എം ടി

എം ടി പണ്ടൊരിയ്ക്കൽ അമ്മയുടെ വീട്ടിൽ വന്നു. വലിയ അമ്മാവനും എം ടിയും ഒരേ (പാരലൽ) കോളേജിൽ പഠിപ്പിച്ചിരുന്നു, ആ പരിചയത്തിലാണ് വന്നത്. നിർമ്മാല്യം എന്ന സിനിമ അടുത്തുള്ള ഒരു അമ്പലത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുമോ എന്നറിയാനായിരുന്നു. അമ്പലത്തിനു പഴക്കം പോരെന്നു പറഞ്ഞ് പിൻവാങ്ങി. ആ കണക്ഷന്റെ പേരിൽ എന്റെ ഒരു ബന്ധു വാരിക്കുഴിയിലോ മറ്റോ അഭിനയിച്ചിട്ടുണ്ട്. വീട്ടിൽ ഏറ്റവും സുലഭമായുള്ള പുസ്തകങ്ങൾ എം ടിയുടെ നോവലുകളായിരുന്നു. അത് വീണ്ടും വീണ്ടും വായിയ്ക്കുന്ന കാലത്താണ് അമ്മയോ മറ്റോ പറഞ്ഞ് ഞാനിതറിയുന്നത്. അതിനു ശേഷം എംടിയെ വായിയ്ക്കുമ്പോൾ ഒരു പ്രത്യേക അടുപ്പം തോന്നുമായിരുന്നു.

എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള മലയാളം എഴുത്തുകാർ ബഷീറും എംടിയുമാണ്. തകഴിയേയും വിജയനെയും കൂടെ ചേർത്തു കഴിഞ്ഞാൽ മലയാളത്തിൽ മുൻമാതൃകകളില്ലാതെ (ഇത് പ്രധാനമാണ്) എഴുതി ഉന്നതിയിലെത്തിയ നാലെഴുത്തുകാരായി. തങ്ങളുടെ വിദേശവായനയുടെയും മറ്റും വെളിച്ചത്തിൽ അവർ അന്നുമുതൽ ഇന്നുവരെ നമ്മുടെ ഭാഷയിൽ പകരം വയ്ക്കാനില്ലാത്ത ശൈലികൾ ഉണ്ടാക്കി. അവരെ അനുകരിച്ചവരിൽ വിജയിച്ചവർ അപൂർവ്വം. അവർക്കുശേഷം അവരെ അനുകരിയ്ക്കാതെ വന്നവരും അപൂർവ്വം. എംടിയുടെ അവസാനം വായിച്ച നോവലാണ് അസുരവിത്ത്, കാലങ്ങൾക്കുശേഷമാണ് ആ വായന നടക്കുന്നത്. ഇന്നും മലയാളത്തിലെ അത്യപൂർവ്വമായ നോവലാണ് അത് – അതുപോലൊരു നോവൽ ഇനി നമ്മുടെ ഭാഷയിൽ ഉണ്ടാവുമോ എന്ന് കൂടി പറയാൻ വയ്യ. ഒരിയ്ക്കൽ ഒരു ലിറ്റ് ഫെസ്റ്റിൽ വച്ച് ഒരു മുതിർന്ന എഴുത്തുകാരനോടു ഞാൻ ചോദിച്ചു – എംടിയുടെ ഏറ്റവും നല്ല നോവൽ ഏതാണ് – ഒരു നിമിഷം പോലും വൈകാതെ മറുപടി വന്നു. അസുരവിത്ത്. അയാളുടെ എഴുത്ത് ശൈലിയുടെ മാറ്റത്തെ ശ്രദ്ധിയ്ക്കുന്നത് ഈ നോവലിലാണ് (അത് ഷെർലക്കിലും, അവസാന കഥകളിലൊന്നിൽ അച്ഛനെ ചോദ്യം ചെയ്യുന്ന പെൺകുട്ടിയിലും, ലേഖനങ്ങളിലും ബഷീറിനെപ്പറ്റിയുള്ള ദീർഘമായ കറുപ്പിലും എല്ലാമായി പ്രോഗ്രസ് ചെയ്യുന്നത് നമുക്ക് കാണാം). ഒരു എഴുത്തുകാരൻ പറഞ്ഞു – അയാളുടെ നിരന്തര നോൺ ഫിക്ഷൻ വായനയാണ് അതിന്റെ പിന്നിൽ. ഏതോ അഭിമുഖത്തിൽ എം ടി പറഞ്ഞാണ് ആദ്യമായി ഫെലിസ്‌ബർട്ടോ ഹെർണാണ്ടസ് എന്നും സിമനൺ എന്നും കേൾക്കുന്നത്. സിമനൺ ക്രൈം ആണ് എഴുതുന്നത് എന്ന് പറഞ്ഞപ്പോൾ അതിലും അത്ഭുതമായി.

