- Let’s assume you do reread if you’re doing this tag. So where do you sit on the rereading scale from “almost never” to “all the time”?
ഈ ശീലം കുറെയായി ഇല്ലായിരുന്നു. ഇപ്പോൾ കുറച്ചു വർഷങ്ങളായി ചില പുസ്തകങ്ങൾ രണ്ടാം തവണ വായിയ്ക്കുന്ന പതിവുണ്ട്. ബഷീർ, മാധവിക്കുട്ടി, പാമുക്ക്, ക്നോസ്ഗാർഡ്, തകഴി പിന്നെ വിദേശ ക്ലാസ്സിൿസ് – ഇങ്ങനെ ചിലത്.
- Has that changed over your reading life?
യെസ്. ആദ്യകാലത്ത് ആവർത്തിച്ചുള്ള വായന മിയ്ക്കപ്പോഴും മറ്റൊന്നും വായിയ്ക്കാനില്ലാത്തതു കൊണ്ടായിരുന്നു. ഇപ്പോൾ സമയമാണില്ലാത്തത്. എന്നിട്ടും എഴുത്തു തുടങ്ങിയതിൽ പിന്നെ ഇതാവശ്യമായി മാറി – ഒന്നാമത് ഓൺലൈനിലെ (ചിലപ്പോൾ മലയാളം വാരികകളിലെയും) misinformation വായിയ്ക്കുമ്പോൾ അല്ലെങ്കിൽ അവ വായിച്ച് പാമുക്കിനെയും മറ്റും വെറുക്കുന്ന വായനക്കാരെ കാണുമ്പോൾ (ചുവപ്പാണെന്റെ പേര് എന്ന പുസ്തകത്തിന് ഒരു കൾട്ട് സ്റ്റാറ്റസ് പോലുമുണ്ട്, ഈ അർത്ഥത്തിൽ – അയാളുടെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ്, എന്നിട്ടും നിലവാരമില്ലാത്ത പരിഭാഷ ഒന്നുകൊണ്ടുമാത്രം എഴുത്തുകാരൻ വെറുക്കപ്പെടുന്നു) നമ്മുടെ ബോധ്യങ്ങൾ എഴുതിയിടാൻ തോന്നുന്നു. പിന്നെ എന്റെ തന്നെ എഴുത്തു/ബോധ്യങ്ങൾ മെച്ചപ്പെടാൻ റീ-റീഡുകൾ ആവശ്യമായി വരുന്നു.
- When do you reread? Maybe immediately after finishing a book or not till years later? Or when the mood strikes?
മിയ്ക്കവാറും വര്ഷങ്ങള്ക്കു ശേഷം. വായനയുടെ intensity അടുത്തകാലത്ത് കൂടിയിട്ടുണ്ട് – അതുകൊണ്ട് casual ആയി വായിച്ച പഴയവ വീണ്ടും വായിയ്ക്കേണ്ടി വരുന്നു. മൂഡ് പ്രധാനമാണ്.
- Why do you reread books?
മേലെ പറഞ്ഞ രണ്ടുത്തരങ്ങൾ ചേർത്ത് വായിയ്ക്കുക.
- How do you reread? Faster, slower, just the best bits?
പതിയെ. ഉള്ളടക്കം അറിയാനുള്ള ജിജ്ഞാസ ഇല്ലല്ലോ. പിന്നെ നോക്കാനുള്ളത് സ്റ്റൈൽ, പാറ്റേൺസ്, എഴുത്തിലെ വേഗക്രമീകരണങ്ങൾ, ഡീറ്റൈലിംഗ് തുടങ്ങിയ സംഗതികളാണ് – അതെനിയ്ക്കു പ്രധാനമാണ്. ബെസ്റ്റ് ബിറ്റ്സ് മാത്രമായി വായിയ്ക്കാറുണ്ട് – ഉദാഹരണത്തിന് ക്നോസ്ഗാർഡിന്റെ Some Rain Must Fall വായിച്ചപ്പോൾ അയാളുടെ റൈറ്റിംഗ് കോഴ്സ് തുടങ്ങുന്നതിനുമുന്നെയുള്ള ഭാഗങ്ങൾ സ്കിപ് ചെയ്യാൻ വേണ്ടി മനസ്സ് കൊതിച്ചുകൊണ്ടിരുന്നു – ഏറെക്കുറെ byheart ആണ് ആ ഭാഗങ്ങൾ, ഒരു തവണയേ വായിച്ചിട്ടുള്ളൂ താനും – എന്നാൽ അയാൾ Hunger-നെപറ്റി പറഞ്ഞ ഭാഗങ്ങൾ പുതുമയായി തോന്നി, മുന്നേ വായിച്ചിട്ടില്ലെന്നു തോന്നി. ഇങ്ങനെയുള്ള സംഗതികൾ കാഴ്ചയിൽ/ഓർമ്മയിൽ എത്തുന്നത് രസമാണ്.
- Who or what do you reread, more specifically? Which authors or genres or individual books?
