പാൻഡെമിക് വായനയെപ്പറ്റി

കഴിഞ്ഞ വർഷം, പാൻഡെമിക് തുടങ്ങിയ സമയത്താണ് ഞാൻ ക്രൈം വായന കൂടുന്നതിനെപ്പറ്റി എവിടെയോ വായിച്ചത്. അതെന്തുകൊണ്ട് എന്നാരോ പഠനം തന്നെ നടത്തിയിരുന്നു. ക്രൈം കഥകളുടെ വായനയിൽ ഒരു അണ്ടർ ഡോഗ് എലിമെൻറ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മളെക്കാൾ ബുദ്ധിശക്തി കൂടിയ ആളുകൾ തമ്മിലുള്ള കാറ്റ് ആൻഡ് മോസ് ഗെയിമാണല്ലോ ഇത്തരം പുസ്തകങ്ങളിലെ വിഷയം. ദൃശ്യം സിനിമയി(കളി)ലെ ഹീറോയിക് സംഗതി അതിലെ ക്രൈം ചെയ്യാൻ ചെയ്യുന്ന ദൈർഘ്യമേറിയ പ്ലാനിങ് ആണ്. ലാൽ പോലും ആ ഒരു ആശയത്തിന്റെ വെഹിക്കിൾ മാത്രമാണ്. ഹിഗാഷിനോയുടെ നോവലിന്റെ ചില ഭാഗങ്ങൾ സാമാന്യം യുക്തിയോടെ തന്നെ മലയാളി അന്തരീക്ഷത്തിലേയ്ക്ക് പോർട്ട് ചെയ്‍തതാണ് ആദ്യ സിനിമയുടെ വിജയം, എന്നാൽ നോവലിലെ ബുദ്ധിരാക്ഷസരുടെ മത്സരമൊന്നും ഇതിലില്ല. എന്നിരിയ്ക്കിലും ജിത്തു ആ നോവലിൽ നിന്ന് സ്പിൻ ചെയ്തെടുത്ത കഥ മോശമല്ലായിരുന്നു. ദൃശ്യം രണ്ടാം സിനിമയിലാണ് കുറച്ചൊക്കെ നോവലിനൊപ്പം നിൽക്കുന്ന കഥയുള്ളത്. എന്നാൽ സിനിമയുടെ കഥ അവസാനഭാഗങ്ങളിൽ, കാഴ്ചക്കാരുടെ ലോജിക്കിനെ തന്നെ വെല്ലുവിളിയ്ക്കുന്ന നിലയിലാണ് – നോവലിലെപ്പോലെത്തന്നെ ഒരു സ്റ്റോറി (ബോഡി വച്ചുമാറ്റുന്നത്) ചെയ്യാൻ ജിത്തു ശ്രമിച്ചിരുന്നെങ്കിൽ എന്ന് കാഴ്ചക്കാർ വിചാരിയ്ക്കും. സിനിമയിലെ ഹീറോയിസം മൊത്തം മറ്റു കഥാപാത്രങ്ങളുടെ ഭാവങ്ങളിലും പശ്ചാത്തല സംഗീതത്തിലും ഒതുക്കിയതാണ് ഈ സിനിമയിലെ ഏകരസം. അപ്പോഴും അണ്ടെർഡോഗ് ലാൽ ആണ്. അത് ഒന്നുകൂടി ഹൈലൈറ്റ് ചെയ്യാനാകും വീട് ബഗ്ഗ് ചെയ്യുന്നപോലെയുള്ള അതിശയോക്തികൾ സിനിമയിൽ കൊണ്ടുവന്നത്. ഒന്നാം ഭാഗത്തെ ലാൽ സിനിമകൾ കണ്ടു പദ്ധതികൾ ഇടുന്നപോലെയുള്ള സംഗതികൾ ഈ സിനിമയിലില്ല. എന്നാൽ കുറ്റം സമ്മതിയ്ക്കുന്നത് നോവലിലെപ്പോലെ ഉണ്ട്. നോവലിന്റെ closure-നു വേണ്ടി മാത്രമുള്ള അവസാനം എനിയ്ക്കിഷ്ടമല്ല, ദാറ്റ് വാസ് നോട് ആസ് ബ്രില്യന്റ് ആസ് ദി മെയിൻ സ്റ്റോറി. എന്നാലും നോവലിൽ രണ്ടു ജീനിയസുകൾ എന്ന് കഥാകാരൻ പറയുമ്പോൾ നമുക്കും തോന്നും, കൊള്ളാം എന്ന്. അതാണ് നോവലിന്റെ ആകർഷണീയത(ഹിഗാഷിനോ നോവലുകളിലെ കുറ്റകൃത്യങ്ങളും അന്വേഷണങ്ങളും വളരെ clever ആണ്), സിനിമയിൽ അതൊരു സാധാരണക്കാരന്റെ ചെയ്തികളിൽ ആണ് കടന്നു വരുന്നത്, അതാകട്ടെ ആദ്യ സിനിമയിലെ അത്ര കൺവിൻസിംഗ് അല്ല രണ്ടാം സിനിമയിൽ, എന്നാലും അതൊരു കഥയെന്ന നിലയിൽ അത്ര പരാജയമൊന്നുമല്ല(അഭിനയമായിരുന്നു എനിയ്ക്ക് അസഹ്യം).

