സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായ കിനോസ് ഗാർഡിന്റെ (Karl Ove Knausgaard) പുതിയ നോവലിനായി, The Morning Star (ട്രിലജി ആണ്), ഒരു വർഷത്തിലധികമായി കാത്തിരിയ്ക്കുകയായിരുന്നു. A Time for Everything എന്ന ആദ്യകാല നോവലിനുശേഷം എഴുത്തുകാരൻ ഫിക്ഷനിലേയ്ക്ക് മടങ്ങുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. അതിനിടയിൽ മൈ സ്ട്രഗിൾ എന്ന ആറു ഓർമ്മക്കുറിപ്പുകളുടെ സീരീസ്, സീസൺ ക്വാർട്ടറ്റ് എന്ന സീരീസ്, മോങ്ക് (Munch)-നെപ്പറ്റിയുള്ള പുസ്തകം, Home and Away എന്ന കത്തുകളുടെ സമാഹാരം, In The Land of Cyclops എന്ന ലേഖനസമാഹാരം തുടങ്ങിയ വൈവിധ്യമാർന്ന പുസ്തകങ്ങൾ അയാളുടേതായി വരികയുണ്ടായി. കിനോസ് ഗാർഡിന്റെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അയാളുടെ നിത്യസാധാരണമായ സംഗതികളെക്കുറിച്ചുള്ള നിരന്തര നിരീക്ഷണങ്ങളാണ് – കാപ്പി കുടിയ്ക്കുന്നതിന്റെ, ഭക്ഷണം കഴിയ്ക്കുന്നതിന്റെ, അടുക്കളയിൽ പെരുമാറുന്നതിന്റെ, ഡ്രൈവിംഗ്, ഷോപ്പിംഗ് തുടങ്ങിയ സംഗതികളുടെയെല്ലാം വിവരണങ്ങൾ അയാളുടെ എല്ലാ പുസ്തകങ്ങളിലുമുണ്ട്. അയാൾ വിവരിയ്ക്കുന്ന കുട്ടികളുടെ ലോകത്തെപ്പറ്റി ന്യൂ യോർക്ക് റിവ്യൂവിൽ ഒരു ലേഖനം തന്നെ വന്നിട്ടുണ്ട്. ഈ mundanity -യെ എഴുതിയുയർത്തുന്ന ശൈലിയാണ് അയാളെപ്പറ്റി ആളുകൾ എപ്പോഴും എടുത്തുപറയുന്ന സംഗതി. ഭാഷാഭംഗിയേക്കാൾ ചിന്തയ്ക്കും, ലാളിത്യത്തിനും ആണ് ഇവിടെ ഊന്നൽ. എന്നാൽ ഈ ലാളിത്യത്തിന്റെ ഒരു ഗുണം തീർച്ചയായും അയാളുടെ text-ന്റെ ഉയർന്ന വായനാക്ഷമതയാണ്. ഇതിനെപ്പറ്റി എഴുത്തുകാരന് തന്നെ നല്ല മതിപ്പുണ്ടെന്നു അയാളുടെ സീസൺ സീരീസിലെ, അവസാനപുസ്തകത്തിന്റെ ഒടുവിൽ, നൂറുകണക്കിന് പേജുകൾ വരുന്ന, ഹിറ്റ്ലറെയും നാസിസത്തെയും പറ്റിയുള്ള ദീർഘമായ കുറിപ്പ് വായിച്ചാൽ മനസ്സിലാകും – യാതൊരുവിധ ക്ലേശമോ സംശയമോ കൂടാതെയാണ് ഇത്തരം digressions എഴുത്തുകാരൻ നടത്തുന്നത്.
