
“പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ഒരിടത്തിരിയ്ക്കുന്നു. അപ്പോൾ തിളക്കമാർന്ന ഒരു രൂപം തന്റെയടുത്തേയ്ക്കു വരുന്നതായി കാണുന്നു. അതാണ് നോവലിന്റെ പേരിലെ ഷൈനിങ്. എന്താണത്? അയാൾ കണ്ണുതുറക്കുന്നു. ആരുമില്ല. അയാൾ ഉറങ്ങുകയിരുന്നോ? അയാൾ രണ്ടു രൂപങ്ങൾ നടന്നടത്തുവരുന്നതായി കാണുന്നു. അയാളുടെ അച്ഛനുമ്മമ്മയുമാണ് അത്. അവരെങ്ങനെ അവിടെയെത്തി? അയാൾ മറ്റൊരു ശബ്ദവും കേൾക്കുന്നുണ്ട്. എന്നാൽ ഓരോന്നും യാഥാർഥ്യത്തെ കവച്ചുവയ്ക്കുന്ന അത്ര ഒറിജിനൽ ആയ അനുഭവങ്ങൾ. അമ്മയുമച്ഛനും അയാളോട് ഇടപഴകുന്നതും, അമ്മയും അച്ഛനും തമ്മിലുള്ളതുമെല്ലാം നിത്യജീവിതത്തിലെപ്പോലെ തന്നെ. എന്താണ് ആഴ്ചകൾക്ക് മുന്നെ അവരെ നേരിൽക്കണ്ട സ്ഥിതിയ്ക്ക് അവർ നേരിട്ട് വരേണ്ട ആവശ്യം? അതും ഈ കാട്ടിലേയ്ക്ക്, അതും അയാൾ തന്നെ വഴി തെറ്റി അലയുമ്പോൾ? അയാൾ ചോദിയ്ക്കുന്നു – അമ്മയ്ക്ക് പുറത്തേയ്ക്ക് വഴിയറിയുമോ? ‘അമ്മ അച്ഛനോട് ചോദിയ്ക്കുന്നു, അച്ഛനറിയാതിരിയ്ക്കില്ല അമ്മ പറയുന്നു. എന്താണിവിടെ സംഭവിയ്ക്കുന്നത്? അധികം താമസിയാതെ അയാൾക്ക് ഒരു റിലീജിയസ് എക്സ്‌പീരിയൻസ് ഉണ്ടാകുന്നു (എന്തെന്ന് നോവലിൽ വായിയ്ക്കുക, ഇതായിരുന്നു എന്റെ jarring നോട്ട്, ഈ നോവലിൽ, മറ്റുള്ളവർക്ക് അങ്ങനെയുണ്ടാകണം എന്നില്ല). എന്താണ് ഇവിടെ ഫോസെ പറയാൻ ഉദ്ദേശിയ്ക്കുന്നത്? എന്താണ് ഇതിലെ കഥ? എന്താണ് ആ എൻഡിങ്. ഡിപ്രെഷൻ, മരണം ഒരു പക്ഷെ ആത്മഹത്യ തന്നെ – അതാണ് ഈ കഥയിലെ ആശയം എന്നാണ് എന്റെ വിചാരം. പുസ്തകത്തെപ്പറ്റി ഇതുവരെ കനപ്പെട്ട റിവ്യൂകൾ വന്നതായി എന്റെ ശ്രദ്ധയിൽ പെടാത്തതുകൊണ്ടു മറ്റൊരു ഇന്റെർപ്രെറ്റേഷൻ ഉണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല (ആത്‌മഹത്യയാണ് എന്റെ ധാരണയിൽ, തണുപ്പത്ത് അയാൾ മരിച്ചെന്നല്ല). ഫോസെയെപ്പറ്റി ധാരാളം ആളുകൾ മലയാളം ഓൺലൈനിൽ എഴുതുന്നുണ്ട് (എന്റെ നോട്ടത്തിൽ അജയ് മങ്ങാട്ട് എഴുതിയത് മാത്രമാണ് യഥാർത്ഥത്തിൽ ആ എഴുത്തുകാരന്റെ വേണ്ടത്ര, വേണ്ട രീതിയിൽ തന്നെ വായിച്ചെഴുതിയ കുറിപ്പ് – ഞങ്ങളൊരുമിച്ചാണ് സെപ്റ്റോളജി വായിയ്ക്കാൻ തുടങ്ങിയത്, അയാൾ ബാക്കി പുസ്തകങ്ങളും എന്നേക്കാൾ വേഗത്തിൽ വായിച്ചതായും അറിയാം). നിങ്ങൾ സ്വയം വായിയ്ക്കാതെ അയാളെ മനസിലാക്കുക പ്രയാസം. ഒരിയ്ക്കലും അയാളുടെ “സീൻസ് ഫ്രം ചൈൽഡ്‌ഹുഡ്” ആദ്യം വായിയ്ക്കരുത്. മലയാളികൾ പാമുക്കിന്റെ മലയാളം പരിഭാഷ വായിച്ചു അയാളെ വിലയിരുത്തിയ പോലെയാകും. മെലങ്കളി അല്ലെങ്കിൽ ട്രിലജി എന്ന പുസ്തകങ്ങളിൽ തുടങ്ങുന്നതാണ് അഭികാമ്യം(അധ്വാനമുണ്ട്). എല്ലാവർക്കുമുള്ള എഴുത്തല്ല അയാളുടെ. പിന്നെ, ഏതൊരു എഴുത്തുകാരനെപ്പോലെയും, അയാളെ വായിച്ചില്ലെങ്കിൽ മരിച്ചുപോവുകയൊന്നുമില്ല. എന്നാലും വായന എന്നത് ഒരു നല്ല കാര്യമാണ്. അല്പനേരത്തേക്കെങ്കിലും സ്വാർത്ഥതയും മിഥ്യാധാരണകളും മറക്കാൻ അത് നിങ്ങളെ സഹായിയ്ക്കുമെങ്കിൽ അത്രയുമായില്ലേ?