2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -1.

4 സ്റ്റാർ വായനകൾ.

  1. The Lying Life of Adults – Elena Ferrante

എന്റെ കുറിപ്പ് ഇവിടെ :-

https://melethilwrites.wordpress.com/2020/09/09/ഫിറാന്തേയുടെ-വികസിച്ചുക/

  1. The Story of a New Name (The Neapolitan Novels, #2) – Elena Ferrante
  2. My Brilliant Friend (The Neapolitan Novels, #1) – Elena Ferrante
  3. Those Who Leave and Those Who Stay (The Neapolitan Novels, #3) – Elena Ferrante

സീരീസിലെ എല്ലാ പുസ്‌തകങ്ങളും ചേർത്തുള്ള എന്റെ കുറിപ്പ് ഇവിടെ :-

https://melethilwrites.wordpress.com/2020/11/09/നിയപോളിറ്റൻ-നോവൽ-സീരീസ്/

  1. Breasts and Eggs – Mieko Kawakami

ജപ്പാനിൽ സ്ത്രീകളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ചിത്രം രണ്ടു കാലയളവുകളിൽ, ഒരേ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ അവതരിപ്പിയ്ക്കുന്ന പുസ്തകം. A very good first part, followed by a slightly patchy second part – some of the stories here were nice but it lacked coherence, overall.

  1. Red Pill – Hari Kunzru

എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2020/10/11/red-pill/

  1. Malagash – Joey Comeau

മരണാസന്നനായ അച്ഛന്റെ ശബ്ദം പല രീതിയിൽ രഹസ്യമായി റെക്കോർഡ് ചെയ്യുകയാണ് കൗമാരക്കാരിയായ നായിക. അവളുടെ ഉദ്ദേശം ഓഡിയോ ഫയലുകൾ വച്ചൊരു കമ്പ്യൂട്ടർ വൈറസ് ഉണ്ടാക്കുകയെന്നതാണ്, അപ്പോൾ അച്ഛന്റെ ശബ്ദം വൈറസിനൊപ്പം പ്രചരിയ്ക്കും അങ്ങനെ അനശ്വരമാകും. അനിയനോട് അത് പറയുമ്പോൾ അനിയൻ ആ ശബ്ദങ്ങൾ തുടർച്ചായി കേട്ടുകൊണ്ടിയിരിക്കുന്നത് ശീലമാക്കുന്നു, അങ്ങനെ പ്രോജക്ടിന് മറ്റു പല മാനങ്ങൾ വരുന്നു. ഒരു ഗീക്കി നോവൽ, നേർത്ത ഹാസ്യത്തിൽ പൊതിഞ്ഞ്, മരണത്തെക്കുറിച്ച്.

“Goodbye forever” is the perfect joke, because forever is impossible. Every night I say it, and every morning I see my father again. Forever is meaningless. Tough talk, an empty threat. Forever is our secret handshake. Our code word. Our decoder ring. Not a measurement of time at all. I know this because “Goodbye Forever” comes easily. The passage of actual time is much more difficult.”

