
“Fiction is like a rock that sits there in your way. How do you break a rock? You give it everything you’ve got. It’s up to each new writer to clear the path. A writer exists to question form. Otherwise nothing new would ever be written.”
Lucy Ellmann (ബുക്കർ ഷോർട് ലിസ്റ്റിലുള്ള എഴുത്തുകാരി)
എമ്പതുകളിൽ ഒരു പരിധിവരെ തൊണ്ണൂറുകളിലും വായന തുടങ്ങിയ ഏതൊരാളുടെയും വായനയുടെ arc-മായി സാമ്യം തോന്നാവുന്ന ഒരു വായനാജീവിതമാണ് “സൂസന്ന”യിലെ കഥാനായകനുള്ളത്(ഞാൻ മുന്നെ എഴുതിയിട്ടുണ്ട്). അതിൽ ശ്രദ്ധിയ്ക്കാനുള്ള സംഗതി അയാളുടെ വായന മുന്നോട്ടാണ് പോകുന്നത് എന്നതാണ്. നോവലിൽ അയാൾ അന്വേഷിയ്ക്കുന്ന പുസ്തകത്തിന് നോവലിന്റെ അവസാനത്തിൽ, തുടക്കത്തിലെ പ്രധാന്യമില്ല. കാരണം സരമാഗോയിലെത്തിയ വായനയിൽ ഒരാൾക്ക് പരമാരാ പോലെയോ കോട്ടയം പുഷ്പനാഥ് പോലെയോ ഉള്ള വർക്കുകൾ വായനക്ഷമമായി തോന്നുക സ്വാഭാവികമല്ല എന്ന് തന്നെ ഞാൻ കരുതുന്നു. അയാൾ യു നെസ്‌ബോ പോലെ, അല്ലെങ്കിൽ ലേക്കാർ പോലെ തികവുറ്റ, atmospheric ആയ ക്രൈം/ത്രില്ലർ എഴുതുന്ന ആളുകളെ വായിച്ചേയ്ക്കാം – ഒരു പക്ഷെ ഒരു വൺ ടൈം അനുഭവത്തിനു വേണ്ടിയെങ്കിലും – എന്നാലും പുസ്തകങ്ങളുടെ പതിര് തിരിയ്ക്കുന്നതിലും, സെലക്ടീവ് ആകുന്നതിലും അയാൾ മുൻപനായിരിയ്ക്കും. ഒരു പക്ഷെ ഫാന്റസി സൈഫൈ ജോൺറെകളിലേയ്ക്ക് അയാൾ ആ താൽപപര്യം തിരിച്ചു വിട്ടു എന്നുമാകാം. എല്ലാം തീർച്ചയായും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. എന്നിരിയ്ക്കിലും നോവലിന്റെ ആഖ്യാനത്തിൽ സദാ വേറിട്ടുനിൽക്കുന്ന സംഗതി ഈ ആർക് ആണ്.
“സൂസന്ന” ആത്യന്തികമായി ഒരു എക്സ്‌പെരിമെന്റൽ നോവലാണ്. അതിന്റെ ഫിക്ഷൻ നോൺ ഫിക്ഷൻ മിക്സ് മുന്നേ ആരും ശ്രമിയ്ക്കാത്ത ഒന്നാണ്. അത് വിജയകരമായി ചെയ്തു എന്നതാണ് സൂസന്നയുടെ ഒരു പക്ഷെ, പബ്ലിഷിങ് വിജയത്തിന് തന്നെ കാരണം (രണ്ടു തരം ആഖ്യാനമുള്ള പുസ്തകങ്ങൾ ഏറെയുണ്ട് – പെരെക്കിന്റെ ഓർമ്മക്കുറിപ്പ് മുതൽ അജയ് ഇൻസ്പിരേഷൻ എടുക്കുന്ന മാൻഗ്വേൽ വരെ അങ്ങനെ എഴുതിയിട്ടുണ്ട്, എന്നാൽ ഈ കോമ്പിനേഷൻ ഉണ്ടെന്നു തോന്നുന്നില്ല). അതിലെ മെറ്റാഡേയ്റ്റ പോലും ആ നോവലിന്റെ വിജയത്തിൽ പങ്കു വഹിച്ചിട്ടുണ്ടെന്നു സാരം (ഒരു പക്ഷെ ഈ നോവൽ പുറത്തു വന്ന സമയവും, എഴുത്തുകാരന്റെതായി തൊട്ടു മുൻപേ പുറത്തുവന്ന ലേഖന സമാഹാരത്തിന്റെ അസാധാരണ പോപ്പുലാരിറ്റിയും എല്ലാം അതിനുള്ള കാരണങ്ങളാണ്.) സത്യത്തിൽ ഒരു ഫിക്ഷണൽ വർക്കിലെ ഡേയ്റ്റയെപ്പറ്റി പറയുമ്പോൾ പന്തികേടുണ്ട്. എന്നാൽ, സാധാരണ നോവലുകളിൽ വരുന്ന ഫൂട്ട്നോട്ട് പോലെയല്ല സൂസന്നയിലെ വിവരണങ്ങൾ പ്രെസന്റ് ചെയ്യപ്പെടുന്നത്. അത് ആഖ്യാനത്തിന്റെ തന്നെ ഭാഗമാണ്. അപ്പോൾ പല രീതിയിൽ ആളുകൾ അത് വായിച്ചെടുത്തെന്നു വരാം. നോവലിസ്റ്റിനുപോലും നിയന്ത്രണമില്ലാത്ത കാര്യമാണത്.