അടുത്ത കാലത്ത് ജോൺറെ ഫിക്ഷനിൽ തരംഗമുണ്ടാക്കിയ നോവലാണ് A.J. Finn എഴുതിയ “The Woman in the Window”. Agoraphobia ഉള്ള ഒരു സ്ത്രീ അയൽപ്പക്കത്ത് ഒരു കൊലപാതകം നടക്കുന്നത് കാണുന്നതാണ് നോവലിന്റെ കഥ. അവരുടെ അസുഖം കാരണം അവർക്കു വീടിനു പുറത്തിറങ്ങാൻ കഴിയില്ല. എന്നാൽ അത് മറ്റുള്ളവരുടെ വീടുകളിലേയ്ക്കു തന്റെ ക്യാമറയിലൂടെ ഒളിഞ്ഞു നോക്കാൻ അവർക്കു തടസ്സമാകുന്നില്ല. വായന തുടങ്ങുമ്പോഴാണ് “ഗോൺ ഗേൾ”, “ഗേൾ ഓൺ എ ട്രെയിൻ” തുടങ്ങിയ നോവലുകൾ നമുക്ക് ഓർമ്മ വരിക. എന്നാൽ എഴുത്തുകാരന് ഇതറിയാം. അത് കൊണ്ട് നായിക പഴയ സിനിമകൾ കാണുന്നതാണ് ഹോബി എന്ന് ചേർത്തിരിയ്ക്കുന്നു. “റിയർ വിൻഡോ” എന്ന ഹിച്ച്കോക്കിയൻ സിനിമയാണ് നമ്മൾ അടുത്തതായി ഓർക്കുക എന്നും അയാൾക്കറിയാം. അഥവാ, താൻ ഹിഗാഷിനോ ഒന്നുമല്ല എന്നറിയുന്ന എഴുത്തുകാരൻ ആണ് Finn. എന്നാലും കഥ സാമാന്യം വൃത്തിയായി എഴുതിയിട്ടുണ്ട് അയാൾ, അവസാന മൂന്നു നാലു അധ്യായങ്ങളിലാണ് എന്റെ ക്ഷമ നശിച്ചത്. എന്നാലും ബോർഹെസിനെപ്പറ്റി ഒക്കെ തള്ളുന്ന മല്ലു ക്രൈം എഴുത്തിനേക്കാൾ കൊളളാം, വല്ല്യ പ്രതീക്ഷയൊന്നും വേണ്ടെന്ന് എഴുത്തുകാരൻ ആദ്യമേ പറയുന്നുണ്ട് – അതാണ് എഴുത്തിലെ സത്യസന്ധത. എന്നാൽ ഈ നോവൽ ഞാൻ വായിയ്ക്കാൻ കാരണം ന്യൂ യോർക്കർ എഴുത്തുകാരനെപ്പറ്റി എഴുതിയ പ്രൊഫൈൽ ആണ്. അതിവിടെ വായിയ്ക്കാം :- https://www.newyorker.com/magazine/2019/02/11/a-suspense-novelists-trail-of-deceptions?utm_campaign=falcon&mbid=social_twitter&utm_medium=social&utm_source=twitter&utm_social-type=owned&utm_brand=tny. നോവലിനേക്കാളും disturbing ആൻഡ് thrilling ആയുള്ള വായനയാണ് ഇത്. Daniel Mallory എന്ന എഴുത്തുകാരൻ തന്റെ ജീവിതത്തിലുടനീളം നടത്തിയിട്ടുള്ള കള്ളത്തരങ്ങളുടെയും കള്ളക്കളികളുടെയും കഥയാണ് ഇത്. തന്നെപ്പറ്റി കഥകളുണ്ടാക്കുന്നതാണ് അതിൽ പ്രധാന സംഗതി. കാൻസർ ആണെന്ന് പറഞ്ഞു ജോലിസ്ഥലത്തുനിന്നു അവധി എടുക്കുക, എന്നിട്ട് അനിയനെന്ന പേരിൽ ആശുപത്രിയിലെ ദിവസങ്ങളെപ്പറ്റിയും തന്റെ സർജറി കഴിഞ്ഞുള്ള പ്രോഗ്രസിനെപ്പറ്റിയും ഫെയ്ക്ക് ഐഡിയിൽ നിന്ന് മെയിലുകൾ അയയ്ക്കുക തുടങ്ങി തന്റെ ഓക്സ് ഫോർഡ് പിഎച്ച്ഡി തൊട്ടു താൻ എഡിറ്റർ ജോലി ചെയ്ത സ്ഥലങ്ങളെപ്പറ്റി വരെ അയാൾ കള്ളക്കഥകൾ മെനയുന്നു. താൻ ഭയങ്കര ഇന്ററസ്റ്റിംഗ് കഥാപാത്രമാണെന്നു കാണിയ്ക്കാൻ മലയാളം എഴുത്തുകാരൊക്കെ പയറ്റുന്ന സംഗതികൾ ഒക്കെ എത്ര നിസ്സാരം. നോവലിന്റെ പോരായ് മ, അതിന്റെ അവസാന ഭാഗത്തെ വെളിപ്പെടുത്തലും തുടർന്നുള്ള, നൂറു ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള രംഗങ്ങളുമാണ്. സംഭാഷണങ്ങൾ പോലും ഇരുപതു വർഷം പഴക്കമുള്ള ക്ളീഷേ. വില്ലന്റെ മരണമൊക്കെ എത്തുമ്പോഴേയ്ക്കും നമ്മൾ ഒരു “പ്രവചനസിംഹ”മായി മാറിക്കാണും. സത്യത്തിൽ Agoraphobia-യുമായി ബന്ധപ്പെടുത്തിയുള്ള, നോവലിന്റെ ആദ്യഭാഗത്തുവരുന്ന, ചില സംഗതികളാണ് നോവലിന്റെ ജീവൻ. നായികയുടെ ഫ്ലാഷ്ബാക്ക് ആദ്യത്തിലേ എനിയ്ക്കു പിടികിട്ടി (അതെങ്ങോട്ടു പോകുന്നെന്നും). നോവൽ എങ്ങനെ പുറത്തു വന്നെന്നും വിജയിച്ചെന്നും ഒക്കെ ന്യൂ യോർക്കർ പ്രൊഫൈൽ വായിച്ചാൽ ഐഡിയ കിട്ടും. “ഗോൺ ഗേൾ”, “ഗേൾ ഓൺ എ ട്രെയിൻ” എന്ന നോവലും റിയർ വിൻഡോയും എല്ലാം കോപ്പി അടിച്ചാണ് നോവൽ എഴുതിയിരിയ്ക്കുന്നത് എന്ന് തന്നെ വ്യംഗ്യത്തിൽ ഇതിൽ പറയുന്നുണ്ട്. എന്നിട്ടും നോവൽ സെല്ലറാവുകയും സിനിമയാവുകയും ചെയ്തു(സിനിമ ഈ വർഷം വരും, എഴുത്തുകാരന് അതിനും കിട്ടി ഏഴു കോടിയോളം രൂപ). ആളുകൾ പാൻഡെമിക് സമയത്ത് എളുപ്പത്തിൽ വഴങ്ങുന്ന പുസ്തകത്തിനുപിന്നാലെ പോയെന്നു കരുതണം.