  1. Stalingrad – Vasily Grossman

“താൻ ജനിയ്ക്കുകയും വളരുകയും ചെയ്ത നാടിൻറെ വിസ്മയമുളവാക്കുന്ന സൗന്ദര്യം അയാൾക്ക്‌ പുത്തനായി അനുഭവപ്പെട്ടു – കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ, പായൽ പിടിച്ച കിണറിന്റെ ആൾമറയ്ക്കു മുകളിൽ റോവൻ ബെറികളുടെ നിറകുലകളിൽ, ചാരം കലർന്ന ചുവപ്പിൽ നാട്ടുരാത്രിയുടെ നഗ്നതയ്ക്കുമേലെ തന്റെ തണുത്ത ശരീരം ആയാസപ്പെട്ടുയർത്തുന്നപോലെ തോന്നിച്ച ചന്ദ്രനിൽ, എല്ലായിടത്തും. കാഴ്ചയിലെല്ലാം ഉജ്ജ്വലമായിരുന്നു, ഭൂമി, ശരത്കാലത്തിന്റെ തണുപ്പും ഇരുളും ഗർഭത്തിലേറ്റുന്ന ആകാശം,
ഇരു ചക്രവാളങ്ങൾക്കിടയ്ക്കെന്നപോലെ നീളുന്ന, കറുത്ത മണ്ണിനേക്കാൾ ഇരുണ്ട പാതകൾ പോലും. റഷ്യൻ ഗ്രാമങ്ങളിലെ ശരത്ക്കാലങ്ങൾ ഏറെക്കണ്ടയാളായിരുന്നു ക്രൈമോവ്, അവ അയാളിൽ ചെറുപ്പം മുതൽ കേൾക്കുന്ന കവിതകളിലെന്ന പോലെ ശാന്തമായ ഒരുതരം വിഷാദം നിറച്ചു, ” വിരസതയും ദുഖവും, അറ്റമില്ലാത്തയാകാശവും..**”, ഇത്തരത്തിലുള്ള കവിതകൾ, എന്നാൽ, തങ്ങളുടെ സൗകര്യമുള്ള വീടുകളിൽ ഇളം ചൂടുള്ള കിടക്കകളിൽ കിടന്ന് ജനാലയിലൂടെ പരിചിതമായ ഇടങ്ങൾ തന്നെ സ്ഥിരമായി കാണുന്നയാളുകളുടെ വികാരങ്ങളായിരുന്നു കാണിച്ചത്. ക്രൈമോവിന്റെ ഇപ്പോഴുള്ള ചിന്തകൾ വ്യത്യസ്തമായിരുന്നു. ശരത്കാലത്തെ ചുറ്റുപാടുകൾ ദരിദ്രമോ, ദുഃഖകരമോ വിരസമോ ആയിരുന്നില്ല. ചെളിയും വെള്ളക്കുഴികളും അയാൾ കണ്ടില്ല, പായൽപിടിച്ച മേൽക്കൂരകളോ തകർന്ന വേലിക്കെട്ടുകളോ കണ്ടില്ല. അയാൾ കണ്ടത് വിശാലമായ ശരത്ക്കാല തുറസ്സുകളുടെ തീക്ഷ്ണസന്ദര്യവും ഗംഭീരതയുമായിരുന്നു. അയാൾക്ക് അതിവിസ്തൃതമായ റഷ്യൻമണ്ണിന്റെ അഭേദ്യമായ ഒരുമ അനുഭവപ്പെട്ടു – തുളച്ചുകയറുന്ന ശരത്ക്കാലത്തെ കാറ്റിന്റെ ശക്തിപോലും ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന ആ വിശാലതയിൽ നിന്നുണ്ടായി വന്നതായിരുന്നു. ട്യൂളയിലെ പാടങ്ങൾക്കുമേലെ വീശുന്ന ഈ കാറ്റ് മോസ്‌കോയ്ക്കുമേലെയും വീശിയിരിയ്ക്കും; അതിനുമുന്നെയത് പെർമിലെ കാടുകൾക്കു മേലെയും യുറാൽ പർവ്വതനിരകൾക്കുമേലെയും, ബരാബായിലെ പുൽമേടുകൾക്കുമേലെയും വീശിയിരിയ്ക്കും; ടൈഗയ്ക്കുമേലെയും തുന്ദ്രയ്ക്ക് മേലെയും വീശിയിരിയ്ക്കും; അപ്രസന്നമായ കോളിമായ്ക്കുമേലെയും. ക്രൈമോവ്, തന്റെ ശരീരത്തിന്റെ ഓരോ അണുവിലും, അപ്പോൾ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണർന്നെണീറ്റ, തന്റെ ദശലക്ഷക്കണക്കിനു സഹോദരീസഹോദരന്മാരുടെ ഐക്യബോധത്തിന്റെ സ്പർശം അനുഭവിച്ചു.”

(പരിഭാഷകൾ എന്റേത്)

നാസികൾക്കെതിരായ സോവിയറ്റു യൂണിയന്റെ ഇതിഹാസ്യ തുല്യമായ പോരാട്ടത്തിന്റെ കഥ.