ബഷീറിനെപ്പറ്റിയുള്ള ലേഖനത്തിൽ ബഷീറിന്റെ മതവിശ്വാസത്തെപ്പറ്റി എം ടി പറയുന്നുണ്ട് – ബഷീർ അബ്ദുൽ കലാമിനെപ്പപ്പോലെ റൈറ്റ് വിങ്ങിന് സ്വീകാര്യനായ – അവിശ്വാസി എന്ന് വായിയ്ക്കുക – ഒരു “നല്ല” മുസ്ലിം ആയിരിയ്ക്കണം എന്ന് മല്ലു ലിബറലുകൾക്ക് അന്നും താൽപ്പര്യമുണ്ടായിരുന്നു എന്ന് വേണം നമ്മൾ കരുതാൻ – കാരണം, എം ടി പറയുന്നത് ബഷീർ എന്നും വിശ്വാസിയായിരുന്നു എന്നാണ്, പക്ഷെ, അതിൽ പ്രകടനപരതയില്ലായിരുന്നു – എന്നാൽ പിൽക്കാലത്ത് ബഷീറിന്റെ “മാറ്റം” പലർക്കും അരോചകമായി തോന്നിയത്രേ. ബഷീറിന് അതുകേട്ടപ്പോഴും ചിരി വന്നു. എത്ര പ്രധാനമാണ് ഈ സംഗതി എന്നോർക്കുക.

എം ടിയുടെ യാത്രകൾ എന്നൊരു പുസ്തകം ഞാൻ ഈയിടെ വാങ്ങിയിരുന്നു. പലരും അമേരിക്കയിൽ പോയിട്ടുണ്ട്. എന്നാൽ അവരൊന്നും വിവരിയ്ക്കാത്ത ഒരു വ്യക്തിപരത/വ്യക്തിത്വം എം ടിയുടെ യാത്രാ കുറിപ്പുകൾക്കുണ്ട്, അതെനിയ്ക്ക് പണ്ടത്തെ ആ വെക്കേഷൻ കാലങ്ങളെപ്പോലെ ഇപ്പോഴും അനുഭിയ്ക്കാനായി (മറ്റൊന്ന് എഴുത്തുകാരെപ്പറ്റിയുള്ള പരാമർശങ്ങളാണ് ഹെമിങ്‌വേ, ഫോക്‌നർ, ബാൾഡ്വിൻ, മാർകേസ്, മിഷിമ – ഫോക്നറുടെ ടൗണിൽ ഒരു കെട്ടിടത്തിനു തീപിടിച്ചു, ആളുകൾ അങ്ങോട്ടോടാനൊരുങ്ങി, അപ്പോൾ ഫോക്‌നർ – അത് കത്തട്ടെന്നെ, അമ്പത് വർഷത്തിനിടെ ആദ്യമായാണ് ഇവിടെ എന്തെങ്കിലും ഒരു സംഭവമുണ്ടാകുന്നത്. കവാബത്തയ്ക്ക് നോബൽ കിട്ടിയതും മിഷിമ ആത്ഹത്യ ചെയ്തതും എല്ലാമായി അമേരിക്കൻസ് ജാപ്പനീസ് സാഹിത്യം ശ്രദ്ധിയ്ക്കാൻ തുടങ്ങി. നിങ്ങളും ഇതുപോലെ എന്തെങ്കിലും ചെയ്യണം, ഒരു വനിത എംടിയോട്, എന്ത് മിഷിമയെപ്പോലെ ആത്മഹത്യയോ? എംടി തിരിച്ചു ചോദിയ്ക്കുന്നു, അല്ലല്ല, നൊബേൽ ജയിയ്ക്കുന്നത് എന്ന് ആ സ്ത്രീ, ചിരിച്ചുകൊണ്ട്).

