“The Pole”

 

Screenshot 2023 09 06 at 1 14 28 PM

 

ഞാൻ മുന്നേ സൂചിപ്പിച്ചതാണ് കൂറ്റ്സിയുടെ പുതിയ നോവെല്ല “The Pole”-നെക്കുറിച്ച്. ഈ നോവെല്ല അടുത്തകാലത്തു സാഹിത്യത്തിൽ വന്നതിൽ ഏറ്റവും മികച്ച ഒന്നാണ്, ഈ വർഷത്തെ എന്റെ വായനയിൽ ടോപ് ലിസ്റ്റിൽ പെടുന്ന ഒന്ന് (ഈ പുസ്തകത്തിന് രണ്ടു വേർഷൻസ് ഉണ്ട്, ഒന്ന് നോവെല്ല മാത്രമായി, പിന്നെ നോവെല്ലയും മൂന്നു ചെറുകഥകളുമുള്ള മറ്റൊരു വേർഷൻ, കഥകൾ ഞാൻ വായിച്ചില്ല). നോവെല്ലയിൽ, ബിയാട്രീസ് എന്ന സോഷ്യലി ആക്റ്റീവ് ആയ സ്ത്രീ ഒരു പ്രശസ്ത പോളിഷ് പിയാനിസ്റ്റിനെ പിക്ക് ചെയ്യാൻ പോവുകയാണ്, തന്റെ സുഹൃത്തിന്റെ അഭാവത്തിൽ. അയാൾ ചോപ്പിന്റെ സംഗീതം തന്റേതായ രീതിയിൽ ഇന്റെർപ്രെറ്റ് ചെയ്തു (കു) പ്രസിദ്ധി നേടിയ ആൾ. അല്ലാതെയുള്ള കൺസേർട്ടോകൾ ഉണ്ട്, അതിവൃദ്ധനായ അയാളുടെതായി. മാസ്റ്ററോ എന്നാണ് അയാളെ ആളുകൾ വിളിയ്ക്കുന്നത്. ബിയാട്രീസിന് അയാളുടെ സംഗീതത്തിൽ താൽപ്പര്യമില്ല. എന്നാൽ അയാളെ അർഹിയ്ക്കുന്ന ബഹുമാനത്തോടെ അവൾ പിക്ക് ചെയ്തു ഹോട്ടലിലാക്കുന്നു, പിറ്റേന്ന് കൺസേർട് ഹാളിൽ കൊണ്ടാക്കുന്നു. അതിനുശേഷം ഡിന്നറിനു കൊണ്ടുപോകുന്നു. അവിടെവച്ച് അവർ അയാളെ ഒന്ന് ചെറുതായി കുടയുന്നു (സംഗീതം കേട്ട ക്ലബ് മെമ്പേഴ്സും വലുതായി ഇമ്പ്രെസ്സ് ആയതൊന്നുമില്ല). അവരുടെ ഈ സർക്കാസത്തിലൂന്നിയ ടോൺ ഈ കഥയിലുടനീളമുണ്ട്. ഉജ്ജ്വല കഥാപാത്രമാണ് ഈ സ്ത്രീ. ഒരു പുരുഷൻ എഴുതിയതെന്നു തോന്നിയ്ക്കാത്തത്ര കുറ്റമറ്റ കഥാപാത്രം. ചെറുചിരിയോടെ കൂറ്റ്സി വിലസുകയാണ് ഈ കഥയിൽ. കിഴവൻ ഈ സ്ത്രീയുമായി കടുത്ത പ്രണയത്തിലാവുന്നു. അയാൾ അവരോടു പറയുന്നു – ഞാൻ ബ്രസീലിൽ കൺസേർട്ടിന് പോവുകയാണ്. എന്റെ കൂടെ പോരൂ. എന്നാൽ അവർ ഈ പ്രണയത്തെ അവജ്ഞയോടെ തള്ളുകയാണ് ചെയ്യുന്നത്. അവർ ഇത് ഭർത്താവിനോട് പറയുന്നു. അയാൾക്ക് സംശയം. എന്നാൽ ഇരുവരുടെയും സൗഹൃദം തുടർന്നു. വൃദ്ധന് അവരെ കൂടാതെ വയ്യ. അയാൾ ഇമെയിൽ അയയ്ക്കുന്നു ഞാൻ ഇന്ന