മലയാളം വായന

ഞാൻ മാത്രമല്ലാത്ത ഞാൻ

എൻ പ്രഭാകരന്റെ ആത്മകഥ “ഞാൻ മാത്രമല്ലാത്ത ഞാൻ”, ട്രൂ കോപ്പി ഓൺലൈൻ വാരികയിൽ വന്നിരുന്നത് ഞാൻ ശ്രദ്ധയോടെ വായിച്ചിരുന്നു. എന്നെ പലപ്പോഴായി ആകർഷിച്ചിട്ടുള്ള ഒരെഴുത്തുകാരനാണ് പ്രഭാകരൻ. ചിലപ്പോൾ മടുപ്പിയ്ക്കുകയും ചെയ്യും. മലയാളത്തിൽ മൾബറി എന്ന പ്രസാധകൻ പണ്ട് ആത്‌മഹത്യയെയും ഭ്രാന്തിനെപ്പറ്റിയും ഒക്കെ സമാഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. ആദ്യം പറഞ്ഞ പുസ്തകത്തിൽ പ്രമുഖരുടെ ആത്‌മഹത്യയാണ് വിഷയം. ആത്‍മഹത്യ ചെയ്ത എഴുത്തുകാരികളോട് മലയാളികൾക്ക് ഒരു ഒബ്സെഷൻ പോലുമുണ്ട് – ലിറ്റററി ക്വാളിറ്റി ഒന്നും അതിൽ ഒരു വിഷയമേ അല്ല. പ്രഭാകരന്റെ ആത്‌മകഥ എന്നാൽ, തന്റെ കുട്ടിക്കാലവും യൗവ്വനകാലവും വിവരിച്ചതിനുശേഷം തന്റെ അനിയന്റെ മാനസിക പ്രശ്‌നങ്ങളിലേയ്ക്കു കടക്കുന്നു. ഒരു തരം confessional റൈറ്റിംഗ് ആണ് പ്രഭാകരൻ നടത്തുന്നത് – എന്നാൽ അതിരു കടന്ന വൈകാരികതയോ മറ്റോ അതിലില്ല, കാലങ്ങൾ കൊണ്ട് വന്ന പാകതയും നിർമ്മമതയും അതിലുണ്ട്, അയാൾ ശരിയായ സമയത്തിന് കാത്തിരുന്നു എന്ന് വായനക്കാരന് മനസ്സിലാകും. സത്യസന്ധമായി, സംഗതികളെ നാനാവശങ്ങളിൽ നിന്ന് നോക്കിക്കണ്ടാണ് കടുത്ത സംഘർഷത്തിനിടയിലും അയാൾ ഇതെഴുതുന്നത് എന്നത് നമുക്ക് വായിച്ചെടുക്കാം. ഉജ്ജ്വലമാണ് ഈ പുസ്തകത്തിന്റെ അവസാനഭാഗങ്ങൾ. മുൻപേ വായിച്ചവയാണെങ്കിലും, പുസ്തകരൂപത്തിൽ ആ കുറിപ്പുകൾ ഞാൻ വീണ്ടും വായിച്ചു. ഇറ്റ് മൂവ്‌സ് മി എവരി ടൈം. മലയാളത്തിൽ ഞാൻ അടുത്ത് വായിച്ചതിൽ മികച്ച പുസ്തകങ്ങളിൽ ഒന്ന്.

മഹാവ്യസനങ്ങളുടെ നദി

“ഏകാന്തത പോലെ തിരക്കേറിയ പ്രവർത്തി വേറെയില്ല” എന്ന സമാഹാരത്തിലൂടെയാണ് ശശിധരനെ ഞാൻ ആദ്യമായി വായിയ്ക്കുന്നത്. അയാളുടെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. നെയ്ത്തുകാരൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത്, നിരവധി നാടകങ്ങളുടെ (നെയ്ത്തുകാരൻ ആദ്യം നാടകമായിരുന്നു) കർത്താവ് എന്ന നിലയിൽ സ്വയം എസ്റ്റാബ്ലിഷ്‌ ചെയ്തിട്ടുള്ള എഴുത്തുകാരനാണ് ശശിധരൻ. നാടക കാലത്തെപ്പറ്റിയുള്ള ഒന്നുരണ്ടു കുറിപ്പുകൾ ഈ പുസ്തകത്തിലുണ്ട്. ജോൺ അബ്രഹാമിനൊപ്പം കയ്യൂരിനെപ്പറ്റിയുള്ള സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാൻ പോയതിന്റെ കഥയുമുണ്ട്. ചടയൻ ഗോവിന്ദനെപ്പറ്റിയുള്ള ഒരു കുറിപ്പാണ് ഇതിലെ standout പീസ് – എഴുത്തുകാരന്റെ കുട്ടിക്കാലത്ത് അയാളുടെ പട്ടിക്കുഞ്ഞിനെ കുഴിച്ചിടാൻ ചടയൻ പോകുന്നതിനെപ്പറ്റിയാണ് അതിലെ വിവരണം ഇറ്റ്സ് എ ബ്രില്ല്യന്റ് കാരക്റ്റർ സ്കെച്ച്, കിട്ടേട്ടൻ എന്നൊരാളെപ്പറ്റിയുള്ള കുറിപ്പാണു മറ്റൊന്ന്. ശശിധരന്റെ സ്വപ്നങ്ങളെപ്പറ്റിയും മൂന്നോ നാലോ കുറിപ്പുകളുണ്ട് – അവയുടെ, ഈ സമാഹാരത്തിലെ അവശ്യകത എനിയ്ക്ക് മനസ്സിലായില്ല. ഒന്നിൽ മോഹൻലാൽ നെയ്‌ത്തുകാരനിൽ ആ കഥാപാത്രമായി അഭിനയിയ്ക്കുന്നതായി എഴുതിയിരിയ്ക്കുന്നു – എന്തിന്?മാർക്കറ്റിംഗ് ഗിമ്മിക്ക് എന്ന നിലയിലായിരിയ്ക്കും അതെടുത്തു ചേർത്തിരിയ്ക്കുന്നത്. അതുപോലെയാണ് ബാക്കിയുള്ളവയും. വായനക്കാരന് ജസ്റ്റ് വായിച്ചുപോവാം എന്ന് മാത്രം. പുസ്തകത്തിന്റെ പേരു കണ്ടപ്പോൾ പ്രഭാകരന്റേതുപോലെയുള്ള കയ്പുനദികൾ നീന്തിക്കയറിയ എന്തോ അനുഭവങ്ങളാകും എന്ന് ധരിച്ചത് എന്റെ തെറ്റ്. എഴുത്തുകാരൻ പരിഭാഷപ്പെടുത്തിയ ബോർഹെസിന്റെ കവിതയുടെ പേര് പുസ്തകത്തിനിട്ടു എന്ന് മാത്രം, അതും ശശിധരന്റെ ഓർമ്മകളും തമ്മിൽ ബന്ധമൊന്നുമില്ല, catchy ടൈറ്റിൽ ആണല്ലോ. അവസാനത്തിൽ ഇന്റർവ്യൂവിൽ പുതു മലയാളസാഹിത്യത്തെപ്പറ്റി ഉള്ള ചില സത്യങ്ങൾ അയാൾ പറയുന്നുണ്ട് – മലയാളത്തിലെ എഴുത്തുകാരൊന്നും പുസ്തകം വായിയ്ക്കാറില്ല എന്നതാണ് ഒന്ന്. അതിൽ അയാൾ ലിസ്റ്റ് ചെയ്ത ഒരെഴുത്തുകാരൻ എന്നോട് പറഞ്ഞത് അയാൾക്ക്‌ വായിയ്ക്കാൻ നേരമില്ല എന്നാണ് – ലിസ്റ്റ് പിന്നെയും ചെറുതായി. ഇന്റർവ്യൂർ പിന്നെയും പിന്നെയും ചോദിച്ചിട്ടും അയാൾ ഇപ്പോഴുള്ള ഒറ്റ എഴുത്തുകാരെയും പേരെടുത്തു പറഞ്ഞില്ല എന്നതും ശ്രദ്ധേയം. അപ്പോൾ ഫെയ്‌സ്ബുക്കിൽ ശിഷ്യയായ എഴുത്തുകാരിയെ വിമർശിച്ച ആൾ സ്ത്രീ വിരുദ്ധനാണ് എന്നെഴുതിയത്? അതൊക്കെ അങ്ങനെ നടക്കും. ശശിധരൻ ഇടതു പക്ഷത്തെ കഠിനമായി വിമർശിയ്ക്കുന്നുണ്ട്. അദ്ദേഹത്തിന് പക്ഷെ ആം ആദ്മി പാർട്ടിയോടാണ് ആഭിമുഖ്യം. മലയാളി എഴുത്തുകാരുടെ രാഷ്ട്രീയ അജ്ഞത എന്ത് മാത്രം പരിതാപകരമാണെന്നു നോക്കൂ, ഞെട്ടാനൊന്നും ഇല്ലെങ്കിലും. അപ്പപ്പോൾ ട്രെൻഡ് ചെയ്യുന്നത് ഉൾക്കൊള്ളാനുള്ള workout മാത്രമേ അവരിൽ മിയ്ക്കവാറും പേർ തലച്ചോറിനെക്കൊണ്ട് എടുപ്പിയ്ക്കുന്നുള്ളൂ എന്ന് തന്നെ കരുതാം. ശശിധരന്റെ ഫൻബേസ് കുറേക്കാലമായി എന്നോട് കെറുവ് കാണിയ്ക്കുന്ന ഒന്നാണ് അയാളുടെ അതീവ പരിഹാസ്യമായ വിവർത്തനങ്ങളോടുള്ള എനിയ്ക്കുള്ള വിയോജിപ്പുകൾ. ഈ പുസ്തകത്തിലും ഉണ്ട് Adam Zagajewski – യുടെ ന്യൂ യോർക്കറിൽ വന്ന കവിതയുടെ പരിഭാഷ. Try to Praise the Mutilated World ആണ് കവിത.

Praise the mutilated world
and the gray feather a thrush lost,
and the gentle light that strays and vanishes
and returns.

പരിഭാഷ താഴെ

2021 10 30 08 10 37

gentle എന്ന വാക്കിന് ഏകാന്തശാന്തം എന്ന അർത്ഥം എങ്ങനെ വന്നു? ചുള്ളിക്കാട് ചെയ്ത നെരൂദയുടെ കവിതയുടെ പരിഭാഷയിലും ഇതുപോലെ കാണാം, സച്ചിദാനന്ദനും ചെയ്തിട്ടുണ്ട് – കയ്യിൽ നിന്ന് കനമുള്ള വാക്കുകൾ ചേർക്കുക എന്നത്, അല്ലാതെ ഈ കവിതകൾ മലയാളത്തിൽ വായിയ്ക്കുമ്പോൾ ഒരു “ഗുമ്മില്ല” എന്ന അപകർഷതാബോധം. ലളിതമായ ഭാഷ വീക്ക്നെസ്സ് ആണെന്ന തോന്നൽ. ബഷീറൊക്കെ രക്ഷപ്പെട്ടുപോയി എന്നേ പറയാനുള്ളൂ. കവിതയുടെ ബാക്കിഭാഗത്തും പ്രശ്ങ്ങളുണ്ട്. ഞാൻ ദീർഘിപ്പിയ്ക്കുന്നില്ല.

പുസ്തകത്തിന്റെ അവസാനത്തിൽ അഭിമുഖങ്ങളെപ്പറ്റി പറഞ്ഞല്ലോ. അതിലെ ഒരു ചോദ്യം കാണുക. ഇയാളൊക്കെ എങ്ങനെയാണ് ഇങ്ങനെ ഒരു ജോലിയ്ക്കു ക്വാളിഫൈഡ് ആവുന്നത്?

