1. തൊണ്ണൂറ്റഞ്ചോളം പുസ്തകങ്ങൾ വായിച്ച കഴിഞ്ഞ വർഷത്തിൽ, ഏറിയ പങ്കു വായനയും “കേൾവി”യിലായിരുന്നു. സ്റ്റോറിടെല്ലും ഓഡിബിളും ചേർന്ന് 61 പുസ്തകങ്ങൾ ഞാൻ ഓഡിയോ ആയാണ് കേട്ടത്. 2020-ൽ തന്നെ ജീവിതശൈലിയ്ക്കു ചേരുക ഓഡിയോ ആണെന്ന് മനസ്സിലാക്കി ആ സ്വിച്ചിങ് ഞാൻ ചെയ്തിരുന്നു. കേൾക്കുന്നത് വായനയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമായാണ് ഇപ്പോൾ തോന്നുന്നത്. കയർ പോലെയുള്ള പുസ്തകങ്ങൾ കൊണ്ട് നടന്നു വായിയ്ക്കാൻ എനിയ്ക്ക് കഴിയില്ല, അല്ലെങ്കിൽ കില്ലിംഗ് കമന്റേറ്റോറേ – ഇമ്മാതിരി ജൽപ്പനങ്ങളൊക്കെ കിൻഡിൽ വന്നപ്പോഴും കേട്ടിരുന്നു. രാവിലെയും രാത്രിയിലും കിടക്കുന്ന സമയത്ത് കിൻഡിൽ ആയിരുന്നു “വായനാസഹായി”. അഥവാ, സീരിയസ് വായനക്കാരന് “പുല്ലും” ആയുധം.
2. മുറകാമിയെ എൻഡ് ടു എൻഡ് വായിച്ചതാണ് കഴിഞ്ഞ വർഷത്തെ ഹൈലൈറ്റ്. ഐ ആം നോട് എ മുറകാമി ഫാൻ. എന്നാലും അയാൾ ക്ലിക്ക് ചെയ്യുന്നതിന്റെ കാരണം കണ്ടുപിടിയ്ക്കുക എന്നതൊരു രസമായിത്തോന്നി. തന്റെ തന്നെ എഴുത്തിലെ ട്രോപ്പുകളും ഗിമ്മിക്കുകളും കൊണ്ട് തന്റെ തന്നെ കുഴിയിൽ വീണ നല്ലൊരു എഴുത്തുകാരനാണ് മുറാകാമി. ആധുനിക കാലത്തിനു ചേരാത്ത സെക്സിസം അയാളുടെ നോവലുകളിലുണ്ട് – പലപ്പോഴും അരോചകമാണ് അത്. എന്നാൽ ഷോർട് ഫോമിൽ മുറകാമിയ്ക്ക് ഇപ്പോഴും ഉജ്ജ്വലമായ രചനകൾക്കാകുന്നു. നോവലിൽ അയാൾ വൈൻഡ് അപ്പ് ബേഡിന്റെ ചുറ്റുവട്ടത്തിൽ കിടന്നു കറങ്ങുകയാണ് എന്നാൽ ഷിനാഗവ മങ്കി, ബീറ്റിൽസ് തുടങ്ങിയ കഥകളിൽ കഴിഞ്ഞ വർഷവും കാമി, നല്ല ഫോമിലായിരുന്നു. അയാളുടെ ഏറ്റവും മികച്ച വർക്കുകളിലൊന്നാവാനുള്ള ശക്തിയുള്ളതായിരുന്നു സുക്കുരു റ്റസാക്കി എന്ന നോവൽ – അത് കാഫ്ക പോലെ അണ്ടർ ഡെവെലപ്പ്ഡ് ആയാണ് എനിയ്ക്കനുഭവപ്പെട്ടത്. എന്നാലും അതിനുള്ളിൽ മറ്റെന്തോ ഉള്ളപോലെ നമുക്ക് തോന്നും, ഒരു തരം ദുരൂഹത, എഴുത്തുകാരൻ മറന്നുപോയ, മനപൂർവ്വം പറയാൻ വിട്ടുപോയ എന്തോ ഒന്ന്. ആ സംഗതി നമ്മളെ വർഷങ്ങളോളം പിന്തുടരും. മുറകാമിയുടെ എഴുത്തിന്റെ ഒരു സ്വഭാവമാണ് ഇത്. ഈ നോവലിൽ പല സംഗതികളുണ്ട്. അതിലൊന്ന് അതിലെ സംഗീതമാണ് – Liszt: Années de pèlerinage ആണ് ഇവിടെ പ്രധാനമായി വരുന്നത്, നോവലിന്റെ പേര് പോലും അതിൽനിന്നാണ് (എന്നാൽ നായകൻ തീർത്ഥയാത്രയൊന്നും പോകുന്നില്ല, കാച്ചി പേര് ദാറ്റ്സ് ഓൾ). ആ സംഗീതം കേൾക്കുന്നതോടെ വായന മറ്റൊരു തലത്തിലേയ്ക്കുയരുന്നു. മുറകാമിയുടെ സംഗീതത്തിലെ അറിവ് ആഴമുള്ളതാണ് – അത് പെർഫെക്റ്റ് അല്ലെന്ന് അയാൾ തന്നെ പറയുന്നുണ്ട്. എനിയ്ക്ക് കേൾക്കാനുള്ള ചെവിയുണ്ടെന്നല്ലാതെ ഇതിനെപ്പറ്റി പരിമിതമായ അറിവേയുള്ളു താനും. എന്നാലും വായനയെ ഇത്തരം മെറ്റാഡേറ്റ സമ്പന്നമാക്കുന്നു എന്നതാണ്.
ആ ചെവി തന്നെയാണ് ഓഡിയോയെ എനിയ്ക്കു വഴങ്ങുന്നതാക്കുന്നത് എന്ന് തോന്നുന്നു. അഥവാ, വളർത്തിയെടുക്കുന്ന ശീലമാണത്. അതുകൊണ്ടു ഞാൻ വരും വർഷങ്ങളിൽ കൂടുതൽ ഓഡിയോയിലേയ്ക്ക് പോവുമെന്നാണ് ഞാൻ വിചാരിയ്ക്കുന്നത്.
3. ഇ സന്തോഷ് കുമാർ ഇപ്പോഴും എന്റെ വായനയിൽ മുൻപന്തിയിലുള്ള എഴുത്തുകാരനാണ്. ഭാഷയാണ് അയാളുടെ ശക്തി, അതിന്റെ ലാളിത്യം, അതിനെക്കൊണ്ട് അഭ്യാസം ചെയ്യിയ്ക്കാതിരിയ്ക്കാനുള്ള ക്ഷമ (ഇതാണ് നൊറോണയ്ക്കും, സുഭാഷിനുമില്ലാത്തത്) – മുറകാമിയുടെയും ശക്തിയും ഇതാണ്. പാമുക്കിനും ഇതുപോലൊരു ആനുകൂല്യമുണ്ട് (രണ്ടുപേർക്കും ഗഹനമായ ആശയങ്ങളെ അവതരിപ്പിയ്ക്കാനുള്ള കഴിവുമുണ്ട്. പെയിന്റിങ്ങിനെപ്പറ്റിയുള്ള നോവലുകൾ രണ്ടാളും എഴുതിയിട്ടുണ്ട്, ഉദാഹരണത്തിന് മാത്രമായി പറയുന്നത്, ആവശ്യത്തിന് കോംപ്ലക്സ് ആണ് രണ്ടു പുസ്തകങ്ങളും). എന്നാൽ സന്തോഷ് കഥയിൽ ശോഭിയ്ക്കാതായിട്ടു വർഷങ്ങളായി. ഛായാമരണം എന്ന മീഡിയോക്കർ നോവലിനെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി തട്ടിക്കൂട്ട് കഥയെഴുതുന്ന നിലവരെ അയാളെത്തി. പിന്നെ ഒന്നാന്തരം വർഗ്ഗീയ കഥ, അതുകഴിഞ്ഞ് ഒരു ആന്റി ഇന്റലക്ച്വൽ നോവല്ല എഴുതി. എഴുത്തുകാരന് തന്റെ ക്രാഫ്റ്റിനെപ്പറ്റി സംശയം വരുന്നതാണ് സംഗതി എന്നെനിയ്ക്കു തോന്നുന്നു. അഥവാ, എങ്ങനെയെങ്കിലും