ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ്മുടെ എഴുത്തുകാര്ക്കൊക്കെ ഉണ്ടായിട്ടുള്ള ചാഞ്ചല്യം പോലെ നാസിപ്രേമം തലയ്ക്കു പിടിച്ച ന്യൂട്ട് ഹാംസൺ – പൊതുസമൂഹവും എഴുത്തുകാരുമെല്ലാം അയാളെ തെറ്റുതിരുത്താൻ സ്നേഹപൂർവ്വം നിർബന്ധിയ്ക്കുകയാണുണ്ടായത്). അതിൽ ഏറ്റവും കൗതുകമായത് മൈ സ്ട്രഗിൾ സീരീസിലെ അഞ്ചാം പുസ്തകത്തിൽ (ഇപ്പോഴത്തെ നോർവീജിയൻ ഗ്രേറ്റ് യാൻ ഫൊസെയുടെ ക്രീയേറ്റീവ് റൈറ്റിംഗ് ക്‌ളാസിൽ പോകുന്നതിനു മുന്നോടിയായി ) ഹംഗർ വായിയ്ക്കുമ്പോൾ എങ്ങനെയാണ് ഹാംസൺ Tense മാറ്റി ഉപയോഗിയ്ക്കുന്നത് എന്നത് ശ്രദ്ധിയ്ക്കുന്ന ഭാഗമാണ്.
“I discovered something on the very first page. There was a tense shift. First of all Hamsun wrote in the past, then he suddenly switched to the present, and then back again. I underlined it, put the book down and fetched a sheet of paper from the desk in my bedroom. Back on the sofa, I wrote:
Hamsun, Hunger. Notes, 14/8/1988
Starts in general terms, about the town. Perspective from a distance. Then main protagonist wakes up. Switches from past to present. Why? To create more intensity, presumably.”
1890-ൽ വന്ന പുസ്തകമാണ്. അഥവാ, ഡ്രാക്കുള പോലുള്ള നോവലുകൾക്കും മുന്നെ. ഓസ്ലോയിലാണ് നായകൻ നടക്കുന്നത് (അന്ന് സിറ്റിയുടെ പേര് മറ്റൊന്നാണ്). ഇതിന്റെ മലയാളം പരിഭാഷ ഞാൻ പഠിയ്ക്കുന്ന കാലത്താണ് വായിയ്ക്കുന്നത്. എന്നെ ഇമോഷണലി ബാധിച്ച പുസ്തകമാണ് അത്. കൊറോണക്കാലത്ത് ഇംഗ്ളീഷിലും വായിച്ചു. അന്നും, അതേ വികാരങ്ങൾ. അതാണ് ക്‌ളാസിക് നോവലുകളുടെ ശക്തി എന്ന് പറയുന്നത്.
വർഷങ്ങൾക്കുശേഷം വായന ആവേശം പോലെ ബാധിച്ച കാലത്താണ് നെയ്‌പാളിനെ ആദ്യമായി വായിയ്ക്കുന്നത്. ലിറ്റററി ഒക്കേഷൻസ് എന്ന എസ്സേ കളക്ഷൻസ് ആണ് ആദ്യമെന്നു തോന്നുന്നു. പിന്നെ എനിഗ്മ ഓഫ് അറൈവൽ. അതിൽ ഗ്രാമപ്രദേശത്തു വന്നു താമസിയ്ക്കുന്ന ഒരാളുടെ സഞ്ചാരങ്ങളാണ് കേന്ദ്രത്തിൽ. അതുപോലൊരു നോവൽ അന്നുവരെ ഞാൻ വായിച്ചിട്ടില്ലായിരുന്നു. Giorgio de Chirico പെയിന്റിങ്ങാണ് പേരിന്റെ ആധാരമെന്നും, ട്രിനിട്രാഡിൽ നിന്ന് വന്ന ചെറുപ്പക്കാരനായ നെയ്‌പാൾ ലണ്ടനിൽ നിന്നും അകലെയുള്ള ഒരു ഗ്രാമത്തിൽ ഏകാകിയായി താമസിയ്ക്കുകയും ആ സ്ഥലത്തെ “ചരിത്രത്തിൽ ഉറഞ്ഞുപോയ” ഒരു സ്ഥലമായി കാണുകയും അതിനെ വിവരിയ്ക്കുകയുമൊക്കെയാണെന്നു പിൽക്കാല വായനകളിൽ നിന്ന് മനസ്സിലായി. സബർബൻ ഇംഗ്ലണ്ടിൽ നീണ്ട നടത്തങ്ങൾക്കു പോകുന്ന ഒരാളുടെ ചിത്രം എന്തുകൊണ്ടോ fascinating ആയി അന്ന് തോന്നി.
