രിസാലയ്ക്കു വേണ്ടി അജയ് സംസാരിയ്ക്കുന്ന യൂട്യൂബ് വീഡിയോ താഴെ ലിങ്ക് ചെയ്യുന്നു. ഇതിൽ സെർജിയോ പിറ്റോൾ എന്നെ എഴുത്തുകാരനെപ്പറ്റി അജയ് പറയുന്നുണ്ട്. അടുത്ത കാലത്ത് എന്റെ വായനാ സൗഹൃദഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേരാണ് ഇത്. റോബർട്ട് ക്രോൾ എന്ന പരിഭാഷകൻ പങ്കെടുത്ത ഒരു പോഡ്‌കാസ്റ്റിൽ നിന്നാണ് ഞാൻ ആദ്യമായി സെർവാന്റിസ് അവാർഡിനെപ്പറ്റി കേൾക്കുന്നത്. നെറ്റിൽ നോക്കിയാൽ കാണാം, നൊബേലിനെക്കാളും പ്രാധാന്യമുള്ള അവാർഡാണ് ഇത്. ലോകസാഹിത്യത്തിലെ അദ്വിതീയരായ പല പ്രതിഭകളും ഈ അവാർഡ് വാങ്ങിയിട്ടുണ്ട്. അതിൽ തന്നെ പലരും പരിഭാഷയിൽ വന്നിട്ടില്ല(ഗെയ്റ്റിസോളോ ഒക്കെ പുതിയ പതിപ്പുകൾ കഴിഞ്ഞവർഷം വന്നു, ആന്റഗണി എന്ന പുസ്തകം മൂന്നു നോവലുകൾ ഒരുമിച്ചു ചേർത്തതാണ്, അതാണ് അവസാനം വന്നത്). ആധുനിക സ്പാനിഷ് സാഹിത്യത്തിൽ മൂന്ന് പ്രധാന എഴുത്തുകാരാണ് ഉള്ളത് എന്നാണ് ക്രോൾ പറയുന്നത് – ബൊലാഞ്ഞോ, പിറ്റോൾ പിന്നെ റിക്കാർഡോ പിഗ്‌ലിയ. ഇതിൽ പിഗ്‌ലിയയുടെ ഡയറി ഫോർമാറ്റിലുള്ള സെമി ഫിക്ഷണൽ ട്രിലജി ഉജ്ജ്വലമാണ് (ഞാൻ മൂന്നാം പുസ്തകത്തിലാണ്, അതിലെ നായകൻ വലിയ വായനക്കാരനാണ്, അമ്മ അതിലും വലിയ വായനക്കാരി, ചെറുപ്പത്തിൽ ബോർഹസ് തന്നെ താലോലിച്ച ഓർമ്മയിൽ നിന്നാണ് അയാൾ ആരംഭിയ്ക്കുന്നത്), പിറ്റോൾ ആകട്ടെ അജയ് പറയുന്നപോലെ genre ബെൻഡിങ് പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത് (കണ്ണടയില്ലാതെ അയാൾ വിയന്നയിൽ മങ്ങിയ കാഴ്ചകൾ കണ്ട്, എന്നാൽ ആവേശത്തോടെ, അലഞ്ഞുനടക്കുന്ന വിവരണമുണ്ട് ഒരു പുസ്തകത്തിൽ, ബോർഹെസിനെ ഞാൻ ഓർത്തു ഈ ഭാഗത്ത്). ബൊലാഞ്ഞോയെപ്പറ്റി ഇനിയും ഞാൻ പറയുന്നില്ല. എന്റെ അഭിപ്രായം സെർവാന്റിസ് അവാർഡ് കിട്ടിയ എഴുത്തുകാരെ മാത്രം നിങ്ങൾ വായിച്ചാലും നിങ്ങൾ മികച്ച വായനക്കാരനാകും എന്നാണ്. കുറിപ്പെഴുതാൻ നിമിത്തമായ അജയിന് നന്ദി.