സ്ഥലത്ത് കൺസേർട്ടിന് വരുന്നുണ്ട്. നീയും വായോ. അവർ പറ്റില്ല എന്ന് മറുപടി അയയ്ക്കുന്നു. തന്റെ സുഹൃത്ത് അയാളെ പിക്ക് ചെയ്യാൻ പോകാഞ്ഞത് ഇതുകൊണ്ടാണോ എന്നൊക്കെ ഇടയ്ക്ക് അവരാലോചിയ്ക്കുന്നുണ്ട്. കഥയിൽ ഒന്നുരണ്ടു ട്വിസ്റ്റുകളുണ്ട്, അതിനുശേഷം കുറച്ചു കവിതകളും എഴുത്തുകളുമെല്ലാം അവർക്ക് ലഭിയ്ക്കുന്നു (വൂൾവ്സ് ഓഫ് ഏറ്റെണിറ്റിയിലെപ്പോലെ (അവിടെ റഷ്യൻ, ഇവിടെ പോളിഷ്) അവ അവർ മറ്റൊരാളെക്കൊണ്ട് പരിഭാഷപ്പെടുത്തുന്നു (അയാൾ ഇടയ്ക്കിടെ പറയുന്നുണ്ട്, എനിയ്ക്ക് ഇംഗ്ളീഷിൽ അർത്ഥവ്യക്തതയോടെ ഒന്നും പറയാൻ കഴിയില്ല, പോളീഷിലേ അതുകഴിയൂ), ഒരേസമയം വായിച്ചതുകൊണ്ടു രണ്ടു നോവലുകളിലെയും ഈ സമാനത കൗതുകമായിരുന്നു), കത്തുകൾ പ്രണയപരവശമാണെന്ന് പറയേണ്ടതില്ലല്ലോ. അയാളെപ്പറ്റിയും അയാളുടെ ക്രീയേറ്റീവിറ്റിയെപ്പറ്റിയും ഒക്കെ ആ സ്ത്രീ നടത്തുന്ന ചില ചിന്തനങ്ങളും അവർ പോസ്തുമസ്‌ലി അയാൾക്ക് മറുപടിയായി എഴുതുന്ന കത്തുകളുമാണ് (ഒരു പക്ഷെ അയാളുടെ ക്രീയേറ്റീവ് പഴ്സ്യൂട്ട്-നെപ്പറ്റിത്തന്നെയുള്ള ഒരു വിലയിരുത്തൽ എന്നനിലയിൽ) അവസാനഭാഗത്ത്. അയാളെയും അയാളുടെ ആർട്ടിനേയും അയാളുടെ ചപലതയെയും നിഷ്ക്കരുണം അവർ പിച്ചിച്ചീന്തുന്ന ഈ ഭാഗം ഉജ്ജ്വലമാണ്. ഡിഡ് ഷി ലവ് ഹിം? അത് കൂറ്റ്സി വ്യക്തമാക്കുന്നില്ല. കൗതുകം അവർക്കുണ്ടായിരുന്നു എന്നുറപ്പ് (അത് വ്യക്തമാക്കുന്ന ഭാഗം സസ്പെൻസ് ആയിരിയ്ക്കട്ടെ). അതയാളുടെ കലയെപ്പറ്റിയല്ല. അയാളുടെ പ്രേമവും അവർക്കു വേണ്ട. അപ്പോൾ അയാളുടെ ജീവിതം പരാജയമായിരുന്നോ? സ്ത്രീയുടെ പ്രേമം ലഭിയ്ക്കുക എന്നതാണോ മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നേട്ടം? ഇങ്ങനെ കുറെ ചോദ്യങ്ങളുമായി കൂറ്റ്സിയുടെ കഥ നിൽക്കുന്നു. ലോകനോവലിന്റെ ഏറ്റവും ഉജ്ജലമായ കാലഘട്ടത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത് എന്നെനിയ്ക്കു തോന്നുന്നു.        

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top