ദേഹം

 

WhatsApp Image 2024-08-05 at 20.45.36.

അജയ് മങ്ങാട്ടിന്റെ “ദേഹം” എന്ന നോവലിൽ ഉടനീളം നിറഞ്ഞു കവിയുന്ന ഓർമ്മകളാണ്. അയാളുടെ മുന്നേയുള്ള നോവലും ഈ മട്ടിൽ തന്നെയായിരുന്നു. ഓർമ്മകളിൽ ജീവിയ്ക്കുന്ന കഥാപാത്രങ്ങൾ. അജയ് എന്റെ പേഴ്സണൽ ഓതറാണ് എന്ന് ഞാൻ കരുതാറുണ്ട്. ആ നിരയിൽ പാമുക്, സെബാൾഡ്. ബൊലാഞ്ഞോ, കിനോസ് ഗാർഡ്, മർനെയ്ൻ ഇങ്ങനെ പലരുണ്ട്. പാമുക്കിന്റെ റെഡ് അടുത്തിടെ വീണ്ടും വായിച്ചപ്പോൾ അയാളുടെ എഴുത്തുമിടുക്കിൽ എനിയ്ക്ക് അസൂയ തോന്നി. കോൺഫിഡൻസിൽ നിന്ന് വരുന്ന ഹ്യൂമർ സെൻസോടെ അയാൾ എഴുതുന്നു. ഖുറാനും ഇസ്ലാമിക ചരിത്രവും ആധുനികതയുമായുള്ള അതിന്റെ പോരാട്ടവും അയാൾ സരസമായി പറഞ്ഞുപോകുന്നു(അനാവശ്യ സെൻസിറ്റിവിറ്റി ഒന്നും അയാൾക്കില്ല, തന്റെ എഴുത്തിന്റെ ശക്തിയെപ്പറ്റി അയാൾക്ക് ബോധ്യമുണ്ട്). എനിയ്ക്ക് പ്രിയപ്പെട്ട ഭാഷയാണ് അജയിന്റെ (മറ്റേത് ആനന്ദാണ്). നോൺ ഫിക്ഷനിൽ പ്രത്യേകിച്ചും (പലപ്പോഴും ഇത് interchangable ആണ്, അതൊരു ഗുണമാണോ ദോഷമാണോ എന്ന് വിലയിരുത്താൻ കഴിയുന്നില്ല). രണ്ടുപേരുടെയും ഫിക്ഷനും എനിയ്ക്കിഷ്ടമാണ്. ഫിക്ഷനിൽ അജയിന്റെ ഭാഷ അതിന്റെ പൂർണ്ണതയിൽ എത്തി വരുന്നതേയുള്ളൂ എന്നാണ് ഞാൻ കരുതാറ് (കോൺഫിഡൻസിന്റെ കാര്യമാണ്, പോയറ്റിക് ഭാഷയാണ് തന്റേത് എന്നു എഴുത്തുകാരനറിയാം, പറയാനുള്ളത് കുറച്ചു വയലന്റ് കഥയും, അത് രണ്ടും ബാലൻസ് ചെയ്യുകയാണല്ലോ അപ്പോൾ ദൗത്യം). “ദേഹം” ആ ഭാഷയുടെ ഏറ്റവും mature ആയ രൂപത്തിൽ പലപ്പോഴും കാണപ്പെടുന്നു(പ്രത്യേകിച്ചും രണ്ടാം പകുതിയിൽ). മർനെയ്ൻ സാധാരണതയിൽ നിന്ന് തന്റെ എഴുത്തുവരുന്നു എന്ന് പറയുന്ന വാചകം അജയ് പിൻകുറിപ്പിൽ എടുത്തെഴുതുന്നു. മർനെയ്ൻ ഭാഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്, അജയും അതെ. മർനെയ്ൻ ചെയ്തപോലെ അജയ് താൻ വളർന്ന ഭൂഭാഗങ്ങളിലേയ്ക്ക് ഓരോ നോവലിലും തിരികെ പോവുന്നു(അതിൽ ഒരു ന്യായീകരണവും, ആശ്വാസവും അയാൾക്കുണ്ട്, ഒരു പക്ഷെ ഒരു പാമുക്കിയൻ കോൺഫിഡൻസും). ഈ നോവലിലും ലിബറൽ പൊളിറ്റിക്സ് ഉണ്ട് – എന്നാൽ “മൂന്നു കല്ലു”കളിലേതിനേക്കാൾ വിദഗ്ദമായാണ് (വലിയ restraint-ഓടു കൂടി) അയാൾ ഇവിടെ ആ ത്രെഡ് കൈകാര്യം ചെയ്യുന്നത്(ഇത് പാളുമെന്ന് ആദ്യം കേട്ടപ്പോൾ എനിയ്ക്ക് തോന്നിയിരുന്നു, ഉണ്ടായില്ല). ഒരു തരം exggeration അജയിന്റെ നോവലുകളിൽ ഉണ്ട്. അവയിലെല്ലാം ആളുകൾ വലിയ വായനക്കാരും കവികളുമായിരിയ്ക്കുന്നു, സെനക്കയും സാഫോയും എല്ലാം കടന്നുവരുന്നു. ഫിക്ഷനിൽ അത് ഒരു സൗകര്യമാണ്. “മൂന്നു കല്ലു”കളിൽ അത്യസാധാരണമായ പാസേജുകൾ സൃഷ്ടിയ്ക്കാൻ അതുതകി. ഇവിടെ കുറച്ചു കൂടി നിയന്ത്രണ വിധേയമാണ് ആഖ്യാനം. കുറ്റവും ശിക്ഷയും പോലെ ഒരു ആത്മീയ സഞ്ചാരത്തിനൊന്നും ആധുനികരായ കഥാപാത്രങ്ങൾ മുതിരുന്നില്ല. അൽപ്പമൊക്കെ ഒരു ത്രില്ലർ രീതിയിലാണ് ആഖ്യാനം മുന്നേറുന്നത്. എന്നാൽ കഥ കയ്യിൽ നിന്ന് പോകാതിരിയ്ക്കാൻ എഴുത്തുകാരൻ ശ്രദ്ധിയ്ക്കുന്നുണ്ട്. ആദ്യഭാഗത്തെ ചെറിയ ഇടർച്ചകൾക്കു ശേഷം കൃത്യമായി എഡിറ്റ് ചെയ്ത് ഒതുക്കിയ ഭാഷ നോവലിനെ അവസാനഭാഗങ്ങളിൽ സാധാരണതയിൽ നിന്നുയർത്തുന്നു. എന്നാൽ നേരത്തെ പറഞ്ഞപോലെ നിങ്ങളുടെ പേഴ്സണൽ ആയ അനുഭവതലവും നോവലും തമ്മിൽ രാജിയായില്ലെങ്കിൽ ഈ നോവൽ എങ്ങനെ വായിയ്ക്കപ്പെടും എന്ന് ഞാൻ ആലോചിയ്ക്കുകയാണ്. മൂന്നു കല്ലുകൾ സൂസന്ന പോലെ പോപ്പുലർ ആയിരുന്നില്ല (എഴുത്തുകാരൻ ഒന്ന് സീരിയസ് ആയപ്പോൾ അലസവായനക്കാർ പിന്നോട്ട് മാറി). നോവലിനുള്ളിലെ നോവലും, അവസാനത്തിൽ വരുന്ന ഒരു കഥാപാത്രത്തിന്റെ ദീർഘമായ കഥയും പലപ്പോഴും ഡിസ്ട്രാക്ട് ചെയ്യുന്നപോലെ തോന്നി. ജമീല പിറകോട്ടു പോവുകയോ, മറ്റു കഥാപാത്രങ്ങൾ കഥയെ കയ്യേറുകയോ ചെയ് തെന്നും തോന്നി. ഇതെല്ലാം ഒന്നാം വായനയിലെ തോന്നലുകളാണ്. ഫിക്ഷൻ എഴുതി പരിചയമുള്ളവർ പുസ്തകം വായിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കുന്ന സംഗതികൾ വേറെയാണ് എന്നാണ് ഞാൻ എപ്പോഴും വിചാരിയ്ക്കാറ്. അതുകൊണ്ട് കൂടിയാണ് ഈ സന്ദേഹങ്ങൾ എന്നും വരാം. അജയ് എന്ന എഴുത്തുകാരന് ഇതേപ്പറ്റിയൊന്നും ആധി വേണ്ട ആവശ്യമില്ല. അയാൾ മിയ്ക്കവാറും അടുത്ത നോവൽ എഴുതാൻ തുടങ്ങിക്കാണും. എന്നാൽ വായനക്കാരൻ ഇമ്മാതിരി നൂലുണ്ടകളുമായി പൂച്ചകളെപ്പോലെ കെട്ടിമറയുന്നു (പൂച്ചകൾ രണ്ടെണ്ണം നോവലിലുണ്ട്). എനിയ്ക്ക് ഇഷ്ടമുള്ള മലയാളി എഴുത്തുകാരെപ്പറ്റി ഈയിടെ ഇടയ്ക്കിടയ്ക്ക് പറയേണ്ടി വരാറുണ്ട്. ഉവ്വ്, അജയിന്റെ അടുത്ത നോവലും ഞാൻ കൗതുകത്തോടെ കാത്തിരിയ്ക്കുന്നു. 

