ഓണപതിപ്പമ്പിളിയിൽ കണ്ണെറിയുമ്പോൾ

മലയാളം വാരികയുടെ ഓണപതിപ്പിൽ എൻ ശശിധരൻ, മുറാകാമിയുടെ പോപ്പുലാരിറ്റി അധികമില്ലാത്ത ലഘുനോവൽ “സ്‌ട്രെയ്ഞ്ച് ലൈബ്രറി” (Strange Library) പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലമായി കയ്യിലുള്ള, എന്നാൽ വായിയ്ക്കാത്ത പുസ്തകമായതിനാൽ ഞാൻ പരിഭാഷയും അതും ഒരുമിച്ചു വായിച്ചു നോക്കി. ആദ്യ പാരഗ്രാഫിലേ കല്ലുകടിച്ചു. “My new leather shoes clacked against the grey linoleum. Their hard, dry sound was unlike my normal footsteps.” – ശശിധരൻ പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് ലെതർ ഷൂ പരവതാനിയിൽ “കട കട” ശബ്ദമുണ്ടാക്കിയെന്ന് (സ്‌ക്രീൻ ഷോട്ട് കാണുക), മറ്റൊരിടത്ത് ““Every time I get new shoes, it takes me a while to get used to their noise.” പാരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് “ഓരോ തവണ പുതിയ ഷൂ ധരിക്കുമ്പോഴും” (സ്ക്രീൻ ഷോട്ട് നോക്കുക) എന്നാണ്. അതിന്റെ അർഥം മാറിയില്ലേ? അടുത്ത അധ്യായത്തിൽ “I visited the library a lot, but the fact that it had a basement was news to me”, ഇങ്ങനെയുണ്ട്, ശശിധരന്റെ പരിഭാഷ (സ്ക്രീൻ ഷോട്ട് നോക്കുക) “അടിത്തറ” എന്നാണ്. “Nonsense, my boy,” the old man replied. “This is my profession—I am never too busy! Tell me the manner of books that you seek and I will strive to locate their whereabouts.” What a funny way of talking, I thought.” എന്നതിന് “എന്ത് തമാശയോടെയാണ് ഇയാൾ സംസാരിയ്ക്കുന്നത്” എന്നൊക്കെയാണ് എഴുതിവച്ചിരിയ്ക്കുന്നത്! ഇയാൾ മോശം പരിഭാഷക്കാരനാണ് എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്, ബൊലാഞ്ഞോയുടെ കവിതാ പരിഭാഷകൾ മുൻനിറുത്തി, അവ വായിയ്ക്കാഞ്ഞത് എത്ര നന്നായി എന്ന് തോന്നുന്നു. പരിഭാഷ എന്നത് ഒരു specialist ജോലിയാണ്, ഡോക്ടർ എൻജിനീയർ എന്നൊക്കെ പറയുന്ന പോലെ – ഇത്രയും ലോകസാഹിത്യം വായിച്ചിട്ടും അത് തിരിഞ്ഞിട്ടില്ലേ? എന്തിനാണ് മലയാളത്തിലെ എല്ലാ വേഷം കെട്ടുകാരും പരിഭാഷ ചെയ്യാൻ കിടന്ന് പായുന്നത്? ആരാധകർ അല്ലാത്തവരും ഇതൊക്കെ വായിയ്ക്കും എന്ന വെളിവൊന്നും ഇവർക്കില്ലേ? ഭാഗ്യത്തിന് ഇമ്മാതിരി ഓരോരുത്തന്മാർ “പരിഭാഷ” ചെയ്യുന്നതിന് മുന്നേ ബൊലാഞ്ഞോയെ വായിച്ചതുകൊണ്ടു രക്ഷപെട്ടു എന്നാശ്വസിയ്ക്കുന്നു.

മാതൃഭൂമിയിൽ സേതുവിന്റെ കഥ കുറച്ചൊരു പ്രതീക്ഷയോടെയാണ് വായിച്ചത് – നിരാശയായിരുന്നു ഫലം. പണ്ട് ഉച്ചവെയിൽ എന്നോ മറ്റോ ഒരു കഥ എഴുതിയതിനുശേഷം ഈ എഴുത്തുകാരന്റെ വായിയ്ക്കാൻ കൊള്ളാവുന്നതായി ചെറുകഥയിൽ എന്തെങ്കിലും വന്നിട്ടുണ്ടോ എന്നെനിയ്ക്കു സംശയമാണ്. മുകുന്ദന്റെ ചെറുകഥ വായിയ്കുന്നത് നിറുത്തിയത് അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന ചവർ മാതൃഭൂമിയിൽ വന്നതോടെയാണ്. എന്നാൽ അതിനേക്കാൾ തറസാഹിത്യം തനിയ്‌ക്കെഴുതാൻ കഴിയുമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് മുകുന്ദൻ. കഥയുടെ പേരും ഉള്ളടക്കവും ഒന്നും പറയുന്നില്ല. മാതൃഭൂമി ഓണപ്പതിപ്പിലെ രണ്ടാം കഥയാണ്. സ്‌കൂൾ കുട്ടികൾ പോലും നാണിയ്ക്കും. വാരികയിൽ ആദ്യകഥയായ പത്മനാഭന്റെ സത്രം അയാളുടെ റിസോർട് എന്നോ മറ്റോ ഉള്ള കഥയുടെ അളിയനായിട്ടു വരും. സംഗതി നമുക്കറിയാമല്ലോ, സുഭാഷ് വിളിയ്ക്കുന്നു, അപ്പോൾ ഇരുന്ന ഇരുപ്പിൽ വായിൽ തോന്നിയത് എഴുതിക്കൊടുക്കുന്നു, ഇതാണ് ഓണപ്പതിപ്പുകളുടെ ഒരു സംഗതി, ഇത് വാങ്ങുന്നവർ എന്തോ സ്‌പെഷൽ സംഗതി പോലെ വായിയ്ക്കുന്നു. എന്നാലും മുൻകാലങ്ങളിലൊക്കെ ഒരു മര്യാദ ഉണ്ടായിരുന്നു. ഇപ്പോൾ ഈ ritual ഒരു മാതിരി കുട്ടിക്കാലത്ത് അച്ഛനോ അമ്മയോ ഒക്കെ അതിരാവിലെ എണീപ്പിച്ച് ആവണക്ക് കുടിപ്പിയ്ക്കുന്ന പോലെയാണ്. മലയാള സാഹിത്യത്തിലെ ഫാർട്ടിങ് കിഴവന്മാർ മൊത്തം ചവറു കൊണ്ടിടാൻ ഉപയോഗിയ്ക്കുന്ന തൊട്ടികളായി മാറിയിരിയ്ക്കുകയാണ് ഓണപ്പതിപ്പുകൾ. പ്രിന്റ് ചെയ്തിറക്കുന്നവനും നാണമില്ല.

പികെ രാജശേഖരന്റെ വായനയെപ്പറ്റിയുള്ള കുറിപ്പ് ആവർത്തനമാണെങ്കിലും, നന്നായി എന്നാൽ, അതും തിരക്കിട്ടു എഴുതിയപോലെ അവസാനിച്ചു. സച്ചു തോമസ് പരിചയപ്പെടുത്തുന്ന പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടില്ല എന്നതിനാൽ കുറിപ്പ് ശ്രദ്ധയോടെയാണ് വായിച്ചത്. സച്ചു എന്നെ തിരഞ്ഞെടുപ്പുകളിൽ, വായനയിൽ വളരെയധികം സഹായിച്ച ഒരാളാണെന്നത് ഓർക്കുന്നു (ക്‌ളാസിക് വായിയ്ക്കുന്നതിന്റെ ഗുണങ്ങൾ അയാളുടെ ചോയ്സുകളിൽ ഉണ്ട്). കൃഷ്ണൻ നായർ കഴിഞ്ഞാൽ പികെയും അതുപോലെ പ്രധാനിയാണ് എനിയ്ക്ക്.