എംടിയുടെ തിരക്കഥകളെപ്പറ്റി സമാന അഭിപ്രായം എനിയ്ക്കില്ല. മോശം സിനിമകളും തിരക്കഥകളും അയാൾ ചെയ്തിട്ടുണ്ട്. മോശം കഥകൾ ആദ്യകാലത്തും വാരാണസി എന്നൊരു ആവറേജ് നോവൽ പിന്നീടും എഴുതിയിട്ടുണ്ട്. എന്നാൽ ചെറുകഥയിൽ ഇടക്കാലത്ത് എം ടി flawless ആയിരുന്നു. നിന്റെ ഓർമ്മയ്ക്ക്, പെരുമഴയുടെ പിറ്റേന്ന്, വാനപ്രസ്ഥം, ചെറിയ ഭൂകമ്പങ്ങൾ, ഷെർലക്ക് തുടങ്ങി എംടി പല റേഞ്ചിൽ, പല കാലത്തിനുസരിച്ച് എഴുതിയിട്ടുണ്ട്. മോഡേൺ എഴുത്തുകാരനാവുക എളുപ്പമല്ല. വിജയൻ പോലും പലപ്പോഴും കഷ്ടപ്പെട്ടിട്ടുണ്ട് എന്നോർക്കുക (അയാളുടെ ചില ഘോഷിയ്ക്കപ്പെട്ട ചെറുകഥകൾ എനിയ്ക്കിഷ്ടമല്ല). ഇതിനേക്കാൾ പ്രധാനമായിരുന്നു മുഖ്യധാരയിൽ നിന്ന് എംടി പിൻവാങ്ങിയത്. മുകുന്ദനും പത്മനാഭനും എല്ലാം ഇപ്പോഴും വായനക്കാരെ കഷ്ടപ്പെടുത്തുന്നത് ഓർക്കുക.

എംടി സവർണ്ണനാണ് എന്നൊക്കെയുള്ള പ്രചാരണത്തിന് പിന്നിലും ബഷീറിന്റെ ഉടമസ്ഥത ഏറ്റെടുക്കാൻ വന്ന ഇസ്ലാമിസ്റ്റുകൾ ആണെന്നത് എനിയ്ക്കു കൗതുകമായിട്ടുണ്ട്. അവർക്ക് മറുപടിയായുള്ള കുറിപ്പുകൾ എഴുത്തുകാരന്റെ തന്നെ അനേകമുണ്ട്. അവരൊന്നും അസുരവിത്ത് വായിച്ചിട്ടില്ല. ഈ പറയുന്ന ബഷീറിനെയും അവർക്കു മനസ്സിലായിട്ടില്ല. വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളുടെ പുത്രനായ ബഷീർ സ്‌കൂളിൽ പഠിയ്ക്കുമ്പോൾ ഉപ്പുസത്യാഗ്രഹത്തിനു പോയത് (എംടി തന്നെ എഴുതിയത്) മനസ്സിലാക്കാനുള്ള പഠിപ്പും അവർക്കില്ല. എന്നാൽ എം ടിയ്ക്ക് “ഗുരു” വിനേയും , ബഷീറിന് തിരിച്ചും മനസ്സിലായിരുന്നു. എൻപിയ്ക്കും എംടിയ്ക്കും ആ മനസ്സിലാവൽ ഉണ്ടായിരുന്നു. തകഴിയ്ക്കും ബഷീറിനും അതുണ്ടായിരുന്നു. നോക്കൂ, ഇമ്മാതിരി എഴുത്തുകാർ നിൽക്കുന്ന തട്ട് എത്ര ഉയരെ ആണെന്ന് മനസ്സിലാക്കുക എളുപ്പമല്ല. അതിനു താന്താങ്ങളുടെ നില എമ്മട്ടിലാണ് എന്നറിയാനുള്ള, ആലോചിയ്ക്കാനുള്ള പഠിപ്പെങ്കിലും (കൂടുതൽ കൂടുതൽ അന്ധരായിക്കൊണ്ടിയ്ക്കുന്ന) നമുക്ക് വേണം. അതാകട്ടെ എത്ര പഠിച്ചാലും തിരിയാത്ത ഒന്നും. ബഷീറിനെ നായകനാക്കി ഒരു ഫാന്റസി നോവൽ എഴുതാൻ മലയാളത്തിൽ ഹരീഷ് എന്നൊരു എഴുത്തുകാരന് ധൈര്യമുണ്ടായി. എംടിയെപ്പറ്റിയും ആരെങ്കിലും എഴുതുമായിരിയ്ക്കും. അന്നും വിടർന്ന കണ്ണുകളോടെ അത് വായിയ്ക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടാകും. എം ടിയും ബഷീറും ഇങ്ങനെ ഐക്കൺസ് ആയി നിൽക്കുന്നത് കാണുമ്പോൾ പലർക്കും അസ്വസ്ഥതയുണ്ടാവും. എന്നാൽ സഹൃദയർക്ക് പരാതിയുണ്ടാവില്ല. അവർ ഈ എഴുത്തുകാരെ ഓരോ തലമുറയിലും സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നു എന്നതിന് തെളിവ് നമ്മുടെ പുസ്തകശാലകളും റീഡേഴ്സ് ഗ്രൂപ്പുകളുമാണ്. മലയാളി ഉള്ളിടത്തോളം ഈ പേരുകളെല്ലാം നിലനിൽക്കും.

