
അടുത്ത കാലത്ത് വാങ്ങിയ നാലു മലയാള പുസ്തകങ്ങളാണ് ചിത്രത്തിൽ. ഓരോന്നും ഹൈപ്പ് കാരണം വാങ്ങിയവയാണ്. ജയമോഹന്റെ “ആനഡോക്ടർ”ഒരു ബയോഗ്രഫിയാണ്. ജയമോഹന്റെ ഭാഷയുടെ പ്രത്യേകത അയാളുടെ തമിഴിന്റെയും മലയാളത്തിന്റെയും കൗതുകകരമായ ഒരു മിക്സ് ആണ്. തമിഴിലെഴുതി (അയാൾ തന്നെ) മലയാളത്തിലാക്കുന്നതാണ് എന്ന് വ്യക്തം. അതിന്റെ ഭാഗമായുള്ള വ്യാകരണത്തെറ്റുകളും പരിഭാഷ മുഴുവനാകാത്ത വാചകങ്ങളും അയാളുടെ രണ്ടു പുസ്തകങ്ങളിലുമുണ്ട് (തമിഴിന്റെ ഭംഗി കാരണം അത് ചിലപ്പോൾ രസമാണ് താനും). “ആനഡോക്ടർ” പൂർണ്ണമായ ഒരു പുസ്തകമായി എന്റെ വായനയിൽ തോന്നിയില്ല എങ്കിലും, അതിന്റെ conservation-നുമായി ബന്ധപ്പെട്ടുള്ള പ്രമേയവും കേന്ദ്രകഥാപാത്രമായ കൃഷ്ണമൂർത്തിയും ഓർമ്മയിൽ നിൽക്കുന്നതാണ്. ചില ഭാഗങ്ങളിൽ (ചെന്നായ്ക്കളുമായി ഡോക്ടർ വിനിമയം നടത്തുന്നത്) കഥ ഭാവനപോലെ തോന്നിച്ചു, അറിയില്ല, ചിലപ്പോൾ അങ്ങനെ ഒക്കെ നടന്നുകാണും. പുസ്തകത്തിൽ പുഴുക്കളെപ്പറ്റി പറയുന്ന ഭാഗമാണ് എനിയ്ക്ക് പിന്നെ ഓർമ്മയിൽ വരുന്നത്. അവയെപ്പറ്റി ഡോക്ടർ പറയുന്നത്, അവ മേലുമുഴുവൻ അരിയ്ക്കുമ്പോഴും അയാൾ ജോലി തുടരുന്നത് എന്നിങ്ങനെ. ആഖ്യാതാവ് ആ കാഴ്ച കണ്ട് ഛർദ്ധിയ്ക്കുകയാണ് ചെയ്യുന്നത്, പിന്നീടയാൾ പുഴുക്കളെ, ഭക്ഷണം മാത്രം ആലോചനയിലുള്ള കുഞ്ഞുങ്ങളെക്കണക്ക് കാണുന്നുമുണ്ട് (ഡോക്ടറുടെ ചിന്തയുടെ സ്വാധീനത്തിൽ). പിൻകവറിൽ “വായനയെ തീർത്ഥാടനമാക്കുന്ന കൃതി” എന്നാണ് കൽപ്പറ്റ നാരായണൻഎഴുതിയിരിയ്ക്കുന്നത്. പുസ്തകത്തിന്റെ അവസാനത്തിലെ അഭിമുഖത്തിൽ മാധവിക്കുട്ടിയ്ക്കും സക്കറിയയ്ക്കും ശേഷം മലയാളത്തിൽ കാര്യമായ സാഹിത്യപ്രവർത്തനം ഒന്നുമുണ്ടായിട്ടില്ല എന്ന് ജയമോഹൻ പറയുന്നുണ്ട് – കൽപ്പറ്റയുടെ ജൽപ്പനം പോലുള്ളതായിരിയ്ക്കും