1) What most draws you in to a novel or story and makes you want to keep reading – plot, character(s), writing style, atmosphere, something else?
ഒറ്റവാക്കിൽ കഥാപാത്രങ്ങൾ. കഥ ആർക്കും പറയാം. കഥാപാത്രങ്ങൾ ഒത്തുവന്നില്ലെങ്കിൽ കഥ ആരും ഓർക്കില്ല. എഴുത്തുശൈലി ഒരു പരിധിവരെ. എന്നാൽ ഇത് എപ്പോഴും ഒരുപോലെയല്ല. കയറിലെ കഥാപാത്രങ്ങളെ മുഴുവൻ ഓർക്കുക പ്രയാസം. എന്നാൽ ഏറെക്കുറെ ചരിത്രഗതിയോടു മാച്ച് ചെയ്യുന്ന രീതിയിലാണ് തകഴി അതിലെ കഥ എഴുതിയിരിയ്ക്കുന്നത് (നായർ മേധാവിത്വത്തിന്റെ പതനത്തിനോട് ചേർത്ത് വായിയ്ക്കുമ്പോൾ അങ്ങനെ തോന്നുന്നതിനെപ്പറ്റി ഞാൻ ഫെയ്സ്ബുക്കിൽ എഴുതിയിരുന്നു), തകഴി നടത്തിയ റിസര്ച്ചിന്റെ ഉദാഹരണമാണ് ഇത്. എനിയ്ക്ക് അത്യധികം താൽപ്പര്യമുള്ള വിഷയമാണ് ചരിത്രം. അത് മതി എനിയ്ക്ക് കയർ പോലൊരു പുസ്തകം വായിയ്ക്കാൻ. സൂസന്നയിലെ കേന്ദ്രകഥാപാത്രം അത്ര തികവുറ്റ ഒന്നല്ല, എന്നാൽ അജയിന്റെ ഭാഷ ആ നോവലിനെ ആകർഷണീയമാക്കുന്നു. മീശയിലെ കേന്ദ്രകഥാപാത്രം അതിന്റെ കഥയാണ്. ചാവുനിലത്തിന്റെ അന്തരീക്ഷം മറക്കുക വയ്യ. എന്നാൽ ഇവയോരോന്നും മൈൽസ്റ്റോൺ നോവലുകളാണ് താനും. അതേ പരിഗണന മറ്റുള്ളവ പുസ്തകങ്ങൾക്ക് കിട്ടില്ല. കഥാപാത്രങ്ങൾ തന്നെയാണ് പ്രധാനം എന്ന് വരുന്നു. എല്ലാ ക്ളാസിക് നോവലുകളിലും കഥാപാത്രങ്ങളാണ് അവയുടെ ശക്തി. ബാക്കിയെല്ലാം നോൺ ഫിക്ഷനിലും കിട്ടും.
2) What is a convention or trope that will immediately turn you off in your reading experience with a novel or story?
സുഭാഷ് ചന്ദ്രന്റെ ഓക്കാനമുളവാക്കുന്ന ഭാഷ. ഭാഷാസ്വാധീനത്തിലുള അഹങ്കാരം മാത്രമാണ് അയാളുടെ എഴുത്തുഭാഷയിൽ കാണാവുന്നത്. അയാളുടെ രണ്ടു നോവലുകളും പരാജയങ്ങളാണ്, സമുദ്രശില പ്രത്യേകിച്ചും. സംഗതി സിമ്പിൾ ആണ്. അയാളുടെ ഡൊമൈൻ ചെറുകഥയാണ്. നോവൽ എല്ലാവർക്കും വഴങ്ങില്ല. ദളിത്, സ്ത്രീ കഥകൾ എന്ന പേരിൽ വരുന്ന ചപ്പടാച്ചികൾ, മറ്റൊരു ഉദാഹരണം. മനോജ് വെങ്ങോലയുടെ മാധ്യമത്തിൽ വന്ന കഥയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ശക്തമായൊരു രംഗം കഥയുടെ മധ്യത്തിലുണ്ട്, ബാക്കി മുദ്രാവാക്യം വിളിയാണ്. ദളിത് സ്ത്രീ ലോകങ്ങളെ കൂടുതൽ പരിഹാസ്യമാക്കുകയാണ് ഇമ്മാതിരി കഥകൾ ചെയ്യുന്നത്. രാഷ്ട്രീയം പറയാൻ ലേഖനമെഴുതൂ, അല്ലെങ്കിൽ വൃത്തിയുള്ള രാഷ്ട്രീയ കഥകൾ വായിയ്ക്കൂ – ഹരീഷിന്റെ മോദസ്ഥിതനായി എന്ന കഥ, ഉദാഹരണത്തിന്. ഉണ്ണി ആറിന്റെ പ്രതി പൂവങ്കോഴി എന്ന കഥ ഇതിന്റെ ഏറ്റവും മോശം ഉദാഹരണമാണ്. അയാളുടെ വാങ്ക് എന്ന കഥ മറ്റൊരു ലേസി ആസ് attempt ആണ്.
