ഈ വർഷം ഇതുവരെ 9 പുസ്തകങ്ങൾ വായിച്ചു(കഴിഞ്ഞ വര്ഷം വായന തുടങ്ങിയവ ഉൾപ്പെടും). നാലെണ്ണം മക്കാർത്തിയായിരുന്നു. ബോർഡർ ട്രിലജിയും നോ കൺട്രി ഫോർ ഓൾഡ് മെൻ-ഉം. മക്കാർത്തിയുടെ ടെക്സ്റ്റ് കേവല ഭാഷാ അഭ്യാസമായി ചിലർ കാണാറുണ്ട്. എന്നാൽ എനിയ്ക്ക് അത് ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഉന്നതിയാണ് – വായനക്കാരനെ തന്റെ ലോകത്തേയ്ക്ക് വലിച്ചെടുക്കാനുള്ള കഴിവ് ഈ എഴുത്തുകാരനുണ്ട് ട്രിലജി തീരാനായപ്പോൾ എനിയ്ക്ക് നിരാശപോലും തോന്നാൻ തുടങ്ങി (പട്ടുനൂൽപ്പുഴുവിൽ ഇതേ അനുഭവമുണ്ടായിരുന്നു). മക്കാർത്തി എന്നെ ചിന്താകുലനാക്കി – മക്കാർത്തിയുടെ ഈ നോവൽ ത്രയത്തിന്റെ കേന്ദ്രത്തിൽ കൗ ബോയ് /റാഞ്ച് ജീവിതത്തിന്റെ നൊസ്റ്റാൾജിയയിൽ ഭ്രമിച്ചു വീട് വിട്ടിറങ്ങുകയും ജീവിതത്തിന്റെ മറുവശത്തെ അഭിമുഖീകരിയ്ക്കേണ്ടി വരികയും ചെയ്യുന്ന കൗമാരക്കാരാണ് – അതിസങ്കീർണ്ണമായ മെക്സിക്കൻ ലോകം അവരെ വിഴുങ്ങുന്നു. ഒരു വൃദ്ധ മെക്സിക്കൻ ചരിത്രത്തെപ്പറ്റി അതിലൊരാളോട് ദീർഘമായി സംസാരിയ്ക്കുന്നുമുണ്ട്. എഴുത്തുകാരന് നിഹിലിസം പ്രിയ വിഷയമാണ് – പക്ഷെ കൾച്ചർ, എക്സിസ്റ്റെൻഷ്യൽ തീമുകളും അതിനൊപ്പം അയാൾ എക് സ് പ്ലോർ ചെയ്യുന്നു(നോവലിൽ ധാരാളം സ്പാനിഷ് സംഭാഷണങ്ങളുണ്ട്, അതിന് ഇംഗ്ളീഷില്ല). പലപ്പോഴും സ്റ്റണ്ണിങ് എന്ന് പറയാവുന്ന വിവരങ്ങൾ ഈ നോവലുകളിലുണ്ട്. ട്രിലജിയിലെ അവസാന പുസ്തകത്തിൽ ബില്ലി എന്ന കഥാപാത്രത്തിനെ കൈകാര്യം ചെയ്ത വിധം, നോ കൺട്രിയിലെ അവസാന ഡൈവേർഷൻ (ഇവിടെയാണ് സിനിമ എത്ര ക്ലെവർ ആയിരുന്നെന്നു നമുക്ക് മനസ്സിലാവുക, അതുവരെ സിനിമ പുസ്തകത്തെ അക്ഷരം പ്രതി അനുകരിയ്ക്കുകയാണ്, ശരിയ്ക്കും, ഇറ്റ്സ് സൊ ഇൻക്രെഡിബിൾ) തുടങ്ങി ചെറിയ കല്ലുകടികൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാൻ ഏറെ ആലോചന ചെയ്ത വായനയായിരുന്നു ഈ പുസ്തകങ്ങളുടേത്.
