RIP Paul Auster

പോൾ ഓസ്റ്റർ ഏറെക്കുറെ തന്റെ മരണം പ്രവചിച്ചിരുന്നു, ബോംഗോർട്നർ എന്ന നോവൽ തന്റെ അവസാനത്തേതായിരിയ്ക്കും എന്നയാൾ പറഞ്ഞിരുന്നു. അമേരിക്കൻ മോഡേൺ എഴുത്തുകാരിൽ എന്തോ ഒരു പ്രത്യേക അടുപ്പം ഈ എഴുത്തുകാരനോടുണ്ടായിരുന്നു. അയാളുടെ നോവലുകളുടെ പേരുകളാണോ അതിന് പിന്നിൽ എന്നറിയില്ല, വളരെ കൗതുകം/ദുരൂഹത തോന്നുന്നവ. അയാളുടെ ചെറുപ്പത്തിൽ ഒരു സമ്മർ ക്യാമ്പിൽ വച്ച് കൂടെയുള്ള ഒരു കുട്ടി ഇടിമിന്നലേറ്റ് മരിയ്ക്കുന്നത് (ഇതൊരു നോവലിലുണ്ട്), അമ്മൂമ്മ അപ്പൂപ്പനെ വെടിച്ചുവച്ചു കൊല്ലുന്നത്, കൊറോണക്കാലത്തിനുശേഷം മകൻ ഡ്രഗ് ഓവര്ഡോസുകൊണ്ട്‌ മരിയ്ക്കുന്നത് – ഇങ്ങനെ റാൻഡം കാര്യങ്ങൾ കുറെ ഓർമ്മ വരും. റുഷ്ദിയും അയാളും തമ്മിലുള്ള ബന്ധം ഗാഢമായിരുന്നു, “നൈഫി”ൽ റുഷ്ദി ഇതെടുത്തു പറയുന്നുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ കൗതുകകരായ കാര്യം ഉജ്ജ്വലയായ ലിഡിയ ഡേവിസും അയാളും പങ്കാളികളായിരുന്നു എന്നതാണ് – അവസാന നോവലിൽ ലിഡിയയെപ്പോലെ കഥയെഴുതുന്ന, മരിച്ചുപോയ ഭാര്യയുടെ ഓർമ്മകൾ നായകൻ അയവിറക്കുന്നു (കോളേജുകാലം തൊട്ടുള്ള കഥകളാണതിൽ, ലിഡിയയെ കാണുന്നതും അങ്ങനെയാണ്), ഹോമാജ് എന്നാണ് ഞാൻ വിചാരിച്ചത്. സിരി ഹ്യൂസ്റ്റവ്റ്റ് എന്ന എഴുത്തുകാരിയായി പിന്നെ ഓസ്റ്ററിന്റെ പാർട്ണർ. അമേരിക്കയെക്കാളും യൂറോപ്പിലാണ് ഓസ്റ്റർക്ക് പ്രശസ്തിയെന്നു വായിച്ചിട്ടുണ്ട്. കുറച്ചുകൂടി അന്നാട്ടിലെ എഴുത്തുകാരുടെ ശൈലിയായതാകും കാരണമെന്നു തോന്നുന്നു. ഏറ്റവും നല്ല പുസ്തകമായി പൊതുവെ ആളുകൾ പറയുന്ന ട്രിലജിയിലെ നോവലുകൾക്ക് ഒരു മിസ്റ്ററി ടച്ചുണ്ട്, ബുക്ക് ഓഫ് ഇല്ല്യൂഷൻസ്, അമ്മയെപ്പറ്റിയുള്ള വിന്റർ ജേർണൽ തുടങ്ങി ഓർമ്മയുള്ളതും ഇല്ലാത്തതുമായ പല പുസ്തകങ്ങൾ. കൂറ്റ്സിയുമായുള്ള കത്തിടപാടുകൾ. ഓസ്റ്റർക്ക് വിട.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top