2021 10 30 08 50 53

2021 10 30 08 51 00

ശശിധരന്റെ പുസ്തകത്തിൽ സ്ത്രീകൾക്ക് ഇടമില്ല. പുരുഷൻമാർക്കിടയിൽ മാത്രം കഴിഞ്ഞുപോന്ന ഒരാളാണെന്ന് തോന്നുന്നു – ആത്മകഥ എന്ന് പറഞ്ഞതുകൊണ്ട് പറയുകയാണ്. പ്രഭാകരൻ അമ്മയെയൂം, അമ്മമ്മയെയും ഇളയമ്മയെയും എല്ലാം ഏറിയും കുറഞ്ഞും പരാമര്ശിയ്ക്കുന്നുണ്ട്. മലയാളി എഴുത്തുകാര്ക്ക് കവിതയിലും നോവലിലും മാത്രമേ ഐക്കണിക് അമ്മമാരും കാമുകിമാരും ഉള്ളെന്നു തോന്നുന്നു. “ലാളിത്യക്കാരനായ” ബഷീർ ഉമ്മയെപ്പറ്റി എഴുതിയ കുറിപ്പ് (“ഭൂമിയുടെ അവകാശികൾ ” എന്ന സമാഹാരത്തിൽ) ആണ് എന്റെ ഓർമ്മയിൽ പെട്ടെന്ന് വരുന്ന ഏറ്റവും ഉജ്ജ്വലമായ ഒന്ന്.

