പൊറ്റാളിലെ ഇടവഴികൾ – Book 2

91Xsk053oTL

റിയാസ് പറയുന്ന കഥയിൽ നിന്ന് :-

റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ബൈജു വിട്ടില്ല. സത്യത്തിൽ എനിയ്ക്ക് ജമീലയെ വിട്ടുനിൽക്കാൻ താല്പര്യമുണ്ടായിരുന്നില്ല. അക്കാര്യം ബൈജുവിനോട് പറഞ്ഞിരുന്നില്ല. സമയമായില്ല എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ. എല്ലാം എവിടേയ്ക്കാണ് പോകുന്നത് എന്നെനിയ്ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒഴുക്കിനൊത്തു പോകാനുള്ള ഒരു മനസ്സായിക്കഴിഞ്ഞിരുന്നു എനിയ്ക്ക്. അത് പെട്ടെന്നുണ്ടായതല്ല. ആലോചിച്ചു നോക്കിയാൽ, അങ്ങനെ ആയിത്തീരുകയാണ് ചെയ്തത്. ബൈജു ചോദിച്ചു – നമുക്ക് പോകാം ല്ലേ? അവളോ? അറിയാതെ എന്റെ വായിൽ നിന്നതു വീണു. അവളെന്തിനാ? അവൻ ചോദിച്ചു. യാത്ര എത്രയുണ്ടടോ? ഞാൻ ഒന്നും പറഞ്ഞില്ല. ഇപ്പൊ ഈ ഒരൊറ്റ വിചാരേള്ളൂ ല്ലേ? ഞാൻ ചിരിച്ചില്ല. അവന്റെയും ചിരി മാഞ്ഞു. അന്ന് ജമീല ഇറങ്ങുമ്പോൾ ബൈജു പറഞ്ഞു – ഇനി ഇങ്ങള് പതിമൂന്നാന്തി കയിഞ്ഞിട്ട് വന്നാ മതി ട്ടാ. ഞങ്ങക്ക് മംഗലാപുരം വരെ ഒന്ന് പോണം. ഹ്മ്മ് അവര് മൂളി. ഇത് വച്ചോളി. അവൻ കുറച്ചു നോട്ടുകൾ മടക്കിയത് അവരുടെ കയ്യിൽ വച്ചുകൊടുത്തു. ഞാനാണെങ്കിൽ അത് ഓർത്തുവച്ച് ചെയ്യില്ല. അതാണ് വ്യത്യാസം. അവർ പക്ഷേ പോയില്ല. എന്തേ? ബൈജു ചോദിച്ചു. അല്ലാ, അന്ന് പറഞ്ഞ കാര്യം. അവടെ പണി സര്യാക്കണത്. ബൈജു എന്നെ നോക്കിയില്ല. നേരെ പറഞ്ഞു – അയിന്റെ കാര്യം കൂടി ഞാൻ വിചാരിക്ക്ണ്ണ്ണ്ട്. വരുമ്പ വിവരം തരാ. പോരേ? ജമീല തലയാട്ടി. ഞാൻ പോണ്. അവർ ഞങ്ങളോട് പറഞ്ഞു പതുക്കെ നടന്നു പോയി. വാതിൽക്കൽ പോയി ഒന്ന് നോക്കാനുള്ള കൊതി എനിയ്ക്കുണ്ടായി. ഇനി നാലഞ്ച് ദിവസം, ചിലപ്പോ ഒരാഴ്ച അവളെ കാണില്ല. ബൈജു അപ്പോഴേയ്ക്കും സ്റ്റോക്കും കണക്കും ഒക്കെയായിട്ടു വന്നു. രാത്രി വരെയിരുന്നു ഞങ്ങൾ പലതും നോക്കി. അതിന്റെ ശേഷം അവനെന്നെ വീട്ടിൽ വിട്ടു തന്നു. എനിയ്ക്ക് വല്ലാത്ത പൊറുതി കേടു തോന്നി. ഒറ്റയ്ക്ക് ഇവിടെ, ഞാൻ ചോദിച്ചു. നിനക്കിന്ന് ഇവിടെ നിന്നൂടെ? അതെന്താ ഇപ്പൊ ഒരു ഇത്? അവൻ ചോദിച്ചു. ഇന്ന് കുടിയ്ക്കാൻ പറ്റൂല ബോസ്. നാളെ രാവിലെ അവരെ കാടാമ്പുഴ കൊണ്ടുപോവാനുള്ളതാ. നാളെ വേണമെങ്കിൽ ഒന്ന് കൂടിയിട്ടാവാം വണ്ടി കേറുന്നത്. ഞാൻ ഉച്ചയ്ക്ക് വരാം , ഓക്കേ? അവൻ വണ്ടി തിരിച്ചു ഇറക്കമിറങ്ങി. ഞാൻ ചരലിൽ ചവിട്ടി മുറ്റത്തേയ്ക്ക് നടന്നു. കുളിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും ഒന്നും തോന്നിയില്ല. കേറിക്കിടന്നു. ചോറിൽ വെള്ളമൊഴിയ്ക്കണമല്ലോ എന്ന ചിന്ത ഉറക്കത്തിനിടയിലും ഉണ്ടായിരുന്നു. പക്ഷെ ഞാനുറങ്ങിപ്പോയി. രാത്രി ഏതോ സമയത്തു എണീറ്റാണ് അത് ചെയ്തത്. ബൈജു വച്ചിട്ട് പോയ ഒരു സിഗരറ്റ് അടുക്കളവാതിലിന്റെ മേപ്പടിയിലുണ്ടായിരുന്നു എന്നത് പെട്ടെന്നോർമ്മ വന്നു. ഞാൻ അത് തപ്പിയെടുത്തു. എന്നിട്ട് മുറ്റത്തിറങ്ങി ചുളുങ്ങി വരണ്ട സിഗരറ്റു കത്തിച്ചു. അച്യുതൻ നായരുടെ പറമ്പിൽ താമസിയ്ക്കുന്ന രാജന്റെ വീട്ടിൽ അപ്പോഴും വെളിച്ചമുണ്ട്. എനിയ്ക്ക് ബൈജുവിന്റെ ഒപ്പം പോയ യാത്ര ഓർമ്മ വന്നു. ഇതുപോലൊരു വീട്ടിൽ. മേലാകെ ഒരു പരവേശം. ഞാൻ സിഗരറ്റ് എറിഞ്ഞുകളഞ്ഞു അകത്തു കയറി. കുറച്ചു വെള്ളം കുടിച്ചു, അതിന് നല്ല തണുപ്പ്. കേറിക്കിടന്നു. ഉറക്കം വന്നില്ല. തിരിഞ്ഞും മറഞ്ഞും കിടന്നു. ചങ്കിൽ എന്തോ കുത്തുന്ന പോലെ. എണീറ്റിരുന്നു. അസുഖ ലക്ഷണം എനിയ്ക്കു പരിചയമില്ലാത്തതല്ല. എന്നാൽ അതിനൊരു പരിഹാരവും എന്റെ കയ്യിലില്ല. പെണ്ണിന്റെ ശരീരം. സെക്‌സിന് വേണ്ടിയല്ല. കേവല സന്തോഷത്തിനപ്പുറം അതിലെന്തോ ഉണ്ട്. കിണറിൽ നിന്ന് തണുത്ത വെള്ളം കോര് മേലൊഴിയ്ക്കുന്ന പോലെ. നമ്മെ ഉപ്പുരസം കളഞ്ഞു ശുദ്ധിയാക്കുന്ന എന്തോ ഒന്ന്. തലയിൽ തണുപ്പായി തൊട്ട് ശരീരത്തെ മനസ്സിനെ ശാന്തമാക്കുന്ന ഒന്ന്. ഇങ്ങനെ പല വിധ ചിന്തകളിൽ മുഴുകി ഞാൻ വീണ്ടും ഉറങ്ങിപ്പോയി.

