Knife – Salman Rushdie

റുഷ്ദിയുടെ “Knife”-ലെ പ്രധാന സംഭവങ്ങളിലൊന്ന് അയാൾ തന്നെ ആക്രമിച്ച ആളെ കാണാൻ വിചാരിയ്ക്കുന്നതാണ്. 82-കാരനായ നജീബ് മഹ്ഫൂസിനെ (നോബൽ വിന്നർ) സ്വമതത്തിൽ പെട്ട ഒരു വർഗ്ഗീയവാദി, അയാളുടെ ഒരു പുസ്തകത്തിന്റെ (ചിൽഡ്രൻ ഓഫ് ദി ആലി) പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നജീബ് പിന്നെയും പത്തുകൊല്ലത്തോളം ജീവിച്ചിരുന്നു. എന്നാൽ അയാൾ അക്രമിയ്ക്ക് മാപ്പുകൊടുത്തു. ഇഷ്ടക്കാരനായ ഒരു ജേർണലിസ്റ്റ് നജീബിനെ കണ്ടപ്പോൾ ഇതിനെപ്പറ്റി ചോദിച്ചു, അപ്പോഴാണ് ഐ ഫോഗിവ് ഹിം ബട്ട് ഐ കാണ്ട് പാഡൺ ഹിം എന്ന് എഴുത്തുകാരൻ പറഞ്ഞത്. ജേർണലിസ്റ്റ് ജയിലിൽ ചെന്ന് ഇതു പറഞ്ഞപ്പോൾ അക്രമി അത് തള്ളിക്കളഞ്ഞു. അയാളുടെ കണ്ണിൽ നജീബ് എല്ലാമർഹിയ്ക്കുന്നു എന്നായിരുന്നു. അയാൾ നജീബിന്റെ ഒരു പുസ്തകം പോലും വായിച്ചിരുന്നില്ല, പക്ഷെ അയാളുടെ എമിർ അയാളോട് പറഞ്ഞത് മതിയായിരുന്നു അയാൾക്ക്‌ ഈ പ്രവർത്തി ചെയ്യാൻ. ഇതുപോലെ ഒരുത്തനാണ് റുഷ്ദിയെ കുത്തുന്നതും. അതിപ്പോൾ ഫത്വ ഇറക്കിയ ഖൊമെയിനി പുസ്തകം വായിച്ചിട്ടുണ്ടാകുമോ എന്ന് ചോദിച്ചാലും ഉത്തരം മിയ്ക്കവാറും ഇതാകും. നജീബിനെ പോലെ മികച്ച എഴുത്തുകാരനൊന്നുമല്ല താൻ എന്ന റുഷ്ദി പറയുന്നുണ്ട്. ഈ മീറ്റിംഗ് റുഷ്ദി ഭാവനയിൽ കാണുന്ന വിവരണവും പുസ്തകത്തിലുണ്ട്. വളരെ ലിബറലായി കാര്യങ്ങളെ വിമർശിയ്ക്കാവുന്ന സാഹചര്യങ്ങളിൽ വളർന്നുവന്നയാളായിരുന്നു റുഷ്ദി, തന്റെ പരിഹാസം അതിരു കടന്നോ എന്നൊരു സംശയം ഒരു വേള അയാൾക്കുണ്ടെന്നു എന്റെ വായനയിൽ തോന്നി.

റുഷ്ദിയും ലെക്കാറേയും തമ്മിൽ തൊണ്ണൂറുകളിൽ ഈ വിഷയത്തിൽ വലിയ വാക്ക്പയറ്റു നടന്നിരുന്നു. അതിൽ പല ലിബറലുകളും റുഷ്ദിയുടെ പക്ഷം പിടിയ്ക്കുകയാണുണ്ടായത് (ഹിച്ചൻസ് ഒക്കെ). പിന്നെ അവർ തർക്കം അവസാനിപ്പിച്ചു എന്നാൽ ലേക്കാറേയുടെ ചോദ്യം ഇപ്പോഴും ഉത്തരമില്ലാത്തതാണ് – “Should we be free to burn Korans, mock the passionately held religions of others? Maybe we should – but should we also be surprised when the believers we have offended respond in fury? I couldn’t answer that question at the time and, with all good will, I still can’t”. എനിയ്ക്കു ഒരു മതത്തോടും ഒരു പ്രതിപത്തിയുമില്ല. താന്താങ്ങൾക്ക് മേൽക്കൈ ഉള്ളയിടങ്ങളിൽ തങ്ങളുടെ പ്രാകൃതത്വം അടിച്ചേൽപ്പിയ്ക്കുക എല്ലാ മതങ്ങളുടെയും സ്വഭാവമാണ്. ഹിന്ദുവും മാപ്ലയും നസ്രാണിയുമൊന്നും അക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല. അപ്പോഴും ഒരു വ്യക്തി vs മതം എന്ന് വരുമ്പോൾ ഞാൻ വ്യക്തിയ്‌ക്കൊപ്പമേ നിൽക്കൂ (മതം ഒരു സംഘടിത ശക്തിയാണ് എന്നത് തന്നെ കാര്യം), ഏതൊരു മനുഷ്യനും അങ്ങനെയാവും, വ്യക്തിയില്ലാതെ മതത്തിനെന്തു സാംഗത്യം?

Knife റുഷ്‌ദിയ്ക്ക് എതിരെ നടന്ന അക്രമണത്തിന്റെയും, അതിൽ നിന്നുള്ള അയാളുടെ റിക്കവറിയുടെയും കഥ പറയുന്നു. അയാളുടെ സുഹൃത്തുക്കളെല്ലാം അക്കാലത്തു മരണത്തിന്റെ വക്കത്തായിരുന്നു – മാർട്ടിൻ അമിസ് കാൻസർ വന്നു മരിച്ചു(അവരുടെ കാത്തിടപാടു പുസ്തകത്തിലുണ്ട്), ഹനീഫ് ഒരിടത്തു കുഴഞ്ഞു വീഴുകയും ചികിത്സയിലാവുകയും ചെയ്തു, പോൾ ഓസ്റ്റർ കാൻസർ ബാധിതനായി – അയാളുടെ അവസാന നോവൽ “ബോംഗാർട്ട്നർ” കഴിഞ്ഞകൊല്ലം ഞാൻ അവസാനം വായിച്ച പുസ്തകങ്ങളിലൊന്നായിരുന്നു, എഴുത്തുകാരന്റെ മകളും മരുമകനും ആയിടയ്ക്ക് മരിച്ചു – എല്ലാവരും ഒരുമിച്ചാണ് തങ്ങളുടെ പരിതഃസ്ഥിതികളോട് പോരടിയ്ക്കുന്നത്. റുഷ്ദി മാത്രമാണ് പൂർണ്ണമായി റിക്കവർ ചെയ്യുന്നതും. ഇമ്മാതിരി ഒരു പുസ്തകത്തെ റിവ്യൂ ചെയ്യുന്നതിന്റെ, റേറ്റ് ചെയ്യുന്നതിലോ കാര്യമില്ല. എന്നാലും അക്രമത്തിന്റെ ഭീകരത വളരെ ഒതുക്കത്തോടെ, വൈകാരികതയില്ലാതെ റുഷ്ദി പ്രെസെന്റ് ചെയ്യുന്നുണ്ട്. കുറച്ചുകൂടി ആഴത്തിലുള്ള ഒരു അനാലിസിസ് ഞാൻ പ്രതീക്ഷിച്ചു എന്ന് മാത്രം.

2 thoughts on “Knife – Salman Rushdie”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top