Forbrydelsen (The Killing) എന്ന ഡാനിഷ് ടെലിസീരിയലിനു കഥയെഴുതിയിരിയ്ക്കുന്നത് “The Chestnut Man”-ലൂടെ പ്രശസ്തനായ Søren Sveistrup ആണ് (സത്യത്തിൽ സീരീസാണ് ആദ്യം വന്നത്). അയാളുടെ നായകൻ യു നെസ് ബോയുടെ ഹാരി ഹൂളെയുടെ (Harry Hole) അനുകരണമാണ് പല വിധത്തിലും എന്ന് ഞാൻ മുന്നേ എഴുതിയിട്ടുണ്ട് (ട്രാൻസ് വിരോധി ആയ റൗളിങ്ങ് സൃഷ്ടിച്ച കഥാപാത്രവും, സ്ട്രൈക്ക്, ഹാരിയുടെ അനുകരണമാണ്). എന്നാൽ 2007-ൽ വന്ന സീരീസിലെ പല സംഗതികളും അതുപോലെ വച്ച് തട്ടിക്കൂട്ടിയ നോവലാണ് ഇതെന്ന് മനസ്സിലായതോടെയാണ് എന്റെ നോവലിലെ താൽപ്പര്യം മൊത്തം നശിച്ചത്. നോവൽ കഴിഞ്ഞ വർഷം തുടങ്ങിയെങ്കിലും ഈ വർഷമാണ് മുഴുവനാക്കിയത് – എന്നാൽ അതിനിടയ്ക്ക് സീരീസ് കാണാൻ പോയതാണ് വിനയായത്. എന്നാൽ സീരീസിലെ എഴുത്ത് നോവലിനേക്കാൾ മികച്ചു നിന്നു എന്ന് പറയേണ്ടതുണ്ട്. സീരീസിലെ quiet/slow moments സുന്ദരങ്ങളാണ് (നെസ് ബോയുടെ എഴുത്തിൽ അതുണ്ട്). നോർഡിക് രാജ്യങ്ങളിലെ ഫോസ്റ്റർ കെയർ സിസ്റ്റത്തെപ്പറ്റിയുള്ള അവലോകനമാണ് Chestnut Man-ന് മറ്റൊരു മാനം നൽകുന്നത്. നോർവേ പോലുള്ള രാജ്യങ്ങൾക്കു നാനി സ്റ്റേറ്റ് എന്ന് വിളിപ്പേരു പോലുമുണ്ടെന്നോർക്കുക. എന്നാൽ ഫിൻ/മൽറോയ് പോലെയുള്ള എഴുത്തുകാരനല്ല Sveistrup, ഹി ഈസ് മോർ സോഫിസ്റ്റിക്കേറ്റഡ്. അപ്പോഴും യു നെസ് ബോയോട് കടപ്പെടാത്ത എഴുത്തുകാരനുമല്ല അയാൾ.