“ആ സമയത്ത് അങ്ങനെ തോന്നിയിരുന്നെങ്കിലും, ആ കാലം മുഴുവൻ തകർച്ചയുടെയും പിന്മാറ്റങ്ങളുടെയുമായിരുന്നില്ല. സ്റ്റേറ്റ് ഡിഫൻസ് കമ്മിറ്റി— രാജ്യത്തിന്റെ ചാലകശക്തി – യുരാലിലേയ്ക്കും സൈബീരിയയിലേയ്ക്കും ദശലക്ഷക്കണക്കിന് ആളുകളെയും യന്ത്രോപകരണങ്ങളെയും എത്തിച്ചു, അവിടങ്ങളിൽ കൂറ്റൻ കൽക്കരി, ഉരുക്കു ശാലകൾ സ്ഥാപിയ്ക്കപ്പെട്ടു. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയും നേതാക്കളും അണികളും, എല്ലാ തലത്തിലും, പുതിയ മൈനുകളും ഫാക്ടറികളും തൊഴിലാളികളുടെ ബാരക്കുകളും കെട്ടിപ്പടുക്കുന്നതിൽ ചാലകശക്‌തികളായി വർത്തിച്ചു; സൈബീരിയയിലെ ഇരുണ്ട രാത്രികളിലും, ഹിമവാതത്തിലും അറ്റമില്ലാത്ത മഞ്ഞിലും തൊഴിലാളികളുടെ ഈ ബറ്റാലിയനുകൾ അത്ഭുത കൃത്യങ്ങൾ പലതും ചെയ്തു.”

അങ്ങനെയുള്ള ചെമ്പടയാണ് നാസികളെ മുട്ടുകുത്തിച്ചതെന്ന്, നമ്മൾ സ്‌കൂളുകളിൽ പഠിയ്ക്കാത്ത, യഥാർത്ഥ ചരിത്രം പറയുന്നു.

  1. Will and Testament – Vigdis Hjorth

എന്റെ കുറിപ്പ് ഇവിടെ :-

https://melethilwrites.wordpress.com/2020/03/13/ഇരയെ-കേൾക്കുക-will-and-testament-by-vigdis-hjorth/

  1. Strong Opinions – Vladimir Nabokov

ചോദ്യം : Interviewers do not find you a particularly stimulating person. Why is that so?

നബോക്കോവ് : യാതൊരു പൊതു സ്വീകാര്യതയുമുള്ള ആളല്ല എന്നതിൽ എനിയ്ക്കഭിമാനമുണ്ട്. ഞാനൊരിയ്ക്കലും കുടിച്ചു പൂസായിട്ടില്ല. ഞാനൊരിയ്ക്കലും സ്‌കൂൾ കുട്ടികൾ വിളിയ്ക്കുന്ന തെറികൾ വിളിച്ചിട്ടില്ല. ഞാനൊരിയ്ക്കലും ഒരോഫീസിലോ കൽക്കരി ഖനിയിലോ പണിയെടുത്തിട്ടില്ല. ഞാനൊരു ക്ളബ്ബിലും ഗ്രൂപ്പിലും അംഗമായിരുന്നിട്ടില്ല. ഏതെങ്കിലും വിശ്വാസത്തിനോ ആശയത്തിനോ എന്നിൽ ഒരു സ്വാധീനവുമുണ്ടായിട്ടില്ല. പൊളിറ്റിക്കൽ നോവലുകളും സാമൂഹ്യ പ്രതിബദ്ധതാ സാഹിത്യവും പോലെ എന്നെ ബോറടിപ്പിയ്ക്കുന്ന ഒന്നും തന്നെയില്ല.

ചോദ്യം : Would you agree to show us a sample of your rough drafts?

നബോക്കോവ് : എനിയ്ക്കു പറ്റില്ല. അത്യാഗ്രഹക്കാരായ നിസ്സാരന്മാർക്കും അമ്മാതിരി തല്ലിപ്പൊളികൾക്കും മാത്രമേ (എഴുത്തു)ഡ്രാഫ്റ്റുകൾ പ്രദർശിപ്പിയ്ക്കാൻ കഴിയൂ. കഫത്തിന്റെ സാമ്പിളുകൾ വിതരണം ചെയ്യുന്നപോലെയാണത്.

ചോദ്യം : Whom do you write for? What audience?

നബോക്കോവ് : ഒരു ആർട്ടിസ്റ്റ് അയാളുടെ ഓഡിയൻസിനെപ്പറ്റി ആലോചിയ്ക്കേണ്ട ആവശ്യമില്ല. അയാൾ രാവിലെ ഷേവ് ചെയ്യുമ്പോൾ കണ്ണാടിയിൽ കാണുന്ന ആളാണ് അയാളുടെ ഓഡിയൻസ്. ഇനി ഓഡിയൻസിനെ അയാൾ സങ്കല്പ്പിച്ചാൽ തന്നെയും, ഒരു മുറി നിറയെ അയാളുടെ തന്നെ മുഖമൂടി വച്ച ആളുകളായിരിയ്ക്കും.