അയ്‌മനം ജോണിന്റെ കഥയാണ് മാതൃഭൂമിയെ രക്ഷിയ്ക്കുന്നത് എന്ന് പറയാം. ഒരു വരിപോലും മാറ്റി എഴുതേണ്ടതില്ലാത്ത അത്ര കൃത്യമാണ് ഈ കഥ, അയ്മനത്തെ ഞാനധികം വായിച്ചിട്ടില്ല എന്നാലും ഈ കഥ അയാളുടെ മികച്ച കഥകളിൽ വരും എന്നുതന്നെ ഞാൻ കരുതുന്നു. അറുപതുകളിലെ ഒരു അവധിക്കാലത്ത്, ഏറെക്കുറെ ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് ഹൈറേഞ്ചിലെ ധനികനായ അമ്മാവന്റെ കൃഷിയിടത്തേയ്ക്ക് പോകുന്ന (ഒരു പക്ഷെ ആത്മകഥാംശമുള്ള) ഒരു പതിമൂന്നുകാരൻ കാണുന്നതും കേൾക്കുന്നതും ആയ സംഗതികളാണ് ഇതിൽ – അവന്റെ മടക്കം രാത്രിമുഴുവനുമുള്ള ഒരു തോണിയാത്രയാണ്. നമ്മുടെ ഭാഷയിലെ coming of age കഥകളിൽ മികച്ച ഒന്നാണ് ഇത്.

സന്തോഷ് കുമാറിന്റെ നോവലിന്റെ ആദ്യ അധ്യായവും ഓണപ്പതിപ്പിലുണ്ട്. അടുത്ത കാലത്ത് എഴുത്തുകാരനുമായി ഫോണിൽ സംസാരിച്ചപ്പോൾ ഇത് സൂചിപ്പിച്ചിരുന്നു. നന്ദകുമാറിനും സന്തോഷിനും ഇപ്പോഴും പഴക്കം തോന്നിയ്ക്കാത്ത, ക്‌ളാസിക് എന്ന് പറയാവുന്ന, ഒരു ഭാഷയുണ്ട് എന്ന് ഞാൻ ഇടയ്ക്കിടെ ഇവിടെ പറയാറുണ്ട്. അവരുടെ തൊട്ടടുത്ത തലമുറയുടെ മലയാള ഭാഷ മറ്റൊരു വഴിയ്ക്കു തിരിഞ്ഞു – ദേശഭാഷകളും എല്ലാമായി, അത് ഇപ്പോഴും അതിന്റെ maturity എത്തിയിട്ടില്ല എന്നാണ് ഞാൻ വിചാരിയ്ക്കുന്നത്. സന്തോഷിന്റെ നോവലിന്റെ ആദ്യ അദ്ധ്യായം ലളിതമാണ് – ഒരു കുപ്പായം എടുത്തിടുന്ന പോലെ വായനക്കാരന് അതിനുള്ളിലൂടെ കയറിയിറങ്ങാം – ഇതാണ് മേൽപ്പറഞ്ഞ ഭാഷയുടെ ശക്തി. ബാക്കി വായിച്ചിട്ടു കൂടുതൽ പറയാമെന്നു കരുതുന്നു.

ദേവദാസിന്റെ പുതിയ നോവലിന്റെ ഒരു ഭാഗവും ഇതേ പതിപ്പിലുണ്ട്. അയാളുടെ ഒരു കഥ മലയാളം ഓണപ്പതിപ്പിലുമുണ്ട്. രണ്ടും എന്നിൽ ഒരു ചലനവുമുണ്ടാക്കിയില്ല. എന്നാലും ദേവന്റെ നോവൽ വായിയ്ക്കണം എന്ന് ഞാൻ കരുതുന്നുണ്ട്, “ചെപ്പും പന്തും” എത്തിച്ച നിലയിൽ നിന്ന് മേലോട്ട് ദേവൻ പോയില്ലെങ്കിൽ വായനക്കാർക്ക് പരിഭവമാകും എന്ന് മാത്രം പറയുന്നു.

