Next Reading Challenge – Hilary Mantel’s Wolf Hall Trilogy

Proust വായിയ്ക്കുക എന്ന ആഗ്രഹം പൂർത്തീകരിയ്ക്കാൻ ഏഴു വർഷത്തോളമെടുത്തു. അതുമൂലം വായന മുഴുവനായി തന്നെ നിലച്ചു പോയ അവസ്ഥയുണ്ടായി 2012-13 കാലത്ത് പുസ്തകങ്ങളോട് വിരക്തി പോലും വന്നു. ആ സീരീസിലെ ചില പുസ്തകങ്ങൾ വായിയ്ക്കാൻ ബുദ്ധിമുട്ടി. ചിലത് വായിച്ചത് മറന്നുപോയി, അന്നൊന്നും നോറ്റ്‌സ് എഴുതുന്ന സ്വഭാവമില്ല. ചില ഭാഗങ്ങൾ വീണ്ടും വായിയ്ക്കേണ്ടി വന്നു. Time Regained എന്ന അവസാന പുസ്തകമാണ് സത്യത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഒന്നായി പെട്ടെന്ന് മനസ്സിൽ വരുന്നത്. സീരീസ് ആദ്യഭാഗത്തിനു ശേഷം ഏറ്റവും ഇഷ്ടമായതും ഈ പുസ്തകമായിരുന്നു. എന്നാൽ ക്‌നോസ്ഗാർഡിന്റെ മൈ സ്ട്രഗിൾ സീരീസ് ആറു പുസ്‌തകങ്ങളും അവയിറങ്ങിയ വർഷങ്ങളിൽ തന്നെ വായിച്ചതുകൊണ്ട് പ്രൂസ്ത് പോലെ, ഒരു മലകയറുന്ന പ്രവർത്തിയായി തോന്നിയില്ല. പ്രൂസ്തിന്റെ കാലത്തുനിന്ന് ക്‌നോസ്ഗാർഡിൽ എത്തുമ്പോൾ ഭാഷയും എഴുത്തിന്റെ ഉദ്ദേശ്യവും എല്ലാം മാറുന്നുമുണ്ട് – ലളിതമാണ് ഈ എഴുത്തുകാരന്റെ ഭാഷ. അയാളുടെ ബുദ്ധിയുടെ തെളിച്ചമാണ്‌ വായനക്കാരന് കഥയുടെ സങ്കീർണ്ണതയോടൊപ്പം അനുഭവപ്പെടുന്നത്, അയാളുടെ ഫിലോസഫിയും ലളിതമാണ്. പ്രൂസ്ത് പോലെ അതൊരു ക്‌ളാസിക് വായനാനുഭവമേയല്ല. 1Q84 എന്ന മുറകാമിയുടെ നോവൽ ജാപ്പനീസ് ഭാഷയിൽ മൂന്നു പുസ്തകമായി ഇറങ്ങിയെങ്കിലും നമ്മളിൽ മിയ്ക്കവരും അതൊരൊറ്റ പുസ്തകമായായിരിയ്ക്കും വായിച്ചു കാണുക. എന്റെ ഒരു സുഹൃത്ത് പറഞ്ഞപോലെ, ആ പുസ്‌തകം, is a fascinating mix of triumph and failure ആണ്.

ഇപ്പോൾ ഞാൻ വർഷങ്ങളായി മനസ്സിലുള്ള ഒരു വായനാ ചലഞ്ചിലേയ്ക്ക് കടക്കുകയാണ്. Hilary Mantel -ന്റെ, ബുക്കർ നേടിയ, ഹിസ്റ്റോറിക്കൽ ഫിക്ഷൻ Trilogy മുഴുവനാക്കുക എന്നതാണ് പ്ലാൻ. Wolf Hall, Bring Up the Bodies, ഇക്കഴിഞ്ഞ മാസം പുറത്തുവന്ന The Mirror & the Light തുടങ്ങിയവയാണ് ഈ സീരീസിലെ പുസ്തകങ്ങൾ. മൂന്നാം പുസ്തകം കയ്യിൽക്കിട്ടിയത് ഇന്നാണ്. ആദ്യ രണ്ടു പുസ്തകങ്ങളും എനിയ്ക്കിഷ്ടമുള്ള, പല സീരിയസ് വായനക്കാരുടെയും ലിസ്റ്റിൽ കണ്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ISIS Caliphate എഴുതിയ സ്റ്റാൻലി ജോണിയുടെ കുറിപ്പാണ് എന്നെ ഒരു തീരുമാനത്തിലെത്തിച്ചത്. ആദ്യപുസ്തകം പ്രിന്റിൽ ആണ് തുടങ്ങിയതെങ്കിലും, ഇപ്പോൾ ഞാൻ ശീലിച്ചുകഴിഞ്ഞ audible (ആമസോണിന്റെ ഓഡിയോബുക്ക്സ്) ഫോര്മാറ്റിലാണ് തുടരുന്നത്. അപ്ഡേറ്റുകൾ വഴിയെ.