3) What most appeals to you when reading nonfiction and makes you want to keep reading?
ഡാറ്റ. ചരിത്രം, ടെക്നോളജി, ഫിലോസഫി, തുടങ്ങി പലവകയെ ഇന്റലിജന്റ് ആയി മിക്സ് ചെയ്യാൻ കഴിയുന്നത്. പികെറ്റിയുടെ കാപിറ്റൽ ആൻഡ് ഐഡിയോളജി, ടോണി ജോസഫിന്റെ ഏളി ഇൻഡ്യൻസ് എന്ന പുസ്തകങ്ങൾ ഉദാഹരണങ്ങൾ. ഇനി വായിയ്ക്കാൻ പോകുന്ന ദി കോഡ് ബ്രേക്കർ അങ്ങനെയായിരിയ്ക്കും എന്ന് വിചാരിയ്ക്കുന്നു.
4) What is a convention or trope in nonfiction that will turn you off in your reading experience?
രാഷ്ട്രീയക്കാർ, സിഇഒ-മാർ, ആത്മീയവ്യാപാരികൾ എല്ലാം എഴുതുന്ന പുസ്തകങ്ങൾ. കറുത്ത വർഗ്ഗക്കാരനാണെങ്കിലും, ക്ളീൻ തമാശ പറയാൻ അറിയുമെങ്കിലും ഏറ്റവും കൂടുതൽ രാജ്യങ്ങളെ ബോംബ് ചെയ്ത വാർ ക്രിമിനൽ ആണ് ഒബാമ. അയാളുടെ ആത്മകഥ ഞാൻ വായിയ്ക്കില്ല. വെനിസ്വേലയിൽ സൈനിക അട്ടിമറി നടത്തുമെന്ന് പറഞ്ഞ ടെക് ഭീകരൻ ഇയോൺ മസ്ക് എനിയ്ക്ക് ഐസിസ് തീവ്രവാദിയെപ്പോലെയാണ്. ആപ്പിൾ എക്സ് സിഇഒ സ്റ്റീവ് ജോബ്സിന്റെ കൂടെ ഒരു റൂമിൽ ഇരിയ്ക്കാൻ പോലും എനിയ്ക്ക് പറ്റില്ല.
5) Would you say you read more for pleasure and enjoyment or more to learn and exercise your brain?
അവസാനഭാഗമാണ് എനിയ്ക്ക് താൽപ്പര്യമെങ്കിലും നല്ല സാഹിത്യം വായിയ്ക്കുമ്പോൾ അതെന്റെ ബുദ്ധിയെയെയും തൃപ്തിപ്പെടുത്തുന്നുണ്ട് എന്നാണ് അനുഭവം. കഥാപാത്ര സൃഷ്ടിയിലെ ലോജിക് ഉദാഹരണം. 2666 രണ്ടു രീതിയിലും എന്നെ തൃപ്തിപ്പെടുത്തിയ പുസ്തകമാണ്. എലീന ഫിറന്തേയുടെ സീരീസിൽ ഇത് ഏറിയും കുറഞ്ഞുമിരുന്നു (അവസാന പുസ്തകമായപ്പോഴേയ്ക്കും ലീല എന്ന കഥാപാത്രം എഴുത്തുകാരിയുടെ കയ്യിൽ നിൽക്കാത്തിടത്തോളം വലതുതായതായി തോന്നി, വായനയിൽ ബഹുരസമാണ് ഇമ്മാതിരി സംഗതികൾ ). അനലൈസ് ചെയ്യാൻ വേണ്ടി വായിയ്ക്കാൻ തുടങ്ങിയതോടെ രണ്ടും സാധ്യമാകുന്നുണ്ട് എന്നാണ് എന്റെ തോന്നൽ.
6) Which type of books are you likely to rate more highly and enjoy more overall – brain “candy” (pleasure/enjoyment) books or brain “protein” (learning/exercise) books?
രണ്ടും. മേലെ പറഞ്ഞപോലെ ഇപ്പോൾ വായനയിൽ ലോജിക് പ്രധാനമാണ്. ഭാഷകൊണ്ട് അത്ഭുതപ്പെടുത്തുന്ന ആളുകളുണ്ട്. അതുപോലെ ക്നോസ്ഗാർഡിന്റെ പുതിയ പുസ്തകത്തിൽ അയാൾ ഒരു ലേഖനത്തിൽ മേഘങ്ങളെ നിരീക്ഷിയ്ക്കുന്നു, പിന്നെ കാഴ്ചയെപ്പറ്റി പറയുന്നു, അവിടെ നിന്ന് പെയിന്റിങ്ങുകളിലേയ്ക്ക് പോകുന്നു, സ്വന്തം അനുഭവങ്ങളിലേയ്ക്ക് പോവുന്നു – ഇമ്മാതിരി arc ആണ് അയാളെ ഫിക്ഷനിലും നോൺ ഫിക്ഷനിലും വായിയ്ക്കുന്നതിന്റെ പ്ലഷർ.