Morning Star എന്ന പുതിയ നോവലിനൊടുവിലും ഇതുപോലൊരു ലേഖനം എഴുത്തുകാരൻ ചേർത്തിട്ടുണ്ട് – മരണത്തെപ്പറ്റിയുള്ള ദീർഘമായ ഒരു ആലോചനയാണ് ഇവിടെ. നോവൽ തന്നെയും പല തരം genre -കളുടെ ഒരു മിക്സ് ആണ്. നോവലിനെപ്പറ്റിയുള്ള അഭിപ്രായം ചില വിദേശി സുഹൃത്തുക്കൾ, നോർഡിക്കിൽ പുസ്തകം വന്ന സമയത്ത് തന്നെ പങ്കുവച്ചിരുന്നു, മിക്സഡ് റിവ്യൂസ് ആയിരുന്നു, എന്നെല്ലാം. എന്നാൽ കിനോസ് ഗാർഡിന്റെ എഴുത്തിനെപ്പറ്റി ഏകാഭിപ്രായം ഉണ്ടാവുക വഴിയില്ലെന്ന് എനിയ്ക്കെന്റെ അനുഭവത്തിൽ നിന്ന് തന്നെ അറിയാം – മലയാളി വായനക്കാരിലധികവും quotable ആണോ എന്നൊക്കെ നോക്കിയാണ് നോവലുകൾ ആസ്വദിയ്ക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിലെ എഴുത്തുകാർ, അത്തരം വാചകങ്ങൾ തിരുകിക്കയറ്റാൻ കാര്യമായിത്തന്നെ ശ്രമിയ്ക്കാറുണ്ട്. മേലെ സൂചിപ്പിച്ച ലാളിത്യവും, അസാധാരണമായ റീഡബിലിറ്റിയും ഉള്ളപ്പോൾ തന്നെ ഗഹനമായ വിഷയങ്ങളെപ്പറ്റി അതേ രീതിയിൽ തന്നെ ചർച്ച ചെയ്യാനുള്ള മിടുക്കും കിനോസ് ഗാർഡ് പ്രദര്ശിപ്പിയ്ക്കുന്നു, ഞാനടക്കമുള്ള ഒരു പറ്റം വായനക്കാർ ഈ എഴുത്തുകാരനെ ശ്രദ്ധയോടെ പിന്തുടരുന്നത് ഇതുകൊണ്ടുകൂടിയാണ്.

നോവൽ ഈ മാസമാദ്യം ഇംഗ്ളീഷിൽ പുറത്തു വന്നപ്പോൾ ഗാർഡിയനിലും ന്യൂ യോർക്ക് ടൈംസിലും വളരെ നെഗറ്റീവ് ആയ നിരൂപണങ്ങളാണ് വന്നത്. ഗാർഡിയനിൽ സാം ബയേഴ് സ്, “പൊള്ള” എന്നാണ് നോവലിനെ വിളിച്ചത്. എന്നാൽ സാം ഇന്റർനെറ്റിൽ അറിയപ്പെടുന്ന ഒരു കിനോസ് ഗാർഡ് വിരോധിയാണ് എന്നതാണ് സത്യം. ന്യൂ യോർക്കറിൽ റിവ്യൂ എഴുതിയ ബ്രാൻഡൻ ടെയ് ലറാകട്ടെ എഴുത്തുകാരന്റെ ഫാനും, നോവൽ മാസ്റ്റർപീസാണ് എന്നാണ് അയാൾ ട്വിറ്ററിൽ പറഞ്ഞിരുന്നത്. കിനോസ് ഗാർഡ് തന്നെ സ്റ്റീഫൻ കിങ്ങിനെപ്പോലെ എഴുതാൻ ശ്രമിച്ചു എന്ന് നോവലിനെപ്പറ്റി പറഞ്ഞത് വലിയൊരു കൗതുകമായിരുന്നു (സ്ത്രീ കഥാപാത്രങ്ങളുടെ മോണോലോഗ്സ് എഴുതാൻ ബുദ്ധിമുട്ടി എന്നും പറഞ്ഞിരുന്നു, എന്നാൽ വായനയിൽ എനിയ്ക്കങ്ങനെ അനുഭവപ്പെട്ടില്ല). സസ്പെൻസ് ആണ് നോവലിന്റെ ആണിക്കല്ല്. ഒൻപതു കഥാപാത്രങ്ങളാണ് നോവലിൽ ഉള്ളത്, അവരുടെ സ്വഗതാഖ്യാനങ്ങളാണ് നോവലിൽ. ബിബ്ലിക്കൽ ഇമേജറികളുടെ സഹായത്തോടെ ഒരു അപ്പോകാലിപ്റ്റിക് ത്രില്ലർ എഴുതുക എന്ന ശ്രമകരമായ, എന്നാൽ കൗതുകമുണർത്തുന്ന ഒരു പ്രൊജക്റ്റ് ആണ് മൂന്ന് ഭാഗങ്ങളുള്ള ഈ നോവൽ സീരീസിൽ കിനോസ് ഗാർഡ് ചെയ്യാൻ ശ്രമിയ്ക്കുന്നത്. നേരത്തെ പറഞ്ഞപോലെ അയാളുടെ പുസ്തകങ്ങൾക്കുള്ള വായനാക്ഷമത ഈ genre-നു യോജിച്ചതാണ്. page-turner പോലെയാണ് നോവൽ പല ഭാഗങ്ങളിലും പ്രവർത്തിയ്ക്കുന്നതും. എന്നാൽ നോവലിസ്റ്റിന്റെ അസാധാരണ നിരീക്ഷണപാടവവും, അയാൾ സദാ വിവരിയ്ക്കുന്ന ജീവിതത്തിന്റെ ആവർത്തന വിരസതയും നോവലിനെ മറ്റൊരു ലെവലിൽ എത്തിയ്ക്കുന്നതായി കാണാം. അസാധാരണമായ വായനാനുഭവമാണ് ഇത്. അടുത്തകാലത്ത് നൊബേൽ വിന്നർ ഇഷിഗുരോ, Klara and the Sun എന്ന നോവലിൽ ഇതുപോലെ ശ്രമിച്ചത് (മിയ്ക്കവാറും) വിജയിച്ചിരുന്നു. കിനോസ് ഗാർഡ് യാതൊരു വിധ നാട്യവുമില്ലാതെയാണ് ഈ ദീർഘമായ നോവൽ എഴുതിയിരിയ്ക്കുന്നത്. ത്രിമാന കഥാപാത്രങ്ങളെ സൃഷ്ടിയ്ക്കുന്നതിൽ എഴുത്തുകാരന് ഒരു തരം ഒബ്സെഷൻ ഉണ്ടെന്നു പറഞ്ഞാൽ പോലും തെറ്റില്ല. അതും ഈ നോവലിൽ ഓർമ്മയിൽ നിൽക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിയ്ക്കുന്നുണ്ട്.
നോവലിൽ ആദ്യം വരുന്ന, Arne-യുടെ കഥയിൽ അയാളുടെ ആർട്ടിസ്റ്റായ ഭാര്യ ഒരു mental breakdown-ന്റെ വക്കത്താണ് (മൈ സ്ട്രഗിൾ സീരീസിലെ അതേ കഥ തന്നെ). അയാൾ തന്റെ വേനൽക്കാല വസതിയിൽ തന്റെ ദൈനംദിന ജീവിതവുമായി മൽപ്പിടുത്തത്തിലാണ്. അധ്യാപകനായ അയാൾക്ക് തന്റെ ക് ളാസ്സ് റൂമിൽ എങ്ങനെയെങ്കിലും തിരികെയെത്തിയാൽ മതി എന്നാണ് വിചാരം. ഒരു ദിവസം അയാൾ ആകാശത്ത്, ഒരു പുതിയ നക്ഷത്രം ഉദിച്ചതായി കാണുന്നു. അതിനു മുന്നേ തന്നെ പ്രകൃതിയിൽ മാറ്റങ്ങൾ കാണുന്നുണ്ട്. കാടിനുള്ളിൽ വലിയ ഞണ്ടുകളുടെ കൂട്ടങ്ങളെ കണ്ടതായി സദാ എന്തോ ചിന്തയിലാണ്ടെന്ന പോലെ നടക്കാൻ പോകുന്ന അയാളുടെ ഭാര്യ പറയുന്നുണ്ട്. Arne വണ്ടിയോടിച്ചുപോകുമ്പോൾ ഞണ്ടുകൾ കൂട്ടത്തോടെ റോഡ് ക്രോസ്സ് ചെയ്യുന്നതായി കാണുന്നു. Arne-യുടെ സുഹൃത്താണ് Egil, ഒരു ധനികന്റെ മകനായ അയാൾ ഭാര്യയുമായി പിരിഞ്ഞു ജീവിയ്ക്കുകയാണ്. അയാളുടെ മകൻ അയാളോടൊപ്പം ജീവിയ്ക്കാനായി വരുന്നു. Egil വിശ്വാസിയല്ലെങ്കിലും മതത്തിൽ താൽപര്യമുള്ളയാളാണ്. അയാൾ എഴുതിയ മരണത്തെപ്പറ്റിയുള്ള നീണ്ട ലേഖനമാണ് നോവലിന്റെ അവസാനത്തിലുള്ളത്. അതിൽ അയാൾ ഒരു രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. അയാൾ മാത്രമാണ് ഈ നോവലിൽ ബൈബിളിലെ വാക്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നക്ഷത്രത്തിന്റെ വരവിനെ കാണുന്നതും അതിനെപ്പറ്റി അത്തരത്തിൽ ചിന്തിയ്ക്കുന്നതും. Kathrine ഒരു priest ആണ്. അവർ ഒരു കോൺഫറൻസ് കഴിഞ്ഞു വരികയാണ്, എയർപോർട്ടിലും വിമാനത്തിലും ഒരു വൃദ്ധൻ അവരെ പിന്തുടർന്ന് ഓരോന്ന് ചോദിച്ചു കൊണ്ടിരിയ്ക്കുന്നു. അവർ സ്വയമേ ഭർത്താവുമായി മാനസികമായി അകന്നുകൊണ്ടിയിരിക്കുകയാണ്, അവർ വീട്ടിൽപോകാതെ അന്ന് ഒരു ഹോട്ടലിൽ കഴിയുന്നു. അവരുടെ അമ്മയുമായി അവർ വിവാഹമോചനം ചർച്ച ചെയ്യുന്നു. എന്നാൽ അതിനു മുൻകൈ എടുക്കാൻ അവർക്കു കഴിയുന്നില്ല. അവർ പള്ളിയിൽ ഒരു അടക്കിനു നേതൃത്വം കൊടുക്കുമ്പോൾ മരിച്ചയാളുടെ ബോഡി കണ്ട് ഞെട്ടിത്തരിയ്ക്കുന്നു.
Emil ഒരു മ്യൂസിക് ബാൻഡിലെ കുറച്ചു തൊട്ടാവാടിയായ ഡ്രമ്മറാണ്. അയാൾ താൻ ജോലി ചെയ്യുന്ന കിന്റർഗാർട്ടനിൽ മഹാവികൃതിയായ ഒരു കുട്ടിയെ കൈകാര്യം ചെയ്യാൻ ബദ്ധപ്പെടുകയാണ്. അബദ്ധത്തിൽ ആ കുട്ടി അയാളുടെ കയ്യിൽ നിന്ന് താഴെ വീഴുന്നു, പിന്നെ അത് വികൃതിയൊന്നും കാണിയ്ക്കുന്നേയില്ല (Laurie Moore-ന്റെ ഒരു കഥയുണ്ട്, ഇങ്ങനെ ആരംഭിയ്ക്കുന്നത്), ഒരു ഷോക്കിലെന്നപോലെ വെറുതെ ആളുകളെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു. വല്ലവിധേനയും അതിനെ മറ്റുള്ളവരുടെ കയ്യിലേൽപ്പിച്ച് അയാൾ തന്റെ ബാൻഡിനൊപ്പം പ്രാക്ടീസ് ചെയ്യാനായി പോകുന്നു. അയാൾ നക്ഷത്രം കാണുന്നു. കാടിനുള്ളിൽ നിന്ന് മരണഭയത്തോടെയെന്ന വണ്ണം ഇറങ്ങിയോടുന്ന ഒരാളെയും കാണുന്നു. ഈ കഥകൾ മുഴുവൻ നടക്കുന്നത് ഒരേ പട്ടണത്തിൽ ആണെന്നും, ഈ കഥകൾ എല്ലാം ഒടുവിൽ കണ്ണിചേരുന്നു എന്നതും പിന്നീട് നമ്മൾ കാണും. Iselin എന്ന സൂപ്പർമാർക്കറ്റ് ജീവനക്കാരി തന്റെ ആർക്കും വിലയില്ലാത്ത ഏകാന്തജീവിതത്തെപ്പറ്റി ഓർത്തു ദുഖിയ്ക്കുന്നു, അവൾക്കു അസ്സലായി പാടാനറിയാം, പക്ഷെ മറ്റുള്ളവരുടെ മുന്നിൽ അത് വയ്യ, അവൾ ഇഷ്ടപ്പെടുന്ന ഒരാൾ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കി സ്ഥലം വിടുന്ന അവൾക്ക് hallucinations ഉണ്ടാവുന്നു – കെട്ടിടങ്ങൾക്കു തീ പിടിയ്ക്കുന്നതും തെരുവുകളിൽ എലികൾ പരക്കം പായുന്നതായും മറ്റും. Solveig എന്ന നഴ്സ് ഒരു സർജറിക്കിടെ, മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്യാനായി അവരെടുത്തു നീക്കുകയാണ്, രോഗി മരിച്ചിട്ടില്ലെന്ന് മനസിലാക്കുന്നു, അവർ വീടിനു തൊട്ടടുത്ത് ഒരു കുറുക്കനെ കാണുന്നുണ്ട്, യാത്രാമധ്യേ രണ്ടു തവണയായി ഒരു മാനിനെ കാണുന്നു. സർജറി കഴിഞ്ഞു മടങ്ങുന്ന വഴി ഗംഭീരനായ ആ മാൻ, അവരെ സമീപിച്ച് മണത്തു നോക്കുന്നു. ബൊലാഞ്ഞോയുടെ 2666-ലെപ്പോലെ, വിധി ദിനത്തോടടുക്കുമ്പോൾ സകല ചരാചരങ്ങളും അശാന്തരാകുന്നു, അക്രമണകാരികളാകുന്നു, തങ്ങളുടെ സ്വാഭാവിക ഇടങ്ങളിൽ നിന്നു അവ കൂട്ടത്തോടെ പുറത്തു വരുന്നു. ഒരു മ്യൂസിക് ബാൻഡിലെ അംഗങ്ങൾ കൊല്ലപ്പെട്ടതറിഞ്ഞു അതന്വേഷിയ്ക്കാൻ പോവുകയാണ് Jostein എന്ന ലേഖകൻ. വീണ്ടും 2666-മായുള്ള സാമ്യം ഇവിടെ വീണ്ടും കാണാം. അയാളുടെ ജീവിതം തന്നെ കീഴ്മേൽ മറിയുന്നു. അയാളുടെ ഭാര്യ Turid, താൻ ജോലി ചെയ്യുന്ന ക്ലിനിക്കിലെ ഒരു അന്തേവാസി ചെകുത്താനെപ്പറ്റി പറയുന്നതു കേട്ട് അസ്വസ്ഥയാവുന്നു. അവർക്ക് നോവലിലെ ഏറ്റവും അസാധാരണമായ അനുഭവമുണ്ടാവുകയാണ്. Vibeke എന്ന യുവതി ഒരു പറ്റം ലേഡിബഗ്സ് തന്റെ ബാൽക്കണിയിലും പരിസരത്തും വന്നു നിറയുന്നത് കണ്ട് അത്ഭുതം കൂറുന്നു (മൈ സ്ട്രഗിൾ സീരീസിൽ ബീച്ചിൽ വച്ച് സമാനമായ ഒരു രംഗത്തിന്റെ വിവരണമുണ്ട്). പിറകെ അവരുടെ ജീവിതം മാറിമറിയുന്ന ഒരു അനുഭവം അവർക്കുമുണ്ടാവുന്നു. ഇങ്ങനെ നക്ഷത്രം കാണുന്ന ഓരോ ആളുകളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുകയാണ്. അവസാന ഭാഗങ്ങളിൽ സസ്പെൻസ് ത്രില്ലർ/ ഹൊറർ genre-കളെ അനുസ്മരിപ്പിയ്ക്കുന്ന അനവധി, സാമാന്യം ഷോക്കിങ് ആയുള്ള, രംഗങ്ങളുണ്ട്. ഇവയുടെയെല്ലാമിടയിൽ ദൈനംദിന ജീവിതം അതിന്റേതായ താളത്തിൽ കടന്നുപോവുന്നു. Egil മാത്രമാണ് ഇതിനെകുറിച്ച് ആഴത്തിൽ ചിന്തിയ്ക്കാനുള്ള space ഉള്ള ഒരേ ഒരാൾ, അയാൾ തന്റെ ലേഖനം എഴുതി പൂർത്തിയാക്കിയശേഷം എങ്ങോ പോകുന്നു, അയാളുടെ സുഹൃത്തിന് അയാളെ എവിടെയും കാണാൻ കഴിയുന്നില്ല. ആദ്യഭാഗത്തെ പതിഞ്ഞ താളത്തിനുശേഷം ശേഷം നോവലിൽ തുടരെത്തുടരെയാണ് ഇമ്മാതിരി സംഗതികൾ ഉണ്ടാകുന്നത്, ഒരു ടിപ്പിക്കൽ ത്രില്ലർ നോവലിൽ ഉണ്ടാകുന്നതുപോലെ തന്നെ.