5 thoughts on “Next Reading Challenge – Hilary Mantel’s Wolf Hall Trilogy”

  1. Think u read comparatively fast.
    അഭിലാഷിന്റെ വായനാരീതി എപ്രകാരമാണ്? വായിച്ചുപോകെ തന്നെ കുറിപ്പ് എഴുതുമോ? അതോ അടയാളപ്പെടുത്തി വെക്കുമോ?

    1. My old FB post (from 2017) :- വായനയെപ്പറ്റി ചോദിച്ചു മെസ്സേജസ് ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് : –

      1. പുസ്‌തകങ്ങൾ കണ്ടുപിടിക്കുന്നത് : ഗൂഗിൾ, വിവിധ ലിസ്റ്റുകൾ, നിരൂപകർ പറയുന്നത്, ഓൺലൈൻ/ഓഫ്‌ലൈൻ പത്രങ്ങളിൽ/വാരികകളിൽ വരുന്നത്, സഹവായനക്കാർ നിർദ്ദേശിക്കുന്നത്, ഇഷ്ട എഴുത്തുകാർ നിർദ്ദേശിക്കുന്നത് (ഇതെനിക്ക് പ്രധാനമാണ്), പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ.

      2. വായിക്കാനുള്ള തീരുമാനം : ആമസോണിൽ/മറ്റിടങ്ങളിൽ നിന്നുള്ള സാമ്പിൾ വായിക്കൽ, ബുക്ക് സ്റ്റാളിൽ ഓടിച്ചു വായിക്കുന്നത്, പല സ്ഥലങ്ങളിലെ റിവ്യൂസ്, മറ്റു ട്രസ്റ്റഡ് വായനക്കാരുടെ അഭിപ്രായം, ഫീൽ, മൂഡ്. ഓരോ എഴുത്തുകാരെയും പറ്റി വായിക്കും. എഴുത്തുകാരുടെ അഭിമുഖങ്ങൾ കാണുകയോ, വായിക്കുകയോ ചെയ്യും – അഭിപ്രായം രൂപീകരിക്കുന്നതിനു മുന്നെ ഇത് പ്രധാനമാണ്. ജോണ്റെകൾ മാനിക്കാറില്ല, കുറ്റാന്വേഷണ കഥകൾ, ഹൊറർ, നോൺ ഫിക്ഷൻ എല്ലാം വായിക്കും (ഇക്കൊല്ലം കുറച്ചധികം ഹൊറർ കഥകൾ വായിച്ചു. 2013-ൽ നെസ്‌ബോയുടെ കുറെ പുസ്തകങ്ങൾ ഒറ്റയടിക്ക് വായിച്ചിരുന്നു.).

      3. ഒഴിവാക്കുന്ന പുസ്തകങ്ങൾ : മിക്കവാറും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർ (സ്മാൾ ടൌൺ-തൊട്ടുള്ള അനീസ്, അരുന്ധതി എന്നിവർ ഒഴികെ), ബുക്കർ വിന്നേഴ്സ്, അതിൽ ലിസ്റ്റ് ചെയ്യപ്പെടുന്നവർ(എന്നിട്ടും അബദ്ധം കാട്ടാറുണ്ട് ഇക്കൊല്ലം ഡബ്ലിൻ അവാർഡ് ലിസ്റ്റ് ഇതിനെക്കാളും കേമമായിരുന്നു). ഒരു പ്രാവശ്യം നിരാശപ്പെടുത്തിയ എഴുത്തുകാർ, ആത്മീയത, ക്ലിഷേ ടോപിക്സ് (ഉദാ : ഹിമാലയൻ യാത്ര), പോപ്പ് നോവലുകൾ (ഇടയ്ക്കു തലവെക്കാറുണ്ട്, പ്രത്യേകിച്ചും യാത്രകളിൽ), DIY/സമാന പുസ്തകങ്ങൾ.