ബൈജു വന്നപ്പോൾ എനിയ്ക്കൊരു പനിക്കോളുള്ള പോലെ തോന്നി. എന്നിട്ടും ഞങ്ങളിറങ്ങി. എന്റെ നിർബന്ധം തന്നെ. ട്രെയിനിൽ മിയ്ക്കപ്പോഴും ഞാനുറക്കമായിരുന്നു. അല്ലെങ്കിലും യാത്രയിലെ കാഴ്ച കാണലിൽ എനിയ്ക്കു വലിയ താല്പര്യമൊന്നുമില്ല. ബൈജുവിനോട് എന്തെങ്കിലും സംസാരിയ്ക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽ ഒരു തിക്കൽ തുടങ്ങും. ഒരു വേദന. യാത്രയിൽ ചായ കുടിയ്ക്കുമ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോഴും ട്രെയിൻ പിടിച്ചിടുമ്പോഴും വെയിറ്റ് ചെയ്യുമ്പോഴുമൊക്കെ ഞങ്ങൾ വലിച്ചു. ഞാൻ ഒന്ന് രണ്ട് പാരസെറ്റമോൾ വിഴുങ്ങി. അവൻ പറഞ്ഞു – ആവശ്യമുണ്ടങ്കിൽ കഴിച്ചാൽ മതി. എന്തിനാ നീയിതു വിഴുങ്ങുന്നത്? ഞാനവന്റെ മുഖത്തേയ്ക്കു നോക്കി. അപ്പോൾ ഞാൻ മാറിനിന്ന് അവനെ നോക്കുന്ന ഒരു തോന്നലുണ്ടായി. പണ്ട് കണ്ട അച്ഛനില്ലാത്ത സ്‌കൂൾ കുട്ടിയെ ഓർമ്മ വന്നു. ഇപ്പോഴും, പെട്ടെന്ന് കാണുമ്പോൾ തോന്നില്ലെങ്കിലും, എവിടെയോ ആ ഒരു നിഷ്കളങ്കത – ആ വാക്ക് ഞാൻ ഉപയോഗിയ്ക്കുന്നില്ല, ഇത്ര വൃത്തികെട്ട ഒരുവാക്ക് ലോകത്തില്ല – ഒരു തരം സത്യസന്ധത അവന്റെ ശരീരഭാഷയിലുണ്ട്. മുഖത്ത് നോക്കുമ്പോൾ കാണുന്നത് തന്നെ കണ്ണിൽ നോക്കുമ്പോഴും. നിനക്ക് ഉറങ്ങണോ? അവൻ ചോദിച്ചു, ചൂടുണ്ടോ, അവൻ തൊട്ടു നോക്കുകയും ചെയ്തു.

മംഗലാപുരത്തിറങ്ങിയപ്പോൾ ഷബീബ് ഡ്രൈവറെ അയച്ചിരുന്നു – സ്ഥിരം വരുന്ന ആള് തന്നെ, ഒരു തമിഴൻ. ബൈജു അവനോടു ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഷബീബ് ഷേവ് ഒക്കെ ചെയ്തു സുന്ദരനായിരുന്നു. അവൻ കുശിനിക്കാരനെക്കൊണ്ട് ബിരിയാണി വയ്പ്പിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞപ്പോൾ അതേ സന്തോഷത്തോടെ അവൻ ലോക്കൽ വാറ്റ് കൊണ്ടുവന്നു. ഞങ്ങൾ മേലെയിരുന്നു കുടിച്ചു. അവന്റെ ശരീരം അൽപ്പമൊന്നു കരുവാളിച്ച്, അവനെപ്പോഴുമുണ്ടായിരുന്ന നേർത്ത കൊഴുപ്പിന്റെ മിനുക്കമൊക്കെ ഒഴിഞ്ഞ്, ഉറച്ചിരുന്നു. ജിമ്മല്ല – ബൈജു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ഇപ്പൊ കുറച്ചു കൃഷിയും പരിപാടിയും ഒക്കെയുണ്ട്. ചെറിയൊരു മുന്തിരിയുടെ പരിപാടി തുടങ്ങിയിട്ടുണ്ട്, കുറച്ചു ദൂരെയാണ്. ഞങ്ങൾ അധികം സംസാരിച്ചില്ല. അവൻ എന്റെ ശ്രദ്ധയാകർഷിയ്ക്കാൻ ഒരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അധികമൊന്നും പറഞ്ഞില്ല. പനിയുടെ ഒഴികഴിവുണ്ടായിരുന്നല്ലോ. എന്നാലും ബൈജുവിനെ നോക്കിയപോലെ ഞാൻ ഷബീബിനെയും മാറിനിന്ന് നോക്കാൻ ശ്രമിച്ചു. പഠിയ്ക്കുന്ന സമയത്തുകണ്ട അതേ അവനെ ഞാൻ കണ്ടു. ബൈജുവിന്റെ പോലും സാമർത്ഥ്യം അവനില്ല. പിന്നെ ഈ ബിസിനസ്സൊക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചാൽ ഉപ്പ സെറ്റ് ചെയ്തതാണ് എല്ലാം. വിശ്വസ്തർ നടത്തിക്കൊണ്ടു പോകുന്ന പരിപാടികൾ. എവിടെയെങ്കിലും കണ്ണികൾ ഏതെങ്കിലും പൊട്ടുന്ന വരെ അതിങ്ങനെ പോകും. പിന്നെ എല്ലാം ഭാഗ്യം പോലെ.

സന്ധ്യയായപ്പോൾ ഞങ്ങൾ അവന്റെ വണ്ടിയിൽ കറങ്ങാൻ പോയി. എന്റെ ക്ഷീണമെല്ലാം പോയിരുന്നു. ഷബീബ് ഡോക്ടറെക്കാണാം എന്നൊക്കെയാണ് ആദ്യം പറഞ്ഞത്, പക്ഷേ അവൻ മുന്നോട്ടു വന്ന് നെറ്റിയിൽ തൊടാനാഞ്ഞപ്പോൾ ഞാൻ തല വെട്ടിച്ചു. പക്ഷെ ഒന്നും ആവശ്യം വന്നില്ല. അവന്റെ സ്‌കോർപ്പിയോ ഞങ്ങളെ കാണിയ്ക്കുന്നതായിരുന്നു അവന്റെ ക്ഷണത്തിന്റെ പ്രധാന ഉദ്ദേശം. അവൻ മേനി പറയുന്ന ആളല്ല. എന്നാലും ഒരു രസം. അവനിവിടെ ഒറ്റയ്ക്കാണ് എന്നതാണ് കാര്യം എന്നെനിയ്ക്കു തോന്നി. സന്തോഷം പങ്കിടാൻ ഒരു പക്ഷേ അവനാരുമില്ല. ഇങ്ങനെ ചിന്തിയ്ക്കുന്നത് നിറുത്തണം എന്നപ്പോൾത്തന്നെ തോന്നുകയും ചെയ്തു. എയർപോർട്ട് കാണാം എന്ന് പറഞ്ഞ് അവൻ ഞങ്ങളെ വണ്ടിയിൽ ഒരു കുന്നിന്റെ അടുത്ത് കൊണ്ടുപോയി. ശരിയ്ക്കും ഭീമാകാരമായ വണ്ടി. അനായാസം അത് കുണ്ടും കുഴിയുമൊക്കെ കേറുന്നു. ഓടിയ്ക്കുമ്പോൾ അവനൊരു പ്രത്യേക ഹരം തന്നെയുണ്ടെന്ന് എനിയ്ക്കു തോന്നി.