 

കൂടുതലായി പിന്നെപ്പോഴെങ്കിലും.    

 

എൻബി: പൊറ്റാളിൽ ചേളാരി എന്ന സ്ഥലത്തുനിന്നു വരുന്ന ജമീല എന്നൊരു കഥാപാത്രമുണ്ട്. അവർ ചെറുപ്പത്തിലേ പലർക്കും വഴങ്ങേണ്ടി വരുന്നു. അവരെ നോവലിലെ പ്രധാന കഥാപാത്രം സ്നേഹിയ്ക്കുന്നു. എന്നാൽ ജമീലയ്ക്ക് ഇൻഡിപെൻഡന്റ് ആയി കഴിയണം. സ്വന്തമായി ജോലി വേണം. രണ്ടായിരങ്ങളിൽ പർദ്ദ സാധാരണമാകുന്നതിന് മുന്നേ, മംഗലാപുരത്തു നിന്ന് പർദ്ദ ഇട്ട് അവർ റിയാസിനെ കാണാൻ വരുന്നു, ഇത് എനിയ്ക്ക് നോവലിലെ ഒരു പ്രധാന സംഗതിയാണ്. “ദേഹ”ത്തിൽ നായികയുടെ പേര് ജമീല. അതിലെ ഒരു കഥാപാത്രം ചേളാരിയിൽ വന്ന് എന്തോ ഓർത്തുനിൽക്കുന്ന രംഗമുണ്ട്. എന്റെ നോവലും ഈ കഥയും തമ്മിലൊന്നുമില്ല. എന്നാൽ ഈ കഥാഭാഗങ്ങളിൽ എനിയ്ക്ക് കലശലായ കൗതുകം തോന്നി. ഭൂഭാഗങ്ങളെ തമ്മിൽ കണക്റ്റ് ചെയ്തും പലതും ഞാനോലോചിച്ചു നോക്കി. അജയ് നമുക്ക് അന്യനൊന്നുമല്ലല്ലോ.             

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top