      4. മലയാള പുസ്തകങ്ങൾ : മലയാളത്തിലെ തിരഞ്ഞെടുപ്പ് പ്രയാസമാണ്. ഒന്ന് നീരൂപകരുടെ അഭാവം. ഉള്ളവർ നടത്തുന്ന അമിത പ്രശംസ, ഒബ്ജെക്ടിവിറ്റി ഇല്ലാത്ത വായനകൾ, എഴുത്തുകാർക്ക് ചുറ്റുമുള്ള, സോഷ്യൽ മീഡിയയിലെങ്കിലുമുള്ള, ദിവ്യവെളിച്ചം, – നോവലുകൾ, കവിതകൾ, കഥകൾ എല്ലാം ഇത് തന്നെ സ്ഥിതി – ബിരിയാണി, ഡ്രൈവിംഗ് സ്കൂൾ, തൊട്ടപ്പൻ തുടങ്ങിയ കഥകൾ, ഹെർബേറിയം എന്ന നോവൽ എന്നിവ സമീപകാല ഉദാഹരണങ്ങൾ. മലയാള പരിഭാഷകളാണ് വേറൊന്ന്. എത്രയോ നല്ല എഴുത്തുകാർ മോശം പരിഭാഷകൊണ്ട് വെറുക്കപ്പെട്ടവരാകുന്നു. ഇക്കൊല്ലം വായിച്ചതിൽ ചിലവ അസഹനീയമായിരുന്നു. മിക്കവാറും മലയാള ഓൺലൈൻ കവികളുടെ എഴുത്തും, പുസ്തകങ്ങളും, മലയാള നിരൂപണവും ഒഴിവാക്കാറാണ് പതിവ്. (കൂട്ടത്തിൽ പറയാനായി മാത്രം :- ഇക്കൊല്ലം ഇഷ്ടപ്പെട്ട വർക്കുകൾ ഹരീഷിന്റെ രണ്ടു ചെറുകഥകൾ (മോദസ്ഥിതൻ, താത്തിത്തകത്തോം), അയാളുടെ തന്നെ ആദം എന്ന സമാഹാരം, രാമച്ചി, ദേവദാസിന്റെ നോവൽ ചെപ്പും പന്തും, അയാളുടെ തന്നെ ശലഭജീവിതം എന്ന സമാഹാരം, അനിതാ തമ്പിയുടെ ആലപ്പുഴവെള്ളം, രാജേഷ് വർമ്മയുടെ ചുവന്ന ബാഡ്ജ്, ആനന്ദിന്റെ നിലനിൽപ്പ് മുതലായവ)

      5. പുസ്തകങ്ങൾ സ്വന്തമായുണ്ടാകുന്നതാണ് ഇഷ്ടം. പ്രിന്റിനോട് പ്രത്യേകിച്ച് കമ്പമൊന്നുമില്ല, ഇബുക്കുകളുടെ സൗകര്യം പ്രധാനമാണ്. ഇംഗ്ലീഷ് പരിഭാഷകൾ തിരഞ്ഞെടുക്കാൻ സഹായം തേടാറുണ്ട്. കവിതകൾക്ക് ഇത് സർവ്വപ്രധാനമാണ്. ഇവയുടെ മലയാള പരിഭാഷകൾ വായിക്കാറില്ല, കഴിവതും ഒരു പുസ്‌തകത്തിന്റെയും. പുസ്തകങ്ങൾ പൊതുവെ കടം വാങ്ങാറില്ല(രണ്ടുപേരോടൊഴികെ), കൊടുക്കാറുമില്ല(ഒരാൾക്കൊഴികെ).

      6. 75-100 പേജ് വായിക്കാൻ ഇപ്പോൾ ഒരു ദിവസം ചിലവാക്കും. അതിൽ കുറവേ വേണ്ടി വന്നിരുന്നുള്ളൂ. മലയാളം ഇതിലും വേഗത്തിൽ നീങ്ങും. ചിലപ്പോൾ ചില ഭാഗങ്ങൾ രണ്ടാമത് വായിക്കും അല്ലെങ്കിൽ ഇബുക്ക് എടുത്തു ഓഡിയോ കേൾക്കും. ദിവസം മൂന്നോ നാലോ മണിക്കൂർ ശരാശരി വായിക്കാറുണ്ട് (ഡിസ്ട്രാക്ഷൻ ഫ്രീ ആയുള്ളത്). വായനയിലും എഴുത്തിലും എമർജൻസി അല്ലാത്ത ഒരു തടസ്സവും അനുവദിക്കാറില്ല.