ഞങ്ങൾ മൂന്നുപേരും കുന്നുകയറാൻ തുടങ്ങി. അവന്റെ ചുവന്ന ടോർച്ചിന്റെ കുഴലുപോലെ മുന്നോട്ടുപോകുന്ന വെളിച്ചം പാറകളിലും മരങ്ങളിലും വീണും അത് കടന്നും ഒക്കെ പോയിക്കൊണ്ടിരുന്നു. ബൈജു കിതയ്ക്കാൻ തുടങ്ങി. ഞാനും ഷബീബും അവനെ ഒന്നുരണ്ടു പ്രാവശ്യം കാത്തുനിൽക്കേണ്ടി വന്നു. ചരലിൽ ചെരുപ്പ് വഴുക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ അവനെയും കൊണ്ട് മുകളിലെത്തി. ഷബീബ് പറഞ്ഞത് ശരിയായിരുന്നു. ദൂരെ എയർപോർട്ട് കാണാമായിരുന്നു. വെളിച്ചത്തിൽ കുളിച്ച്. ബാക്കി മുഴുവൻ ഇരുട്ട്. പെട്ടെന്ന് ഉയർന്നുവന്ന ഒരു അത്ഭുത നഗരം പോലെ. ഞാനാദ്യമായാണ് അങ്ങനെ ഒരു കാഴ്ച കാണുന്നത്. കുന്നിൻപുറം പരന്നു കിടന്നു. ഷബീബ് ടോർച്ചടിച്ചപ്പോൾ പാറകളും പറങ്കിമാവുകളും ഒക്കെയായി ഒരു സാധാരണ പൊറ്റാൾ കാഴ്ച. പെട്ടെന്ന് മനസ്സ് അശാന്തമായി. എന്താണ് ഞാനിവിടെ ചെയ്യുന്നത്? എന്തിനായിരുന്നു ഈ യാത്ര? മുന്നെ ഈ നാട്ടിൽ വന്നപ്പോൾ, ഇവിടെ നിന്ന് പൊറ്റാളിലേയ്ക്ക് പോകുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്? എങ്ങനെയാണ് ഞാനതൊക്കെ വിട്ട് ചെറിയ കാര്യങ്ങളിൽ ഇത്ര സന്തോഷിയ്ക്കാൻ തുടങ്ങിയത്? ഞാൻ മുന്നോട്ടു നടന്നു. യ്യ് എങ്ങ് ണ്ടാ? ഷബീബ് ചോദിച്ചു. ഞാൻ മിണ്ടിയില്ല. അവന്റെ ടോർച്ചിന്റെ വെളിച്ചം എന്റെ പിന്നാലെ. ബൈജു അവനെക്കടന്ന് എന്റെ നേരെ വന്നു. വാറ്റൊന്നും കിട്ടില്ല. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ മിണ്ടിയില്ല. ഷബീബ് അവിടെത്തന്നെ നിൽക്കുകയാണ്. ഇന്നാ – അവനൊരു സിഗരറ്റ് നീട്ടി. മഞ്ഞുണ്ട്. നിനക്കിനിയും പനിയ്ക്കും. ഒരു മഫ്‌ളറോ എന്തെങ്കിലും എടുക്കായിരുന്നു. ഞാൻ മിണ്ടിയില്ല. എന്നാലും സിഗരറ്റുപുക തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ ഒരു സുഖം. ഷബീബും വന്ന് ഒരു സിഗരറ്റു വാങ്ങി. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട് വലിച്ചു. എയർപോർട്ടിലെ വെളിച്ചത്തിനും ചുറ്റും മഞ്ഞിന്റെ ഒരു ആവരണം പോലെ കാണാം ഇപ്പോൾ. അത് കട്ടികൂടുകയാണ്. ഇത് മഞ്ഞല്ലേ?അതോ പുകയോ. ബൈജു പറഞ്ഞു. ആരുമൊന്നും പറഞ്ഞില്ല. അപ്പുറത്ത് നിന്ന് എന്തോ ഒരു ശബ്ദം കേട്ടു. ഷബീബ് ടോർച്ചു തെളിച്ചു – കുറ്റിക്കാട്ടിൽ നിന്ന് ഒരു പട്ടി. മയിര് പേടിപ്പിച്ചു. ഷബീബ് ഒരു കല്ലെടുത്തു അതിനെ എറിഞ്ഞു. അത് ടോർച്ച് വെളിച്ചത്തിലേയ്ക്കു തന്നെ നോക്കി നിന്നു. അവൻ പിന്നെയും കല്ലു തപ്പിയെടുത്ത് അതിനെ എറിഞ്ഞു, ടോർച്ചിന്റെ വെളിച്ചം ഒന്ന് പാളി. കല്ല് എങ്ങോട്ടു പോയെന്നു കണ്ടില്ല. അവൻ വീണ്ടും വെളിച്ചമടിച്ചപ്പോൾ അത് കുറച്ചു ദൂരെ നിൽപ്പുണ്ട്. ഷബീബ് അതിനെ ഓടിയ്ക്കാൻ മുന്നോട്ടു പോയി. അവനൊരു വാശി മാതിരി.

ഞാൻ സമയം പാഴാക്കാതെ, നേർത്ത വെളിച്ചത്തിൽ ബൈജുവിന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു – എനിയ്ക്കു ജമീലയെ വേണം. അവന്റെ മുഖഭാവം കണ്ടില്ല.
ഇനിയ്ക്ക് ഓളെ കെട്ടണം.
എന്താ യ്യ് പറീണത്? ബൈജു ഒരു തീർച്ചയില്ലാതെ ചോദിച്ചു.
ഇനിയ്ക്ക് അന്റെ സമ്മതേ വേണ്ടുള്ളൂ. ഞാൻ പറഞ്ഞു. ഷബീബിന്റെ ടോർച്ചിന്റെ വെളിച്ചം കുറച്ചു ദൂരെയാണ്. ഞാൻ തിരക്ക് കൂട്ടി.
ഞാൻ പ്പോ ഇതെന്താ പറയാ. അവൻ കുറച്ചു നേരം മിണ്ടാതെ നിന്ന്. ഷബീബ് മൂത്രമൊഴിയ്ക്കുകയോ മറ്റോ ആണെന്ന് തോന്നി. അതേ സ്ഥലത്തു തന്നെ അവന്റെ ടോർച്ച് ഒന്നുകൂടി കത്തിയണഞ്ഞു.
ഇത് ശരിയാവൂല റിയാസേ. അനക്ക് അറയാലോ. അനക്ക് പറ്റ്യ കേസല്ല ത്. പിന്നെ വീട്ടുകാര് നാട്ടുകാര്. യ്യോളെ എങ്ങ്ണ്ടാണ് കൊണ്ടോകാൻ പോണത്? വീട്ടിയ്‌ക്കോ?
ആ.
അവൻ അമ്പരന്നിട്ടുണ്ടാകും. അവന്റെ മുഖഭാവം ശരിയ്ക്ക് കാണാൻ കഴിയുന്നില്ല.
അത് ശരിയ്ക്കും ആലോചിയ്ക്കേണ്ട കാര്യമാണ് റിയാസ്. എടുത്തു ചാടണ്ട വിഷയല്ല.
ഞാൻ ആലോച്ചിട്ടാണ് പറയുന്നത്. അവൻ ആഞ്ഞാഞ്ഞു വലിച്ചു.
ഷബീബ് അടുത്തേയ്ക്കു വരുന്നതു ഞാൻ കണ്ടു. അവനോട് ഇത് ചർച്ച ചെയ്യാൻ എനിയ്ക്കു താൽപ്പര്യമില്ല. ബൈജു മതി, അവൻ കൂടെയുണ്ടെങ്കിൽ എല്ലാം നടക്കും. ബന്ധുക്കളും നാട്ടുകാരുമൊന്നും എനിയ്ക്കു വിഷയമല്ല, പണ്ടും ആയിരുന്നില്ലല്ലോ.

ബൈജു മിണ്ടാതെ നിന്നു പുകവലിച്ചുകൊണ്ടിരുന്നു. ഷബീബ് പതുക്കെ നടന്ന് അടുത്തു വന്നു. അവനെന്തോ ചോദിയ്ക്കുകയും ചെയ്തു. എന്റെ മനസ്സ് വേറെയെവിടെയോ ആയിരുന്നു. എന്നാലും വെളിച്ചമില്ലാത്തത് ഒരനുഗ്രഹമായിത്തോന്നി. ബൈജു അവനോടു ചോദിച്ചു – നമുക്ക് പോയാലോടാ?
പോവാം
ഷബീബ് ടോർച്ചു വഴിയിലേയ്ക്കടിച്ചു കൊണ്ട് കാത്തു നിന്നു. ഞാൻ അവന്റെ അടുത്തേയ്ക്കു ചെന്നു. നടന്നോ – അവൻ എന്നെ നോക്കി പറഞ്ഞു. ഞാനവന്റെ മുഖത്തേയ്ക്കു നോക്കി, പിന്നെ അവനെ കെട്ടിപ്പിടിച്ചു – സാമാന്യം ശക്തിയായി തന്നെ. അവന്റെ രോമമില്ലാത്ത കവിൾ എന്റെ കവിളിലുരസി. അവന്റെ തോളിനുമുകളിലൂടെ എയർപോർട്ട്, ആ വെളിച്ചം അത് ആകാശത്തേയ്ക്കു ഉയുർന്നുയർന്നു പോകുന്നത്, എല്ലാം ഞാൻ കണ്ടു. പണ്ടെന്നോ കണ്ടു മറന്ന ഒരു രംഗം പോലെ, ഒരിയ്ക്കലും മായാത്തവിധം, അതെന്റെ മനസ്സിൽ ഉറഞ്ഞുപോയി. അവന്റെ ഹൃദയം മിടിയ്ക്കുന്നത് എനിയ്ക്കു കേൾക്കാമായിരുന്നു. ഞാനോ, അവനോ, പിന്നാലെ വന്ന ബൈജുവോ ഒന്നും മിണ്ടിയില്ല. ഞാൻ അവനെവിട്ട്, അവൻ വെളിച്ചമടിച്ച വഴിയിലൂടെ കുന്നിറങ്ങാൻ തുടങ്ങി.

പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങൾ മൈസൂരിലേയ്ക്ക് പോകാനൊരുങ്ങി. തലേന്നു രാത്രി വീട്ടിലെത്തിയ ഉടനെ ഞാൻ കുളിച്ചു കിടന്നുറങ്ങിയിരുന്നു. ബൈജു മുറിയിൽ വന്ന് എന്നെ ഒന്നുരണ്ടു തവണ പേരുവിളിച്ചു നോക്കി. ഞാൻ കണ്ണുതുറന്നില്ല – പിടികൊടുക്കാതിരിയ്ക്കാൻ തന്നെ. രാവിലെ ഞാൻ വൈകിയാണ് എണീറ്റതും. അപ്പോൾ അവർ രണ്ടുപേരും പുറത്തു പോയിരുന്നു. ഉച്ച ഭക്ഷണം വിഭവസമൃദ്ധമായിരുന്നു. അതിനുശേഷം ഞങ്ങൾ യാത്ര തുടങ്ങി. രാത്രി ഒന്ന് കറങ്ങിയ ശേഷം ഷബീബിന് അറിയുന്ന ഒരു ആളുടെ വീട്ടിൽ കൂടി. സംസാരവും കുടിയും തീറ്റയുമായി സമയം പോയി. രാവിലെ ഞങ്ങൾ വീണ്ടും കാഴ്ചകൾ കാണാനിറങ്ങി. റാബിയയ്ക്കു പണ്ട് എപ്പോഴോ എളാപ്പ കുറെ പോസ്റ്റ് കാർഡ് കൊണ്ട് വന്നു കൊടുത്തിരുന്നു. അമ്മായിയും മൂപ്പരും കൂടി വൃന്ദാവനിൽ നിന്ന് വാങ്ങിയതായിരുന്നു അവ – അവിടത്തെ ഫൗണ്ടനുകളുടെയും കൊട്ടാരത്തിന്റെയുമൊക്കെ കളർ ഫോട്ടോകൾ. അവയെല്ലാം ഞാൻ നേരിട്ട് കണ്ടു. ടിപ്പു സുൽത്താന്റെ അറ കണ്ടു. ബൈജു വീട്ടിലേയ്‌ക്കെന്നു പറഞ്ഞു ഓരോന്നൊക്കെ വാങ്ങി. പിന്നെ ഞങ്ങൾ ഒരു ബാറിൽക്കയറി. ഷബീബ്`വായിൽത്തോന്നിയ പോലെ ഓർഡർ ചെയ്തു. ഞാൻ കഴിയുന്നത്ര തിന്നുകയും കുടിയ്ക്കുകയും ചെയ്തു, എനിയ്ക്കധികമൊന്നും പറയാനില്ലായിരുന്നു. നാക്ക് വഴുതുന്ന തരത്തിൽ ഞാനായിട്ടില്ലായിരുന്നു അക്കാലം വരെ. ആ കണ്ടീഷനായപ്പോൾ ഞാൻ തീരെ മിണ്ടാതിരുന്നു. അവരും പിന്നെപ്പിന്നെ മിണ്ടാതെയായി. തിരിച്ചു ഡ്രൈവ് ചെയ്ത്, വൈകുന്നേരമായപ്പോൾ ഞങ്ങൾ വയനാട്‌ ചുരമിറങ്ങി. കോഴിക്കോട്, പാലക്കാട്, കോയമ്പത്തൂർ – തീറ്റ, കുടി, വേറെയേതോ പരിചയക്കാർ. ഒന്നരദിവസത്തിനുശേഷം പിന്നെ തിരികെ – അത്രയും ദൂരം ഷബീബ് തളർച്ചയില്ലാതെ വണ്ടി ഓടിച്ചു. കൊളപ്പുറമെത്തിയാൽ ഞാൻ ഇറങ്ങുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഷബീബിന്റെ വീട്ടിൽ മറ്റൊരിയ്ക്കൽ ചെല്ലാമെന്നു പറഞ്ഞു. ബൈജു അവന്റെയൊപ്പം പോയി. അവനും വീട്ടിലേയ്ക്കായിരിയ്ക്കും. ഞാൻ സ്റ്റോക്ക് ഇറക്കിയത് ചുമട്ടുകാരൻ സെയ്തലവിയാക്കയെ വിളിച്ചു മേലെ, കടയിൽ എത്തിച്ചു. നല്ല ക്ഷീണം തോന്നി, എല്ലാം കഴിഞ്ഞപ്പോൾ. ഞാൻ ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങി നേരെ ഓട്ടോ പിടിച്ചു വീട്ടിൽ പോയി – വെപ്പും പരിപാടിയും ഒന്നും ചെയ്യാനുള്ള പാങ്ങും മൂഡുമൊന്നുമില്ലായിരുന്നു .

പിറ്റേന്ന് ജമീല വന്നില്ല. ആദ്യമായാണ് അവൾ വരാതിരിയ്ക്കുന്നത്. ഉച്ചയായപ്പോഴേയ്ക്കും എനിയ്ക്ക് സ്വസ്ഥതയില്ലാതായി. എന്നിട്ടും ഞാൻ വൈകുന്നേരം വരെ പിടിച്ചു നിന്നു. ഒന്ന് രണ്ടുവട്ടം ബൈജുവിനെ വിളിയ്ക്കാൻ വിചാരിച്ചു. വൈകുന്നേരമായപ്പോൾ അവളുടെ വീട്ടിൽപ്പോയാലോ എന്ന് വരെ ആലോചിച്ചു. ഇതുപോലെയൊരു അവസ്ഥ എനിയ്ക്കുണ്ടായിട്ടില്ല. വൈകുന്നേരം ഞാൻ ചെമ്മാട് ബാറിൽ പോയി. ദിലീപ് അവിടെയാണ് ജോലി ചെയ്യുന്നത് എന്നെനിയ്ക്കറിയാമായിരുന്നു. അവനെ എവിടെയും കണ്ടില്ല. ഞാൻ കുറെ ആലോചിച്ച്, എനിയ്ക്കെന്തു വാങ്ങണം എന്നുറപ്പുണ്ടായിരുന്നില്ല, ഒരു ഹാഫ് റമ്മും, കുറച്ചു ബീഫ് ചില്ലിയും, പൊറോട്ടയും വാങ്ങി വീട്ടിൽ വന്നു. അതെല്ലാം ഒറ്റയടിയ്ക്കു കഴിച്ചു കയറിക്കിടന്നു.