ജയമോഹൻ കാണുന്നത്. പി എഫ് മാത്യൂസ് ചാവുനിലം എഴുതിയതോടെ മലയാളത്തിൽ സംഭവിച്ച മാറ്റങ്ങൾ – ദേശമെഴുത്തും അതുവഴി വരേണ്യഭാഷയുടെ തിരസ്കാരവും, പിന്നോക്കസമുദായങ്ങളുടെ കഥ പറയുന്നതും എല്ലാം അതിനുശേഷമാണ്, ഹരീഷ്, സന്തോഷ്, ദേവദാസ്, വിനോയ് തോമസ്, ഇന്ദുഗോപൻ തുടങ്ങിയവരൊക്കെ വന്നതും – ജയമോഹൻ അറിഞ്ഞു കാണില്ല. അയാൾക്ക് കൂട്ട് നമ്പൂതിരിയും കവി “മാഷന്മാരു”മാണല്ലോ . അവറ്റയാണെങ്കിൽ സംസ്കൃതം മാത്രം ഉണ്ട്, ജയമോഹന്റെ പുഴുക്കളെപ്പോലെ ബ്രാഹ്‌മണ കവികളെ മാത്രം തഴുകി ജീവിയ്ക്കുന്ന വിചിത്ര ജന്മങ്ങളും. എങ്കിലും ഒരു പുസ്തകം “തീർത്ഥാടനം” ആണെന്ന് തോന്നിയ്ക്കുന്ന ഭാഷാ/ചിന്താ വിധേയത്വം എന്തായിരിയ്ക്കും? ജയമോഹന്റെ ഭാഷയും, അഭിമുഖവും കണ്ടെങ്കിലും ഇവർക്കൊന്നും ബുദ്ധി വളരാത്തതെന്തായിരിക്കും?
അതേസമയം “മിണ്ടാച്ചെന്നായ്” (ആ പേര് തന്നെ അന്യഭാഷാ ചുവയിലാണ്), അധികാരത്തിന്റെ അശ്ലീലവും ഭീകരതയും മുഴുവനായി നിറഞ്ഞു നിൽക്കുന്ന ശക്തമായ കഥയാണ്. ജാതിയും അതിന്റെ വെറിയും അതിലെമ്പാടുമുണ്ട്. മേൽപ്പറഞ്ഞ മിക്സഡ് ഭാഷയുടെ ഭംഗി വഴിയുന്ന ഭാഗങ്ങൾ നിറയെ(കൂടുതലും തമിഴിന്റെ). ഇതിലെ വിവരണങ്ങളിൽ യാതൊരു വിധ വ്യക്തിപരമായ admiration-ഉം ഇല്ല, അതുള്ളത് പ്രകൃതിയോടാണ്. കാടിനേയും മൃഗങ്ങളെയും കാടോടു ചേർന്ന് നിന്നാണ് ജയമോഹൻ വിവരിയ്ക്കുന്നത് – അതിൽ മറ്റൊന്നിനെ പൊലിപ്പിയ്ക്കുവാനുള്ള ശ്രമമില്ല. ആനയെ വേട്ടയാടുന്ന ഭാഗത്തെ വിവരണങ്ങൾ ഉജ്ജ്വലമാണ്. നോവെല്ലയുടെ അവസാനത്തെ “നായകന്റെ” refusal-ലും ശക്തമാണ് – അതൊരു പ്രഖ്യാപനമാണ്. ഞാൻ പൊതുവെ കേട്ടത് മുഴുവൻ ആനഡോക്ടറെ പുകഴ്ത്തിയും മിണ്ടാചെന്നായയെ “പോരാ” എന്നും പറഞ്ഞുള്ള അഭിപ്രായങ്ങളാണ് – എന്റെ വായനയിൽ അവ തിരിച്ചാണ് അനുഭവപ്പെട്ടത്.