      7. പൊതുവായി :- ഉറൂബ്, തകഴി, വിജയൻ, പൊറ്റക്കാട്, കാരൂർ, ബഷീർ, കോവിലൻ തുടങ്ങിവരെ പൊതുവായി വായിക്കാത്ത വായനകൾ, ഖസാക്ക്, പാണ്ഡവപുരം എന്ന നോവലുകൾ വായിക്കാത്തത്, വിജയൻ, കാരൂർ, എം ടി, മേതിൽ, ആനന്ദ് തുടങ്ങിയവരുടെ പ്രധാന ചെറുകഥകൾ വായിക്കാത്തത് എല്ലാം മോശം ടേസ്റ്റിന്റെ ലക്ഷണങ്ങളാണ്. മലയാള കവിതയും, നിരൂപണവും പൊതുവെ ശുഷ്കമാണ് – അവ അധികം വായിച്ചില്ലെങ്കിലും ഒന്നുമില്ല.

      8. പിന്നെയും പൊതുവായി: എല്ലാ വായനക്കാരനും മോശം പുസ്തകങ്ങൾ വായിക്കും, അതൊഴിവാക്കാനാവില്ല. എപ്പോഴും വായന തിരിച്ചു പിടിക്കാനുതകുന്ന ഒരുപിടി പുസ്തകങ്ങൾ കയ്യിൽ കരുതുക(ഈ ലിസ്റ്റും ഇടക്കൊന്നു പുതുക്കുക). മലയാളത്തിൽ എനിക്കത് ചെറുകഥകളാണ്, അടുത്ത് പാണ്ഡവപുരം വീണ്ടും വായിച്ചത് നല്ല അനുഭവമായിരുന്നു. സ്നോ എന്ന പാമുക്ക് നോവലും നല്ല അനുഭവമായിരുന്നു. കസന്റ്സാക്കീസ്, ഫോക്‌നർ, മാർകേസ്, സെബാൾഡ് അങ്ങനെ പോകുന്നു എന്റെ ഈ ലിസ്റ്റ്.

      9. പിന്നെയും: വായനയോ എഴുത്തോ യാന്ത്രിക പ്രവർത്തിയല്ല. എന്നാൽ എഴുത്തിലെപ്പോലെ വായനയിലും കുറച്ചു അച്ചടക്കം കൊണ്ടുവരുന്നതിൽ തെറ്റില്ല. ഓരോരുത്തരുടെ ഇഷ്ടമാണത്, എങ്കിലും.

      10. ചുരുക്കത്തിൽ : ഡ്രാക്കുളയിൽ പ്രഭു ജോനാതനോടു പറയുന്നത് “സ്വതന്ത്രനായി, സ്വമനസ്സാലെ കടന്നു വരൂ” എന്നാണ്. ലോകത്തിലെ എല്ലാ പുസ്തകവായനകളും അക്ഷരാർത്ഥത്തിൽ അതാണ് (പെരെക്, ജോയ്‌സ്,പ്രൂസ്ത്, ഇവിടത്തെ മേതിൽ എല്ലാവരെയും സമീപിക്കേണ്ടത് ഇങ്ങനെയാണ് ). പുസ്തകത്തിൽ നിന്ന് പുറത്തിറങ്ങുന്നതു പക്ഷേ മറ്റൊരു പ്രവർത്തിയാണ്. (നിരൂപകനെങ്കിൽ കയറിയത് പോലെ ഇറങ്ങുന്നതാണ് അയാളുടെ വായനക്കാരന് നല്ലത്)

      11. വായനയിൽ കലാതിലകമോ, നോബൽ സമ്മാനമോ, ഫ്രീക്വന്റ് ഫ്ലയർ അവാർഡോ ഇല്ല.

      12. ദീർഘസമയം വായിക്കുന്നവർ മറ്റു പലതും ജീവിതത്തിൽ വേണ്ടെന്നു വെക്കുന്നുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top