നോവലിന്റെ കഥയാകട്ടെ ഒരു പതിഞ്ഞ താളത്തിലുള്ളതാണ്. സ്വയം പിടിച്ചു വച്ചിരിയ്ക്കുന്ന (hold back) തരത്തിലാണ് നോവലിലെ ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും പെരുമാറുന്നത്. ഉദാഹരണത്തിന്, സെക്സിനൊരുങ്ങുകയും എന്നാൽ കഴിവതും അത് ചെയ്യാതിരിയ്ക്കുകയും ചെയ്യുന്നവരാണ് ഇതിലെ പാത്രങ്ങൾ, ഒന്നോ രണ്ടോ സന്ദര്ഭത്തിലൊഴികെ. അലിയും അഭിയും തമ്മിലുള്ള ബന്ധത്തിൽ പോലും (ഒരു സുഹൃത്ത് പറഞ്ഞപോലെ) പൂർത്തീകരിയ്ക്കപ്പെടാത്ത ഒരു sexual tension വായിച്ചെടുക്കാം, അത് നോവലിസ്റ്റിന്റെ ഉദ്ദേശമാവില്ലയെങ്കിലും. എന്റെ വായനയിൽ ഈ ചെയ്തി, നിർബന്ധ ബുദ്ധിയായാണ് തോന്നിയത്. നോവലിന്റെ അരാഷ്ട്രീയത, പൊളിറ്റിക്കൽ കറക്ട്നെസ്സ് തുടങ്ങിയ ആർഗ്യുമെന്റുകളും ഇതുപോലൊരു വായനയിലാണ് വരുന്നത് എന്ന് തോന്നുന്നു. ഈ holding back പ്രവർത്തിയെ നമ്മൾ സൂക്ഷ്മത്തിൽ നോക്കേണ്ടതുണ്ട് എന്ന് സാരം. അജയിന്റെ നോൺഫിക്ഷൻ എഴുത്തുകളിലും, സ്വന്തം ജീവിതാനുഭവവും വായനയും കലർത്തുന്ന ആ സവിശേഷ എഴുത്തുരീതിയിലും, ഇതുണ്ട്. അജയിന്റെ പുസ്തക വിചാരങ്ങളിൽ തീർപ്പുകൾ കുറവാണെന്നാണ് എന്റെ വിചാരം (ഇഷ്ടപ്പെടാത്തവയെപ്പറ്റി അയാൾ എഴുതുന്നില്ല). അയാളുടെ ഫിക്ഷൻ ഭാഷയാകട്ടെ അയാളുടെ തന്നെ നോൺ ഫിക്ഷൻ ഭാഷയോട് ചേർന്നിരിയ്ക്കുന്നു, അപ്പോൾ സ്വാഭാവികമായും തീർപ്പുകൾ ആഖ്യാനത്തിൽ വരാതെ പോകുന്നു. എന്നിരിയ്ക്കിലും, സൂക്ഷ്മതയിൽ നോവലിന്റെ രാഷ്ട്രീയം നോവലിൽ എടുത്തുപയോഗിച്ചിരിയ്ക്കുന്ന നോൺ ഫിക്ഷൻ എലിമെന്റിലാണ് എന്നതും കാണാൻ കഴിയേണ്ടതാണ്.