4 thoughts on “എം ടി”

  1. എം ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ലേഖനങ്ങൾ നമ്മുടെ എഴുത്തുകാരെ പറ്റി എഴുതിയിട്ടുള്ളതാണ് ബഷീറിനെ പറ്റിയുള്ളത് excellent ആണ്, അതുപോലെ കരൂറിനെ പറ്റി (മലയാളി മധ്യവർഗമല്ല കാരൂരിൽ അതിൽ താഴെ ജനവിഭാങ്ങൾ എന്ന് എം ടി), എസ് കെ പൊറ്റെക്കാട് പറ്റിയുള്ളതിൽ systematic ആയി എഴുതിയ മലയാളി എഴുത്തുക്കരൻ, അതിന്റെ ചിട്ട, വൃത്തി ഒക്കെ പറയുന്നു.. ഒരേ കഥ കരൂരിൽ ട്രാജഡി ആയും എസ് കെ യിൽ നർമം നിറയുമ്പോൾ കഥയുടെ dimension മാറുന്നു എന്നും.. രാജലക്ഷ്മി പറ്റി എഴുതിയത് മലയാളി സ്ത്രീ എഴുതക്കാർ എഴുതേണ്ട room of one’s own ആണ് തോന്നിട്ടുണ്ട്. വി ടി ഭട്ടത്തിരിപ്പാടിന്റ വ്യക്തിത്വം, ആത്മകഥയിലെ വാക്കുകൾ, ഉറൂബ്, ഇടശ്ശേരി പറ്റി എല്ലാം ദൂരെ നിന്നുള്ള കാഴ്ച എത്രത്തോളം മികവ് പുലർത്തുന്നതാണ്.

    ഇതിലൂടെ മനസിലായത് എല്ലാ മലയാളി എഴുത്തുകാരെ നോക്കേണ്ട വിധം അദ്ദേഹത്തിന് അറിയാം, ചിലരെ പറ്റി മാത്രമേ എഴുതിയിട്ടുയെന്നുള്ളു.

    ‘വളർത്തുമൃഗങ്ങൾ’ കഥയൊക്കെ മോഡേൺ ഡേ ക്യാപിറ്റലിസം ജോലി അവസ്ഥകളിൽ പുനർവായന ചെയ്യേണ്ട കഥയാണ് തോന്നിട്ടുണ്ട് ഈയിടക്ക് വായിച്ചപ്പോൾ.

      1. ഏയ്, ഞാൻ അഭിലാഷിന്റെ അത്രക്കും ഒന്നും വായിച്ചിട്ടില്ല.

        മലയാളത്തിൽ obit &ഓർമ്മക്കുറിപ്പ് നല്ല രീതിയിൽ എഴുതിയത് വിജയൻ എം ടി, അയ്യപ്പപണിക്കർ ആണ്. അത് നല്ല രീതിയിൽ വായിച്ചിട്ടുണ്ട് that’s all.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top