
ആളുകൾ ചോദിയ്ക്കാറുണ്ട് – എന്തുകൊണ്ടാണ് നന്ദകുമാറിന്റെ “നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റ”മോ അല്ലെങ്കിൽ സന്തോഷ് കുമാറിന്റെ കഥകളോ ഇപ്പോഴും പുത്തനായി തോന്നുകയും എന്നാൽ പുതുതലമുറയിലെ എഴുത്തുകാരുടെ എഴുത്തിൽ നിന്ന് വ്യത്യസ്തമായിരിയ്ക്കുകയും ചെയ്യുന്നത്? മലയാളത്തിലെ ക്‌ളാസിക് ടെക്സ്റ്റിന്റെ ഉദാഹരങ്ങളാണ് രണ്ടാളുടെയും എഴുത്തുഭാഷ എന്നതാണ് എന്റെ മറുപടി. നൊറോണ, വിനോയ് തുടങ്ങിയവർ പി എഫ് മാത്യൂസ് പോലെയുള്ള എഴുത്തുകാർ തുടക്കമിട്ട ശൈലിയെ പിന്തുടരുമ്പോൾ അതിനും മുന്നേയുള്ള, ക്‌ളാസ്സിക് എന്ന് ഏറെക്കുറെ വിളിയ്ക്കാവുന്ന ഒരു രീതിയാണ് നന്ദനും സന്തോഷിനുമുള്ളത്. രണ്ടു പേരും നല്ല എഴുത്തുകാരായതുകൊണ്ട് മറ്റു ദുർമ്മേദസ്സുകളില്ലാതെ അവരുടെ ടെക്സ്റ്റ് വേറിട്ട് നിൽക്കുകയും ചെയ്യുന്നു. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് നന്ദകുമാർ മേലേതിലിന്റെ “കാളിദാസന്റെ മരണം” എന്ന നോവെല്ല (ഡിസി നോവൽ എന്ന് പറയുന്നത് വിപണന തന്ത്രമായി കണ്ടാൽ മതി, വളരെ ചെറിയ പുസ്തകമാണിത്).
കാളിദാസന്റെ കഥയിൽ നമുക്ക് അറിയാത്തതായി ഒന്നുമില്ല. പക്ഷെ, ഇവിടെ കാളിദാസനെ അവതരിപ്പിയ്ക്കുന്നത് വിക്രമാദിത്യന്റെ ചാരനായാണ്. എന്നാൽ ഒരു മിസ്റ്ററി/സ്പൈ കഥപോലെ ആഖ്യാനത്തിനെ വളർത്താൻ എഴുത്തുകാരൻ തുനിഞ്ഞിട്ടില്ല താനും. പകരം ക്‌ളാസ്സിക് നാടകങ്ങളുടെ ശൈലിയിൽ പഴങ്കഥയെ, പുനരാഖ്യാനം ചെയ്യുകയാണ് അയാൾ. അതിനു വേണ്ടി എഴുത്തുകാരൻ ചെയ്തിട്ടുള്ള ഗവേഷണത്തിന്റെ ആഴമൊക്കെ നമുക്ക് വായനയിൽ മനസ്സിലാകും – ആ കാലത്തെ കൃത്യമായി പിടിച്ചെടുത്തിരിയ്ക്കുകയാണ് നന്ദകുമാർ. സംസ്കൃതത്തിലെ ക്‌ളാസ്സിക് കൃതികൾ വായിച്ചിട്ടുള്ള അനുഭവവും എഴുത്തുകാരന് ആവോളമുണ്ട്. ഇവിടെ ഓർമ്മ വരുന്നത് കുറിപ്പിന്റെ ആദ്യത്തിൽ സൂചിപ്പിച്ച നോവെല്ലയാണ്. അതിൽ, “അർക്കപ്രകാശം” എന്ന പ്രാചീന ആയുർവേദഗ്രന്ഥത്തിലെ കുറിപ്പടികൾ ആഖ്യാനവുമായും പശ്ചാത്തലത്തിലെ ഉത്സവമേളം കഥയുടെ ക്ളൈമാക്സുമായും വിളക്കിച്ചേർത്തിരിയ്ക്കുകയാണ്. സംഘകാല കഥ പറയുന്ന “പ്രണയം 1024 കുറുക്കുവഴികൾ” എന്ന നോവലിൽ നായകൻ അക്കാലത്തെ ഗ്രാമങ്ങളിലൂടെയും ജനപദങ്ങളിലൂടെയും അലയുന്നതു വിവരിയ്ക്കുന്ന ഒരദ്ധ്യായമുണ്ട്, ഇവിടെ അലയുന്നത് കാളിദാസനാണ്. രണ്ടു പുസ്തകത്തിലെയും ഉജ്ജ്വലമായ എഴുത്തിന്റെ, നേരത്തെ പറഞ്ഞ ക്‌ളാസിക് ടെക്സ്‌റ്റിന്റെ, ഉദാഹരണങ്ങളായി ഇവയെ കാണാവുന്നതാണ്. “കാളിദാസന്റെ മരണത്തിലെ” സംഭാഷണങ്ങൾ, പുസ്തകത്തിന്റെ ഘടനകൊണ്ട് തന്നെ പ്രധാനമാണ് – അത് നന്ദൻ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മീശയെക്കുറിച്ചു പറയുമ്പോൾ പറഞ്ഞ വാചകങ്ങൾ ആവർത്തിയ്ക്കുകയാണ് – പുസ്തകം എന്താണോ അതിനുവേണ്ടി വായിയ്ക്കുക, പുതിയ തലമുറയിലെ ഭൂരിപക്ഷം എഴുത്തുകാർക്കും അപ്രാപ്യമായ സോഫിസ്റ്റിക്കേഷൻ ഇതിലെ ടെക്സ്റ്റിനുണ്ട്. അതാണ് ഈ നോവലിനെ ഡിസിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാക്കിയത്. എന്നാൽ, പുരാണകഥകളെ ഗ്ലോറിഫൈ ചെയ്യുന്ന മിലിറ്റന്റ് രാഷ്ട്രീയത്തിന്റെ നിഴൽ ഇതിലില്ല, ആ പ്രതീക്ഷയിലും ചില ആളുകൾ ഈ പുസ്തകം വായിച്ചിരിയ്ക്കാമെങ്കിലും (പ്രദീപ് ഭാസ്കറിന്റെ കാമാഖ്യയും ഈ കെണി വൃത്തിയായി ഒഴിവാക്കിയിട്ടുണ്ട്).