Walter Isaacson എഴുതിയ “Steve Jobs” ജോബ്സ് മരിയ്ക്കുന്നതിന് തൊട്ടുമുന്നെ വന്ന അയാളുടെ ജീവചരിത്രമാണ്. മണ്ടേലയുടെ, എയ്ൻസ്റ്റീന്റെ, ഡാവിഞ്ചിയുടെ ഒക്കെ ജീവിതകഥ എഴുതിയ ഐസാക്സണ് പക്ഷെ ആപ്പിൾ കമ്മ്യൂണിറ്റിയിൽ നിന്നും ജോബ്‌സിന്റെ ഫാൻബോയ്സിൽ നിന്നും സെലിബ്രിറ്റി ആപ്പിൾ ബ്ലോഗേഴ്സിൽ നിന്നുമൊക്കെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പക്ഷെ ജീവചരിത്രകാരന് അവരുടെ വൈകാരികത ഉണ്ടാകണം എന്നില്ലല്ലോ. ഈ ഗ്രൂപ്പിന് കുറേക്കൂടി ബോധിച്ച പുസ്തകമായിരുന്നു Brent Schlender എഴുതിയ “Becoming Steve Jobs”. അത് ജോബ്‌സിന്റെ ഓന്റർപ്രെനർ എന്ന നിലയിലെ പരിണാമത്തെ കുറച്ചുകൂടി ഫോളോ ചെയ്ത പുസ്തകമായിരുന്നു. ജോബ്സ് പല വിചിത്ര സ്വഭാവങ്ങൾക്കും ഉടമയായിരുന്നെന്നും, കൂടെ ജോലിയെടുക്കാൻ കഴിയാത്ത വിധത്തിൽ മനുഷ്യപ്പറ്റില്ലാത്ത ഒരു ബിസിനസ്സുകാരനായിരുന്നെന്നുമൊക്കെ ഇന്ന് നമുക്കറിയാം. “The Bite in the Apple” എന്ന പേരിൽ Chrisann Brennan, അയാളുടെ ഹിപ്പി ജീവിതകാലത്തെ ഭാര്യ, എഴുതിയ ആത്മകഥ നാലഞ്ചു വർഷം മുന്നേ വന്നിരുന്നു. ഞാനാ പുസ്തകം വായിച്ചിട്ടില്ലെങ്കിലും, ജോബ്സിന്റെ അലംഭാവത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആ സ്ത്രീയുടെ ജീവിതം, എന്നിട്ടും അവർ മര്യാദയോട് കൂടിയാണ് വിഷയം കൈകാര്യം ചെയ്തതെന്നാണ് പ്രതികരണങ്ങൾ കാണിയ്ക്കുന്നത്. ഇപ്പോൾ അവരുടെയും ജോബ്‌സിന്റെയും മകൾ Lisa Brennan-Jobs എഴുതിയ പുസ്തകം “Small Fry” പുറത്തു വന്നിരിയ്ക്കുകയാണ് (ലിസ ജോബ്സ് ഉണ്ടാക്കിയ കമ്പ്യൂട്ടറിന്റെ പേരുമായിരുന്നു). ജോബ്‌സിന്റെ വിധവയും കുടുംബവും ഫാൻ ബോയ്സും ഒക്കെ കടുത്ത വിമർശനമാണ് പുസ്തകത്തിനെതിരെ നടത്തിയിരിയ്ക്കുന്നത്. എന്നാൽ ചെറുപ്പത്തിലെ പലവിധ പ്രയാസങ്ങളെ അതിജീവിച്ച്, ജീവിതത്തിൽ മുന്നോട്ടു നീങ്ങിയ ഒരാളെയാണ് പുസ്തകം പാതി പിന്നിടുമ്പോൾ കാണാനാകുന്നത് എന്നതാണ് സത്യം. അവർ വിദ്വേഷം പ്രകടിപ്പിയ്ക്കുന്നില്ലെങ്കിലും ജോബ്സ് എന്തൊരു ആസ്‌ഹോൾ ആയിരുന്നു എന്ന് വായനക്കാരന് തോന്നുന്ന സംഗതികൾ പലതും പുസ്തകത്തിലുണ്ട്.