മറ്റൊരിടത്ത് :-

നബോക്കോവ് : ഒരു ക്രീയേറ്റീവ് എഴുത്തുകാരൻ തന്റെ എതിരാളികളുടെ സൃഷ്ടികൾ ശ്രദ്ധയോടെ പഠിയ്ക്കണം, അതിനി ദൈവത്തിന്റെ ആണെങ്കിലും. അയാളിൽ മുന്നിലുള്ള ലോകത്തിന്റെ അംശങ്ങളെ കൂട്ടിച്ചേർക്കാനും പുനസൃഷിയ്ക്കാനുമുള്ള സ്വാഭാവികമായ കഴിവുണ്ടായിരിയ്ക്കണം – ഇത് നല്ല രീതിയിൽ ചെയ്യാൻ, ഇരട്ടിപ്പണി ഒഴിവാക്കാൻ, അയാൾ ലോകത്തെ ശരിയാംവണ്ണം മനസ്സിലാക്കണം. അറിവ് എന്ന സംഗതി കലരാത്ത ഭാവന പ്രാകൃതമാണ്, ഒരു കുട്ടി മതിലിൽ കുത്തിവരച്ചപോലെയോ, കിറുക്കൻ കവലയിൽ എഴുതിവച്ചപോലെയോ ആണത് – ഒരു കലയും ലളിതമല്ല. (ഫ്ലോബേർ “ലളിതവും സത്യസന്ധവുമായി” എഴുതിയ പോലെ എഴുതണം എന്ന് പറഞ്ഞ മഹാനെ കണ്ടുപിടിയ്ക്കേണ്ടതുണ്ട് എന്നാണ് നബോക്കോവ് തുടർന്ന് പറയുന്നത്, വലിയ പാരഗ്രാഫ് ആയതുകൊണ്ട് ക്വോട്ട് ചെയ്യുന്നില്ല – ഇവിടെ പരന്ന വായനയുടെ ആവശ്യകതയാണ് നബോക്കോവ് ഊന്നുന്ന സംഗതി)

നബോക്കോവ് : “എന്റെ സാഹിത്യ ക്‌ളാസ്സുകളിലെ കുട്ടികളോട് വായനയുടെ ഗുണഗണങ്ങളെപ്പറ്റി പറഞ്ഞെനിയ്ക്ക് തൃപ്തി വരാറില്ല – ഒരു പുസ്തകം നിങ്ങൾ ഹൃദയം കൊണ്ട് മാത്രമല്ല വായിയ്ക്കുന്നത് (ഹൃദയം വായനയുടെ കാര്യത്തിൽ ഒരു വിഡ്ഢിയാണ്), തലച്ചോറുകൊണ്ടു മാത്രവുമല്ല, തലച്ചോറും നട്ടെല്ലും ഉപയോഗിച്ചാണ് – നട്ടെല്ലിൽ ഉണ്ടാകുന്ന തരിപ്പാണ് എഴുത്തുകാരന് എന്താണ് അനുഭവവേദ്യമായത് എന്ന് നിങ്ങളോടു പറയുക, അത് നിങ്ങൾക്കും ഉണ്ടാവണമെന്നാണ് അയാളാഗ്രഹിച്ചതും” – എന്ന് വായനയെപ്പറ്റി മറ്റൊരിടത്ത്.

“Galsworthy, Dreiser, a person called Tagore, another called Maxim Gorky, a third called Romain Rolland, Mann -ന്റെ ബുദ്ധിശൂന്യമായ “Death in Venice” or Pasternak -ന്റെ അതിനാടകീയവും കുത്സിതവുമായ “Zhivago” അല്ലെങ്കിൽ Faulkner-ടെ “corncobby chronicles”” തുടങ്ങിയവ എല്ലാം “ഗ്രേറ്റ് വർക്സ്” ആയി ചിലർ കണക്കാക്കുന്നത് “ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ട ഒരാൾ ഒരു കസേരയുമായി രതിയിലേർപ്പെടുന്ന പോലെയാണ്” എന്നാണ് ഒരു സ്ഥലത്ത് നബോക്കോവ് പറയുന്നത്.

