ചില വായനകളും, ആലോചനകളും.

പ്രമുഖ ഓൺലൈൻ നിരൂപകന്റെ പുസ്തകം ഇറങ്ങുന്നു എന്ന് കണ്ടിട്ട് ഒന്ന് അന്വേഷിച്ചു നോക്കി. കവർ മാത്രമേയുള്ളൂ. പുസ്തകം പിന്നെ വരുമത്രേ. എന്താ അന്വേഷിയ്ക്കാൻ എന്ന് ചോദിച്ചാൽ ഇഷ്ടൻ കോപ്പി അടിച്ച കണ്ടെന്റിനെപ്പറ്റി ഞാൻ ബ്ലോഗിൽ എഴുതിയിരുന്നു, അത് തന്നെ ആണോ എന്നറിയാനായിരുന്നു. അല്ലാതെ ഐ ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് വാട്ട് സ്നോബ്സ് റൈറ്റ് ഇൻ മലയാളം. എക്കോയുടെ ഒരു ലേഖനമുണ്ട്. Bayard എന്ന ഒരുത്തൻ ഒരു പുസ്തകം വായിയ്ക്കാതെ അതിനെപ്പറ്റി എങ്ങനെ സംസാരിയ്ക്കാം എന്ന് വിവരിയ്ക്കുന്ന ഒരു പുസ്തകം വായിച്ചിട്ട് അതിലെ മിസ്റ്റേക്ക്സ് ചൂണ്ടിക്കാണിച്ച്, എങ്ങനെയാണ് ബയാർഡ് സ്വന്തം പുസ്തകം തന്നെ ശരിയ്ക്ക് വായിച്ചിട്ടില്ല എന്ന് തെളിയിയ്ക്കുന്ന ഒന്ന്. വായിയ്ക്കാത്ത പുസ്തകത്തെപ്പറ്റി എഴുതുക, വല്ലവന്റെയും കണ്ടെന്റ് അടിച്ചു മാറ്റി എഴുതുക, കാൽക്കാശിനു വിവരമില്ലെങ്കിലും സംസ്കൃതം കലർത്തി ഓക്കാനം വരുന്ന വിധത്തിലുള്ള ഭാഷയിലെഴുതുക, മലയാളത്തിലെ തന്നെ നല്ല പുസ്തകങ്ങൾ വായിയ്ക്കാത്തവൻ വിദേശി വായിയ്ക്കുന്നവനെ അതുപറഞ്ഞു പരിഹസിയ്ക്കുക – ഇങ്ങനെ പലതുണ്ട് മലയാളം ഓൺലൈൻ നിരൂപണത്തിൽ. മേൽപ്പടിയാൻ അടുത്ത് മോയയെപ്പറ്റി എഴുതിയ ലേഖനം വേറൊരാൾ എനിയ്ക്ക് ടൈംസിൽ നിന്ന് അടിച്ചു മാറ്റിയ ഭാഗമടക്കം അയച്ചു തന്നു. ഏതായാലും രണ്ടുപേരാണ് എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്തിട്ടുള്ളത്. ഒന്ന് ടിയാൻ. മറ്റേതോ ഏതോ ഒരു wankbag പോപ്പുലർ നോവലിസ്റ്റ്. ഓരോരുത്തർ ഇതൊന്ന് നോക്ക് എന്നും പറഞ്ഞു തരുന്ന ലിങ്ക് നോക്കി ചെല്ലുമ്പോഴാണ് ഇതൊക്കെ കണ്ടുപിടിക്കുന്നത്. ബ്ലോക്കിനുള്ള കാരണം ഇനിയും പറയേണ്ടല്ലോ.

ഏതായാലും അടുത്ത സമയത്ത് രസമായി വായിച്ച പുസ്തകങ്ങളിൽ ഒന്നാം സ്ഥാനത്ത് നിസാർ അഹമ്മദിന്റെ “ഉണ്മയുടെ ഇടയനാ”ണ്. എനിയ്ക്ക് അതിനെപ്പറ്റി പറയാനറിയില്ല. മുഴുവനായി മനസ്സിലായി എന്നാണ് എന്റെ ധാരണ. പല വാക്കുകളുടെയും അർഥം മനസ്സിലായില്ല. അത് കുഴപ്പമില്ല. ഒന്ന് കൂടി വായിച്ചാൽ പിടികിട്ടുമായിരിയ്ക്കും(വായിയ്ക്കും). ഫൂട്നോട്ട്സ് വായന കൂടി ആയപ്പോൾ ഭയങ്കര ത്രില്ലായിപ്പോയി. ആദ്യമായാണ് മലയാളത്തിൽ ഇങ്ങനെയുള്ള പുസ്തകം വായിയ്ക്കുന്നത്. ഏതായാലും അയാളുടെ “കലയുടെ ഉണ്മ” എന്ന പുസ്തകം കൂടി സംഘടിപ്പിച്ചിട്ടുണ്ട്.