പിറ്റേന്ന് എണീറ്റപ്പോൾ നല്ല തലവേദനയായിരുന്നു. എന്നിട്ടും ഞാൻ കട തുറക്കാൻ പോയി. പക്ഷെ തുറന്നില്ല. അതിനു പകരം ഇപ്പുറത്തെ ബസ് സ്റ്റോപ്പിലും ഹോട്ടലിലും ഒക്കെയായി സമയം കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കടയുടെ വരാന്തയിലേയ്ക്ക് ആരോ കയറിപ്പോവുന്നതു കണ്ടു. എന്റെ നെഞ്ച് പെരുമ്പറ കൊട്ടി. അത് പക്ഷെ ജമീല തന്നെയായിരുന്നു. അവൾ വന്നില്ലെങ്കിൽ ഞാൻ കട തുറക്കില്ലായിരുന്നു. തലവേദനയൊക്കെ മറന്ന് ഞാൻ കടയിലേയ്ക്കോടി. കോണി കയറിച്ചെന്നു വേഗം ഷട്ടർ ഉയർത്തി. അവളുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു. ബൈജു അവളോട് എന്തെങ്കിലും പറഞ്ഞിരിയ്ക്കുമോ എന്നോർത്തപ്പോൾ എന്റെ മനസ്സിൽ ഒരു നിഴൽ പരന്നു. അവനോട് പിന്നെ അക്കാര്യം സംസാരിയ്ക്കാതിരിയ്ക്കാൻ വഴികൾ തേടുകയായിരുന്നു ഞാനിതുവരെ. ജമീലയോടു ഞാനൊന്നും ചോദിച്ചിട്ടുമില്ല. പെട്ടെന്ന് എന്റെ ധൈര്യമെല്ലാം പോയപോലെ തോന്നി. ഞാൻ വാതിൽ തുറന്ന് ഷട്ടർ വലിയ്ക്കുന്ന കമ്പി വാതിലിനു പിറകിൽ ചാരിവച്ചു. എന്നിട്ട് അവളെ നോക്കി. അവൾ അപ്പോഴും എന്നെ നോക്കുകയാണ്. ഞാനടുത്തേയ്ക്കു ചെന്ന് അവളെ വാരിപ്പുണർന്നു. പിന്നെ ചുണ്ടിൽ തന്നെ ചുംബിച്ചു. പിന്നെ കവിളിൽ, കഴുത്തിൽ എല്ലാം. അവളും ചേർന്നു നിന്നു. ഞാനവളുമായി സ്റ്റോർ മുറിയിലേയ്ക്കു കയറി. അവൾ ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായി നിൽക്കുകയാണ്. പെട്ടെന്ന് ഒരിയ്ക്കൽ കൂടി ഞാൻ അവളെ ഒരു സ്ത്രീയായി കണ്ടു. ആരൊക്കെയോ നിയന്ത്രിയ്ക്കുന്ന ഒരുവൾ. അതേസമയം എന്നെപ്പോലെ ഒരു മനുഷ്യജീവി. സാഹചര്യം മാറ്റി നിറുത്തിയാൽ വ്യക്തിത്വവും അസ്തിത്വവും ഒക്കെയുള്ള ഒരുവൾ. അവൾ എന്റെ ആജ്ഞ അനുസരിയ്ക്കേണ്ട കാര്യമൊന്നുമില്ല. ഞാനവളുടെ കൈകളിൽ പിടിച്ചു. യ്യ് ബൈജൂനെ കണ്ടിര്ന്നോ?
ഇല്ല
ഇന്നലെ ന്തേ
മൂന്നൂസായിട്ട് പന്യായിന്
ന്ന്ട്ട്? ഞാനവളുടെ നെറ്റിയിൽ കൈ ചേർത്ത് നോക്കി. ചൂട് സാധാരണപോലെ തന്നെ. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു.
അതൊക്ക മാറി.
ഹ്മ്മ്
ഇനിയെന്താണ് പറയുക? ഞാൻ അവളുടെ കയ്യിലെ പിടി വിട്ടിരുന്നില്ല. പക്ഷെ എനിയ്ക്കു വാക്കുകൾ കിട്ടിയില്ല. പച്ചയ്ക്കങ്ങു പറയുകയോ. അവളും അകന്നു മാറിയതൊന്നുമില്ല. അതേ നിൽപ്പ് തന്നെ.
ഞാനവളുടെ കണ്ണിലേയ്ക്കു തന്നെ വീണ്ടും നോക്കി. അവളും കണ്ണുവെട്ടിച്ചില്ല. എന്നിട്ടും ധൈര്യം വന്നില്ല. എന്നാലും ഒടുവിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
ജമീലയെ എനിയ്ക്കു വിവാഹം കഴിയ്ക്കണം.
അവൾ മുഖം താഴ്ത്തി. പക്ഷെ ഒന്നും മിണ്ടിയില്ല
എന്തേ എന്നെ ഇഷ്ടമല്ലേ? ഞാൻ ചോദിച്ചു
ഇഷ്ടക്കേടൊന്നുമില്ല
പിന്നെ?
അവൾ മിണ്ടാതിരുന്നു. കരയുകയാണെന്നു കരുതി അവളുടെ താടിയിൽ പിടിച്ചു മുഖം ഞാനുയർത്തി. അവളുടെ സ്ഥിരം ഭാവം തന്നെയായിരുന്നു മുഖത്ത്. അവളുടെ മനസ്സ് വായിയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല.
ഇന്റെ ഒന്ന് കയിഞ്ഞതാണ്. ഇനി അയിന് വയ്യ.
ഇന്റതും കഴിഞ്ഞതാണ്
ങ്ങള് അയിന് കാര്യം തീർത്തിട്ടില്ലല്ലോ? എന്റെ ചങ്കിലൂടെ ഒരു വാൾത്തല കയറിയിറങ്ങിയപോലെ എനിയ്ക്കു തോന്നി. എന്റെ പിടി അയഞ്ഞു. ഇഞ്ഞിപ്പോ ങ്ങള് തീർത്താലും ങ്ങളെ ഒപ്പം ബന്ന് ആ പെരേല് കയ്യല് നടക്കൂല.
ഇനിക്കാരേം പേടില്ല , ഞാൻ ശബ്ദം ഉയർത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. യ്യും പേടിയ്‌ക്കണ്ട ആവശ്യല്ല.
പേട്യല്ല റിയാസാക്കാ. അവളാദ്യമായി എന്റെ പേര് വിളിയ്ക്കുന്നത് കേൾക്കുകയാണ്.
പിന്നെ എന്താണ്? ബൈജു എന്തെങ്കിലും പറഞ്ഞോ?
ഇല്ല്യ. ഇങ്ങള് പറഞ്ഞപ്പളാണ് ഞാനറിയുന്നത്, അവളുടെ ഒരു പേശിപോലും ചലിപ്പിയ്ക്കാതെ പറഞ്ഞു. സത്യമായിരിയ്ക്കണം എന്നെനിയ്ക്കു തോന്നി.
യ്യ് ശരിയ്ക്ക് പറയ്, ധൈര്യത്തില് പറഞ്ഞോ – ആരിം പേടിയ്‌ക്കണ്ട.
ഇയ്ക്കാരിം പേടില്ല. കടുത്ത സ്വരം. ഞാനവളെ നോക്കി. അവൾ മേശയിലേയ്ക്ക് ചാരി നിന്നു. അവൾക്കെന്തോ പറയാനുണ്ട്.
ഇയ്ക്കു ഈ നാട്ട്ന്ന് പോണം. അവൾ പറഞ്ഞു. അതാണ് അന്ന് മംഗലാപൊരത്ത്ത്തെ കാര്യം ഞാൻ പിന്നിം പിന്നിം പറഞ്ഞത്. ഇയ്ക്ക് എവടങ്കിലും പോയി പണിട്ത്ത് കയ്യണം. ആരിം ശല്യല്ലാതെ.
ഞാൻ ഒരു ശല്യമാണ് എന്നാണോ?
അല്ല. നിങ്ങളോ ബൈജുവേട്ടനോ ശല്യമാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ ഇയ്ക്ക് ഇതേ മായിരി ഞ്ഞിം പറ്റൂല. ഇന്നെക്കൊണ്ട് കയ്യൂലന്നെ.
എനിയ്ക്കവളെ മനസ്സിലാകാൻ തുടങ്ങി. അന്ന് രാത്രിയിൽ അവളുടെ കണ്ണിൽ നിന്നും ഞാൻ വായിച്ചെടുത്തതിനുമപ്പുറമുള്ള ഒരു സ്ത്രീയാണ് ഈ ജമീല എന്നെനിയ്ക്കു തോന്നി. ദിനം പരിണമിയ്ക്കുന്ന ഒരു ജീവി. അൽപ്പാൽപ്പമായി ചുരുളഴിഞ്ഞു വരുന്ന ഒരു രഹസ്യം.