“You know who I am?” he asked. He flipped his hair out of his eyes.
I was two and a half. I didn’t.
“I’m your father.“ (“Like he was Darth Vader,” my mother said later, when she told me the story.)
“I’m one of the most important people you will ever know,” he said.
താൻ ഉപേക്ഷിച്ച, നിരന്തരമായി അവഗണിച്ച കുട്ടിയെ കാണുമ്പോൾ ഇങ്ങനെ പറയുന്ന ഒരുത്തനെ എന്താണ് വിളിയ്ക്കുക?
എന്നാൽ മൂന്നു പുസ്തകത്തിലും വരുന്ന പ്രധാന കാര്യങ്ങളിലൊന്ന് ജോബ്‌സിന്റെ ആൾട്ടർനേറ്റീവ് മെഡിസിനോടുള്ള താല്പര്യമാണ്. “Small Fry” തുടങ്ങുന്നത് തന്നെ മരണത്തിന് അടുത്തുകൊണ്ടിരിയ്ക്കുന്ന ജോബ്സ് വീട്ടിൽ ഒരു പ്രകൃതി ചികിത്സകനെ കൊണ്ടുവന്നത് Lisa കാണുന്ന രംഗത്തോടെയാണ്. അവർ ആ കാലത്തു ജോബ്‌സിനെ സ്ഥിരമായി സന്ദർശിയ്ക്കുമായിരുന്നു.
A short Brazilian man with sparkling brown eyes, the Rinpoche was a Buddhist monk with a scratchy voice who wore brown robes over a round belly. We called him by his title. Tibetan holy men were sometimes born in the west now, in places like Brazil.
(അവരുടെ റ്റങ് ഇൻ ചീക് പ്രെസെന്റേഷൻ നോക്കൂ. ആ ഒരു സമീപനമാണ് പുസ്തകത്തിൽ പൊതുവേയുള്ളത്.)
ചികിൽസിച്ചു ഭേദമാക്കാൻ കഴിയുമായിരുന്ന പാൻക്രിയാസ് ക്യാൻസറിന്റെ ഒരു വകഭേദമായിരുന്നു ജോബ്‌സിന്. പക്ഷെ പ്രകൃതിജീവനത്തിന്റെ ഭ്രാന്തുകാരണം ശരിയായ ചികിത്സയ്ക്ക് താമസം വന്നു. താൻ നേരത്തെ പ്രശസ്തനാകും നേരത്തെ മരിയ്ക്കും എന്ന് ജോബ്സ് പറയുമായിരുന്നെന്നു ലിസ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തന്റെ അശ്രദ്ധയും പിടിവാശിയും കാരണം ജോബ്‌സിന് അതിനുള്ള അവസരവും കിട്ടി എന്ന് വേണം പറയാൻ. നമുക്ക് തന്നെ അറിയുന്ന ജിഷ്ണു, അബി തുടങ്ങിയ നടന്മാരും ഒക്കെയുണ്ട് ഈ ലിസ്റ്റിൽ. ജോബ്സ് ആയാലും ഇവരായാലും ആൾട്ടർനേറ്റീവ് മെഡിസിൻ എന്നത് ഒരു ഇൻഡസ്ട്രി പോലെ പ്രവർത്തിച്ചു ആളുകളെ വഴിതെറ്റിയ്ക്കുന്നതായാണ് ഇത് കാണിയ്ക്കുന്നത്. അതിന് വ്യാഖ്യാനവും ന്യായീകരണവും ചമയ്ക്കുന്ന മീഡിയയും ബുദ്ധിജീവികളും ആത്മീയ ഗുരുക്കളും എല്ലാം ചേർന്ന ഒരൊന്നാംകിട വ്യവസായ ശൃംഖലയാണിത്. നല്ല ഫണ്ടിങ്ങ് അവർക്കു കിട്ടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്. ഈ ഫണ്ടിങ് കാര്യമാണ് അലോപ്പതിയ്ക്കെതിരെ ഇതേ കൂട്ടരുടെ വജ്രായുധവും.
(Old FB post, adding here to keep track of book notes)