ഇഷിഗുരോ സയൻസ് ഫിക്ഷൻ /ഫാന്റസി എഴുതിയ കാര്യം ഞാൻ പറഞ്ഞല്ലോ, നൊബേൽ നേടിയ എഴുത്തുകാരന് അത് ഒരു odd ചോയ്സായി തോന്നുന്നില്ല എന്നതാണ് സംഗതി. അയാൾ മുന്നെ Buried Giant എന്ന ഫാന്റസി നോവൽ എഴുതിയിട്ടുണ്ട് താനും. നമ്മുടെ നാട്ടിൽ genre ഫിക്ഷൻ അതിന്റെ ദയനീയാവസ്ഥയിൽ തുടരുന്നെങ്കിലും, നമ്മുടെ വായനക്കാർ വിദേശ genre ഫിക്ഷൻ ധാരാളമായി, അതും അടുത്തകാലത്തായി, വായിയ്ക്കുന്നവരാണെന്നു കാണാം. എന്നാൽ എലീറ്റ് വായനക്കാരുടെയും എഴുത്തുകാരുടെയും ഇടയിൽ ഇത്തരം വായനയോടും എഴുത്തിനോടും ഒരു പുച്ഛമുണ്ട്, അത് നിലവാരവുമായി ബന്ധമുള്ള സംഗതിയല്ല, മറിച്ച് തികഞ്ഞ അജ്ഞതയാണ് അതിനു പിന്നിൽ – അതിനു വളം വയ്ക്കുന്ന മീഡിയോക്കർ എഴുത്തുകാരും ലേഖകരും അനവധിയുണ്ട് താനും. സംഗതി എന്തോ എളുപ്പപ്പണി ആണെന്ന് കരുതി അതെഴുതാൻ തുനിയുന്ന “സീരിയസ്” എഴുത്തുകാരുമുണ്ട്. പുറം നാടുകളിൽ സിമനണിനെയും ലെക്കാറെയെയും ആളുകൾ അങ്ങനെയല്ല കാണുന്നത്. ബുക്കർ വിന്നറായ John Banville പോലെയുള്ളവർ ആണെങ്കിൽ രണ്ടു വിഭാഗത്തിലും എഴുതിയിട്ടുണ്ട്. കിനോസ് ഗാർഡിന്റെ നോവൽ ഇതുപോലൊരു സംഗതിയാണ് ചെയ്യാൻ നോക്കുന്നത്. എന്നാൽ A Time For Everything-ൽ ശ്രമിച്ചതിൽ നിന്നും ഒരു പടി മുന്നോട്ടുപോയി ഒരു genre bending സീരീസ് ആണ് അയാളുടെ ലക് ഷ്യം, ആത്മീയത, ഫിലോസഫി തുടങ്ങിയ ചേരുവകളോടെ. എന്തൊരു ധൈര്യം എന്ന് പാരമ്പര്യത്തെ കെട്ടിപ്പിടിച്ച് കഴിയുന്ന നമ്മുടെ എഴുത്തുകാരെ നോക്കുമ്പോൾ എനിയ്ക്കു പറയാൻ തോന്നുന്നു, അതും മൂന്നു പുസ്തകങ്ങളിലായി, വലിയൊരു കാൻവാസിൽ – സീരീസിലെ അടുത്ത നോവൽ ഈ മാസം നോർഡിക്കിൽ ഇറങ്ങിക്കഴിഞ്ഞു – The Wolves from the Forest of Eternity എന്ന ഈ നോവൽ 1986-ലെ സോവിയറ്റ് യൂണിയനിൽ ആണ് സെറ്റ് ചെയ്തിരിയ്ക്കുന്നത്. ഇമ്മാതിരി സംഗതികൾ ഈ എഴുത്തുകാരനെപ്പറ്റിയുള്ള ആവേശമുയർത്തുന്നു എന്നതാണ് സത്യം. കിനോസ് ഗാർഡ് പോലെ ഒരെഴുത്തുകാരൻ ഇപ്പോൾ ലോകത്തു വേറെയില്ല. അയാളുടെ പരീക്ഷണ വ്യഗ്രത കാണുമ്പൊൾ അയാൾക്ക് തന്നെ അത് ബോധ്യമുണ്ടെന്നും നമുക്ക് തോന്നും. വലിയൊരു കൂട്ടം “സൊ കോൾഡ്” വായനക്കാരുടെ പരിഹാസവും അയാളെ ധൈര്യവാനാക്കുന്നുണ്ടായിരിയ്ക്കണം. കാറ്റിന് എതിരിൽ നിൽക്കുന്നതിന്റെ സുഖം, അങ്ങനെ നിന്നവർക്കേ അറിയൂ.