നെസ് ബോയുടെ Knife ഞാൻ വായന തുടങ്ങിയത് കഴിഞ്ഞ വർഷമാണ്, ഇപ്പോഴും തീർന്നിട്ടില്ല. മറ്റേ ലേഖനത്തിൽ പറഞ്ഞപോലെ 2020-ൽ ആദ്യമൊക്കെ ക്രൈം നോവലുകളോട് ആഭിമുഖ്യം തോന്നിയെങ്കിലും പതിയെ ഗൗരവ വായന ആ ഇടം കയ്യേറി. എന്നാൽ ജോലിത്തിരക്ക് കൂടിയ ഈ വർഷം കൂടുതലും വായിയ്ക്കുന്നത് വീണ്ടും ക്രൈം തന്നെയാണ്. ജനുവരിയിലും കഴിഞ്ഞ മാസവും അനവധി എഴുത്തുകാരെ ഞാൻ കണ്ടെത്തി, എന്നാൽ വായന എവിടെയും എത്തിയില്ല. സീരിയസ് വായനയ്ക്ക് (എല്ലാം സീരിയസ് തന്നെ, സ് പെൻഡിങ് ടൈം നൗ ഈസ് എ സീരിയസ് ബിസിനസ്) എന്ന് പറയുന്നില്ല, എന്നാലും എന്റെ സാധാരണ വായനാ ജോൺറെയായ ലിറ്റററി ഫിക്ഷന് വേണ്ടി ഞാൻ അനവധി പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ വര്ഷവുമാണിത് (കൂടുതലും, Fitzcarraldo എഡിഷൻസ് ). എന്നാൽ ഞാൻ വായിയ്ക്കുന്നത് മൊത്തം ക്രൈം/ത്രില്ലർ സംഗതികളാണ്. കൂട്ടത്തിൽ മുറകാമിയും (അതിനെപ്പറ്റി ഒരു നെടുങ്കൻ സംഗതി എഴുതണം എന്ന് കരുതുന്നു, ക്രൈം ജോൺറെയിൽ നിന്ന് വളരെ അകലെയൊന്നുമല്ല മുറകാമിയുടെ പല നോവലുകളിലെയും ലോകം, അവയധികവും ആവർത്തനങ്ങളാണ് താനും). Knife വായിയ്ക്കുമ്പോൾ തോന്നുന്ന സംഗതി ഹാരി എന്ന കഥാപാത്രം എന്ത് മാത്രം റിയൽ ആയിത്തോന്നുന്നു എന്നതാണ്. ഇതേ ഫീലിംഗ് തരുന്ന ഹിഗാഷിനോ അല്ലാതെ മറ്റൊരു എഴുത്തുകാരൻ ഈ വിഭാഗത്തിൽ നെസ്ബോയ്ക്കു തുല്ല്യനായില്ല ഇപ്പോൾ, എന്നാണ് ഞാൻ കരുതുന്നത്. മലയാളത്തിൽ ഇപ്പോഴും നെസ് ബോയ്ക്ക് വായനക്കാരില്ല, കുറച്ചു ലിറ്റററി ക്വാളിറ്റി ഉള്ള അയാൾക്കും ഒരു പരിധി വരെ (സ്ലോ ആയ) റൗളിങ്ങിനും ഇവിടെ വായനക്കാർ കുറവാണ് എന്ന് ഞാൻ വിചാരിയ്ക്കുന്നു. സത്യത്തിൽ ഹിഗാഷിനോയും അങ്ങനെ ആകേണ്ടതാണ് – ദൃശ്യം സിനിമ കാരണം അയാൾക്ക് വായനക്കാർ കൂടുതലായി എന്ന് മാത്രം. പലപ്പോഴും നെസ് ബോ ദഹിയ്ക്കുന്നില്ലെന്നു ഓൺലൈനിൽ ആളുകൾ പറയുന്നത് കണ്ടിട്ടുണ്ട്. ഹിഗാഷിനോയുടെ കൂടുതൽ ഡെപ്ത്തുള്ള നോവലുകൾക്കും ഇങ്ങനെ പരാതി പറയുന്ന വായനക്കാരുണ്ട്. ഫിന്നൊക്കെ ചെലവാകുന്നത് അത്ഭുതമല്ല.