Joyce -ന്റെ Ulysses, Kafka-യുടെ Transformation, Biely-ടെ Petersburg, Proust-ന്റെ In Search of Lost Time -ന്റെ ആദ്യപകുതി തുടങ്ങിയവയാണ് തനിയ്ക്ക് പ്രിയം എന്നും നബോക്കോവ് പറയുന്നുണ്ട്.

  1. Swimming in the Dark – Tomasz Jedrowski

കമ്മ്യൂണിസ്റ്റു പോളണ്ടിൽ പഠനത്തിന്റെ ഭാഗമായി കൃഷിയിടങ്ങളിൽ ജോലിയ്ക്കുപോവുന്ന ഗേ (അന്ന് അത് പരസ്യമായി പറയാൻ കഴിയില്ല, എല്ലാ കമ്മ്യുണിസ്റ്റ് സർക്കാരുകളും കൃസ്ത്യൻ മൊറാലിറ്റി ആണ് നടപ്പിലാക്കിയിരുന്നത്) ആയ നായകൻ അവിടെവച്ചു ഒരാളുമായി പ്രണയത്തിലാവുന്നു. പാർട്ടിയിൽ ഉന്നത ബന്ധങ്ങളുള്ള അയാൾ ചെയ്തുകൊടുക്കുന്ന സൗജന്യങ്ങൾ പലപ്പോഴും അവനു ഗുണമായി വരുന്നുണ്ട്. ജനങ്ങളെ സദാ സർവ്വെയിലൻസിനു വിധേയമാക്കുന്ന അവിടത്തെ ഗവണ്മെന്റിന്റെ കയ്യിൽ തന്റെ രഹസ്യജീവിതത്തെപ്പറ്റിയുള്ള വിവരങ്ങളുമുണ്ടെന്ന് അറിയുന്ന നായകൻ നടുങ്ങുന്നു. റേഷൻ വഴി മാത്രം കിട്ടുന്ന ഇറച്ചി വീണ്ടും പരിമിതപ്പെടുത്തതിനും മറ്റും എതിരെ കർഷകർ നയിയ്ക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗേ നോവൽ.

  1. Malice (Detective Kaga, #1) – Keigo Higashino

ജാപ്പനീസ് ക്‌ളാസിക് ശൈലിയിൽ, പതിഞ്ഞ താളത്തിൽ എഴുതുന്ന ഹിഗാഷിനോയുടെ പോപ്പുലർ വർക്കുകളിൽ ഒന്ന്. ഒരെഴുത്തുകാരൻ കൊല്ലപ്പെടുന്നു, മറ്റൊരു എഴുത്തുകാരനാണ് ആദ്യം അയാളുടെ ശരീരം കണ്ടെത്തുന്നത്. അതിനെപ്പറ്റി അയാൾ പോലീസിനോട് പറയുന്നു. കാഗ എന്ന ഡിറ്റക്റ്റീവ് കേസ് ഏറ്റെടുക്കുന്നു. അതോടെ യാതൊരു പഴുതുമില്ലാത്ത കേസിൽ വഴിത്തിരിവുകൾ ഉണ്ടാകുന്നു. നോവൽ പുരോഗമിയ്ക്കുമ്പോൾ വരുന്ന perspective switching ആണ് നോവലിന്റെ രസമിരിയ്ക്കുന്നത്. ഹിഗാഷിനോ ഒരു മാസ്റ്റർ ആണ്.

  1. Salvation of a Saint (Detective Galileo, #2) – Keigo Higashino

ഒരു പെർഫെക്റ്റ് ക്രൈം ചുരുളഴിയ്ക്കാൻ നോക്കുന്ന പെർഫെക്റ്റ് നോവലാണ് ഇത്. യാതൊരു പഴുതും ഇല്ലെന്നു തോന്നിയ്ക്കുന്ന, ഒരു വീട്ടിൽ നടന്ന കൊലപാതകത്തിനു പിന്നിലെ കൈകൾ കണ്ടുപിടിയ്ക്കപ്പെടുന്നത് വളരെ പതുക്കെയാണ്. ഈ പതിഞ്ഞ താളം ഒരു ജാപ്പനീസ് ശൈലിയാണ് – അവരുടെ ഏതു തരം ലിറ്ററേച്ചറിലും. വളരെ സമർത്ഥമായി പെയ്സ് ചെയ്ത നോവൽ. സ്പോയിൽ ചെയ്യാൻ എളുപ്പമായതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.