മായപ്പൊന്ന്

ജെയമോഹന്റെ ചില കഥകളുടെ പരിഭാഷയാണ് “മായപ്പൊന്നിൽ”. പരിഭാഷകൻ പി രാമൻ. ആദ്യമേ പറയട്ടെ, കഥകൾ എല്ലാം നടക്കുന്നത് തിരുവനന്തപുരത്തിന് അടുത്തുള്ള അതിർത്തിയിലാണ് – രാമൻ ആ സംസാരഭാഷയും പ്രയോഗങ്ങളും എല്ലാം പുസ്തകത്തിലുടനീളം കൺസിസ്റ്റന്റായി നിലനിർത്തിയിട്ടുണ്ട് എന്നുള്ളത് ഒരു വിജയമാണ്. തമിഴ് ചുവ എന്നാൽ പൂർണ്ണമായി വിട്ടുപോയിട്ടുമില്ല. എനിയ്ക്കത് ആസ്വാദ്യമായി തോന്നി. തമിഴ് എനിയ്ക്ക് അത്യധികം ഇഷ്ടമുള്ള ഭാഷ കൂടിയാണ്. തമിഴ് സെൻസിബിലിറ്റി ഈ കഥകളുടെ പൊതുസ്വഭാവമാണ് എന്നതും വായനയിൽ ഓർക്കുക. കേബിൾ splice ചെയ്യുന്ന ഒരു എൻജിനീയറെ കാണാൻ പോകുന്ന മേലുദ്യോഗസ്ഥന്റെ കഥയിൽ ഈ എഞ്ചിനീയർ സസ്‌പെൻഷനിലാണ്‌. അയാൾ സപ്ളൈസ് ചെയ്തു കഴിഞ്ഞാൽ കേബിൾ പൂവുപോലെ ഇരിയ്ക്കുമത്രേ. അത് ഒരു മന്ത്രിയുടെ പ്രോഗ്രാമിൽ അയാൾ ചെയ്യണം. അതിനാണ് അയാളെ കാണാൻ പോവുന്നത്. സദാ മദ്യത്തിൽ മുങ്ങി ഇരിയ്ക്കുന്ന അയാൾ ഉദ്യോഗസ്ഥനോട് തന്റെ കഥകൾ പറയുന്നു. എന്നാൽ അയാൾ ഒരു കുരുവിയുടെ കൂട് കണ്ട് അതിന്റെ “എൻജിനീയറിങ്” മികവിൽ വീണുപോവുന്നതാണ് കഥയുടെ ക്ലൈമാക്സ്. ഇമ്മാതിരി കഥ ഒന്ന് മലയാളത്തിൽ വായിച്ചാൽ നമുക്ക് ആസ്വദിയ്ക്കാൻ കഴിയുമോ എന്നൊരു സംശയം എനിയ്ക്കുണ്ടായി. കൾച്ചറിന്റെതായ ഒരു സംഗതി ഇതിലുണ്ടെന്നാണ് എനിയ്ക്ക് തോന്നുന്നത്. ആദ്യ കഥയിൽ ഭഗവതിയുടെ ചിത്രം വരയ്ക്കാനെത്തുന്ന ആശാരിയെപ്പറ്റിയാണ്, അയാളുടെ സ്കിൽ അതാണ്, അയാൾ വരച്ചാൽ ദേവീസാന്നിദ്ധ്യം ഉണ്ടാവും. മറ്റൊരു കഥയിൽ ഒരു തട്ടാനാണ് കേന്ദ്രത്തിൽ – അയാൾ ഒരിയ്ക്കൽ മാത്രം വണ്ടിയിൽ പോകുമ്പോൾ കേട്ടിട്ടുള്ള നാദസ്വരക്കാരന്റെ ആരാധകനാണ്, അതോ സുഹൃത്ത് പറഞ്ഞുള്ള അറിവ് വച്ച് മാത്രമുള്ള ആരാധന. മായപ്പൊന്ന് എന്ന കഥയിൽ ചാരായം വാറ്റുന്നതിലാണ് നായകന്റെ മിടുക്ക്. മറ്റൊരു കഥയിൽ സദ്യവട്ടങ്ങളെപ്പറ്റി, നാദസ്വരത്തെപ്പറ്റി, പന്തൽപ്പണിയെപ്പറ്റി എല്ലാം അറിവുള്ള അച്ഛന്റെയൊപ്പം പോകുന്ന മകന്റെ വിവരണമാണ്. ഇങ്ങനെ ഓരോ കഥയിലും എന്തെങ്കിലും സ്‌പെഷൽ സ്കില്ലുള്ള ആളുകളാണ് – അത് അവസാനമായപ്പോഴേയ്ക്കും എഴുത്തിന്റെ മികവിലും കല്ലുകടിയായി തോന്നി. കഥകൾ സെലെക്റ്റ് ചെയ്യുന്നതിൽ വന്ന വീഴ്ചയായാണ് (നൂറെണ്ണത്തിൽ നിന്ന് സെലെക്റ്റ് ചെയ്തതാണ്) ഞാനതിനെ കാണുന്നത്. രാമന്റെ കവിതകൾ എനിയ്ക്കിഷ്ടമല്ല. ആഴ്ചയിൽ പത്തു കവിതകൾ എഴുതുന്ന കവികളെ ഞാൻ കാര്യമാക്കാറില്ല – റോഡ് സൈഡിൽ മെറ്റൽ ഇറക്കുന്നപോലെയാണ് മലയാളത്തിൽ ചില കവികൾ കവിത എഴുതുന്നത് എന്നൊരു സീനിയർ എഴുത്തുകാരൻ എന്നോട് പറഞ്ഞിട്ടുണ്ട്. അഥവാ സ്വന്തം എഴുത്തിൽ തിരഞ്ഞെടുപ്പ് അറിയാത്തയാളാണ് രാമൻ, അതീ സമാഹാരത്തിൽ കാണാൻ കഴിയും. ജെയമോഹൻ അപ്പോഴും മലയാളത്തിലെ സമകാലികരുടെ എത്രയോ കാതം മുന്നിലാണ് എന്ന് നമുക്ക് മനസ്സിലാകുമെന്നതാണ് ഈ കഥകളുടെ പ്രത്യേകത – അയാളുടെ അനുഭവങ്ങളും, അവയെ അയാൾ കഥയാക്കുന്നതും അനന്യമായ ഒരു സ്‌കില്ലാണ്‌. പൊളിറ്റിക്കൽ ആകാൻ വേണ്ടി പൊളിറ്റിക്സ് എഴുതുന്ന ഷിനിലാൽ പോലുള്ളവർ ഇത് കണ്ടു പഠിയ്ക്കണം (അയാളുടെ മിനിക്കഥയെപ്പറ്റി ഒരു പോസ്റ്റ് മുന്നേ എഴുതിയിട്ടുണ്ട്). ജെയമോഹൻ യഥാർത്ഥ ജീവിതത്തിൽ വാ തുറന്നാൽ പമ്പരവിഡ്ഢിത്തമേ പറയൂ എന്നുള്ളതുമുണ്ട്. നമ്മുടെ എഴുത്തുകാർ വാ തുറന്നാൽ ന്യൂട്രൽ ആണ്. അവരുടെ കഥകൾ ന്യൂട്രലൈസ്ഡ്-ഉം.