That idea of ruin and dereliction, of out-of-placeness, was something I felt about myself, attached to myself: a man from another hemisphere, another background, coming to rest in middle life in the cottage of a half-neglected estate, an estate full of reminders of its Edwardian past, with few connections with the present.
ഈ വാചകങ്ങൾ വായിയ്കുമ്പോൾ തന്നെ മനസ്സിൽവരുന്ന എഴുത്തുകാരൻ സെബാൾഡാണ്. സമാന എഴുത്തുകാരെ തിരയുക എന്ന സങ്കേതം വച്ചു ഗൂഗിളിൽ സെർച്ച് ചെയ്ത ഞാൻ അടുത്തതായി എത്തിച്ചേർന്ന എഴുത്തുകാരനാണ് സെബാൾഡ്. മേലെയുള്ള വാചകങ്ങൾ നോക്കൂ, സെബാൾഡിനെ ആറ്റിക്കുറുക്കിയ പോലെ തോന്നും. റിങ്‌സ് ഓഫ് സാറ്റേൺ എന്ന നോവലായിരുന്നു ഞാൻ ആദ്യം വായിച്ചത്, അതിൽ ഇംഗ്ളീഷ് ടൗണുകളുടെ പ്രാന്തപ്രദേശങ്ങളിൽ നടക്കാൻ പോകുന്ന ഒരാളാണ് നായകൻ. എന്നാൽ സെബാൾഡിന്റെ സോഫിസ്റ്റിക്കേഷൻ അനന്യമാണ്. അതുപോലൊരു dense ഭാഷയുള്ള എഴുത്തുകാരൻ കഴിഞ്ഞ പത്തിരുപതു വർഷത്തിനിടയിൽ അപൂർവ്വമാണ് എന്നാണ് എന്റെ നിരീക്ഷണം.
I think that fiction writing which does not acknowledge the uncertainty of the narrator himself is a form of imposture which I find very, very difficult to take. Any form of authorial writing where the narrator sets himself up as stagehand and director and judge and executor in a text, I find somehow unacceptable. I cannot bear to read books of this kind.
എന്ന അയാളുടെ കമന്റ് ചില്ലിട്ട് വയ്‌ക്കേണ്ടതുമാണ്, എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ള വാചകമാണ് അത്.
അവിടെനിന്നാണ് റ്റേജു കോളിന്റെ ഓപ്പൺ സിറ്റി എന്ന അസാധാരണമായ നോവലിൽ എത്തുന്നത്. അതിലെ നായകൻ അലയുന്നത് ന്യൂ യോർക്കിലാണ് (നോവലിന്റെ അവസാനത്തോടടുക്കുമ്പോൾ ആഖ്യാതാവിന്റെ മറ്റൊരു ചിത്രം നമ്മുടെ മുന്നിലെത്തും, ഇത് അത്ര മികച്ച വർക്ക് അല്ല, എന്നാലും അസാധാരണമാണ്, അന്നത്തെ വായനയിൽ ഉജ്ജ്വലമായി തോന്നിയിരുന്നു). ഈ എഴുത്തുകാരനും മുന്തിയ വായനക്കാരനാണ്. കിനോസ്‌ഗാർഡായാലും സെബാൾഡായാലും മറ്റെഴുത്തുകാരെപ്പറ്റി അസാധാരണമായ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. റ്റേജുവാണ് ട്രാൻസ്ട്രോമർ എന്ന അത്യുജ്ജ്വല കവിയെ എനിയ്ക്ക് പരിചയപ്പെടുത്തിയത് എന്നാണ് എന്റെ ഓർമ്മ. Known and Strange Things: Essays എന്ന പുസ്തകം ഒന്നാന്തരമാണ്. അതിൽ അയാൾ സെബാൾഡിനെപ്പറ്റി എഴുതിയ ലേഖനം എനിയ്ക്കേറെ പ്രിയപ്പെട്ടതാണ്.
