The Evenings (De Avonden, 1947, The Evenings: A Winter’s Tale)

IMG 5401 compr

ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് പോകുന്നു, ജോലിയ്ക്കു പോകുന്നു. അതിവിരസമായ ജീവിതം. അതീവവിരസമായ വിവരണങ്ങൾ. ഈ നോവലിൽ ഉപയോഗിച്ചിരിയ്ക്കുന്ന ഡച് ഭാഷയുടെ വകഭേദം പരിഭാഷ ചെയ്യുക കഠിനമായതു കാരണം എഴുപതു വർഷമെടുത്തു ഇത് ഇംഗ്ളീഷിൽ വരാൻ. എന്തിന്, പരിഭാഷ ക്വീൻ, ലിഡിയ ഡേവിസ് അത് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു പിൻവാങ്ങുകയാണുണ്ടായത് എന്ന് പറയുമ്പോൾ ഊഹിയ്ക്കാമല്ലോ(ബഷീറിനെ പരിഭാഷപ്പെടുത്തുക അസാധ്യമെന്നു പറയുന്ന പോലെയാണ് എന്ന് തോന്നുന്നു, ഇതിന്റെ ടോൺ ഭാഷയുടെ തന്നെ പ്രത്യേകതയാണ്). നോവലിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും അതിഭീകരമായ നാസി ഒക്കുപ്പേഷൻ തുടങ്ങിയ സംഗതികളുണ്ട് (സാധങ്ങളുടെ ദൗര്ലഭ്യത്തെപ്പറ്റിയൊക്കെ സൂചനയുണ്ട്, 20000 പേർ ഒക്കുപ്പേഷൻ കാലത്ത് പട്ടിണികിടന്നു മരിച്ചെന്നാണ് പറയുന്നത്). എന്നാൽ അവയെപ്പറ്റി ഒന്നോരണ്ടോ വ്യംഗ്യത്തിലുള്ള സൂചനകളെയുള്ളൂ. ഉള്ളത് ക്‌നോസ്ഗാർഡിയൻ രീതിയിലുള്ള mundane സംഗതികളുടെ വർണ്ണനയാണ്, ബട്ട് വിത്ത് ഹ്യൂമർ. പിന്നെ പലപ്പോഴും ക്രൂരമായ തമാശകളുടെ ആധിക്യവും. പലതും നമ്മൾ കേട്ടിട്ടുള്ളവ തന്നെ (ഒരാൾ തന്റെ രണ്ടുകുട്ടികളൊന്നിനെ കഴുത്തിൽ പിടിച്ചു പൊക്കുന്നു, ‘പോപ്’, കഴുത്തൊടിഞ്ഞു കുട്ടി ചാകുന്നു, ഡോക്ടർ എന്തുപറ്റിയെന്നു ചോദിയ്ക്കുന്നു, അച്ഛൻ രണ്ടാമത്തെ കുഞ്ഞിന്റെ തല പിടിച്ചു പൊക്കിക്കാണിയ്ക്കുന്നു, അപ്പോളൊരു ശബ്ദം – ‘പോപ്’, മറ്റൊരു ജോക്ക്: അച്ഛന്റെ കയ്യിൽ നിന്നുവീണ് കുട്ടി മരിയ്ക്കുന്നു, അമ്മ കരഞ്ഞുകൊണ്ടോടിവരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ അവരോർക്കുന്നു, ഇളയതിനെ താൻ കുളിപ്പിയ്ക്കുകയായിരുന്നല്ലോ, ആ കുഞ്ഞു അപ്പോഴേയ്ക്കും മുങ്ങിമരിച്ചിരുന്നു). ഇതോടൊപ്പം വിചിത്രമായ സ്വഭാവങ്ങൾ (ഉറക്കത്തിനു മുന്നെ നഗ്‌നനായി നിന്ന് കണ്ണാടിനോക്കുക), അയാൾ കാണുന്ന വിചിത്രമായ സ്വപ്നങ്ങൾ (നോവലിൽ ഉടനീളം അവയുണ്ട്, തുടക്കം തന്നെ സ്വപ്നമാണ്), അയാൾ എപ്പോഴും സംസാരിയ്ക്കുന്ന ഒരു പാവമുയൽ തുടങ്ങി അനവധി സംഗതികൾ നോവലിൽ വന്നുപോകുന്നു. വളരെ പ്രയാസകരമായ വായനയായി ആളുകൾ പറയുമെങ്കിലും എനിയ്ക്കിത്തരം നോവലുകളോട് അഭിനിവേശം എന്നുപറയാവുന്ന തരത്തിലുളള താൽപ്പര്യമുണ്ട്. പെട്ടെന്നോർമ്മ വരുന്ന നോവൽ സ്റ്റോണർ ആണ് (മറ്റൊരു ക്‌ളാസിക്), എന്നാൽ അതിനേക്കാൾ ഡ്രൈ ആണ് ഈ നോവൽ. സാം ഗാരറ്റിന്റെ പരിഭാഷ നന്നെന്നാണ് പൊതുവെയുള്ള അഭിപ്രായം, എന്നാലും ലിഡിയ ചെയ്തിരുന്നെങ്കിൽ എന്നൊരു വിചാരവും ഉണ്ടാകുമെന്നു മാത്രം.   

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top