  1. Our Souls at Night – Kent Haruf

ഈ വർഷം വായിച്ചതിൽ ഏറ്റവും ലളിതമായ പുസ്തകം. പങ്കാളികൾ മരിച്ച രണ്ടു വൃദ്ധർ ഒരു ദിവസം ഒരുമിച്ചു കഴിയാൻ തീരുമാനിയ്ക്കുന്നു. പകൽ രണ്ടുപേരും അവരവരുടെ വീടുകളിൽ, രാത്രി ഒരുമിച്ച്. സെക്സ് അല്ല അവരുടെ ലക്‌ഷ്യം, സൗഹൃദം, മറ്റൊരാളുടെ സാന്നിധ്യം. എന്നാൽ സമൂഹമോ ബന്ധുക്കളോ അതംഗീകരിയ്ക്കുന്നില്ല, സ്വാഭാവികമായും. പതിഞ്ഞ താളത്തിലുള്ള ആഖ്യാനം.

  1. Suncatcher – Romesh Gunesekera

ടിം വിന്റണെ ഓർമ്മിപ്പിച്ച നോവൽ. ശ്രീലങ്കൻ ആഭ്യന്തരപ്രശനങ്ങളുടെ ആദ്യകാലങ്ങൾ പാശ്ചാത്തലമായി വരുന്ന, മധ്യവർഗ്ഗക്കാരായ രണ്ടു കൗമാരക്കാരുടെ സൗഹൃദത്തിന്റെ കഥ. നോവലിന്റെ അവസാനത്തിലെ ഡ്രമാറ്റിക് രംഗത്തെ കല്ലുകടി ഒഴിച്ചാൽ മനോഹരമായ വായന. അത് തന്നെയാണ് വിന്റന്റെയും പല പുസ്‌തകങ്ങളിലെയും പ്രശ്നം എന്നോർത്തുകൊണ്ടാണ് ആദ്യ വാചകം എഴുതിയതും.

  1. Happening – Annie Ernaux

Ernaux-യുടെ പുസ്തകങ്ങൾ എല്ലാം memoirs ആണ്. അവർ ഫ്രാൻസിൽ അബോർഷൻ ഇല്ലീഗൽ ആയിരുന്ന കാലത്ത് അത് ചെയ്യാൻ പോയതിന്റെ, കുറച്ചു പ്രയാസകരമായ വായനയാണ് ഈ പുസ്തകം. അവർ എന്തിനാണ് ഇത്രയും കഷ്ടപ്പാട് സഹിച്ചത് എന്ന് പറയുന്നില്ലെങ്കിലും റേച്ചൽ കസ്‌ക് ധാരാളം വിമർശനം ഏറ്റുവാങ്ങിയ A Life’s Work എന്ന അവരുടെ ഗർഭകാലത്തെപ്പറ്റിയുള്ള, യാതൊരു നൊസ്റ്റാൾജിയായുമില്ലാത്ത പുസ്തകത്തിനുള്ള പെർഫെക്റ്റ് companion. അവനവനാണ് ശരീരത്തിന്റെ ഉടമസ്ഥത എന്നതാണ് റണ്ണിങ് തീം എന്ന് പറയാം.

  1. History of Violence – Edouard Louis

താൻ ബലാൽസംഗം ചെയ്യപ്പെട്ടതിനെപ്പറ്റി ലൂയിസ് എഴുതിയ ഓർമ്മക്കുറിപ്പ്. അറബ് വംശജനായിരുന്നു കുറ്റവാളി എന്നതുകൊണ്ട് ഫ്രഞ്ച് പോലീസിന്റെയും തന്റെ ഒപ്പമുള്ളവരുടേയുമെല്ലാം പൊതുബോധം എങ്ങനെ വർക്ക് ചെയ്തു എന്നും, അനുഭവത്തിന്റെ അനാലിസിസും എല്ലാം ചേര്ന്നുള്ള നമ്മൾ പ്രതീക്ഷിയ്ക്കുന്നതിലും ആഴമുള്ള പുസ്തകം.