എന്തായാലും നമ്മുടെ നാട്ടിലെ സംഗതികൾ ആലോചിച്ചാൽ ഒരു പക്ഷെ ഈ ക്രൈം പ്രേമത്തിന്റെ കാരണം പിടികിട്ടുമെന്നാണ് തോന്നുന്നത്. എന്റെ നോവലിന്റെ എഴുത്തൊക്കെ ഏതാണ്ട് സ്ലോ ആണ്. മനസ്സിൽ മറ്റൊന്നുമില്ലാത്തവരാകും, അഥവാ ലോകം തങ്ങളെ ബാധിയ്ക്കുന്നില്ലെന്നു തോന്നുന്നവർ, ഇപ്പോൾ ആക്റ്റീവ് ആയി എഴുതുന്നവരൊക്കെ എന്ന് തോന്നുന്നു. എനിയ്ക്ക് ഒരു അണ്ടർ ഡോഗ് തോന്നലാണ് കൂടുതൽ, ചുറ്റുപാടുകൾ എന്നെ ബാധിയ്ക്കുന്നെന്നു ചുരുക്കം. അല്ലെങ്കിലും മലയാളത്തിൽ ഞാൻ എന്നും അണ്ടർ ഡോഗ് എഴുത്തുകാരനായിരിയ്ക്കും എന്നുമായിരിയ്ക്കാം. അത് ഏതായാലും കൊള്ളാവുന്ന അവസ്ഥയാണ്.