ക്ളാസിക്സ്, അല്ലെങ്കിൽ അത്രയ്ക്ക് ഇഷ്ടമുള്ള കൺടെംപററി എഴുത്തുകാരെ. മിസ്റ്ററി, സയൻസ് ഫിക്ഷൻ, ക്രൈം തുടങ്ങിയവ രണ്ടാമത് വായിയ്ക്കാറില്ല, അതിന്റെ ആവശ്യമില്ല. ഇഷ്ടമുള്ള എല്ലാ എഴുത്തുകാരുടെയും എല്ലാ എഴുത്തുകളും ഇഷ്ടമല്ല – ഉദാഹരണത്തിന്, പാമുക്കിന്റെ Red Haired Woman തികഞ്ഞ പരാജയമാണ് – അതിനി വായിയ്ക്കുന്ന പ്രശ്നമല്ല. ക്നോസ്ഗാർഡിന്റെ സീസൺ സീരീസ് ഇനി വായിയ്ക്കില്ല. എന്നാൽ സെബാൾഡിന്റെ നാലു നോവലുകളും ഇനിയും വായിയ്ക്കും. ഇപ്പോൾ Wuthering Heights വീണ്ടും വായിയ്ക്കുന്നു – എനിയ്ക്ക് ജിജ്ഞാസ അടക്കാനാവുന്നില്ല. അതാണ് ക്ളാസിക്സ് വായിയ്ക്കുന്നതിന്റെ സംഗതി, നിതാന്തമായ പുതുമ. മോബിഡിക്ക് എപ്പോൾ വേണമെങ്കിലും വായിയ്ക്കാം. അന്നാ കരേനിന ഇനി വായിയ്ക്കൽ ഉണ്ടാകില്ല. പക്ഷെ അത് ഏറെക്കുറെ ഹൃദിസ്ഥമായി എന്നത് കൊണ്ടാണ്. പ്രൂസ്ത് ചില ഭാഗങ്ങൾ വായിച്ചേയ്ക്കാം, എന്നാൽ, യുളീസസ്, വാർ ആൻഡ് പീസ് എന്നിവയൊന്നും ഇനി വായിയ്ക്കാൻ വയ്യ.
- Is there a book that you found better when you reread it?
പാമുക്കിന്റെ സ്നോ. ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ എന്ന ഓട്ടോ ഫിക്ഷൻ നോവൽ. ചാവുനിലം.
- And one that was worse?
ഗോര (ടാഗോർ), കൊടുങ്കാറ്റടിച്ച നാളുകൾ എന്ന ബംഗാളി നോവൽ. സത്യത്തിൽ മോശം എന്ന് ഒരിയ്ക്കൽ തോന്നിയ നോവലുകൾ പിന്നെ വായിയ്ക്കുക പതിവില്ല. സി രാധാകൃഷ്ണന്റെ നോവലുകൾ പിന്നെ വായിയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്.
- Which one book have you reread most times?
പഥേർ പാഞ്ചാലി. ഇപ്പോഴും ആ നോവലിനെപ്പറ്റി ആലോചിയ്ക്കുമ്പോൾ ആ സിനിമയും എന്റെ തന്നെ ബാല്യവും കടലും തീവണ്ടിയും കാണാനുള്ള മോഹവും ബന്ധുവായ, അപുവെപ്പോലെയുള്ള, ബാല്യകാല സുഹൃത്തും, തൈര് കടഞ്ഞു കൊണ്ടിരിയ്ക്കുമ്പോൾ അവന്റെ പോലെ ചുരുണ്ട തലമുടിയുള്ള ആരോ വഴിയെപ്പോകുന്നത് കണ്ട് മനസ്സിടറുന്ന അമ്മയും (അപു ഹോസ്റ്റലിൽ നിന്ന് വന്നതായിരുന്നു, അതേപോലെ മടങ്ങിവരുന്ന എന്റെ ബന്ധുവിനെക്കാത്ത് രാത്രി അവന്റെ നിമിഷംപ്രതി അക്ഷമയായിക്കൊണ്ടിരുന്ന അമ്മയോടൊപ്പം അതേ മിടിപ്പോടെ ഞാൻ നിന്നിട്ടുണ്ട്) അവരുടെ സ്നേഹവും എല്ലാം എന്നെ നിശ്ചലനാക്കാറുണ്ട് – ആ ഗ്രാമത്തിന്റെ പേര് നോക്കൂ, നിശ്ചിന്തിപുരം. അപുവെപ്പോലെ നിശ്ചിന്തനായി എന്റെ ഗ്രാമത്തിൽ അങ്ങുമിങ്ങും ഞാൻ അലഞ്ഞിട്ടുണ്ട്. അപു വിരുന്നു പോവുന്ന ഗ്രാമത്തിന്റെയും അവിടത്തെ പെൺകുട്ടിയുടെയും ഓർമ്മ അവന്റെ മനസ്സിൽ എന്നും ഉദിച്ചു നിന്നു എന്നാണ് നോവലിൽ – എനിയ്ക്കും അതുപോലെ ഒരു സ്ഥലത്തിന്റെ ഓർമ്മയുണ്ട്. ആ ചെറുപട്ടണത്തിൽ ആണ് ഞാൻ പിന്നെ താമസിച്ചത് – അവിടത്തെ ഓരോ വഴികളും കാണുമ്പോൾ ഇപ്പോഴും എനിയ്ക്ക് അസാധാരണമായ ആന്തലുണ്ടാകാറുണ്ട്.
പദ്മ മേഘ്ന, നെല്ലിന്റെ ഗീതം, അരണ്യേർ അധികാർ, പ്രഥമപ്രതിശ്രുതി, ബകുളിന്റെ കഥ, സത്യവതി, അപുർ സൻസാർ തുടങ്ങിയ അനവധി ബംഗാളി നോവലുകൾ ഞാൻ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട് – കൗമാരത്തിൽ അവ നൽകിയ സന്തോഷം പറഞ്ഞറിയിയ്ക്കുക വയ്യ. ക്ലാസ്സ്മുറികളിലെ വിരസതയും മറ്റുമൊഴിഞ്ഞ് ഇഷ്ടമുള്ള ഒരാളുടെ സാമീപ്യത്തിലേയ്ക്ക് മടങ്ങുന്നപോലെ അന്നെനിയ്ക്കവ അനുഭപ്പെട്ടു.