പബ്ലിഷ് ചെയ്താൽ മതി എന്ന നിലയിലാണ് മലയാളത്തിലെ എഴുത്തുകാരൊക്കെ നടക്കുന്നത്. സിംപിൾ ഭാഷയിൽ എഴുതുന്ന മുകുന്ദനെ നോക്കൂ, വല്ലാത്ത കൗതുകം വായനക്കാരിൽ ഉണ്ടാക്കാൻ അയാൾക്കറിയാം. എന്നാൽ ഡൽഹി ഗാഥകളുടെയോ അല്ലെങ്കിൽ കുട നന്നാക്കുന്ന ചോയിയുടെയോ അവസാനം എന്താണെന്നു മനസ്സിലായവരുണ്ടോ? അയാൾക്ക് കഥ പറഞ്ഞവസാനിപ്പിയ്ക്കാൻ അറിയില്ല. മുകുന്ദന്റെ എന്നത്തേയും പ്രശ്നമാണ് ഇത് (അഥവാ, ഒരു പ്രാവശ്യം തുമ്പി പറന്നു, പിന്നെ പറത്താൻ തുമ്പിയില്ലാതായി, അതുകൊണ്ടാണ് ദൈവത്തിന്റെ വികൃതികളിലെ നായിക വെറുമൊരു വേശ്യയായി മാറുന്നത്). സന്തോഷ് ആകട്ടെ, വല്ലാത്ത പ്രതിസന്ധിയിലാണെന്ന് എനിയ്ക്കു തോന്നുന്നു. അതിലെനിയ്ക്കു വിഷമമുണ്ട്, വായനക്കാരനെന്ന നിലയിൽ. വ്യാഘ്രവധുവിൽ അയാൾ തിരിച്ചു വരുന്നതിന്റെ ലാഞ്ചനയുണ്ടായിരുന്നു. അയാളുടെ പുതിയ കഥ മാതൃഭൂമിയിലുണ്ട്. ഞാൻ തീരെ വായിയ്ക്കാത്ത ഒന്നാണ് വാരികകൾ. അതിലെ കഥകളെയും കവിതകളെയും പറ്റിയുള്ള വാഴ്ത്തുപാട്ടുകൾ കണ്ടുള്ള കയ്പു തന്നെ കാരണം. എത്രയോ വട്ടം അബദ്ധം പറ്റിയിട്ടുണ്ട്. എന്നിട്ടും സന്തോഷായതുകൊണ്ടുമാത്രം ഇന്ന് മാഗ്സ്റ്ററിൽ സന്തോഷിന്റെ “മരണക്കുറി” വായിച്ചു. ഒട്ടൊരു പുതുമയുള്ള പശ്ചാത്തലം. എന്നാൽ കഥ ആദ്യം തൊട്ടേ നാനാവഴിയ്ക്ക് ഓടുകയാണ്. ശ്രദ്ധിച്ചു നോക്കിയാൽ വ്യാഘ്ര വധുവിന്റെ ഘടന തന്നെ ഇതിനും. എന്നാൽ അവസാന ഭാഗം അവതരിപ്പിയ്ക്കാനുള്ള കഥയാണ് ഇതെന്ന് വായിച്ചാൽ മനസ്സിലാകും. അഥവാ, രണ്ടോ മൂന്നോ കഥയായി എഴുതേണ്ട ത്രെഡുകളെ ഒറ്റക്കഥയായി അവതരിപ്പിച്ചു അവസാനിപ്പിയ്ക്കാൻ ഉഴലുന്ന എഴുത്തുകാരനാണ് സന്തോഷ് ഇവിടെ. എനിയ്ക്കു തോന്നിയത്, മറ്റേ കഥയിൽ വർഗ്ഗീയത വന്നതുകൊണ്ട് കേരളത്തിലെ സുഖിപ്പീര് ലെഫ്റ്റ് നൊസ്റ്റാൾജിയ ഇവിടെ കുത്തിക്കയറ്റി എന്നാണ്. എന്തൊരു സൗകര്യം. ഈ കഥയ്ക്കും അത്യസാധാരണ വാഴ്ത്തുപാട്ടുകളാണ് എവിടെയും. ഇത് വായിച്ചിട്ടും ഉറക്കം പോയവരൊക്കെയുണ്ടത്രേ. മാതൃഭൂമി ഇനി, വനിത ചീപ്പും, അലക്കുപൊടിയും