
Amor Towles കുറെക്കാലമായി എന്റെ വായനയുടെ റഡാറിൽ വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ്. അയാളുടെ A Gentleman in Moscow വളരെ പ്രശസ്തമാണ്. ഇത്തവണ Table for Two എന്ന കഥാസമാഹാരം അയാളുടേതായി പുറത്തുവന്നു. അടുത്തകാലത്ത് വായിച്ചതിൽ എനിയ്ക്കേറ്റവും ബോധിച്ച കഥാസമാഹാരമാണിത്. “ദി ലൈൻ” എന്ന കഥയിൽ ലെനിന്റെ പ്രസംഗം കേട്ട് പ്രചോദിതയായ ഒരു കർഷകസ്ത്രീ ഭർത്താവുമൊത്ത് മോസ്കോയിലെത്തുന്നു. ഭർത്താവിന് ജോലിയൊന്നും ശരിയാകുന്നില്ല, അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അത്ര ഗോതമ്പ് പൊടിച്ചാക്കുകൾ കൂട്ടിയിട്ട ഗോഡൗണിലെ തറ അടിച്ചുവാരുന്ന ജോലി പോലും അയാൾക്ക് വൃത്തിയായി ചെയ്യാനാവുന്നില്ല, അയാളടിയ്ക്കുന്ന പൊടി പറന്നുപൊങ്ങുകയാണ്(വൈക്കോൽ കൂനകൂട്ടുന്നപോലെയാണ് അയാളുടെ അടിപ്പ്), ഭാര്യയാകട്ടെ ഒരു ബിസ്കറ്റ് കമ്പനിയിൽ കാര്യപ്രാപ്തി തെളിയിക്കുന്നു, അവർ പാർട്ടി ക്ലാസുകൾ എടുക്കുന്ന ഒരു യഥാർത്ഥ കമ്മ്യുണിസ്റ്റ് ആയി മാറുന്നു, രാത്രി പത്തരവരെയെങ്കിലും ആയാണ് വീട്ടിൽ വരവ്. ഭർത്താവ് റേഷൻ വാങ്ങാനായി ഓരോ തരം കടകളുടെ മുന്നിൽ വരിനിൽക്കുന്നു. പിന്നെപ്പിന്നെ മര്യാദക്കാരനായ അയാൾ മറ്റുള്ളവർക്ക് വേണ്ടി നിൽക്കാൻ തുടങ്ങുന്നു. അയാളുടെ നിൽപ്പ് കണ്ടു അയാളുടെ പകരക്കാരനായി ഒരു പയ്യൻ നിൽക്കുന്നു, പിന്നെ മറ്റു കുട്ടികൾ. കിട്ടുന്ന ചെറിയ പാരിതോഷികങ്ങൾ അവർ പങ്കിട്ടെടുക്കുന്നു. ഭാര്യയ്ക്ക് പോലും ഒരു മതിപ്പു വരുന്നു, അയാളെപ്പറ്റി. ഒരു ദിവസം അമേരിക്കൻ സ് പെഷൽ വിസകൾ കൊടുക്കുന്ന ഒരു വരിയിൽ അയാൾ നിൽക്കേണ്ടി വരുന്നു. ഒറിജിനൽ ആളെത്താത്തതു കൊണ്ട് അയാൾ തന്നെ ചോദ്യാവലി പൂരിപ്പിയ്ക്കുന്നു. അയാളുടെ മിടുക്കു കണ്ട ക്ലർക്ക് അയാൾക്ക് വിസ അനുവദിയ്ക്കുന്നു. വിസയുമായി വീട്ടിലെത്തുമ്പോൾ ബുദ്ധിമതിയായ ഭാര്യ എല്ലാ ഭാര്യമാരേയും പോലെ പ്രാക്റ്റിക്കൽ ആയ തീരുമാനം എടുക്കുന്നു. അവർ യുഎസിലേയ്ക്ക് കടക്കുന്നു. അവിടെ അവരാദ്യം കാണുന്നത് ഒരു ബിസ്കറ്റ് കമ്പനിയാണ്, അതിനടുത്ത് ജോലി കാത്തു നിൽക്കുന്നതിൽ അധികവും റഷ്യക്കാർ തന്നെ. അപ്പുറത്ത് ഒരാൾ ഭർത്താവിനെ ഭക്ഷണം കൊടുക്കുന്ന ഒരു ലൈനിലേയ്ക്ക് ക്ഷണിയ്ക്കുന്നു. സർക്കാസം ഈ സമാഹാരത്തിലെ വൈവിധ്യമുള്ള കഥകളിൽ ഒരു വിധം എല്ലാറ്റിലും നിറഞ്ഞു നിൽക്കുന്നു.
