The Third Realm

 

81bmjektakL. SL1500 .

 

കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ പുസ്തകത്തിൽ (Wolves of Eternity) നമ്മൾ റഷ്യയിൽ നടക്കുന്ന സംഗതികൾ കാണുന്നു. ആദ്യ നോവലിനെ സംബന്ധിച്ച വൃഥാസ്ഥൂലമായ ചില ഭാഗങ്ങൾ ആ നോവലിന്റെ വായനയിൽ അസുഖമുണ്ടാക്കിയിരുന്നു. 

എന്നാൽ The Third Realm, വളരെ നന്നായി എഡിറ്റ് ചെയ്തു മിനുക്കിയെടുത്ത പുസ്തകമാണ്(അഞ്ഞൂറിൽ താഴെ പേജുകളേ ഉള്ളൂ താനും). “മാസ്റ്റർ ഓഫ് മണ്ടെയ്ൻ” അപ്പോഴും തന്റെ ദൈനംദിന വിവരണങ്ങളുടെ ബാധയിൽ നിന്ന് മുക്തനല്ല, എന്നാൽ ഇവിടെ അന്തരീക്ഷം ഒരുക്കാൻ അത് സഹായകമാകുന്നു(എന്നാൽ ചില നിരൂപകർ പറയുന്നപോലെ ഉള്ള ഹൊറർ രംഗങ്ങൾ ഒന്നുമില്ല, മോർണിംഗ് സ്റ്റാറിൽ ജംപ് സ് കെയർ ഉണ്ടായിരുന്നു, ഇവിടെ അതുമില്ല). ആദ്യ നോവലിലെ കഥാപാത്രങ്ങൾ ഈ നോവലിൽ വീണ്ടും വരുന്നു, രണ്ടാം നോവലിലെ ഒരു കഥാപാത്രം ആവർത്തിയ്ക്കുന്നു(സഹോദരിയെത്തേടി റഷ്യയിൽ പോകുന്ന Syvert). Tove എന്ന മാനിക് ഡിപ്രെസ്സ്ഡ് ആയ ആർട്ടിസ്റ്റാണ് ഈ നോവലിൽ കേന്ദ്രത്തിൽ – തുടക്കത്തിലും ഒടുക്കത്തിലും, അതിനിടയിൽ ഒരിയ്ക്കലും വർ വന്നു പോകുന്നു. ഈ ഭാഗങ്ങൾ നോവലിൽ മികച്ചു നിന്ന്. അവരുടെ ഡിപ്രഷൻ എഴുത്തുകാരന്റെ ഭാര്യയുടെ ഡിപ്രഷൻ, ട്രീറ്റ്മെന്റ് ഒക്കെ ഓർമ്മിപ്പിച്ചു (മൈ സ്ട്രഗിൾ എന്ന പുസ്തകം), അതൊരു അലോസരമുണ്ടാക്കി എന്നതൊഴിച്ചാൽ, വളരെ ടൈറ്റ് ആണ് ഇവിടെ എഴുത്ത്. ഒരു മെറ്റൽ ബാൻഡിലെ ആളെ പരിചയപ്പെടുന്ന ചെറുപ്പക്കാരിയുടെ കഥയാണ് മറ്റൊന്ന്. രഹസ്യമായി കാടിനുള്ളിൽ വച്ച് നടത്തുന്ന സംഗീത നിശയാണ് ഇതിലെ പ്രധാന സംഗതി, വിഷയം സംഗീതമായതുകൊണ്ട് എഴുത്തുകാരൻ ഇവിടെ നല്ല ഫോമിലാണ് (നോവലിലെ മികച്ച ആഖ്യാനങ്ങളിൽ ഒന്ന് ഈ സംഗീത പരിപാടിയുടെ വിവരണമാണ്). മ്യൂസിക് റിവ്യൂ ചെയ്താണ് കൗമാരത്തിൽ അയാൾ എഴുത്തു തുടങ്ങിയത് തന്നെ( നോവലിൽ മറ്റൊരിടത്ത് ക്ലാസ്സിക് സംഗീതമാണ് വിഷയം, കഥാപാത്രം അതോടെ തന്നെ ചെറുപ്പകാലത്തു നിന്നേ ഹോണ്ട് ചെയ്ത ഒരു സംഭവത്തിന്റെ closure തേടാൻ തീരുമാനിയ്ക്കുന്നു). വിശ്വാസികൾ അവിശ്വാസികളാവുന്നതും തിരിച്ചും നമ്മൾ കാണുന്നു. തിയോളജി, സംഗീതം, ആർട്ട്, കുട്ടികളുടെ ലോകം ഇങ്ങനെ സ്ഥിരം ചേരുവകൾ എല്ലാമുണ്ട്. നോവൽ ഓപ്പൺ എൻഡഡ് ആണ്. അങ്ങനെയാണ് അവസാനിയ്ക്കുന്നതും. 