കൗതുകമായുള്ള കാര്യം ഈ അന്വേഷണത്തിന്റെ, “നടക്കുന്ന നായകർ” എന്നു വേണമെങ്കിൽ പറയാം, അവസാനം എത്തിച്ചേർന്നത് കിനോസ്‌ഗാര്ഡിലാണ് എന്നതാണ്. അയാളാകട്ടെ എനിഗ്മ ഓഫ് അറൈവൽ വായിയ്ക്കുന്നുണ്ട്, മൈ സ്ട്രഗിൾ സീരീസിൽ മൂന്നാം പുസ്തകത്തിലോ മറ്റോ. അഞ്ചാം പുസ്തകത്തിൽ ഹാംസൺ. അയാളുടെ നായകനും, അയാൾ തന്നെ, നടക്കുന്നുണ്ട്, കണ്ടമാനം (അയാൾ നടക്കുന്നതും ഹാംസൺ നടന്ന സ്ഥലങ്ങളിൽ തന്നെ). തന്റെ ആഴമേറിയ നിരീക്ഷണങ്ങൾ എവിടെനിന്നു വരുന്നു എന്ന ചോദ്യത്തിന് അയാൾ പറയുന്ന മറുപടി അലച്ചിലുകൾ എന്നാണ് – ഫ്യോർഡിൽ വനമേഖലയിൽ താമസിയ്ക്കുമ്പോൾ മഴ പെയ്യുന്നതും, വെയിലും മഴയിലും പച്ചയുടെ ഷെയ്ഡുകൾ മാറുന്നതും, താമസിച്ചിരുന്ന വിവിധ നാടുകളിൽ മഴയുടെ വൈവിധ്യവും, വെയിലുകളും നിഴലുകളും ആ പശ്ചാത്തലത്തിലെ മനുഷ്യരും അവരുടെ ചേഷ്ടകളും എല്ലാം ആവിഷ്കരിയ്ക്കാൻ അയാൾ ഒരു സിംപിൾ ആവുമ്പോഴും വിശദാശങ്ങളിൽ ഊന്നിയുള്ള ഒരു ആഖ്യാനരീതി കണ്ടെത്തിയെന്നതാണ്. അതുകൊണ്ടുള്ള അനായാസത അയാളെ നോവലിന് നടുവിൽ ഹിറ്റ്ലറെപ്പറ്റിയുള്ള നെടുങ്കൻ എസ്സേ എഴുതാൻ സഹായിയ്ക്കുന്നു. അതേ ശക്തികൊണ്ടാണ് കഴിഞ്ഞ വർഷം ഒരു ഹൊറർ/ത്രില്ലർ നോവൽ എഴുതാൻ അയാളെ സഹായിച്ചത്.
ക്ലബ് ഹൗസിൽ ആഴ്ചതോറും വായനയെപ്പറ്റി നടത്തിയിരുന്ന വൺ സൈഡഡ് ടോക്കിലെ ഒരു ദിവസത്തെ ടോപ്പിക്കായിരുന്നു ഇത് – നടക്കുന്ന നായകർ. ആ ഓർമ്മയിൽ എഴുതിയത്. അന്ന് കുറച്ചുകൂടി വിശദമായിരുന്നു. സംസാരത്തിൽ അങ്ങനെ വരും. എന്നാൽ എഴുത്തിൽ അത്രയും വയ്യ താനും.