ഞങ്ങൾ മിണ്ടാതെ കുറച്ചു നേരം കൂടി നിന്നു. ഞാൻ ജോലിയിലേയ്ക്ക് മടങ്ങി. സ്റ്റോക്ക് എഴുതാൻ തുടങ്ങി. പെട്ടികൾ തുറന്നു സാധനങ്ങളടുക്കി. അവളും കൂടി. ഉച്ചയായപ്പോഴേയ്ക്കും എല്ലാ പണിയും തീർത്ത് ഞങ്ങൾ ഫാനിന്റെ ചോട്ടിലിരുന്ന് വിയർപ്പാറ്റാൻ തുടങ്ങി. ഇടയ്ക്ക് അവളുടെ മുഖത്തേയ്ക്ക് എന്റെ കണ്ണുപാളും. ഒരു പ്രതികരണവുമില്ലെന്നു കാണുമ്പോൾ ഞാൻ കണ്ണെടുക്കും. ഉച്ചയ്ക്ക് ഞാൻ കാശ്മീർ ഹോട്ടലിൽ നിന്ന് രണ്ട് മട്ടൻ ബിരിയാണി വാങ്ങിക്കൊണ്ടുവന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു. ഒന്നും പറയാനുണ്ടായിരുന്നില്ല. ഷബീബാക്ക എന്തെങ്കിലും പറഞ്ഞിരുന്നോ? അവൾ ഇടയ്ക്കൊന്നു ചോദിച്ചു. ഇല്ല, ഞാൻ പറഞ്ഞു. ഞാനും ബൈജുവും കൂടി അവളെ ഇവിടെ മനഃപൂർവ്വം പിടിച്ചുവച്ചിരിയ്ക്കുകയാണെന്നവൾ കരുതുന്നുണ്ടാകുമോ എന്നൊരു ചിന്ത അപ്പോഴെന്റെ മനസ്സിൽ വന്നു. സത്യത്തിൽ എനിയ്ക്കു നാണം തോന്നി. പണ്ട് റാബിയ പറഞ്ഞ വാക്ക് മനസ്സിൽ എവിടെനിന്നോ വന്നു. സഹതാപം! അതാണോ എനിയ്ക്ക് ഇവിടെയുമുള്ള വികാരം? ജമീല തലകുനിച്ചു ഭക്ഷണം കഴിയ്ക്കുന്നത് ഞാൻ നോക്കി. ആണോ? ഈ സ്ത്രീയോട് എനിയ്‌ക്കെന്താണ്? സ്നേഹമോ? അതോ കൂട്ടിന് ഒരാൾ, ആരായാലും, വേണമെന്ന അടിസ്ഥാനപരമായുള്ള ആ ആവശ്യമോ? എന്താണ് എന്റെ ആഗ്രഹം, ആവശ്യം? എന്റെ മനസ്സ് കലുഷിതമായി. ഞാൻ അസ്വസ്ഥമായ പഴയകാല രാത്രികളോർത്തു, ഇന്നലെകളോർത്തു. അല്ല. ജമീലയെ ഞാൻ സ്നേഹിയ്ക്കുന്നുണ്ട്. സെക്സ് പോലും എനിയ്ക്കു വേണ്ട. ഏതു നാട്ടിലോ, കാട്ടിലോ ആയാലും കൂടെ ഒരാൾ വേണം. ഒറ്റയ്ക്ക് ജീവിയ്ക്കാൻ എനിയ്ക്കു വയ്യ. അതെ, അതാണ് കാര്യം. എന്റെ മനസ്സ് വീണ്ടും തണുക്കാൻ തുടങ്ങി. സമയമുണ്ട്. ഇന്നോ, നാളെയോ ഒന്നും നടക്കേണ്ട, നടത്തേണ്ട ആവശ്യമില്ല. സ്നേഹമോ വിശ്വാസമോ ഒന്നും നമുക്ക് തട്ടിയെടുക്കാൻ കഴിയില്ല. എല്ലാറ്റിനും ക്ഷമ വേണം. അവൾ പറയുന്നതിൽ കാര്യമുണ്ട്. അവൾക്കും സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹമുണ്ട്. അതവൾക്കു പ്രധാനമാണ്, അതിനുള്ള വഴിയാണ് അവൾ തിരയുന്നതും. അതിലെന്താണ് തെറ്റ്? ഷബീബായാലും ബൈജുവായാലും അവൾക്ക് വേറെയൊന്നും പേടിക്കേണ്ട ആവശ്യമില്ല. ഷബീബാകുമ്പോൾ ഈ അതിക്രമങ്ങൾ പോലും ഉണ്ടാകില്ല. അതാണ് അവളുടെ ഉള്ളിൽ. ആ ആഗ്രഹം സാധിച്ചാൽ ചിലപ്പോൾ അവൾ മനസ്സ് മാറാനും മതി. ഞാൻ ശാന്തനായി. ബോക്സുകളും പഴയ പ്ലാസ്റ്റിക്കും എല്ലാം കൂടെ ഞങ്ങൾ രണ്ടുപേരും കൂടി അടുക്കിക്കെട്ടി വച്ചു. അതുവാങ്ങാൻ ബൈജുവിന് ഒരാളുണ്ട്. ബോക്സ് ചിലപ്പോൾ നമുക്ക് തന്നെ ആവശ്യം വരും. വൈകുന്നേരം അവൾ പോകാനൊരുങ്ങിയപ്പോൾ ഞാൻ അവളെ ഒന്ന് ചുഴിഞ്ഞു നോക്കി. പോട്ടെ? അവൾ ചോദിച്ചു. ഞാൻ തലയാട്ടി. അപ്പോൾ അവളൊന്നു പുഞ്ചരിച്ചു. മതി. ഇന്നുറങ്ങാൻ അത് മതിയെന്നെനിയ്ക്കു തോന്നി.

പിറ്റേന്ന് ഓരോ തിരക്കുകൾ കാരണം അവളോടൊന്നും സംസാരിയ്ക്കാനെനിയ്ക്കു സമയം കിട്ടിയില്ല. ഉച്ചയ്ക്ക് ബൈജു കടയിൽ വന്നു. ഞങ്ങൾ അക്കൗണ്ട് ഒക്കെയൊന്നു നോക്കി. അവൻ കുറച്ചു ഗൗരവത്തിലായിരുന്നു. ജമീലയോട് അവനെന്തോ സംസാരിയ്ക്കുന്നതും കണ്ടു. ഞാനതത്ര കാര്യമാക്കിയില്ല. വന്നപ്പോഴും അവന് ഒരു തെളിച്ചമില്ലായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ അവൾ പോവുകയും ചെയ്തു. ബൈജു പറഞ്ഞു – വീട്ടിൽ അവരാരുമില്ല. ഒരു കല്യാണത്തിന് പോയിരിയ്ക്കുകയാണ്. ഞാനിന്ന് നിന്റെ കൂടെയാണ്. നാളെ ഇവിടന്നു പോകാം. കുറച്ചു കഴിഞ്ഞപ്പോൾ അവൻ സിഗരറ്റു വാങ്ങാൻ പോയി. പിന്നെ ഞങ്ങൾ വീട്ടിൽപ്പോയി. ചോറ് വച്ചുകൊണ്ടിരുന്നപ്പോൾ അവൻ ടോപ്പിക്കിലേയ്ക്ക് വന്നു.
ജമീലേനോട് ഇയ്യ്‌ സംഗതി പറഞ്ഞോ?
ആ, ഞാൻ തലയാട്ടി. ഓളെന്തെങ്കിലും അന്നോട് പറഞ്ഞോ?
മറ്റേ പണീന്റെ കാര്യം, ഷബീബിന്റവിട്ത്തെ.
യ്യെന്തേ പറഞ്ഞത്?
ഷബീബ് ഇനി വരുമ്പോ പറയാം ന്ന് പറഞ്ഞിട്ട്ണ്ട് ന്നു പറഞ്ഞു.
ഓൻ അങ്ങനെ പറഞ്ഞിര്ന്നോ?
ബൈജു ചിരിച്ചു. അണക്ക് ഓള് ബടെ വേണ്ടാന്നാണോ? ഞാൻ നൊണ പറഞ്ഞു..
ഹ്മ്മ് – ഞാൻ മൂളി.
അവനൊന്ന് ആലോചിച്ച ശേഷം പറഞ്ഞു – നോക്ക്, നീയിത് സീരിയസ്സായാണോ നോക്കുന്നത്? നിനക്കറിയാമല്ലോ, അവൾ കുറച്ചു കടുപ്പമാണ്. സാധാരണപോലെയല്ല.
ഞാനവനെ വെറുതെ നോക്കിയിരുന്നു.
പിന്നെ അവള് സമ്മതിച്ചാൽ തന്നെ, കല്യാണം കഴിഞ്ഞ് നീ എവിടെ താമസിയ്ക്കും?
ഇവിടെ
അതൊന്നും നടക്കില്ല. അതുമാത്രമല്ല, ഉമ്മുവിന്റെ കാര്യമില്ലേ?
എന്ത് കാര്യം?
ഡൈവോഴ്സ് ആയിട്ടില്ലല്ലോ
അതിനി എന്താവാനാണ്, എല്ലാം കഴിഞ്ഞതല്ലേ?
അത് പറഞ്ഞിട്ട് എന്താ കാര്യം, നിയമപരമായി..
എനിയ്ക്ക് കേൾക്കണ്ട.
അത് പറഞ്ഞിട്ടെന്താടാ കാര്യം?
എന്റെ മനസ്സ് ഇളകി. ഇളകിമറിഞ്ഞു. പല കാര്യങ്ങൾ തലച്ചോറിലൂടെ പായാൻ തുടങ്ങി.
ഞാൻ പറഞ്ഞു. ഞങ്ങൾ മംഗലാപുരത്ത് പോകാം…
അതെത്ര കാലമാടാ കഴിയുക? അതുവരെ വീട്, കട ഒക്കെ? കട പിന്നെ ആളെ വയ്ക്കാം, വീട് നീ എന്ത് ചെയ്യും?
എന്നാൽ പിന്നെ ഇവിടെത്തന്നെ ആകാം.
വെറുതെ ഇങ്ങനെ പറയല്ലേ റിയാസേ, അത് ശരിയാകില്ല..
പിന്നെ? ഞാൻ നാടുമുഴുവൻ കിടന്നു ഓടണോ, നീയെന്താ ഈ പറയുന്നത്? നാട്ടുകാരുടെ സൗകര്യത്തിനല്ല ഞാൻ ജീവിയ്ക്കുന്നത്. ജമീല വരികയാണെങ്കിൽ ഞാൻ ഇവിടെത്തന്നെ കൊണ്ടുവരും. ഞങ്ങളിവിടെത്തന്നെ താമസിയ്ക്കും.
എടാ…
നീയൊന്നും പറയണ്ട. നിങ്ങളുടെയൊക്കെ ഉള്ളിൽ അവളുടെ മറ്റുകാര്യങ്ങളാണ്, അതാണ് പ്രശ്നം. അതെനിയ്ക്ക് വിഷയമല്ല. പിന്നെയും ഞാനെന്തൊക്കെയോ പുലമ്പി. അവൻ ഒന്നും മിണ്ടിയില്ല. ആദ്യമൊക്കെ ഞാനെന്നെ ബോധിപ്പിയ്ക്കാനെന്നപോലെയാണ് സംസാരിച്ചത്. പിന്നെ , സംസാരം നീണ്ടപ്പോൾ, എനിയ്ക്കു തീർച്ചയായി. ഞാൻ ചെയ്യുന്നതു തന്നെയാണ് ശരി. ജമീലയുടെ സമ്മതം മാത്രമാണ് എനിയ്ക്കു വേണ്ടത്.
അവളെങ്ങനെയാണ് ഉമ്മുവിന്റെ കാര്യമറിഞ്ഞത്? ഞാൻ ചോദിച്ചു.
എനിയ്ക്കറിയില്ല നീ ചേളാരിയിൽ ഫെയ്മസല്ലേ, അങ്ങനെയാകും. ഇതൊക്കെ അറിയാൻ എന്തൊക്കെ വഴികളുണ്ട്, അല്ലെങ്കിലും.