ടിജെ ജോസഫിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” അതിന്റെ restraint-ലും അത്യസാധാരണ പ്രഹരശേഷിയുള്ള പുസ്തകമാണ്. കേഡർ മതതീവ്രവാദത്തിന്റെ ശക്തി എത്ര വലിയ യാഥാർഥ്യമാണ് എന്നറിയാൻ ഈ പുസ്തകം മതി. ഇത് സത്യത്തിൽ ഇംഗ്ലീഷിൽ വരേണ്ട ഒന്നാണ് (വന്നോ എന്ന് സംശയമുണ്ട്), വലിയൊരു ഓഡിയൻസ് ഈ പുസ്തകത്തിന് ആവശ്യമുണ്ട്. സാധാരണ മനുഷ്യർ മതഭീകരർക്കും പോലീസിനുമൊക്കെ മുന്നിൽ എത്ര നിസ്സാരരാണ് എന്നറിയാൻ ഇത് മതി. അയാൾ തെറ്റ് ചെയ്‌തെന്ന പ്രചാരണം വിശ്വസിച്ചു പോയ ഒരാളാണ് ഞാനും. പിന്നീട് സോഷ്യൽ മീഡിയ വഴിയാണ് ആ ധാരണ മാറിയത്. ഈ വായന ഒരു പ്രായശ്ചിത്തം പോലെയാണ് തോന്നിയത്. ആ മനുഷ്യന്റെ ഭാഷയിലെ ഹ്യൂമർ പോലും എന്ത് ശക്തമാണ്.

നിതിന്റെ പുസ്തകം എഴുതുന്നതിന് മുന്നേ പല “ഡയറി” പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എന്നാൽ അതിനുശേഷം വായിച്ച ചില സമാന പുസ്തകങ്ങൾ എന്നെ ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് “ജീവിത നാടകം – വിദ്വാൻ പി കേളുനായരുടെ ഡയറിക്കുറിപ്പുകൾ”. കാരണം 28-ആം വയസ്സിൽ ആത്‍മഹത്യ ചെയ്ത ഒരു മനുഷ്യൻ സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ, നാടിനു സ്വാതന്ത്ര്യം കിട്ടാതെ അധ്യാപനത്തിനു താൻ കാശു വാങ്ങില്ലെന്ന് പറഞ്ഞു കൊണ്ട് പ്രാരാബ്ധങ്ങൾക്കു നടുവിൽ നിന്ന്, അപ്പോളും പൊളിറ്റിക്കലായി തന്നെ ജീവിച്ചുകൊണ്ട്, തന്റെ ദൈനം ദിന ജീവിതം രേഖപ്പെടുത്തിയതാണ് ഈ പുസ്തകത്തിൽ. ഒറ്റനോട്ടത്തിൽ വെളിപ്പെടാത്ത ആഴം ഈ കുറിപ്പുകൾക്കുണ്ട്. എഡിറ്ററായ ഇപി രാജഗോപാലന്റെ ഇടപെടലുകളാണ് പുസ്തകത്തിന്റെ വായനാനുഭവത്തിന്റെ ആണിക്കല്ല്. ക്യൂറേഷൻ അല്ല എഡിറ്റിംഗ് എന്നതിന്റെ മലയാളത്തിലെ അപൂർവ്വമായുള്ള ഉദാഹരണം.

ഉറൂബിന്റെ “നീലമല”, എഴുത്തുകാരൻ ഊട്ടിയിലും കൂർഗിലും ഒക്കെയായി ജീവിച്ചിരുന്ന കാലത്തെ ഓർമ്മകളിൽ എഴുതിയതാവണം. ഇപ്പോൾ ഈ കണ്ടെന്റ് ഒക്കെ ഡേറ്റഡ് ആയി തോന്നും. എന്നാൽ അതിന് ഒരു വിലയുണ്ട്. കേളുനായരുടെ പുസ്തകത്തിന്റെ കാര്യത്തിൽ പറഞ്ഞപോലെ തന്നെ, അതിന്റെ പഴക്കം തന്നെ അതിന്റെ വാല്യൂ. ഏതൊരു എഴുത്തുകാരും തന്റെ കാലത്തെ അടയാളപ്പെടുത്തുന്നതിന്റെ വില.

പ്രഭ സക്കറിയാസിന്റെ “വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി” എന്ന കവിത ഒരു പക്ഷെ കവിയുടെ ഏറ്റവും മികച്ച വർക്കായിരിയ്ക്കണം. അതേ പേരിലുള്ള പുസ്തകത്തിലെ ബാക്കി കവിതകളിൽ ചില വരികൾ മാത്രം ശ്രദ്ധയിൽപ്പെട്ടു, വാങ്ങിയത് ഈ കവിതയ്ക്കായാണ്. പുസ്തകം വളരെ നന്നായി ഡിസൈൻ ചെയ്തിട്ടുണ്ട്. എന്നാൽ കവറിൽ പി രാമൻ എഡിറ്റർ എന്ന് കണ്ടു. രാമൻ പ്രഭയുടെ എന്നല്ല സ്വന്തം കവിത പോലും എഡിറ്റ് ചെയ്യാൻ അറിയാത്ത ഒരുത്തനാണ്. ക്യൂറേറ്റർ എന്ന് പറഞ്ഞാൽ പിന്നെയും രസമുണ്ട്. അധ്വാനിച്ച കാശു കൊടുത്തു പുസ്തകം വാങ്ങുന്ന വായനക്കാരന് ഇത് പറയാനുള്ള അവകാശമുണ്ട്. എനിയ്ക്കാണെങ്കിൽ ഇന്നാട്ടിലെ പബ്ലിഷർമാരെ ആവശ്യവുമില്ല.

 

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top