
ഹരീഷിന്റെ “മീശ” പല വിധ ദൗർഭാഗ്യങ്ങൾ നേരിടേണ്ടി വന്ന ഒരു നോവലാണ്. ഒന്നാമതായി അത് ഖണ്ഡശഃ പ്രസിദ്ധീകരിയ്ക്കുന്ന ആശയം എഴുത്തുകാരനോ വാരികയിലെ പത്രാധിപരോ മുന്നോട്ടു വച്ചു. അത് നോവലിന്റെ ആഖ്യാനത്തെയും ഫോക്കസിനെയും ബാധിച്ചു(അവസാനഭാഗങ്ങളിൽ പ്രത്യേകിച്ചും). രണ്ടാമതായി ഇതേ കാരണം കൊണ്ട് തന്നെയായിരിയ്ക്കണം നോവലിന്റെ നീളം കുറയ്‌ക്കേണ്ടിവന്നു. മൂന്നാമതായി നോവൽ വായിച്ച അധിക പങ്കു വായനക്കാരും തികഞ്ഞ പരാജയങ്ങളായിരുന്നു – ഒന്നുകിൽ മംഗളപത്രമെഴുത്തുകാരാണ് ഇത് വായിച്ചത്. അല്ലെങ്കിൽ നോവൽ വായന ശീലമില്ലാത്തവർ. ഇവർ പറഞ്ഞ രണ്ട് വിരുദ്ധ അഭിപ്രായങ്ങളും നോവലിനെ വിലയിരുത്തുന്നതിൽ വിജയിച്ചിട്ടില്ല എന്നതാണ് ഇതിലൊന്നും പെടാത്ത ആളുകൾ നോവൽ വായിയ്ക്കുമ്പോൾ തോന്നുക (മലയാളത്തിൽ ഞാൻ അറിയുന്ന നല്ല ചില വായനക്കാർ നോവൽ ഇപ്പോഴും വായിച്ചിട്ടില്ല, ബഹളമൊതുങ്ങാൻ കാത്തിരിയ്ക്കുകയായിരിയ്ക്കണം അവർ, ഞാൻ അതായിരുന്നു). നോവലിന്റെ ഫോക്കസ് മീശയുടെ കഥയിൽ ഉറച്ചു നിൽക്കുന്ന സമയത്ത് ഹരീഷ് ഒരു രത്നം മിനുക്കിയെടുക്കുകയാണെന്നു തോന്നുന്ന വിധത്തിൽ സുന്ദരമാണ് “മീശ” – സീതയെത്തേടി എന്ന ഒരു അധ്യായം മാത്രം മതി ഈ എഴുത്തുകാരൻ എന്തുകൊണ്ടാണ് ഇപ്പോൾ മലയാളത്തിൽ ടോപ് അഞ്ചിൽ പെടുന്നു എന്ന് മനസ്സിലാക്കാൻ. അതിലെ വിശദാംശങ്ങൾ, അത് ആഖ്യാനവുമായി ഇണക്കിയ വിധം, അതിലെ രാമായണം റെഫെറെൻസ്, അതിന്റെ കുട്ടിക്കഥകളെ ഓർമ്മിപ്പിയ്ക്കുന്ന തുടക്കം തുടങ്ങി അതിനെപ്പറ്റി അനവധി കാര്യങ്ങൾ എടുത്തെഴുതാൻ പറ്റും. അപ്പോഴും ആഖ്യാനത്തിന്റെ ഒഴുക്കിന് ഒരു കോട്ടവുമില്ല. നോവലിന്റെ മിയ്ക്കവാറും ഭാഗങ്ങളിൽ അത് ശക്തമായി നിലനിൽക്കുന്നു. വളരെ യൂണീക് ആയ ഒരു ലോകസൃഷ്ടിയാണ് ഹരീഷ് നിർവ്വഹിയ്ക്കുന്നത്. ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോൾ വായനയിൽ തോന്നിയിരുന്ന തട്ടും തടവുമൊന്നും പുസ്തകമായി വായിയ്ക്കുമ്പോൾ തോന്നിയതുമില്ല. ഇത് പുസ്തകമായിത്തന്നെ വരേണ്ടതായിരുന്നു എന്നതിന്റെ തെളിവായാണ് ഞാനതു കാണുന്നത്. നോവലിന്റെ പേരുപോലും നോവലിന് ബാധ്യതയായാണ് എനിയ്ക്കൊരു സമയത്ത് തോന്നിയത്. ഒരു പുരുഷ കേസരിയെ സദാ പിന്തുടരുകയല്ല ഈ നോവൽ ചെയ്യുന്നത്. നോവലിനെപ്പറ്റി വിവാദസമയത്ത് പറഞ്ഞു കേട്ട കാര്യങ്ങളൊന്നും നമ്മുടെ ശ്രദ്ധയിൽ വരുന്നുമില്ല. എഴുത്തുകാരന് മാത്രമറിയുന്ന ഒരു കാരണം കൊണ്ട് ഈ നോവൽ ഇരുനൂറു പേജെങ്കിലും short ആണെന്ന് ഞാൻ വിചാരിയ്ക്കുന്നു. സമയമെടുത്ത് ചുരുളഴിയുന്ന ദീർഘമായ ആഖ്യാനമായിരുന്നെങ്കിൽ “കയറി”നൊപ്പം നിൽക്കേണ്ട, മൈൽസ്റ്റോൺ നോവൽ ആയേനെ മീശ (മലയാളത്തിലെ നോവലുകൾ scale ചെയ്യാറില്ലെന്നോർക്കുക, അതിനുള്ള വലിയ സാധ്യതകളുള്ള നോവലായിരുന്നു ഇത്). ഡ്രാഫ്റ്റിൽ ഞാനിതു കണ്ടിരുന്നെങ്കിൽ ഇത് ഈ വിധത്തിൽ പബ്ലിഷ് ചെയ്യാൻ ഒരിയ്ക്കലും സമ്മതിക്കില്ലായിരുന്നു – അഥവാ, ഡ്രാഫ്റ്റ് വായിച്ചവർ എഴുത്തുകാരന് ഒരു disservice ചെയ്തെന്നു ഞാൻ ഉറച്ചു വിശ്വസിയ്ക്കുന്നു.
വായനക്കാരോട് എനിയ്ക്കു പറയാനുള്ളത് – മീശ വായിയ്ക്കുക. അതെന്താണോ അതായി, അതിനു വേണ്ടി വായിയ്ക്കുക. അപ്പോൾ നിങ്ങൾക്ക് മുന്നിൽ ഒരു ലോകം തുറന്നു വരും. ആളുകളുടെ ജല്പനങ്ങളെയും, മുൻവിധികളെയും തള്ളുക. മീശയിൽ കാമ്പുണ്ട്. അത് ക്ഷമയോടെ തിരയുന്നവർക്കു കണ്ടുകിട്ടും. മലയാള ഭാഷയിലെ ഉന്നതനായ ഒരെഴുത്തുകാരന്റെ മാജിക് നിങ്ങൾ കാണും. അതെനിയ്ക്കുറപ്പുണ്ട്.
NB : “പൊറ്റാളി”ലെ ഒരു ഉപകഥയും നോവലിലെ ഒരു ഭാഗവും തമ്മിലുള്ള സാമ്യത്തെപ്പറ്റി എന്നോട് സെബിൻ പറഞ്ഞിരുന്നു. മീശയിൽ അത് വലിയൊരു കഥയാണ് – ഒരാൾ തലകുത്തനെ വെള്ളത്തിൽ വീണു മരിയ്ക്കുന്ന സംഭവം. വായനയിൽ വലിയൊരു കൗതുകമായിരുന്നു ഇത്.
Pingback: “The Stay At Home” Book Tag – Bookmark
Pingback: “The Stay At Home” Book Tag – Bookmark