സാഷെ രൂപത്തിൽ വാരികയ്ക്കൊപ്പം കൊടുക്കുന്നപോലെ ഉറക്കഗുളിക കൊടുക്കുമായിരിയ്ക്കും. ആർക്കറിയാം. വിമർശനം, എതിർ ശബ്ദമുയർത്തൽ എന്നൊരു സംഗതി മലയാളത്തിലില്ല. താൻ പിന്നിലായിപ്പോകുമോ എന്ന ആധിയിൽ നിരന്തരമുള്ള പ്രശംസയാണ് മലയാള ലിറ്റ് സർക്കിളുകളിൽ നടക്കുന്നത്. പിഎഫിന്റെ കടലിന്റെ മണം ഇഷ്ടമായില്ല എന്നൊരു കമന്റിട്ടപ്പോൾ എനിയ്ക്ക് രൂക്ഷ പ്രതികരണമാണ് കിട്ടിയത്. പിഎഫിന്റെ ചാവുനിലം മറവിയിൽ കിടന്നപ്പോൾ ഇമ്മാതിരി ആഘോഷക്കമ്മിറ്റിക്കാരെ എന്റെ തലമുറയിലെ ആരും കാണുകയുണ്ടായില്ല എന്നതാണ് സത്യം. ഇന്ദുഗോപനും, പിഎഫിനും, ഇന്ദുചൂഢനും ഒക്കെ സിനിമയുടെ കൂടെ തിളക്കമുണ്ട് ഇപ്പോൾ (പിഎഫും ഹരീഷും അതിനുള്ള അർഹതയുണ്ട്, മീശ കാരണം അയാളെ വേട്ടയാടിയപ്പോൾ കൂടെ നിൽക്കാത്തവർ പോലും ആ തിളക്കത്തിന്റെ പങ്കു പറ്റാനുണ്ട്, ആദം ഇംഗ്ളീഷിൽ വന്നതോടെ വിദേശ വായനാ സർക്കിളുകളിൽ പോലും അയാൾ വായിയ്ക്കപ്പെടുന്നുണ്ട് – കാവ്യനീതി എന്നും പറയാം), അതുകൊണ്ടു വിമർശനം ശ്രദ്ധിച്ചുവേണം എന്ന് പലർക്കും തോന്നുകയാണ്. പക്ഷെ, എഴുത്തിന്റെ മെറിറ്റ് മാത്രമേ സീരിയസ് വായനക്കാർക്ക് നോക്കേണ്ടതുള്ളൂ.
4. ഈ വർഷം വായിച്ച/വായിയ്ക്കുന്ന മലയാള പുസ്തകങ്ങൾ വളരെ റാൻഡം ആയ തിരഞ്ഞെടുപ്പുകളാണ് – കോമ, മുദ്രിത, സുൽത്താൻ വീട് തുടങ്ങിയവയുണ്ട് അവയിൽ. വിജയന്റെ കഥകളുടെ സമാഹാരം, ഡിസി ഇറക്കിയത്, ആണ് മറ്റൊന്ന് (സുഹൃത്തിന്റെ സമ്മാനമായിരുന്നു). വളരെ ശ്രദ്ധയോടെയാണ് വിജയനെ വായിയ്ക്കുന്നത് (അരിമ്പാറ വർഷങ്ങൾക്കുശേഷം വായിച്ചപ്പോഴും ഇഫക്ടിവ് ആയി തോന്നി – അതിലെ സർക്കാസവും മറ്റും വിജയന് മാത്രം സാധിയ്ക്കുന്നതാണ്). എനിയ്ക്ക് എഴുതാൻ കഴിയുമെന്ന് എനിയ്ക്കുറപ്പില്ലാത്ത ഒന്നാണ് ചെറുകഥ. വായനയിൽ ഈയിടെയായി കുറച്ചധികം കഥാ സമാഹാരങ്ങളുണ്ട്, കഴിഞ്ഞ വർഷം വായിച്ചു തീരാത്തവ അടക്കമുള്ളവ – ക്ലെയർ കീഗന്റെ കഥകൾ, ടെസ്സ ഹെഡ്ലിയുടെ സമാഹാരം (എല്ലാം ഒന്നോ രണ്ടോ കഥകളെ തീരാനുള്ളൂ) എല്ലാം അതിൽപ്പെടും (കീഗനെപ്പറ്റി