2 thoughts on “പാൻഡെമിക് വായനയെപ്പറ്റി”

  1. 👍👍

    The Devotion of Suspect X മുൻപ് വായിച്ചതിനാലോ എന്നറിയില്ല, ദൃശ്യം 2 -വിൽ പ്രതീക്ഷിച്ച കാര്യങ്ങൾ മാത്രമാണ് നടന്നത്. മോഹൻലാൽ രക്ഷപ്പെടും എന്ന ചിന്ത ആദ്യമേ ഉള്ളിലുണ്ടായതിനാലാവും. ത്രില്ലിങ് ആയിരുന്നില്ല എന്നു ചുരുക്കം.

    Keigo Higashinoയുടെ സാൽവേഷൻ ഓഫ് എ സെയിന്റ് – നോവൽ വായിച്ചു. പരിസരമൊരുക്കുന്നതിലും അതുകൊണ്ടുപോകുന്നതിലും കഥ പറയുന്നതിലും മികച്ചതാണെങ്കിലും കുറ്റകൃത്യം വിശ്വസനീയമാക്കാൻ, നോവലിസ്റ്റ് ബോധപൂർവം ശ്രമിക്കുന്നതായി തോന്നി. എങ്കിലും വൃത്തിയുള്ള നോവൽ..

    Agatha Christie – യുടെ And Then There Were None ആണ് എന്റെ വായനയിൽ മികച്ച ഒരു അനുഭവമായത്. മാതൃഭൂമിയുടെ ഷെർലക് പരിഭാഷ വായിച്ച് എങ്ങും എത്തുന്നില്ല. പദാനുപദ തർജിമ വിരസമായി മാറുന്നു. The Silent Patient (Alex Michaelides) അടുത്തിടെ വായിച്ചതിൽ ഇഷ്ടപ്പെട്ടു.

    താങ്കളുടെ കുറിപ്പുകളിലെ പുസ്തകങ്ങൾ തേടിപ്പിടിക്കുകയാണ് ഇപ്പോൾ. JO NESBO – POLICE മികച്ച ഫീൽ ആണ്. CHESTNUT MAN ഇഴച്ചിലും.

    KEEP POSTING MORE ABOUT WORLD OF BOOKS…

    1. Thanks a lot of for the long comment, you could go for Snowman, Son, Police, Macbeth etc by Nesbo. Son and Macbeth are not part of the Harry Hole series. This is where he attempts to be do a Simenon and pulls it off, esp in Macbeth which is a retelling of the classic. in Knife you can see Hole still evolving as a character, though weighed down by his past – thats something you wont see in classics in the genre, like in the case say Holmes or Maigret. For me characterisation is very important. Higashino is also good at it. Kingdom (Nesbo) has some excellent writing at the beginning which is on par with any genre, but i have only started the book. More on both later.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top