4 thoughts on “മലയാളം വായന”

  1. ജെസിബി പുരസ്‌കാരവും മലയാള സാഹിത്യവും എന്ന ക്ലബ്‌ ഹൌസ് ചർച്ചയിൽ ഡൽഹി ഗാഥാകൾടെ വിവർത്തകൻ നന്ദകുമാർ പറയുകയുണ്ടായി എഡിറ്റർ (publishing side)ഇല്ലാത്തതിന്റെ കുഴപ്പം മലയാള സാഹിത്യത്തിൽ കാര്യമായ കാണാമെന്നു, മുകുന്ദന്റെ പുസ്തകം വിവർത്തനത്തിന് മുന്നേ രണ്ടു റൗണ്ട് വായന നടത്തിയപ്പോൾ 14തെറ്റുകൾ കിട്ടിയത്രേ അതിൽ ഒന്ന് thumps up പാനിയത്തെ പറ്റി എമർജൻസിക്ക് മുൻപ് എഴുതി (എമർജൻസി ശേഷം ആണ് അതു വന്നത് ) ഇത് കണ്ടു പിടിക്കാൻ ആരുമില്ലേ അവടെ എന്ന് ചോദിച്ചു, മലയാളത്തിലെ സാഹിത്യക്കാരന്മാർ എഡിറ്റർമാർ തങ്ങളുടെ കൃതികളിൽ കൈയ് വെക്കുന്നത് ഇഷ്ടപെടുന്നില്ല എന്നാണ് എൻ ഇ സുധീർ പറഞ്ഞത്, ബെന്യാമിന്റെ ആടുജീവിതം ഇംഗ്ലീഷിൽ വന്നപ്പോ എഡിറ്റിംഗ് കാരണം കാര്യമായ മാറ്റങ്ങൾ വന്നുയെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട് എന്നും.

    1. Thanks, this is expected, but can’t they just google? but who are we asking? Btw, have you understood the ending “Delhi Gadhakal” – IMO, Mukundan’s fall started from that point, he went into a writing a slump and produced utter crap like “appante brandikkuppi”. I was reading Ajai’s column in MM, I realized that I have started forgetting how this writer used to be coz of all the BS he is writing/saying. his simple language was his hallmark, there was a time I enjoyed everything he wrote.

      1. മയ്യഴി, ആവിലായിലെ, ദൈവത്തിന്റെ വികൃതികൾ മാത്രമേ വായിച്ചിട്ടുള്ളു. മയ്യഴി ആദ്യ ഭാഗം റിയലി ഗുഡ് ആണ് പിന്നെ അതു വെറും പൈങ്കിളി ആയി, പുള്ളിടെ പല കൃതികളുടെ അവസാനം വെറും disappointment തന്നിട്ടുള്ളു എനിക്ക് (വ്യക്തിപരം). ഒ വി വിജയൻ ഒരിക്കൽ പറഞ്ഞതായി കേട്ടിട്ടുണ്ട് മലയാളത്തിൽ decolonised existential novel എഴുതാൻ ഉള്ള എല്ലാ material ഉണ്ടായിരുന്ന നോവലിസ്റ്റ് ആയിരുന്നു മുകുന്ദൻ എന്ന് (french colony, british empire) അതു നന്നായി ഉപയോഗപ്പെടുത്തിയില്ല എന്നും.. ആ ആംഗിൾ ചിന്തിച്ചാൽ സി വി ശ്രീരാമന്റെ കഥകൾ ഈസ്‌ far better.

        1. Yeh, I agree, with you and Vijayan, both :). His language has a simplicity that’s not easy to achieve – I have tried myself, it’s so f**ing hard, but the execution is always half-assed, in his case, somehow. that’s the issue.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top