൾ കോപ്പി അടിയ്ക്കുന്നതോടു കൂടെ അയാൾ അത്രയും കാലത്തെ ജീവിതത്തിൽ നിന്ന് തന്നെ പുറത്താകുകയാണ് (പത്മരാജന്റെ “അപരന്റെ” കഥ തന്നെ, മോഷണമെന്നല്ല, സാദൃശ്യം). പരാജയം നേരിടുകയേ വേണ്ടിവരാഞ്ഞ അതിമിടുക്കനായ ഒരു ഡിറ്റക്റ്റീവ് താൻ വിദഗ്ദമായി തെളിയിച്ച കേസിൽ തനിയ്ക്ക് തെറ്റ് പറ്റിയെന്ന് ഒരു അപരിചിത സന്ദർശകനിൽ നിന്ന് മനസ്സിലാക്കുകയാണ്. തന്റെ റെക്കോർഡ് ക്ളീൻ ആക്കാൻ അയാളെന്തു ചെയ്യും? അതാണ് ബാക്കി കഥ. ഇമ്മാതിരി കൊച്ചു കൊച്ചു കഥകളുടെ സമാഹാരമാണ് ഇത്. ഈ പുസ്തകം ഇനിയും പോപ്പുലർ ആവാത്തത് എന്തെന്ന് എനിയ്ക്കറിയില്ല. കൂട്ടത്തിൽ, ഇതിലെ ഒരു കഥയിൽ നിന്നാണെന്നു തോന്നുന്നു എഴുത്തുകാരൻ തന്റെ തൂലികാനാമം കണ്ടെത്തിയത്.

4) ഗ്രീക്ക് -ഓസ്‌ട്രേലിയൻ വംശജനായ Peter Papathanasiou-വിന്റെ നോവലാണ് The Stoning. ജോർജ്ജ് മനോലിസ് എന്ന ഗ്രീക്ക് വംശജനാണ് ഉൾനാടൻ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഈ കഥയിലെ നായകൻ. ഒരു പെൺകുട്ടി കല്ലെറിഞ്ഞു കൊല്ലപ്പെടുന്നു. സംഭവസ്ഥലത്തിനടുത്ത് ഓസ്‌ട്രേലിയൻ തീരത്തു വന്നെത്തുന്ന അഭയാർത്ഥികളെ പാർപ്പിയ്ക്കുന്ന (കുപ്രസിദ്ധമായ) ഒരു ഡിറ്റൻഷൻ സെന്ററുണ്ട് (ഇതിനെപ്പറ്റി അടുത്ത് വന്ന രണ്ടു നോവലുകളുണ്ട്, ഒന്ന് അഭയാർത്ഥി തന്നെ എഴുതിയത് (പേര് പെട്ടെന്നോർക്കാൻ കഴിയുന്നില്ല), പിന്നൊന്ന് ശ്രീലങ്കൻ നോവലായ പാസേജ് നോർത്തിൽ വരുന്ന പരാമർശങ്ങൾ). അതാകട്ടെ അന്നാട്ടുകാരുടെ കണ്ണിലെ കരടും. വളരെ സ്ലോ ആയുള്ള കുറ്റാന്വേഷണമാണ് ഈ പുസ്തകത്തിൽ. കാരണം എഴുത്തുകാരന് മൈഗ്രെഷനാണ് യഥാർത്ഥ വിഷയം, ഒരു പക്ഷെ എഴുത്തുകാരന്റെ ആത്മകഥാംശമുള്ള നായകന്റെ കഥയിൽ, ഗ്രീക്ക് അഭയാർത്ഥിയായി അന്നാട്ടിൽ വരികയും ഓസ്‌ട്രേലിയൻ റേസിസം അനുഭവിയ്ക്കുകയും ചെയ്ത കുടുബത്തിൽ നിന്ന് വന്ന നായകന് കടൽ കടന്നെത്തുന്ന മനുഷ്യരോട് അനുകമ്പയുണ്ട്. എന്നാൽ അറബികൾ/മുസ്ലീങ്ങൾ ആയിരിയ്ക്കും കല്ലെറിഞ്ഞു കൊല്ലുക എന്ന ധാരണ അയാൾക്കുമുണ്ട്. ഒരു സമയം കഴിഞ്ഞാൽ കുറ്റാന്വേഷണം പിന്നിലാവുകയും സോഷ്യൽ ഇഷ്യൂസ് മുന്നോട്ടു വരികയും ചെയ്യുന്ന കഥയാണ് നോവലിന്റെ എന്ന് ചുരുക്കത്തിൽ. അത് നോവലിനെ ഒരു ത്രില്ലർ എന്ന നിലയിൽ ബാധിയ്ക്കുന്നുണ്ട്. എന്നാൽ, നോവലിന്റെ പ്രഹരശേഷിയ്ക്കു വലിയ കുറവൊന്നുമില്ല താനും (ക്രൈം തെളിയുന്ന അവസാന ഭാഗങ്ങളിലെ സീനുകൾ ചടുലമാണ്). ഇത് അന്നാട്ടിലും യൂറോപ്പിലും അടുത്ത കാലത്ത് വളരെ ജനപ്രീതി നേടിയ നോവലാണ്. താല്പര്യമുള്ളവർ മാത്രം വായിയ്ക്കുക. കേരളത്തിലെ ക്രൈം നോവലുകൾ എത്ര പരിമിതങ്ങളാണ് എന്ന് മനസ്സിലാക്കാനും ഇമ്മാതിരി വായനകൾ നല്ലതാണ്. റീഡർ ഗ്രൂപ്പുകൾ പലതും പുഷ്പനാഥിൽ നിന്ന് വികസിയ്ക്കാത്തതുകൊണ്ടു പ്രത്യേകിച്ചും.

8 thoughts on “ചില ക്രൈം വായനകൾ”

  1. ഹിച്ച്കോക്ക് സിനിമകൾ കണ്ടുതുടങ്ങും മുന്നേ തന്നെ വായിച്ച് രസിച്ച പുസ്തകമാണ് ‘ഹിച്ച്കോക്ക് അവതരിപ്പിയ്ക്കുന്നു’. അത് ഒരു ഒലിവ്/ പാപ്പിയോൺ എഡിഷൻ ആയിരുന്നു. പിന്നെ കുറച്ചുകാലം പ്രിന്റിൽ ഇല്ലായിരുന്നു എന്ന് തോന്നുന്നു. ഇപ്പൊ Hammer Library തന്നാണല്ലേ ഇറക്കിയത്.
    എൻറെ അറിവ് ശരിയാണെങ്കിൽ അദ്ദേഹത്തിൻറെ പേര് വരുന്നത് പീറ്റർ പാൻ ഒക്കെ എഴുതിയ J.M.Barryയുടെ Mary Rose എന്നുപറഞ്ഞ പ്ളേയിൽ നിന്നാണ്(ഹിച്ച്‌കോക്കിന് ഇത് adapt ചെയ്യാൻ പ്ളാനുണ്ടായിരുന്നു). സ്‌കൂളിൽ പഠിപ്പിച്ച ഒരു മിസ്സിൻറെ പേര് അതിനോട് ചേർത്ത് മരിയ റോസ് എന്നാക്കി എന്നോ മറ്റോ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top