പറഞ്ഞുവന്നത് നോവലിന്റെ പരീക്ഷണാത്മകതയെപ്പറ്റിയാണ്. മലയാളത്തിലെ ലാൻഡ്മാർക്ക് നോവലുകൾ എടുത്താൽ, “ഖസാക്ക്” ഒരു പരീക്ഷണ നോവലായിരുന്നുവെന്നു കാണാം. പിന്നെ “ആൾക്കൂട്ട”മാണ് ആ നിലയിലുള്ളത്. “ഖസാക്ക്” നിരൂപകരും വായനക്കാരും കൊണ്ടാടിയ നോവലാണ്. “ആൾക്കൂട്ടം” ഒരു പോപ്പുലർ നോവൽ ആണോ എന്ന കാര്യത്തിൽ എനിയ്ക്കു സംശയമുണ്ട്. എന്നാലും ഈ രണ്ടു നോവലുകളിലും ഭാഷയെ ഉപയോഗിച്ചിരിയ്ക്കുന്നത് സവിശേഷ രീതിയിലാണ്. അതിനുശേഷം “ഡിൽഡോ” പോലുള്ള വർക്കുകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും സൂസന്ന പോലെ വിജയിച്ച ഒരു പരീക്ഷണ നോവൽ ഉണ്ടോ എന്ന് സംശയമുണ്ട്. മേലെ പറഞ്ഞപോലെ നോൺ ഫിക്ഷൻ എഴുതി കൈവശം വന്ന ഭാഷയിൽ അജയ് എഴുതിയ സംഭാഷണങ്ങൾ ഭാഷയെ extend ചെയ്യുന്നതുപോലെ പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ സൂസന്ന ഒരു ലാൻഡ്മാർക് നോവലാണ് എന്ന് ഞാൻ കരുതുന്നു. ഭാഷാസമരമൊക്കെ നടക്കുന്ന പശ്ചാത്തലത്തിൽ അജയ് എങ്ങനെയാണ് മലയാളം ഈ നോവലിൽ ഉപയോഗിച്ചിരിയ്ക്കുന്നതു എന്ന് നോക്കുന്നത് കൗതുകമായിരിയ്ക്കും.
ന്യൂനതകൾ ഇല്ലാത്ത വർക്ക് അല്ല സൂസന്ന. ഈ തോന്നലുകൾ വ്യക്തികൾക്കനുസരിച്ചു മാറുകയും ചെയ്യും. നോവലിന്റെ ഫിക്ഷൻ നോൺ ഫിക്ഷൻ മിക്സ് അവസാന താളുകളിൽ ആദ്യത്തിലെപ്പോലെ വർക്ക് ചെയ്യുന്നില്ലെന്നാണ് എന്റെ നിരീക്ഷണം. അവസാന പേജുകളിലെ എഴുത്തു ചിലയിടങ്ങളിൽ loose ആണ്. അതൊന്നുമല്ലാതെതന്നെ, ഇഫ്രയ്ൻ ഉർത്തയെപ്പറ്റി പറഞ്ഞുകൊണ്ട് സൂസന്നയെ പ്രെസന്റ് ചെയ്യുന്ന സമയത്തെ ഔന്നത്യത്തിലേയ്ക്ക് നോവൽ പിന്നീട് ഒരിയ്ക്കലും ഉയരുന്നില്ല എന്ന് കാണാം (അതുപോലൊരു തുടക്കം ഒരു മലയാള നോവലിലും ഇതുവരെ വായിച്ചിട്ടുമില്ല). അതുകൊണ്ടുതന്നെ ഗ്രന്ഥപ്പുര എന്ന മെറ്റഫർ അവസാനത്തിലെ എരിഞ്ഞടങ്ങലിലും ഒരു weak entity ആയി വർത്തിയ്ക്കുന്നു. ഇത് മേലെ സൂചിപ്പിച്ച holding back രീതിയുടെ ചീത്ത ഫലമായും മനസ്സിലാക്കാവുന്നതാണ്. വളരെ റീഡബിൾ ആയ, ഇത്തരത്തിലൊരു പരീക്ഷണകൃതിയിൽ കണ്ടേയ്ക്കാവുന്നതിൽ എത്രയോ അധികം ലളിതമായ ഘടനയും ആഖ്യാനവുമുള്ള, മെറ്റാഡേയ്റ്റ കടന്നുവരുമ്പോഴും അതൊരു നാട്യം പോലെ തോന്നിയ്ക്കാത്ത, സർവ്വോപരി വായനക്കാർ ഏറ്റെടുത്ത നോവലാണ് സൂസന്ന. വായനക്കാർ എറ്റെടുത്തത് തീർച്ചയായും പരീക്ഷണങ്ങൾ നടത്താനൊരുങ്ങുന്നവരോട് ചിലത് പറയുന്നുണ്ട്. ഭാഷാകേളികളിൽ മാത്രം അഭിരമിയ്ക്കുന്ന എഴുത്തുകാരോടും.