എങ്ങനെ അറിഞ്ഞു എന്നതിനൊരു പ്രാധാന്യവുമില്ല. ശരിയാണ്. പിന്നെയും അറിയാമല്ലോ. നേരത്തെ ആയാൽ അത്രയും നല്ലത്. ഞാൻ വിചാരിച്ചു. അവളുടെ സമ്മതം അതുമാത്രമാണ് വിഷയം. ബൈജുവിന് അവളെ സമ്മതിപ്പിയ്ക്കാൻ കഴിയുമോ? ഞാനാണ് അത് ചെയ്യേണ്ടത്, എന്നാലും നമുക്ക് വേണ്ടി വാദിയ്ക്കാൻ ഒരാൾ. പക്ഷേ, അതാണ് എനിയ്ക്ക് ആലോചിയ്ക്കാൻ മടിയുള്ള കാര്യവും.

ഞങ്ങൾ ഭക്ഷണം കഴിച്ചു. കള്ളും ഒന്നുമുണ്ടായിരുന്നില്ല. പിന്നെ സിഗരറ്റു വലിച്ചു. അവൻ പറഞ്ഞു – എനിയ്ക്ക് വേറെയൊന്നും പറയാനില്ല. സംഗതി തീരുമാനമായാൽ നീ പഴയ കാര്യങ്ങളൊന്നും മനസ്സിൽ വച്ചുകൊണ്ടിരിയ്ക്കരുത്. അതൊന്നും യാതൊരുവിധത്തിലും സംസാരത്തിൽ വരരുത്. പിന്നെ അവൾക്കു മാത്രമല്ല നിനക്കും കാര്യമായ എന്തെങ്കിലും വരുമാനം വേണം. കട തന്നെ മതി, എന്നാലും സംഗതികൾ ഒന്ന് കൂടി ഉഷാറാകണം. ഞാൻ കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല. നിനക്കറിയാവുന്നതാണ് എല്ലാം. പിന്നെയും അവൻ ഒരോന്നു പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഒന്നുവേണം. കടയുടെ എതിരിൽ എസ് ബി ടി ഉണ്ടായിട്ടും നീയത് ചെയ്തിട്ടില്ല. അവിടെ പരിചയപ്പെടുത്താൻ ആരെങ്കിലും വേണ്ടിവരും. അതൊന്നും നിനക്ക് പ്രയാസമേയല്ല. നിന്നെ അറിയാത്തവർ ആരും കാണില്ല. അൽപ്പം കഴിഞ്ഞു ഞങ്ങൾ രണ്ടുപേരും കയറിക്കിടന്നു.

പിറ്റേന്ന് വൈകുന്നേരം പോകാനിറങ്ങുന്ന വരെ ജമീലയോട് ഒന്നും ചോദിയ്ക്കാനുള്ള അവസരം എനിയ്ക്കു കിട്ടിയില്ല.
ജമീല ആലോചിച്ചോ, ഞാൻ പറഞ്ഞത്?
അവൾ തലതാഴ്ത്തി നിന്നു. കുറച്ചുനേരം അങ്ങനെ പോയി.
ജമീലയ്ക്ക് ഇഷ്ടമല്ല എന്നുപറഞ്ഞാൽ ഞാൻ പിന്നെ ഇക്കാര്യം മിണ്ടില്ല. ഞാൻ ചെറിയ ശബ്ദത്തിൽ പറഞ്ഞു.
മറുപടിയുണ്ടായില്ല. പൊയ്‌ക്കോളി. ഞാൻ അൽപ്പം കഴിഞ്ഞു പറഞ്ഞു. അവൾ എന്നെ ഒന്ന് നോക്കിയ ശേഷം പതുക്കെ നടന്നുപോയി.
അടുത്ത ദിവസം അവൾ വന്നില്ല. എനിയ്ക്ക് പലജാതി വിചാരങ്ങൾ കാരണം സ്വസ്ഥതയില്ലാതെയായി. ഉച്ചയായപ്പോൾ ഹോട്ടലിനപ്പുറത്തെ എസ്ടിഡി ബൂത്തിലെ പയ്യൻ വന്ന് ഫോണുണ്ടെന്നു പറഞ്ഞു. ബൈജുവായിരുന്നു. അതേയ്, യ്യ് ചേളാരീയ്ക്ക് പെട്ടെന്ന് വാ. നമ്മളെ ജമീലന്റെ ഉമ്മ മയ്യത്തായിക്ക്ണ്. പോകാതിരിക്കാൻ പറ്റില്ലല്ലോ, ഞാൻ പെട്ടെന്ന് കടയടച്ച് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ചേളാരി ചെന്നു. ബൈജു കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു. അവൻ അടുത്തേയ്ക്കു വന്നു.
സംഗതി ഇന്നലെ വൈകുന്നേരമാണ്. അടക്കൊക്കെ രാവിലെത്തന്നെ കഴിഞ്ഞു.
എന്നിട്ടെന്താ എന്നോട് പറയാതിരുന്നത്?
അത് വേറെ സംഗതിയുണ്ട്. ജമീലയ്ക്കു സുഖമില്ലാതെയായി
ഏ?
ആ, എം കെ എച്ചിലുണ്ട്. നമുക്ക് പോകാം. ഞാനതിനാ വരാൻ പറഞ്ഞത്.
എന്താ പറ്റിയത്?
ഞാൻ പറയാം. വാ. അവൻ ബൈക്കിനടുത്തേയ്ക്കു നടന്നു. പടിയ്ക്കൽ കഴിഞ്ഞപ്പോൾ അവൻ തലചെരിച്ചു പറഞ്ഞു.
എടാ നീ ഒന്നും വിചാരിയ്ക്കണ്ട. ജമീല ഒരു മണ്ടത്തരം കാണിച്ചു. പക്ഷെ ഇപ്പൊ കുഴപ്പമൊന്നുമില്ല. എന്റെ ചങ്കിടിഞ്ഞു. പിന്നെ അവൻ ഒന്നും പറഞ്ഞില്ലെങ്കിലും എനിയ്ക്കെല്ലാം മനസ്സിലാകുമായിരുന്നു.
അവള് രാവിലെ കുറച്ച് ഫ്യൂരഡാൻ..അവൻ തല തിരിച്ചു എന്നെയൊന്നു നോക്കി. ഞാൻ തരിച്ചിരിയ്ക്കുകയാണ്. അവര് വയറൊക്കെ കഴുകി റെഡിയാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ പോകണമെന്ന് കരുതിയതാണ്. സാധനം അധികം അകത്തു ചെല്ലാത്തതുകൊണ്ട് വല്ല്യ വിഷയായില്ല. രണ്ടു ദിവസം കിടക്കേണ്ടി വരും. ഞാൻ ഉച്ചവരെ അവിടെയായിരുന്നു. സംഗതി ഇതായതുകൊണ്ടാണ് ഞാൻ അപ്പൊ പറയാഞ്ഞത്.
ആ ഭാഗം മാത്രം എനിയ്ക്കു മനസ്സിലായില്ല. ഞാനും എന്തെങ്കിലും ചെയ്യും എന്ന് അവൻ വിചാരിച്ചോ? ഞാൻ പക്ഷെ ഒന്നും മിണ്ടാൻ പോയില്ല. ഇതുവരെയില്ലാത്ത ഉമ്മ ഇപ്പോൾ എവിടെനിന്നാണ് വന്നത്? അവൾക്ക് ഉമ്മയോട് ഇത്ര അടുപ്പമാണെങ്കിൽ എന്താണ് അവൾ ഇവിടം വിട്ടുപോകണമെന്ന് വിചാരിച്ചിരുന്നത്? സത്യത്തിൽ എനിയ്ക്കീ സ്ത്രീയെ മനസ്സിലായിട്ടുണ്ടോ, അവളുടെ സാഹചര്യങ്ങൾ മനസ്സിലായിട്ടുണ്ടോ? എന്താണ് ഞാൻ ചെയ്യുന്നത്? എന്റെ സ്വസ്ഥത വീണ്ടും പോയി.