പ്രഭാവർമ്മയുടെ കവിതയെപ്പറ്റി എനിയ്ക്കൊന്നും പറയാനില്ല. ഏതോ ചില connections കൊണ്ട് മാത്രമാണ് ഇയാൾക്ക് അവാർഡുകളും മറ്റും കിട്ടുന്നത് എന്ന് തെളിയിക്കുന്ന ഒരു കവിത ഇത്തവണയും ഉണ്ട്. ലോപ എന്ന കവിയുടെ കവിത വായിച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നി എന്ന് ഞാൻ ചോദിയ്ക്കുന്നില്ല (സ്ക്രീൻ ഷോട്ട് കാണുക), മനോജ് കുറൂരിന്റെ കവിതയുമുണ്ട്, ഇയാളുടെ ഫ്ലെക്സ് ബോർഡ് എന്ന ഓസ്കർ കിട്ടിയ കവിതയുടെ മേലെയാണോ കീഴെയാണോ ഇതിനു സ്ഥാനം എന്നൊരു സംശയമേ എനിയ്ക്കുള്ളൂ(സ്ക്രീൻ ഷോട്ട് നോക്കുക). അയാളുമായി ആരോ നടത്തിയ ഒരു അഭിമുഖം മലയാളത്തിലുണ്ട്. താൻ പ്രിന്റിൽ നിന്നാണ് മലയാളം ബ്ലോഗിലേയ്ക്ക് വന്നത് എന്നൊക്കെ അയാൾ പറയുന്നുണ്ട്. 2007-10 കാലത്ത് എനിയ്ക്കും ബ്ലോഗുണ്ടായിരുന്നു – ബ്ലോഗ് ചരിത്രത്തെപ്പറ്റി നല്ല ധാരണയും എനിയ്ക്കുണ്ട് – ഏതായാലും മലയാള കവിതയിൽ ചുള്ളിക്കാടിനുശേഷം ചലനമുണ്ടാക്കിയവരായി ഞാൻ കാണുന്ന ബ്ലോഗ് കവികളെ അയാൾ എടുത്തു പറഞ്ഞിട്ടുണ്ട് – നല്ല കാര്യം (കുഴൂർ വിൽസൺ, വിഷ്ണുപ്രസാദ്, ടിപി വിനോദ് – വിത്സൺ പ്രത്യേകിച്ചും). അഭിമുഖം ക്ഷീരബലയാണ് എന്ന് പറയേണ്ടതില്ലല്ലോ, its just promotional hit job (മോഹൻലാലുമായുള്ള എന്തോ ഒരു സംഗതി രണ്ട് വാരികകളിലുമുണ്ട്, ഞാൻ നോക്കിയില്ല, അതിനും ഈ വാക്ക് ചേരും, ചിത്രഭൂമിയാണോ വായിയ്ക്കുന്നത് എന്ന് തിരിച്ചുപോയി പരിശോധിയ്‌ക്കേണ്ടി വരും). പെഡസ്ട്രിയൻ എന്ന ഇംഗ്ളീഷ് വാക്കാണ് ഇത്തരം സംഗതികൾക്കു യോജിയ്ക്കുക അല്ലെങ്കിൽ കൂടുതൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് കിട്ടാൻ, Drivel (drivel: nonsense, twaddle, claptrap, balderdash, gibberish, mumbo jumbo; British rubbish; informal rot, tommyrot, poppycock, phooey, hot air, eyewash, piffle, garbage, tripe, waffle, bosh, bull, bunk, blah, hogwash, baloney; British informal cobblers, codswallop, cock, stuff and nonsense, tosh, double Dutch; North American informal flapdoodle, blathers, wack, bushwa, applesauce; informal, dated bunkum; vulgar slang crap, bullshit, bollocks, balls; North American vulgar slang crapola; Australian New Zealand vulgar slang bulldust. ANTONYMS sense).

ഒന്നാം വട്ട വായനയിൽ ഇത്രയും പറഞ്ഞ് നിറുത്താമെന്ന് കരുതുന്നു. ബാക്കി സമയംപോലെ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top