മുന്നേ എഴുതിയിട്ടുണ്ട്). മേലെ പറഞ്ഞവയിൽ കോമയുടെയും മുദ്രിതയുടെയും കഥയിൽ കുറ്റാന്വേഷണമാണ്. കോമ സാമാന്യം വൃത്തിയ്ക്ക് എഴുതിയിട്ടുണ്ടെങ്കിലും (മലയാളത്തിൽ വരുന്ന യൂഷ്വൽ ചവറല്ല) എഴുത്തുകാരന് ഇടയ്ക്ക് താൻ സുഭാഷാണ് എന്ന് തോന്നുന്നതും, അന്വേഷകന്റെ ആയിരത്തൊന്നു വട്ടം ആവർത്തിച്ച ക്ളീഷേ അവതരണവും, കോയിൻസിഡൻസുകളുടെ ഭാരവും മൂലം നോവലിന്റെ കഴുത്തൊടിയുന്നപോലെയാണ് എനിയ്ക്കു തോന്നിയത് – എനിയ്ക്ക് ബാക്കി മലയാളം ക്രൈം നോവലുകളുമായി ഇതിനെ താരതമ്യം ചെയ്യണ്ട ഉത്തരവാദിത്വമൊന്നുമില്ല (ഇതാണ് മറ്റൊരു മലയാളി ക്ളീഷേ). മുദ്രിതയിലെ (60-70 പേജാണ് വായിച്ചത്) ക്ളീഷേ വരുന്നത് വൃത്തിയ്ക്ക് എഴുതിയ പത്തുനാല്പതു പേജിനുശേഷമാണ് – എന്നാലും വായനാക്ഷമമാണ് നോവൽ എന്നതുകൊണ്ട് മുന്നോട്ടു പോകുന്നു(തുടക്കം ഫിറന്തേയുടെ സീരീസിനെ ഓർമ്മിപ്പിച്ചു). സുൽത്താൻ വീടാകട്ടെ, എണ്ണപ്പാടം പോലുള്ള പഴയ ക്ലാസ്സിക് മലയാളം നോവലുകളെ അനുസ്മരിപ്പിയ്ക്കുന്നു – അതാണ് ഏറ്റവും താല്പര്യത്തോടെ വായിയ്ക്കുന്ന പുസ്തകങ്ങളിൽ പ്രധാനിയും ( എംടിയുടെ ഇൻഫ്ലുവെൻസ് ഉള്ള ഭാഷ). എന്ത് മനോഹരമാണ് കവറിലെ ഷെരീഫിന്റെ മരങ്ങൾ, ഞാനവയുടെ ഫാനാണ്.
5. കഴിഞ്ഞ മാസത്തെ പ്രധാന ആക്ടിവിറ്റി എന്റെ മൂന്നാമത്തെ നോവലായിരുന്നു – “നിതിന്റെ പുസ്തകം”. കഷ്ടി മൂന്ന് ആഴ്ച എടുത്തുകാണും, ഏറ്റവും കുറച്ചു ഡ്രാഫ്റ്റിൽ ഞാൻ എഴുതിയ നോവലുമാണ്. ഭയങ്കര ജോലിത്തിരക്കുള്ള സമയവുമായിരുന്നു. എന്റെ ബെസ്റ്റ് effort ഇങ്ങനെയുള്ള സമയങ്ങളിലാണെന്നു തോന്നുന്നു. ലിമിറ്റ്സ് ആണ് ക്രീയേറ്റീവിറ്റിയുടെ ഒരു കാറ്റലിസ്റ്റ് എന്നും തോന്നുന്നു. നോവൽ എഴുതുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണെന്ന് പറയാതെ വയ്യ. വർഷാവസാന വായന അതിനുവേണ്ടി മുടക്കേണ്ടി വന്നു എന്നതിൽ ചെറിയൊരു സങ്കടമുണ്ടെങ്കിലും. ബ്ലോഗിങ്ങ് തീരെ നിന്നു പോയി.

മുകുന്ദന്റെ പ്രവാസത്തിന്റെ വൈൻഡപ്പ് കുറച്ചുകൂടി നല്ലതല്ലേ?
I dont think I have read it.