7) Do you have a sense early on of whether or not the book you’re reading will be a five-star read (or a book you will really like)? Has a book ever surprised you in this regard?
യെസ്. ഒരു ഫോർ സ്റ്റാർ ഫീൽ ഇല്ലെങ്കിൽ വായിയ്ക്കില്ല, ഈയിടെയായി തീരെയില്ല. ഇതൊന്നുമില്ലാതെയും വായിച്ചു തീർത്ത പുസ്തകങ്ങളുണ്ട്, പക്ഷെ അതൊക്കെ പണ്ടായിരുന്നു. മോശം പുസ്തകങ്ങൾ അഞ്ചാറുപേജുകൊണ്ടു തന്നെ മനസ്സിലാകും. ആസിഡ് എന്ന തല്ലിപ്പൊളി മലയാളം നോവൽ ആദ്യ പേജിൽ തന്നെ നിലവാരം മനസ്സിലായി. അതേ എഴുത്തുകാരിയുടെ അടുത്ത നോവൽ രണ്ടു പേജ് കഷ്ടി വായിച്ചു. അജിജേഷ് പച്ചാട്ടിന്റെ നോവൽ ഒരു പേജ് വായിച്ചു താഴെ വച്ചത് ഞാൻ പൊടിപോലും തട്ടിയിട്ടില്ല – ഇവരെയൊക്കെ വായിയ്ക്കുന്നവരും ആരാധിയ്ക്കുന്നവരും ഉണ്ട്. ആ രക്തത്തിൽ എനിയ്ക്കു പങ്കില്ല.
8) Considering books that you’ve rated five stars in the past (or if you don’t rate them, then books you really loved), do you think you would feel the same way about them now? Why or why not?
ഇല്ല. ഉദാഹരണത്തിന് അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് ഇപ്പോൾ വേർഡ് പ്ലേ ആയിട്ടാണ് തോന്നുന്നത്. ഉജ്ജ്വല മുഹൂർത്തങ്ങൾ അതിലുണ്ട്. എന്നാൽ അതിലെ പൊളിറ്റിക്സ് ബ്ലൈൻഡ് ആണ്. കേട്ടറിഞ്ഞ കാര്യങ്ങളെപ്പറ്റിയാണ് അവരെഴുതുന്നത് എന്ന് തോന്നും. എന്നാൽ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് -ലെ സംഗതികൾ അവരുടെ, സത്യസന്ധമായ, അനുഭവമാണ് (ആ വെളിച്ചത്തിൽ അവർ ഫാസിസ്റ്റുകൾ സർവ്വാധിപത്യത്തിലേയ്ക്ക് ഉയരുന്നതു കണ്ടു – അണ്ണാ ഹസാരെ, കെജ്രിവാൾ തുടങ്ങിയ ഫ്രോഡുകളെ അവർ അന്നേ പൊളിച്ചുകാട്ടി). അവിടെ വേർഡ് പ്ലേ ചെയ്യേണ്ട ആവശ്യമില്ല. ബൊലാഞ്ഞോയുടെ സാവേജ് ഡിറ്റക്റ്റീവ്സ് അയാളുടെ അനുഭവമാണ്. മലയാളത്തിലെ എഴുത്തുകാർ അതെഴുതിയാൽ ആളുകൾ അത് വായിച്ചു പൊട്ടിച്ചിരിയ്ക്കുമായിരുന്നു – കാരണം നമ്മുടെ എഴുത്തുകാർ മധ്യവർഗ്ഗ സുഖലോലുപരാണ് – അവർക്ക് ബൊലാഞ്ഞോയുടെയോ, സെബാൾഡിന്റെയോ അനുഭങ്ങളില്ല, അതുകൊണ്ട് അവർ കൃത്രിമ ഭാഷയിൽ ഗഹനത ഉണ്ടെന്നു ഭാവിച്ച് അറിയാത്ത സംഗതികളെപ്പറ്റി എഴുതും.
ഇനി വായിയ്ക്കാൻ പോകുന്ന ദി കോഡ് ബ്രേക്കർ അങ്ങനെയായിരിയ്ക്കും എന്ന് വിചാരിയ്ക്കുന്നു. I am also started this book. A nice book.
Happy reading!