ഇന്റർനെറ്റിന്റെ പ്രിയ ഫിലോസഫർ എന്ന് വിളിയ്ക്കപ്പെടുന്ന എഴുത്തുകാരനാണ് ജർമ്മൻകാരനായ Byung-Chul Han ഡിജിറ്റലൈസേഷനും അതുണ്ടാക്കുന്ന ഏകാന്തതയും അതിന്റെ വെല്ലുവിളികളുമാണ് അയാളുടെ തീംസ്. വിറ്റ കൺടെംപ്ളേറ്റിവ എന്ന പുസ്തകവും ബേൺ ഔട്ട് സൊസൈറ്റിയും എങ്ങനെയാണു ക്യാപിറ്റലിസം പ്രൊഡക്ടിവിറ്റി എന്നും പറഞ്ഞു ഉത്തേജിപ്പിച്ചു വ്യക്തിയെ വിശ്രമം, ചിന്ത എന്നിവയിൽ നിന്ന് അകറ്റുന്നത് എന്ന് വിവരിയ്ക്കുന്നു (ദിവസം മുഴുവൻ ഒരു കലണ്ടർ കൺട്രോൾ ചെയ്യുന്ന അവസ്ഥ) – രണ്ടു പുസ്തകങ്ങളും ഫിക്ഷനെ ധാരാളം ഉപയോഗിയ്ക്കുന്നുണ്ട്. ആളുകളോട് വെറുതെയിരിയ്ക്കാനും, വിശ്രമിയ്ക്കാനും, ചിന്തിയ്ക്കാൻ സമയം കണ്ടെത്താനും നിയോ ലിബറലിസത്തെ ചെറുക്കാനുമൊക്കെ പറയുന്ന ഒരു ഫിലോസഫർ എന്ന കൗതുകമാണ് എന്നെ അയാളിലെത്തിച്ചത്. ചിന്തയ്ക്ക് സമയം കണ്ടെത്തിയെന്ന് പറയേണ്ടല്ലോ. പൊറ്റാൾ 3 മുന്നോട്ടു പോവാൻ ഇത് സഹായമായി എന്നതുമുണ്ട്.
ആനന്ദിന്റെ എഴുത്തുലോകത്തെ നിരന്തരം ഓർമ്മിപ്പിയ്ക്കുന്ന പുസ്തകമാണ് തപോമയി. ഞാൻ മുന്നേ എഴുതിയപോലെ രണ്ടോ മൂന്നോ ലിറ്റററി മോമെന്റുകൾക്കായാണ് ഈ നോവൽ നമ്മൾ വായിയ്ക്കുന്നത്. മറ്റൊന്നും പുതുതായി നോവലിസ്റ്റിനു പറയാനില്ല. നല്ല ഭാഷ കൈവശമുള്ള എഴുത്തുകാരനാണ് എന്നതുകൊണ്ട് പുസ്തകം രക്ഷപ്പെട്ടു പോകുന്നു എന്നേയുള്ളൂ. കമ്യൂവിന്റെ സ്ട്രെയ്ഞ്ചർ ആണ് പിന്നെ വായിച്ച ഒരു പുസ്തകം – മുന്നേ വായിച്ചത് വളരെ പണ്ടായിരുന്നു. അതുപോലെ പ്ളേഗും വായിച്ചു. പാമുക്കിന്റെ ബോറൻ നോവൽ നൈറ്റ്സ് ഓഫ് പ്ളേഗ് വായിയ്ക്കുമ്പോൾ ഇതുപോലെ എന്തോ വായിച്ചല്ലോ എന്ന ഓർമ്മ വന്നിരുന്നു – സ് കൂൾകാലത്തോ മറ്റോ വായിച്ച പുസ്തകമായിരുന്നു പ്ളേഗ് – പാമുക്കിന്റെ നോവൽ ഇതിനുള്ള ഹൊമാജ് കൂടിയായിരുന്നു എന്ന് ബോധ്യമായി. മലയാളത്തിൽ ഞാൻ വായിച്ച ഒരു കുറിപ്പിൽ പോലും ഈ കണക്ഷൻ ആരും ഓർത്തില്ല എന്നതാണ് (പാമുക്കിന്റെ നോവൽ ഒരു വട്ടം വായിച്ചു, രണ്ടാം വട്ടവും വായിയ്ക്കുന്നു എന്ന് ഒരു പ്രമുഖൻ എഴുതിയിരുന്നു, ലോൾ, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമയമെടുത്ത പുസ്തകമായിരുന്നു ഇത് – മക്കാർത്തി മൊത്തം വായിയ്ക്കാൻ അത്രയും സമയം എനിയ്ക്ക് വേണ്ടിവന്നില്ല – അമ്മാതിരി ഫ്രോഡുകളാണ് എല്ലാ ഫെസ്റ്റിവലിലും പോയി സെഷനായ സെഷൻ മുഴുവൻ എടുക്കുന്നത് എന്നത് കൂടിയോർക്കുക). മറ്റൊരു പുനർവായനയായ ഡെത്ത് ഇൻ വെനീസ് ( ഇന്നലെ രാത്രി ബസ്സിലിരുന്ന് തീർത്തു), തോമസ് ബിനു പോൾ വായിയ്ക്കുന്നതു കണ്ടു കഴിഞ്ഞ വര്ഷം വായിച്ചു തുടങ്ങിയ ഫ്രന്റഹോളിക് എന്ന പുസ്തകവും കൂടി ആയാൽ ലിസ്റ്റ് തികഞ്ഞു.