ഈ നോവലിനെ ആമസോണും നിരൂപകരും പത്രങ്ങളും എല്ലാം സീരീസിന്റെ അന്ത്യം എന്ന് വിളിയ്ക്കുന്നതിന്റെ സംഗതി മാത്രം എനിയ്ക്ക് മനസ്സിലായില്ല(നോവലിന്റെ അവസാനത്തിലെ ട്വിസ്റ്റ് പോലെയുള്ള ഒരു സംഗതി വായിച്ചാവാം എന്ന് തോന്നുന്നു). നോർവേയിൽ നോവലിന്റെ നാലാമത്തെ ഭാഗം ഇറങ്ങിയിട്ടുണ്ട് (ലണ്ടനിൽ ഫോട്ടോഗ്രാഫി പഠിയ്ക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ), അഞ്ചാം ഭാഗം വരുന്നുമുണ്ട്. എഴുത്തുകാരൻ ആറാം ഭാഗത്തെപ്പറ്റി പറഞ്ഞിട്ടുമുണ്ട്. എന്തായാലും നോവലിന് പതിവിനു വിപരീതമായി പോസിറ്റീവ് റിവ്യൂകൾ ആണ് കാണുന്നത്. അടുത്ത ഭാഗം എഴുതുക ദുഷ്കരമാണെന്ന് ഒരു നിരൂപകൻ എഴുതിയത് വായിച്ചു എനിയ്ക്ക് ചിരി വന്നു. 3500 പേജുള്ള മൈ സ്ട്രഗിൾ എഴുതിയ ആളെപ്പറ്റിയാണ് ഈ പറയുന്നത്, ഇപ്പോഴുള്ളതിൽ ഏറ്റവും ബുദ്ധികൂർമ്മതയുള്ള എഴുത്തുകാരിൽ ഒരാളാണ് കിനോസ് ഗാർഡ് (53 വയസ്സുള്ള കാങ്ങിന് നൊബേൽ കൊടുക്കാമെങ്കിൽ ഈ എഴുത്തുകാരനും, 55, ആവാം – മൈ സ്ട്രഗിളിലെ 3 പുസ്തകങ്ങൾ നൊബേൽ അർഹിയ്ക്കും വിധം ഉജ്ജ്വലമാണ്). ചില വായനക്കരുടെ വിചാരം അവരാണ് എഴുത്തുകാരന്റെ ഭാവനയെ നിയന്ത്രിയ്ക്കുന്നത് എന്നാണ്. ഇജ്ജാതി വിഡ്ഢികളെ സഹിയ്ക്കുക കൂടി എഴുത്തുകാരുടെ ജീവിതത്തിലെ ഒരു പ്രധാന ഏര്പ്പാടാണ്. സോഷ്യൽ മീഡിയയിൽ പോലും വരാതെ എഴുത്തുകാർ നടക്കുന്നത് അതുകൊണ്ടുകൂടിയാണ്. 

ഏതായാലും കിനോസ് ഗാർഡ് സാധാരണ ഏതൊരു ലിറ്റററി സാഹിത്യകാരനും ചെയ്യാത്ത ഒരു കാര്യം, ജോൺറയിൽ എഴുതുക എന്നത്, ഒരു പ്രൊജക്റ്റ് ആയി ഏറ്റെടുക്കുകയും അത് വിജയിപ്പിയ്ക്കുകയും ചെയ്യുന്നത് കാണാൻ കഴിഞ്ഞു എന്നുള്ളതാണ് എനിയ്ക്ക് വ്യക്തിപരമായി സന്തോഷം തരുന്ന കാര്യം. എല്ലാവരും എതിര് പറയുമ്പോൾ നമ്മൾ നമ്മുടെ വഴിയേപോവുന്ന ഏർപ്പാടോളം ഹരമുള്ള സംഗതി വേറെയില്ലെന്ന് ഈ സീരീസിലെ ഓരോ പുസ്തകവും എന്നെ പഠിപ്പിച്ചു. താങ്ക്സ് കിനോസ് ഗാർഡ്. 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top