രണ്ടാമത്തെ കഥയിൽ എഴുത്തുകാരനാവാൻ ആഗ്രഹിയ്ക്കുന്ന ഒരു ചെറുക്കൻ തന്റെ ജീവിതത്തിൽ ഫോക്നറെപ്പോലെയോ, ഫിറ്റ് സ്ജെറാൾഡിനെപ്പോലെയോ അനുഭവങ്ങളില്ലല്ലോ എന്ന് പരിഭവിച്ചിരിപ്പാണ്. അയാൾ വലിയ എഴുത്തുകാരുടെ ഒപ്പിടൽ പഠിച്ചെടുക്കുന്നു. അയാളെ ഒരു വൃദ്ധൻ ജോലിയ് ക്കെടുക്കുന്നു. സെക്കന്റ് ഹാൻഡ് പുസ്തകങ്ങളും മറ്റും വിൽക്കുന്ന അയാൾ ഈ ഒപ്പിടൽ ഒരു ബിസിനസ് ആക്കിമാറ്റുന്നു. ജീവിച്ചിരിപ്പുള്ള പോൾ ഓസ്റ്ററുടെ ഒപ്പു വരെ അയാളിടുന്നു, ഓസ്റ്ററുടെ കഥകളിൽ തന്നെ മൊത്തം doppelgangers അല്ലേ എന്നാണ് ന്യായീകരണം (ഈ വർഷം ഞാൻ ഓസ്റ്ററുടെ അഞ്ചാറ് പുസ്തകങ്ങൾ, പുനർ വായനയടക്കം വായിയ്ക്കുകയുണ്ടായി. പോൾ ഓസ്റ്റർ ഫോക് നർ, ബെർലിൻ, ചീവർ, സ്റ്റെയിൻബെക്ക്, ലെഗ് വിൻ തുടങ്ങിയ ഒന്നാം കിട എഴുത്തുകാരുടെ നിരയിൽ നിന്ന് ഒരടി പിറകെ നടക്കുന്ന എഴുത്തുകാരുടെ പട്ടികയിലാണ്(ഡെലിലോ, റോത്, അപ്പ്ഡൈക്ക്, ഹിസായോ ബുക്കാനൻ), എഫിഷ്യന്റ് റൈറ്റർ, പക്ഷെ കുറച്ചുകൂടി ലൈറ്റ് ആയുള്ള എഴുത്ത്, ഓസ്റ്ററുടെ പേര് കണ്ടപ്പോൾ എനിയ്ക്ക് ഒരു നൊസ്റ്റാൾജിക് ഫീൽ വന്നു), അതാണ് അയാൾക്ക് വിനയാകുന്നത്. അയാളുടെ ആദ്യ ജീവിതാനുഭവം അയാളെ തേടി വരുന്നു.
Carnegie Hall-ൽ മ്യൂസിക് കേൾക്കാൻ പോവുന്ന ഒരാൾ മ്യൂസിക് നിയമവിരുദ്ധമായി റെക്കോർഡ് ചെയ്യുന്ന ഒരാളെ പിടിയ്ക്കുന്ന കഥ(ധാരാളം മ്യൂസിക് റെഫെറെൻസ് ഉണ്ട്), ചീവറെ (മേൽപ്പറഞ്ഞ ഓളത്തിൽ എനിയ്ക്ക് തോന്നിയത്, ഒലിവിയ ലെയിങ്ങിന്റെ ഒരു പുസ്തകത്തിൽ ചീവറുടെയും കാർവറുടേയും വെള്ളമടിക്കമ്പനിയെപ്പറ്റിഉണ്ട്) ഓർമ്മിപ്പിയ്ക്കുന്ന മദ്യപനായ കഥാപാത്രമുള്ള കഥ, രണ്ടാം ഭർത്താവിനെ രഹസ്യമായി പിന്തുടരാൻ മകളെ വിടുന്ന അമ്മ, കുടുംബസ്വത്തായ ഒരു പഴയ ആർട്ട് വർക്ക് ഒരാൾ അന്വേഷിച്ചു നടക്കുന്ന കഥ (ധാരാളം ആർട്ട് റെഫെറെൻസ് ഉണ്ട്) എല്ലാം കഴിഞ്ഞ് പഴയ ഹോളിവുഡ് ചുറ്റിപ്പറ്റിയുള്ള ഒരു നോവെല്ല എന്നിവയാണ് ബാക്കി സമാഹാരം.
ഒഴുക്കുള്ള ഭാഷ, ഹ്യൂമർ എല്ലാമുള്ള കണ്ടെന്റ്. അടുത്ത പ്രാവശ്യം എഴുത്തുകാരന്റെ പുസ്തകം കാണുമ്പോൾ എനിയ്ക്ക് സംശയങ്ങളുണ്ടാവാൻ വഴിയില്ല. ഇപ്പോൾ ഏറ്റവും കൂടുതൽ പോസിറ്റീവ് റിവ്യൂസ് ഉള്ള കഥാസമാഹാരമാണ് ഇത് എന്ന് കൂടി ചേർക്കുന്നു.