അടുത്തിടെ ഇന്ദുഗോപന്റെ, മാതൃഭൂമി വഴി വന്ന “പ്രേതവേട്ടക്കാരൻ”, ഡിസി ഇറക്കിയ “കഥകൾ” തുടങ്ങിയ സമാഹാരങ്ങൾ വായിയ്ക്കുകയുണ്ടായി. “പ്രേതവേട്ടക്കാര”ന്റെ ഇൻട്രോ രസകരമാണ് – ടിവിയിലോ യൂറ്റ്യൂബിലോ കണ്ടിട്ടുള്ള ഒരു ടിവി പരിപാടിയിൽ ഒരു വീട്ടിലെ കട്ടിലിനെപ്പറ്റിയുള്ള അതിശയോക്തിപരമായ ഒരു കഥയുണ്ടായിരുന്നു, പ്രേതബാധയും മറ്റും തന്നെ. ഗോപൻ തന്നെ പറയുന്നപോലെ അതിഭയങ്കരമായ പശ്ചാത്തല സംഗീതവും നാടകീയതയും ഒക്കെ വച്ച് പ്രേക്ഷകനിൽ ഭയം ജനിപ്പിയ്ക്കുന്ന ഒന്ന് – അന്ന് ഞാൻ ഭയന്നിട്ടുമുണ്ടായിരുന്നു. ആ വീട്ടിൽ എഴുത്തുകാരൻ പോയി താമസിച്ച് അതിനെപ്പറ്റി എഴുതുന്നു. അതുപോലെയുള്ള മറ്റിടങ്ങൾ. അതിനുശേഷമുള്ളതെല്ലാം കഥകളാണ്, ഒന്ന് പാതി അനുഭവവും. പാട്ടുസായിപ്പ്, തുടയെല്ല് തുടങ്ങി ഇന്ദുഗോപന്റെ പ്രസക്തമായ പ്രേതകഥകൾ ഒരുവിധം എല്ലാം ഇതിലുണ്ട്. എന്നാൽ ഒരു കഥപോലും എന്നിൽ ഒരു ചലനവുമുണ്ടാക്കിയില്ല (തുടയെല്ല് ഹൈപ്പ് കേട്ടാണ് ആദ്യമേ വായിച്ചത്, ലോവ്ക്രാഫ്റ്റിന്റെ അല്ലെങ്കിൽ എം ആർ ജയിംസിന്റെ ഒക്കെ കഥകളുടെ ദുർബ്ബലമായ ആവർത്തനം പോലെ തോന്നി). മരിയ റോസിന്റെ “ഗ്രന്ഥകാരന്റെ മരണ”ത്തിലെ കഥകൾ (“ബെറ്റി”) ഇവയെക്കാൾ ക്രാഫ്റ്റ് ഉള്ളതായി തോന്നി എന്നതാണ് മറ്റൊരു സംഗതി (ഈ സമാഹാരവും അതിനിടെ വായിച്ചിരുന്നു). എനിയ്ക്കിഷ്ടമുള്ള ജോൺറെയാണ് ഹൊറർ, എന്ന് മാത്രമല്ല അടുത്തിടെ ഞാൻ മറ്റുചില പുസ്തകങ്ങളെപ്പറ്റി ഇവിടെ എഴുതുകയുമുണ്ടായി. ഈ കഥകളിൽ ഒന്ന് മറ്റൊരു സമാഹരത്തിൽ വായിച്ചുള്ളതായിരുന്നു(മാർത്താണ്ഡവർമ്മയുടെ ബന്ധുക്കളും പ്രേതങ്ങളും ഒക്കെയുള്ള ദീർഘമായ കഥ). കഥയ്ക്ക് അടിക്കുറിപ്പായി ഇതിന്റെ പുതിയ വേർഷൻ മറ്റൊരു പുസ്തകത്തിൽ കൊടുത്തിട്ടുണ്ടെന്നോ മറ്റോ എഴുതിയിട്ടുണ്ട്. അപ്പോൾ പിന്നെ ഈ കഥ ഇവിടെ കൊടുക്കാൻ കാരണം? ഒന്നുമില്ല, ഒരു പുസ്തകം ഇറക്കണമല്ലോ – അസാധാരണമാം വിധം പോപ്പുലർ ആയ ഇന്ദുഗോപനെ കഴിയുന്നത്ര വിറ്റഴിയ്ക്കുക എന്ന ഒരു ചിന്ത മാത്രമാണ് ഈ പുസ്തകത്തിനു പിന്നിൽ. ഇതു തന്നെയാണ് ഡിസിയുടെ “കഥകൾ” എന്ന പുസ് തകത്തിനും പിന്നിൽ. ഗോപന്റെ മോശം കഥകൾ മുഴുവൻ സമാഹാരത്തിലുണ്ട്. ആദ്യ എട്ടൊമ്പതു കഥകൾ വായിയ്ക്കുന്ന ഒരാൾ പുസ്തകമെടുത്ത് എറിയാൻ പാകത്തിന് ചവറാണ് അവ – എന്നാൽ ഗോപന്റെ മികച്ച കഥകൾ (അമ്മിണിപ്പിള്ള വെട്ടുകേസ്, ചെങ്ങന്നൂർ ഗൂഢസംഘം, കൊല്ലപ്പാട്ടി ദയ, പടിഞ്ഞാറേക്കൊല്ലം ചോരക്കാലം, ശംഖുമുഖി പിന്നെ അയാളുടെ ഏറ്റവും മികച്ച കഥയായ ആരുവായ്മൊഴിയിലെ പാതിവെന്ത മനുഷ്യർ) ഇതിന്റെ കാൽഭാഗം പിന്നിട്ടാൽ ഉണ്ട് – നാല്പതുകഥകളുടെ സമാഹാരമാണ് – എണ്ണം കൂടുതലാക്കിയാൽ കാശും കൂടുതൽ വാങ്ങാം എന്നാണ് ഡിസിയുടെ ചിന്ത (ഡിസി “നോവൽ” ആയി ഇറക്കിയ “ചോരക്കാലം” ഈ സമാഹാരത്തിൽ കഥയായി പുനരവതരിച്ചിട്ടുണ്ട്, ലോൾ). ഇന്ദുഗോപൻ ആദ്യകാലത്ത് കഥകളെ സിനിമാറ്റിക് ആക്കാൻ മനഃപൂർവ്വം ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ് – ശംഖുമുഖിയിലെ ആദ്യത്തെയും അവസാനത്തെയും സീനുകളിലെ അതി നാടകീയത തന്നെ ഉദാഹരണം. അതിനിടയ്ക്ക് സിനിമാറ്റിക് രംഗങ്ങൾ ഉണ്ടെങ്കിലും ആഖ്യാനം ഗോപന്റെ കയ്യിൽ ഭദ്രമാണ്. എന്നാൽ മറ്റുകഥകളിൽ ഗോപൻ നിയന്ത്രണത്തോടെയാണ് എഴുതിയിരിയ്ക്കുന്നത് – ചോരക്കാലത്തിന്റെ അവസാന രംഗം എനിയ്ക്കിഷ്ടമാണ്. ട്വിങ്കിൾ റോസാ എന്ന സമാഹാരത്തിലെ കഥയാണ് “ആരുവായ്മൊഴി”. അതിലെ ദുരന്തം ഞെട്ടിയ്ക്കുന്നതാണ്. ഗോപന്റെ അടുത്ത് വന്ന കഥകൾ – “ബുദ്ധ”, “ചെന്നായ്” തുടങ്ങിയവ മോശമായിരുന്നു. പിന്നെ, ഇന്ദുഗോപന്റെ പോപ്പുലാരിറ്റിയും വിശിഷ്യാ പുതുതലമുറയ്ക്കിടയിലെ സ്വീകാര്യതയും കാരണം നമ്മൾ പറയുന്നതിന് പ്രത്യേകിച്ച് വിലയൊന്നുമുണ്ടാകില്ലെന്നു മാത്രം. ഒരു സമയത്ത് ദേവദാസിന്റെയും ഹരീഷിന്റെയുമൊക്കെ നിരയിലേയ്ക്ക് അയാൾ ഉയരുമെന്ന് ഞാൻ കരുതിയിരുന്നു. അതുണ്ടാകാത്തതിന്റെ നിരാശയുണ്ട്, എനിയ്ക്ക്.
മരിയാന എൻറിക്വസിന്റെ (Mariana Enríquez ) “Things We Lost in the Fire”-നേപ്പറ്റി (https://melethilwrites.wordpress.com/2018/11/01/കെട്ടകാലത്തെക്കുറിച്ചു/) ഞാൻ മുന്നെ എഴുതിയിട്ടുണ്ട്. അവരുടെ പുതിയ സമാഹാരമാണ് “The Dangers of Smoking in Bed: Stories”. ബുക്കറിൽ ലോങ്ങ് ലിസ്റ്റ് ചെയ്യപ്പെട്ട ഈ പുസ്തകത്തിൽ ആദ്യസമാഹാരത്തിലെപ്പോലെ അർജന്റീനയുടെ ഭീകരമായ ഭൂതകാലത്തെപ്പറ്റിയാണ് മിയ്ക്ക കഥകളും. കമ്മ്യൂണിസ്റ്റുകാരെയും സാധാരണക്കാരെയും കൊന്നൊടുക്കിയ ഭീകരർക്കും സൈനികനേതാക്കൾക്കും മാപ്പുനൽകുകയാണ് അന്നാട്ടിൽ ഉണ്ടായത്. അതിന്റെ guilt അവിടത്തെ പുത്തൻ എഴുത്തുകാർക്കുണ്ട് – ചിലിയൻ എഴുത്തുകാരനായ Zambra-യും ഇതിനെപ്പറ്റി പറയാറുണ്ട്. ഫാസിസ്റ്റുകൾക്കു ഒത്താശ ചെയ്ത മിഡിൽ ക് ളാസ് ഫാമിലികളുടെ പാപബോധം പേറുന്നത് ഈ തലമുറയിലെ എഴുത്തുകാരാണ് എന്ന് ചുരുക്കം. എന്നാൽ ആദ്യസമാഹാരത്തിലെപ്പോലെ effective അല്ല മരിയാന പുതിയ പുസ്തകത്തിലെ കഥകൾ. ഇത് ഞാൻ ബുക്കറിനെ പറ്റിയുള്ള പോസ്റ്റിൽ പറഞ്ഞു – മിയ്ക്കവാറും ലിസ്റ്റിൽ ഉള്ള എല്ലാ പുസ്തകങ്ങളും മോശമാണ് – അങ്ങനെ പറഞ്ഞാൽ ആളുകൾക്ക് തീരെ പിടിയ്ക്കില്ല, പക്ഷെ പറയാതിരിയ്ക്കാൻ വായന സീരിയസ് ആയെടുക്കുന്ന ആർക്കും കഴിയില്ല. ഇതിലെ കഥകളിൽ മിയ്ക്കതും പഴയ സമാഹാരത്തിലെ കഥകളോട് അന്തരീക്ഷ സൃഷ്ടിയിലോ ആഖ്യാനത്തിലോ കിടപിടിയ്ക്കുന്നില്ല – അതിലെ, മീറ്റൂ പ്രമേയമായ “Things We Lost in the Fire” എന്ന കഥ, ശിശുബലി പ്രമേയമായ “The Dirty Kid” (ഇത് വായിച്ചു disgusted ആയി ഈ സമാഹാരം സജസ്റ്റ് ചെയ്തതിന് എന്നെ ചീത്ത വിളിച്ച സുഹൃത്തുക്കളുണ്ട് – അത്രമാത്രം disturbing ആണ് അവരുടെ കഥകൾ), Adela’s House തുടങ്ങിയവ എഴുത്തുകാരിയുടെ മിടുക്കിനും എഴുത്തുബുദ്ധിയ്ക്കും ഉദാഹരണങ്ങളാണ്. “Kids Who Come Back” എന്ന അമ്പതു പേജോളമുള്ള നീണ്ട കഥയാണ് “The Dangers of Smoking in Bed” -ലെ മികച്ചത്. മരിച്ചതോ, മാഫിയകൾ തട്ടിക്കൊണ്ടുപോയെന്നു സംശയിയ്ക്കുന്നവരോ ആയ കുട്ടികൾ – എല്ലാം മൈനർമാർ – തിരിച്ചു വരുന്നതാണ് കഥയുടെ കേന്ദ്ര ആശയം (Carrere-യുടെ സ്ക്രിപ്റ്റിൽ വന്ന “The Returned” എന്ന സീരീസ് ഞാൻ ഓർത്തു). എന്നാൽ ആദ്യത്തെ ഉത്സാഹത്തിനുശേഷം കുട്ടികൾ തങ്ങളുടേതല്ല എന്ന് രക്ഷിതാക്കൾ പരാതി പറയാൻ തുടങ്ങുന്നു, ചിലർ ആത്‍മഹത്യ വരെ ചെയ്യുന്നു. ഈ കേസ് ആദ്യം മുതൽ അന്വേഷിയ്ക്കുന്ന ഒരു സ്ത്രീയും അവരുടെ സുഹൃത്തുമാണ് ആഖ്യാനത്തിലെ പ്രധാനികൾ – സുഹൃത്തിന് ഇത് അയാളുടെ കരിയർ ബൂസ്റ്റ് ചെയ്യാനുള്ള ഒരു വഴി മാത്രമാണ് – എന്നാൽ നായികയ്ക്ക് ഇതങ്ങനെയല്ല – കുട്ടികളിലെ പ്രധാനിയായ പെൺകുട്ടിയുമായി ഒരു അത്മബന്ധം അവർക്ക് അതിനകം കൈവന്നിട്ടുണ്ട്. കഥയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ, വ്യംഗ്യം എന്നിവ വ്യക്തം. ഈ കഥയിൽ മൈനറുമായുള്ള ലൈംഗികബന്ധം വീഡിയോ എടുക്കുന്നത് മറ്റൊരു കഥയിലും (“No Birthdays or Baptisms”) വരുന്നുണ്ട് – അവിടെ കഥ പറയുന്ന പയ്യന്റെ സുഹൃത്താണ് വിഡിയോകൾ എടുക്കുന്നത്. ഒരു ട്രാൻസിൽ എന്ന പോലെ കഴിയുന്ന പെൺകുട്ടി ഒരു ദിവസം അവനോടു പറയുന്നു – ആ വീഡിയോ എന്നെ കാണിയ്ക്കൂ, എന്റെ ശരീരം ഞാൻ തന്നെ കണ്ടിട്ടില്ല (“I’ve never seen my body,” she explained. “I shower with my eyes closed. I change clothes with my eyes closed.”). “Our Lady of the Quarry” -യിൽ തങ്ങളുടെ അയൽക്കാരി തങ്ങൾക്കു നോട്ടമുള്ള ഒരു സുന്ദരനെ കൈക്കലാക്കിയതിന് അവരോട് പ്രതികാരം ചെയ്യാനൊരുങ്ങുന്ന പെൺകുട്ടിയെ കാണിയ്ക്കുന്നു. അവർ സമ്മേളിയ്ക്കുന്ന ഒഴിഞ്ഞ ക്വാറിയ്ക്ക് സമീപം കാട്ടുനായ്ക്കൾ ഉണ്ടെന്ന് ആരോ പറയുന്നുണ്ട് കഥയുടെ ആദ്യത്തിൽ. പെൺകുട്ടി എന്തോ കൂടോത്രം ചെയ്യുന്നതായി എപ്പോഴും പറയുന്നുണ്ട്. കാട്ടുനായ്ക്കളെ ആരാണ് നിയന്ത്രിയ്ക്കുന്നത്? – ഇതുപോലുള്ള intriguing കഥകളും സമാഹാരത്തിലുണ്ട്. “Back When We Talked to the Dead” -ൽ Ouija ബോർഡ് കളിയ്ക്കുന്ന കുട്ടികളാണ്. അവർ നേരിടുന്ന സ്പിരിറ്റുകളിൽ നല്ലവരും ചീത്തവരുമുണ്ട്. കുട്ടികൾ വിളിയ്ക്കുന്ന സ്പിരിറ്റുകൾ, യഥാർത്ഥത്തിൽ, അർജന്റീനയുടെ ഭീകരമായ ഭൂതകാലത്ത് കാണാതെയായ ആളുകളുടെതാണ്. ചീത്ത സ്പിരിറ്റുകൾ രാഷ്ട്രീയക്കൊലകളുടെ ഈ ഇരകൾ, കുട്ടികളുമായി സമ്പർക്കത്തിൽ വരുന്നത് തടയുവാൻ നോക്കുന്നു – വളരെ clever ആയി ഭീതികഥകളിലെ cliche എലിമെന്റിനെ കഥാകാരി അട്ടിമറിയ്ക്കുകയാണ്. ഈ കഥകളാണ് സമാഹാരത്തിൽ എനിയ്ക്ക് outstanding ആയി തോന്നിയവ. ഇന്ദുഗോപന്റെ കഥകളുമായി ഇവ താരതമ്യം ചെയ്യുക വയ്യ – ഭീതി എന്നത് മരിയാനയ്ക്ക് ഭൂതകാലം ഉളവാക്കുന്ന തികച്ചും രാഷ്ട്രീയമാനങ്ങളുള്ള വികാരമാണ് – തുടർച്ചയായി അവ എഴുതുക വഴി അവർ വായനക്കാരെ ഓർമ്മിപ്പിയ്ക്കുകയാണ് – നിങ്ങളുടെ സന്തോഷം മറ്റുള്ളവരുടെ അസ്ഥികൾക്കുമേലെ കെട്ടിപ്പൊക്കിയതാണ് എന്ന്. ഇന്ദുഗോപന്റെ ഭീതികഥകൾക്ക് എന്റർടൈൻമെൻറ് വാല്യൂ മാത്രമേ ഉള്ളൂ. ചില ആളുകൾക്ക് താരതമ്യം ഇഷ്ടമല്ലാത്തത് എന്റെ വിഷയമല്ല. രാഷ്ട്രീയം എനിയ്ക്ക് സർവ്വപ്രധാനമാണ് താനും.