  1. If It Bleeds – Stephen King

നാലു നോവെല്ലകൾ. കിങ്ങിന്റെ ഹാൾമാർക് എന്ന് പറയാവുന്ന ക്രിസ്പി ക്ലിയർ എഴുത്തിന്റെ മറ്റൊരുദാഹരണം. പക്ഷെ അയാളുടെ മികച്ച രചനകളോട് കിടപിടിയ്ക്കുന്ന ഒന്നും ഇതിലില്ല. “Harrigan’s Phone” എന്ന കഥയിൽ ശവത്തോടൊപ്പം ശവപ്പെട്ടിയിൽ വച്ച മൊബൈലിൽ നിന്ന് വരുന്ന എസ്എംഎസുകളാണ് ഭീതിയുണ്ടാക്കുന്നത്, “Chuck” ഏറ്റവും പ്രോമിസിംഗ് കഥയായിരുന്നു, അത് സാധാരണ രീതിയിൽ അവസാനിച്ചു, “If It Bleeds”, കിങ്ങിന്റെ ഇതിനു മുന്നേ വന്ന നോവൽ “Outsider”-ലെ വില്ലനെ വീണ്ടുമവതരിപ്പിയ്ക്കുന്ന കഥയാണ്, ബിൽഡ് അപ്പ് നന്നായെങ്കിലും എൻഡിങ് സാധാരണമായിപ്പോയി. അവസാന കഥയായ “Rat” ആണ് പുസ്തകത്തിലെ മികച്ച കഥ. ചെറിയ നിമിഷങ്ങളിലും ഉപകഥകളിലും കിങ്ങിന്റെ എഴുത്ത് തിളങ്ങി നിൽക്കുന്നു.

  1. Recursion – Blake Crouch

ടെക്നോ ത്രില്ലർ. ഡാർക്ക് മാറ്റർ എന്ന ഇതിനേക്കാൾ പോപ്പുലർ ആയ അയാളുടെ മുൻനോവലുമായി ആശയത്തിൽ സാമ്യമുണ്ട്. അവിടെ പാരലൽ യൂണിവേഴ്‌സ് ആണെങ്കിൽ ഇവിടെ പാരലൽ ടൈംലൈൻസ് ആണ് എന്ന് മാത്രം. ടൈം ട്രാവൽ ചെയ്യാൻ പറ്റിയ ഒരു മെഷീൻ ഒരു ഗവേഷക കണ്ടുപിടിയ്ക്കുന്നു. അതിന്റെ ഉടമസ്ഥതയ്ക്കു വേണ്ടി മത്സരം മുറുകുന്നു (മെമ്മറി പ്ലാന്റ് ചെയ്യുകയാണ് അതിനു വേണ്ടി, ഗവേഷക ഓർമ്മ നശിച്ച അമ്മയ്ക്ക് വേണ്ടിയാണു ഇത് ഉണ്ടാക്കുന്നത്, എന്നാൽ പ്രയോഗത്തിൽ അത് മറ്റൊന്നാകുന്നു). അതുപയോഗിച്ച് രണ്ടാം ലോക മഹായുദ്ധം പോലുള്ള ചരിത്ര സംഭവങ്ങളുടെ ഫലം ആരെങ്കിലും മാറ്റിയാൽ? കഥ മുന്നോട്ടു പോകുന്തോറും കൂടുതൽ കൂടുതൽ സങ്കീർണ്ണമാകുന്നു. ഇതിലെ സയൻസ് അവിശ്വസനീയമാണ്, എന്നാൽ ത്രില്ലർ എന്ന രീതിയിൽ നോവൽ വിജയമാണ്.

1 thought on “2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -1.”

  1. If it bleeds വായിച്ചുകൊണ്ടിരിക്കുന്നു. Chuck ൽ ശരിക്കും എന്താണ് ഉദ്ധേശിച്ചതെന്ന് മനസ്സിലാക്കാൻ റെഡിറ്റിൽ കുറച്ച് തപ്പേണ്ടിവന്നു. കണ്ടെത്തിയ വിശദീകരണം വളരെ lame ആയും തോന്നി.നിങ്ങളുടെ റീഡിങ്ങ് എക്സ്സ്പീരിയൻസ് കുറച്ചു വിശദമായി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. (Really enjoyed the first story)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top