ജയൻ ശിവപുരത്തിന്റെ “കാറ്റിമ”, പ്രവീണിന്റെ “ഛായാമരണം” പോലെ ബോർഹെസിനെപ്പറ്റിയും മധ്യവർത്തി നോവൽ പോലുള്ള (അങ്ങനെയൊരു genre ഇല്ല, പകരം genre fiction-ഉം literary fiction -ഉം ആണുള്ളത് ) അഭ്യാസങ്ങളെപ്പറ്റിയും ഒന്നും യാതൊരു അവകാശവാദവുമില്ലാതെയാണ് എന്റെ മുന്നിലെത്തിയത്. അതുകൊണ്ടു വായനയിൽ യാതൊരു മുൻവിധിയും എനിയ്ക്കുണ്ടായിരുന്നില്ല. കഥയ്ക്കുവേണ്ട ഭാഷയും വേഗവും പുതുമ അധികമൊന്നുമില്ലാത്ത ഈ പുസ്തകത്തിലുണ്ട്. കുറച്ചു കഥാപാത്രങ്ങളെ വച്ച് “പച്ചയ്ക്ക്” കഥ മാത്രം പറഞ്ഞു മുന്നോട്ടു പോവുകയാണ് കഥാകാരൻ. അവസാനത്തിനടുത്ത് രാജമ്മ എന്ന സ്ത്രീയുടെ കഥപറയുന്ന ദീർഘമായ ഭാഗത്ത് നോവൽ ഭാഷയിലും ശൈലിയിലും വേറൊരു രീതിയിലേയ്ക്ക്, അനാവശ്യമായി, മാറുന്നു – അതിൽ നിന്ന് നോവൽ പിന്നെ കരകയറുന്നില്ല. അതുകൊണ്ട് തന്നെ ക്ലൈമാക്സ്, എൻഡിങ് തുടങ്ങിയവ ഏശാതെ പോയി. “ഛായാമരണത്തിൽ” ആഖ്യാനത്തിലെ കല്ലുകടി മുഴുവൻ ഞാൻ ലിറ്റററി ഫിക്ഷൻകാരൻ കൂടിയാണ് കേട്ടോ എന്ന എഴുത്തുകാരന്റെ ഇടയ്‌ക്കിടയ്ക്കുള്ള അനൗൺസ്‌മെന്റ് ആണെങ്കിൽ ഇവിടെ ശൈലിയിലെ അശ്രദ്ധമായ ആ switch ആയിരുന്നു പ്രശ്നം. എന്നാലും ഛായാമരണത്തേക്കാൾ റീഡബിൾ ആയ നോവലാണ് കാറ്റിമ. അനാവശ്യ സാങ്കേതികതയൊന്നും ജയൻ അവതരിപ്പിയ്ക്കുന്നില്ല – എന്താണ് പറയുന്നത് എന്ന് അയാൾക്ക് ബോധമെങ്കിലും ഉണ്ട്.
രണ്ടു ദിവസം മുന്നേ സന്ധ്യാമേരി എന്ന എഴുത്തുകാരിയുടെ ‘മരിയ വെറും മരിയ ‘ എന്നൊരു നോവൽ വായിച്ചു .വ്യത്യസ്തമായ എഴുത്തായി തോന്നി ഈയിടെ വായിച്ചവയിൽ ഇഷ്ടപ്പെട്ട ഒരു നോവൽ.
I will give it a try, but I am mostly bored by these so called “different” books, they are always like first drafts.
രണ്ടു ദിവസം മുന്നേ സന്ധ്യാമേരി എന്ന എഴുത്തുകാരിയുടെ ‘മരിയ വെറും മരിയ ‘ എന്നൊരു നോവൽ വായിച്ചു .വ്യത്യസ്തമായ എഴുത്തായി തോന്നി ഈയിടെ വായിച്ചവയിൽ ഇഷ്ടപ്പെട്ട ഒരു നോവൽ.
I will give it a try, but I am mostly bored by these so called “different” books, they are always like first drafts.