പട്ടുനൂൽപ്പുഴു

“പട്ടുനൂൽപ്പുഴു” ഹരീഷിന്റെ മുൻ നോവലുകളിൽ നിന്ന് വ്യത്യസ്‍തമാണ്. അത് തന്നെ അപൂർവ്വതയാണ് നമ്മുടെ ഭാഷയിൽ. ഏതെങ്കിലും ഒരു ടെംപ്ലേറ്റ് പിടിയ്ക്കുക അതാവർത്തിയ്ക്കുക എന്നതാണ് ഈ ചെറിയ ഭാഷയിലെ എഴുത്തുകാരുടെ അലസത/സൗകര്യം – അതിനുള്ള സാമൂഹ്യ, സാംസ്കാരിക ബൗദ്ധിക സമ്മർദ്ദമേ ഇത്തരം ഭാഷകളിൽ കാണൂ എന്നതാണ് കാര്യം. ഹരീഷ് അക്കാര്യത്തിൽ വ്യത്യസ്‍തനായിരിയ്ക്കുന്നു. ഈ നോവലിലെ ഭാഷ തന്നെ വേറിട്ട് നിൽക്കുന്നു – ഹരീഷിന്റെ ഭാഷയിൽ നിന്ന് പോലും. കാഫ്കയുടെ കഥാപാത്രത്തിന്റെ പേര്, നായകന് കൊടുക്കുക വഴി വളരെ ക്ലെവർ ആയുള്ള ഒരു പ്ലോട്ട് ഒരുക്കുകയാണ് നോവലിസ്റ്റ് എന്ന് വായനക്കാരന് തോന്നാം. ആ (കൗശലം എന്ന) തോന്നലിനെ കടക്കാൻ വളരെ ഇന്റിമേറ്റ് ആയുള്ള ഒരു ഭാഷയും ഒരു മായികലോകവും ഒരുക്കുകയാണ് എഴുത്തുകാരൻ – നിശ്ശബ്ദനായ കാഴ്ചക്കാരനായ നായകൻ അച്ഛനെയും അമ്മയെയും ചുറ്റുവട്ടത്തെ ആളുകളെയും നിരീക്ഷിയ്ക്കുന്നു – അവനു തന്നെപ്പോലെ ഒരാൾ കൂടെയുണ്ടെന്നു തോന്നുന്നു. സാംസയുടെ നിർഗുണനായ അച്ഛന്റെ ചെയ്തികളാണ് നോവലിനെ മുന്നോട്ടു നയിയ്ക്കുന്നത്. വീട്ടിലെത്താത്ത അച്ഛനെ, രാത്രി തിരഞ്ഞു പോകുന്ന ഏകാകിയായ പതിമൂന്നുകാരനെ നമ്മൾ പലപ്പോഴായി കാണുന്നു. അച്ഛനെ അയാളുടെ ഏറ്റവും ദുർബ്ബലമായ മുഹൂർത്തങ്ങളിൽ കാണുന്നത് ഈ കുട്ടിയാണ്. അപ്പോഴും അച്ഛനുള്ള വീട് സുരക്ഷിതമായി തോന്നുന്ന കുട്ടിയാണ് സാംസ. കാഫ്കയിലെ അച്ഛനെപ്പോലെ ഒരു ഇമോഷണൽ, സൈക്കോളജിക്കൽ ചലഞ്ച് ആണ് സത്യത്തിൽ ഈ കുട്ടിയ്ക്ക് അച്ഛൻ. അമ്മയ്ക്ക് അയാൾ പണ്ട് കാമുകനായിരുന്നു. അയാളോട് വിയോജിപ്പുകൾ ഉള്ളപ്പോഴും അയാളെ സ്നേഹിയ്ക്കുക പ്രധാനമാണ് എന്നവർ കരുതുന്നു(ആനി എന്ന ഈ കഥാപാത്രവും വളരെ പേഴ്സണൽ ആയി അനുഭവപ്പെട്ടു). രണ്ടുപേരുടെയും അത്താണിയായ ആ അച്ഛനാകട്ടെ എന്നാൽ അയാളുടേതായ ലോകത്ത് മറ്റൊരുവനെപ്പോലെ, അയാളുടെ ചെയ്തികളുമായി കഴിയുന്നു. ഈ ലോകസൃഷ്ടിയുടെ ആഴം കൂട്ടുന്ന നിരീക്ഷണങ്ങൾ നോവലിൽ എമ്പാടുമുണ്ട്. സാംസയുടെ ലോകത്തെ ആളുകൾ, അവന്റെ ജീവിതത്തെ തൊടുകയും പിന്നെ അപ്രത്യക്ഷരാകുകയും ചെയ്യുന്നു(എഴുത്തുകാരന്റെ മറ്റൊരു തന്ത്രമാണിത്). “ദൈവത്തിന്റെ കണ്ണി”ലെപ്പോലെ ചങ്ങലയ്ക്കിടപ്പെടുന്ന ഒരു ഭ്രാന്തൻ ഈ നോവലിലുണ്ട് (പല ഭ്രാന്തരുണ്ട്, ഏറെക്കുറെ എല്ലാവർക്കും അതുണ്ടെന്ന് നമുക്ക് തോന്നും, വായന തന്നെ ഒരു സ്വാഭാവികതയിൽ നിന്നുള്ള വ്യതിയാനമാണ് എന്നൊരിടത്തു വരുന്നുണ്ട്). സാംസയോടു ഏറ്റവും അടുപ്പമുള്ള ആളാണ് അയാൾ. അയാളെ അവർ ഒരു ഈന്തുമരത്തിൽ കെട്ടിയിടുന്നു, ഈന്ത് അയാളുടെ ഭ്രാന്ത് വലിച്ചെടുക്കുന്നു എന്നാണ് അവരുടെ വിശ്വാസം, അതിന്റെ സീസണിൽ ആ മരം വീണ്ടും തളിർക്കുന്നു, അപ്പോൾ അയാളുടെ ഭ്രാന്ത് കുറയുന്നു. ഭ്രാന്ത് കുറയുന്ന നാളിൽ ഒറ്റയ്ക്ക് കഴിയുന്ന ഒരു പെൺകുട്ടിയ്ക്ക് അയാൾ പ്രതീക്ഷയാണ്, സാംസക്ക് കൂട്ടും. സാംസയുടെ പേര് നിർദ്ദേശിച്ചത് ഒരു ലൈബ്രെറിയനായിരുന്നു. അവന്റെ തൊടിയിൽ ഒരു തലമുറ മുന്നെ മറവുചെയ്യപ്പെട്ട ഒരു പെൺകുട്ടിയോട് അവൻ ഭാവനയിൽ സംസാരിയ്ക്കുന്നുണ്ട് (നോവൽ അവസാനിയ്ക്കുമ്പോൾ ഈ ഭാഗങ്ങൾ എന്നെ വളരെ ഇമോഷണൽ ആക്കി). ലൈബ്രെറിയൻ അവൾക്കും ഒരു പേര് കൊടുക്കുന്നു – നടാഷ. സാംസ തന്നെ ഒരവധിക്കാലത്ത് ലൈബ്രെറിയനായി ഇരിയ്ക്കുന്നുണ്ട്. ആദ്യഭാഗത്തെ ഇന്റിമേറ്റ് ഭാഷയിൽ നിന്ന് പതിയെ ഹരീഷിന്റെ ട്രേഡ്മാർക് ഹ്യൂമർ ടച്ചുള്ള ഭാഷയിലേക്ക് രണ്ടാം പകുതി മാറുന്നു. എഴുത്തുകാരന്റെ തന്ത്രത്തെപ്പറ്റി പറഞ്ഞല്ലോ. ഒരു ലെസ്സർ എഴുത്തുകാരന്റെ കയ്യിൽ നിൽക്കുമായിരുന്ന/ അയാൾ ചെയ്യുമായിരുന്ന അഭ്യാസമല്ല ഹരീഷ് ഇവിടെ ശ്രമിയ്ക്കുന്നത് – അത് വിജയിച്ചു എന്നത് തന്നെ അയാളുടെ മിടുക്ക് കാണിയ്ക്കുന്നു. ആ പ്രോസസിൽ ഹരീഷ് ഇപ്പോൾ ഈ ഭാഷയിൽ എഴുതുന്ന മറ്റെല്ലാ എഴുത്തുകാരെയും പിന്നിലാക്കി ബഹുകാതം മുന്നേറിയിരിയ്ക്കുന്നു എന്നെനിയ്ക്ക് തോന്നുന്നു. 

 

ദേഹവും പട്ടുനൂൽപ്പുഴുവുമാണ് എന്റെ 2024-ലെ സ്റ്റാൻഡ് ഔട്ട് മലയാളം വായനകൾ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top