എന്നാൽ ആശുപത്രിയിൽ അവളുടെ തളർന്നുള്ള കിടപ്പ് കണ്ടപ്പോൾ എന്റെ മനസ്സു മാറുകയും ചെയ്തു. അവളുടെ ചുരുണ്ട തഴച്ച മുടി പൂക്കുലപോലെ വിടർന്നു നിന്നു. അവൾ ഒരു മങ്ങിയ ചിരി ചിരിച്ചു. എന്റെ ഉള്ളു കുളിർത്തു. അപ്പോൾ തന്നെ ചങ്കു പുകയാനും തുടങ്ങി. കട്ടിലിൽ അവളുടെ കൂടെ കേറിക്കിടക്കാനാണ് എനിയ്ക്കാദ്യം തോന്നിയത്.

അവിടന്നങ്ങോട്ട് മൂന്നുനാലുദിവസം ഞാൻ ദിവസവും സമയമുണ്ടാക്കി ആശുപത്രിയിൽപ്പോയി അവളെക്കണ്ടു. ഈ ദിവസങ്ങളൊക്കെ അവൾ ഒറ്റയ്ക്കായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ലാതെ. ആ ഒരു ചിന്ത എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. അഞ്ചാം ദിവസം ഡിസ്ചാർജിന്റെ കാര്യത്തിന് അവർ വിളിച്ചപ്പോൾ ഞാൻ വീണ്ടും ചെന്നു. എല്ലാ ഫോർമാലിറ്റിയും കഴിഞ്ഞു, ബില്ല് വന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന പൈസ ജസ്റ്റ് തികഞ്ഞു എന്ന് പറയാം. തലേന്ന് വൈകുന്നേരം ബൈജു ഒരു പരിചയക്കാരൻ വശം കുറച്ചു പൈസ കൊണ്ടുത്തന്നിരുന്നു.

ഇറങ്ങുമ്പോൾ ഞാനവളോട് ചോദിച്ചു. വീട്ടിലേയ്ക്കു തന്നെയാണോ? അവൾ തലയാട്ടി.
അവിടെ ഒറ്റയ്ക്ക് എങ്ങനെ നിൽക്കും? വല്ല ആവശ്യങ്ങളുമുണ്ടായാലോ?
അടുത്തൊക്കെ ആളുണ്ട് – അവൾ പറഞ്ഞു.
മടിച്ചാണെങ്കിലും ഞാൻ ചോദിച്ചു – എന്റെ കൂടെ പോരുന്നോ?
അവൾ എന്റെ മുഖത്തേയ്ക്കു നോക്കാതെ ഇല്ല എന്നയർത്ഥത്തിൽ തലയാട്ടി.
എന്റെ കൂടെ വരൂ. ഞാൻ വീണ്ടും പറഞ്ഞു.
അത് ഞാൻ ഒരിയ്‌ക്കെ പറഞ്ഞതല്ലേ, റിയാസാക്കാ.
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. ചെമ്മാട് വരെ ഞങ്ങൾ ട്രക്കറിന് പോയി. അവിടെനിന്ന് ഒരു ബസ്സിൽ അവളെ കയറ്റിയിരുത്തി. കൂടെചെല്ലാമെന്നു പറഞ്ഞിട്ടും അവൾ സമ്മതിച്ചിരുന്നില്ല. അവസാനം ഞാൻ ബൈജുവിനെ ഒരു ബൂത്തിൽ നിന്ന് വിളിച്ചു. അവൻ വേണ്ടത് ചെയ്തോളാം എന്ന് പറഞ്ഞു. ബസ്സിലിരിയ്ക്കുന്ന അവളുടെ മുഖത്തേയ്ക്കു ഞാനൊന്നു നോക്കി. അവൾ മുന്നോട്ടു നോക്കിയിരിയ്ക്കുകയായിരുന്നു. ബസ് നീങ്ങിയപ്പോഴാണ് അവളൊന്നു തിരിഞ്ഞത്. പോട്ടെ എന്നയർത്ഥത്തിൽ അവൾ തലകൊണ്ടൊരു ആംഗ്യം കാണിച്ചു. ഞാനും തലകുലുക്കി. ബസ്സ് മാനിയപ്പാടത്തേയ്ക്കുള്ള ഇറക്കത്തിന്റെ അറ്റത്തെ പള്ളിയുടെയപ്പുറം മറയുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു.

പിന്നത്തെ മൂന്നാലു ദിവസം അവൾ കടയിൽ വന്നില്ല. എനിയ്ക്കും അതുണ്ടാകുമെന്നു തോന്നിയിരുന്നു. അതുകൊണ്ട് സംഗതി കണ്ടില്ലെന്നു നടിച്ച് ഞാനും മുന്നോട്ടു പോയി. ബൈജു ഒരു രാത്രി ബൈക്കിൽ വീട്ടിൽ വന്നു. ജമീല ഇനി വരില്ല എന്ന് അവൻ അധികം മുഖവുരയില്ലാതെ പറഞ്ഞു. ഷബീബ് അവളുടെ കാര്യം ശരിയാക്കാമെന്നു പറഞ്ഞിട്ടുണ്ട്. അവൾ ഒന്നുരണ്ടു ആഴ്ചയ്ക്കകം അങ്ങോട്ട് പോകും. ഞാൻ മൂളിക്കേട്ടു. എന്റെ മാനസികാവസ്ഥ അറിയാനാണ് ശ്രമം, അതെനിയ്ക്കു മനസ്സിലായി. ഞാൻ ചോദിച്ചു, ഞാൻ മസാല ചായ വയ്ക്കട്ടെ? ഓരോ ബുൾസ് ഐയും അടിയ്ക്കാം. അപ്പുറത്തെ വീട്ടുകാര് തന്ന മുട്ടയാ, നാടൻ. ജമീലയുടെ കാര്യം നിനക്കൊന്നും പറയാനില്ലേ? അവൻ ചോദിച്ചു. ഇല്ല. ഞാൻ കഴിയുന്നത്ര വികാരമില്ലാതെ പറഞ്ഞു. അവൻ എന്നെത്തന്നെ നോക്കിയിരുന്നു. പിന്നെ ഞങ്ങൾ ചായ കുടിച്ചു, ബുൾസ് ഐ കുരുമുളകിട്ടു തിന്നു. പിന്നെ അടുക്കളപ്പുറത്തിറങ്ങി നിന്ന് വലിച്ചു. ഇപ്പോൾ ഓർത്തു പറയാനാവാത്ത എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു. അത് കഴിഞ്ഞ് അവൻ പോയി. ഞാൻ ഉമ്മറത്ത് തിണ്ടിൽ, ഗ്രിൽസിനോട് ചേർന്ന് ഓരോന്നാലോചിച്ച് കിടന്നു. തൊടിയിലെ തെങ്ങുകൾ, മരങ്ങൾ, പൊന്തകൾ. ഉപ്പയുടെ, ഉപ്പുപ്പയുടെ അദ്ധ്വാനഫലം. മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്. എന്റെ കൈകൊണ്ട് ഞാൻ വച്ച വല്ല പൂച്ചെടിയോ മറ്റോ കണ്ടാലായി. കുറച്ചു ദിവസം മുന്നെ കാറ്റിൽ തെക്കേപ്പറമ്പിലെ ഒരു തെങ്ങാടുന്നത് കണ്ടപ്പോൾ അത് വലിച്ചു കെട്ടിയ്ക്കണം എന്നാലോചിച്ചത്‌ ഓർമ്മവന്നു. എനിയ്ക്കത് ചെയ്യാനുള്ള ആഗ്രഹമല്ല, ഉപ്പ അങ്ങനെ പറയുമായിരുന്നല്ലോ എന്ന ചിന്തയായിരുന്നു അതെന്ന് പെട്ടെന്ന് മനസ്സിലായി. എന്റെ പ്രായത്തിൽ ഉപ്പ, ഉപ്പാപ്പയുടെ ഏതെങ്കിലും പറച്ചിലുകൾ അതുപോലെ ഓർത്തുകാണും. സത്യത്തിൽ ചെറുതായെങ്കിലുമുള്ള ആവർത്തനങ്ങളാണ് എല്ലാം തലമുറയുടെ ജീവിതങ്ങളും എന്നെനിയ്ക്കു തോന്നി.

5 thoughts on “പൊറ്റാളിലെ ഇടവഴികൾ – Book 2”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top