സിഷിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം അത്യസാധാരണമായ പോപ്പുലാരിറ്റി ഉള്ള സയൻസ് ഫിക്ഷൻ സീരീസാണ്( സയൻസ് കഠിനമാണ്, എന്നിട്ടും പുസ്തകം പോപ്പുലർ ആയി, ചൈനയിൽ മാത്രമല്ല ലോകമെങ്ങും). ഞാൻ മുൻപ് പല തവണയായി സയൻസ് ഫിക്ഷനിൽ ഉണ്ടായ ചൈനീസ് തരംഗത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത സകലതും ഒളിച്ചു വയ്ക്കുകയും ഒന്നാന്തരം പ്രൊപ്പഗാണ്ട ഇറക്കുകയും ചെയ്യുന്ന ചൈനീസ് അധികാരികൾ ഈ പുത്തൻ കൂറ്റുകാരെ മുഴുവൻ കണ്ണടച്ച് പ്രൊമോട്ട് ചെയ്യുകയാണുണ്ടായത് എന്നതാണ്. സാംസ്‌കാരിക, സാമ്പത്തിക മേൽക്കയ്യോടൊപ്പം സാഹിത്യവും സയൻസും ഒരു പോലെ വളരണം (ചൈനക്കാർക്ക് സയൻസിനോടുള്ള ആഭിമുഖ്യം വളർത്തുക എന്നതും, ഇവിടത്തെപ്പോലെ ഭൂതകാലത്തേയ്ക്കു മാത്രം നോക്കിയിരിയ്ക്കുന്ന ജനതയാകരുത് എന്ന്) എന്നുള്ള ഒരു അത്യാഗ്രഹം കൂടി അതിനു പിന്നിലുണ്ടായിരുന്നു (ചൈനീസ് കുട്ടികളെ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത് വരെ ഈ ആശയം മുന്നിറുത്തിയാണ്). അന്നാട്ടിലെ സാംസ്‌കാരിക വിപ്ലവത്തെ പ്രതിക്കൂട്ടിൽ നിറുത്തുന്ന ഒന്നാണ് ത്രീ ബോഡി പ്രോബ്ലം എന്ന സീരീസിലെ ആദ്യ പുസ്തകം (ഡാർക്ക് ഫോറെസ്റ്റ്, ഡെത്സ് എൻഡ് ആണ് മറ്റു രണ്ടു പുസ്തകങ്ങൾ). ഗവണ്മെന്റിന്റെ ആശയങ്ങളോട് യോജിയ്ക്കാത്ത ബുദ്ധിജീവികളെയും സയന്റിസ്റ്റുകളെയും എല്ലാം കൊന്നുകളയുകയാണ് നോവലിൽ.
അച്ഛന്റെ ദാരുണമരണത്തിന് ദൃക്‌സാക്ഷിയാകുന്ന കഥാപാത്രം പിന്നെ ഒരു ഡീഫോറെസ്റ്റെഷൻ പ്രോജെക്റ്റിലേയ്ക്ക് മാറ്റപ്പെടുകയാണ് (പക്ഷികളെ കൊല്ലുക എന്ന മാവോ ആശയം ഓർക്കുക). അവിടെ അവർ ഒരു കുന്നിൻ മുകളിൽ ഒരു ഭീമൻ ആന്റിന കാണുന്നു. സൈലന്റ് സ്പ്രിങ് എന്ന നിരോധിയ്ക്കപ്പെട്ട പുസ്തകം (ഐൻസ്റ്റീൻ വരെ ചൈനയ്ക്ക് അനഭിമതനായിരുന്നു) കൈവശം വച്ചതിനു ഫിസിസിസ്റ്റായ അവരെ ആജീവനാന്തം ഒരു സയൻസ് പ്രൊജെക്റ്റിലേയ്ക്ക് മാറ്റുകയാണ്. അവർ മുന്നേ കണ്ട ഡിഷ് ആന്റിന ഓപ്പറേറ്റ് ചെയ്യുന്ന ജോലിയാണ് അവർക്കു കിട്ടുന്നത് – എന്ത് സിഗ്നലാണ് സയന്റിസ്റ്റുകൾ അയയ്ക്കുന്നത്? ആർക്ക്? സിഗ്നൽ അയയ്ക്കുന്ന സമയങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ആന്റിനയുടെ അടുത്തേയ്ക്കു വരികയും ചത്തുവീഴുകയും ചെയ്യുന്നു, എന്തുകൊണ്ട്? നോവലിലെ സസ്പെൻസ് വളരുകയാണ്. പുസ്തകത്തിലെ പ്രധാന രംഗങ്ങളിൽ ഒന്ന് തന്റെ അച്ഛനെ കൊന്ന മൂന്നു സ്ത്രീകളെ (അന്നവർ കൗമാരക്കാരായ വളണ്ടിയർമാരായിരുന്നു) ഇവർ കണ്ടുമുട്ടുന്നതാണ്. ദരിദ്രകളും ഹതാശരും തങ്ങൾ വഞ്ചിയ്ക്കപ്പട്ടു എന്ന് തിരിച്ചറിഞ്ഞവരും ആയിരുന്നു അവർ – അവരിലൊരാൾ മരിച്ചിരുന്നു, ഒരാളുടെ ഒരു കൈ പാതി നഷ്ടമായിരുന്നു. (മാവോയുടെ ആശയങ്ങൾ പലതും മരമണ്ടൻ പരിപാടികളായിരുന്നു എന്ന് കാണിയ്ക്കുകയാണ് ഇവിടെ, ചൈനീസ് ലിപി ഏകീകരണം പോലെയുള്ള പല ജാതി പരീക്ഷണങ്ങൾക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട് ചൈനീസ് ജനത) – തീർത്തും നിരാശയിലാവുന്ന ഈ സയന്റിസ്റ്റ് നേരെ പോയി ഒരു മെസേജ് ട്രാൻസ്മിറ്റ് ചെയ്യുന്നു. അതൊരു ക്ഷണമായിരുന്നു. ട്രൈ സോളാരിയൻസ് എന്ന ഏലിയൻ സമൂഹത്തിനെ ഭൂമിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒന്ന് – ഭൂമിയിലെ പ്രശനങ്ങൾ തീർക്കാൻ അവർക്കേ കഴിയൂ എന്നാ സ്ത്രീയ്ക്ക് ഉറപ്പായിരുന്നു. നൂറ്റാണ്ടുകൾ കൊണ്ടാണ് ഏലിയൻസ് ഭൂമിയിലെത്തുന്നത് – മനുഷ്യൻ ഈ അസാധാരണ ശത്രുവിനെ നേരിടുന്നതും അതിന്റെ അനന്തര ഫലങ്ങളും ഒക്കെയാണ് ഈ പുസ്തകങ്ങളിലെ പിന്നീടുള്ള കഥ.
ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ഇത് സീരീസായി വരുന്നുണ്ട്. പുസ്തകം വായിച്ചവരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്ന മാറ്റങ്ങൾ സീരീസിലുണ്ട് (കുറച്ചു ലിബറൽ പരിവേഷത്തിനു വേണ്ടി വെള്ളക്കാരും, കറുമ്പരും, ചൈനാക്കാരുമൊക്കെയായി കഥാപാത്രങ്ങളെ മാറ്റിയിട്ടുണ്ട്, എനിയ്ക്കിത് വൻ തമാശയായി തോന്നി, വെള്ളക്കാരനല്ല ചൈനക്കാരാണ് ലോകത്തെ രക്ഷിയ്ക്കുന്നത് എന്നത് കൊണ്ടാണ് ഇതൊക്കെ). പ്രധാന കഥാപാത്രമായ വാങ് മിയോവിനെ തന്നെ മൂന്ന് ആളുകളായി വീതിച്ചിരിയ്ക്കുകയാണ് സീരീസിൽ (ഒരു വെള്ളക്കാരിയും കാരനും ചൈനക്കാരിയും). അയാളുടെ കമ്പനിയാണ് മനുഷ്യരുടെ പ്രധാന ആയുധം നിർമ്മിയ്ക്കുന്നത്(യുദ്ധത്തിന്റെ സ്ട്രാറ്റജിയൊക്കെ അടുത്ത നോവലിൽ വേറെ ലെവലിൽ വരുന്നുണ്ട്). അതുപോലെ സീരീസ് (വേറെ ടൈംലൈനിൽ നടക്കുന്ന) രണ്ടും മൂന്നും പുസ്തകങ്ങളിൽ നിന്നുമുള്ള കഥാതന്തുക്കൾ ഒന്നാം സീസണിൽ തന്നെ കാണിയ്ക്കുന്നു. ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിന്റെ നിർമ്മാതാക്കളാണ് ഇതിന്റെയും പിന്നിൽ – അസാധാരണമായി തുടങ്ങി അവസാന സീസണുകൾ ആയപ്പോഴേയ്ക്കും പുസ്തകത്തിന്റെയും സീരീസിന്റെയും വരെ ഫാൻസിനെ മുഴുവൻ ശത്രുക്കളാക്കി മാറ്റിയ ഒന്നായിരുന്നു അത്. ഈ സീരീസ് അതുപോലെ ഒടുങ്ങുമോ എന്ന തോന്നൽ എനിയ്ക്കുണ്ട്(ഞാൻ മുഴുവൻ കണ്ടില്ല, ഒരു മണിക്കൂറുള്ള എപ്പിസോഡുകൾ ആണ്, വല്ലാതെ ലളിതമാക്കിയ പോലെ എനിയ്ക്ക് തോന്നി, 160 മില്യൺ ആണത്രേ ഇതിന്റെ ചിലവ്, എഴുത്തുകാരന് തന്നെ രൂപ ഇരുന്നൂറു കോടിയോ മറ്റോ കൊടുത്തിട്ടുണ്ടെന്നും പറയുന്നു). എന്നാൽ പുസ്തകത്തിലെ കടുകട്ടി സയൻസ് കുറച്ചു ലളിതമായി മനസ്സിലാക്കാൻ സീരീസ് ഉപകാരപ്പെടും. സിഷിൻ ലിയുവിന്റെ എഴുത്തിനെപ്പറ്റിയുള്ള പ്രധാന പരാതി എപ്പോഴും അയാളുടെ കാർഡ്ബോഡ് പോലുള്ള കഥാപാത്ര നിർമ്മിതികളെപ്പറ്റിയാണ്. അതിനെ മറികടക്കാൻ കൂടിയാകാം സീരീസിലെ മാറ്റങ്ങൾ. വാങ് എന്ന കഥാപാത്രത്തെ മാറ്റി രണ്ടാം ബുക്കിൽ ലുവോജി എന്ന ഒരാളെ നോവലിസ്റ്റ് തന്നെ കൊണ്ടുവരുന്നുണ്ട്. അയാൾ വൺ ഡിമെൻഷനാണ് എന്ന് സിഷിനു തന്നെ തോന്നി എന്നർത്ഥം. ചൈനയിൽ അവരുടെ ഭാഷയിൽ തന്നെ മറ്റൊരു സീരീസും ഉണ്ടായിരുന്നു. അതിലിത്തരം മാറ്റങ്ങൾ ഒന്നുമില്ല എന്നാണ് ട്രെയിലർ കണ്ടപ്പോൾ തോന്നിയത്. അമേരിക്കയിൽ അത് ഏതോ OTT പ്ലാറ്റുഫോമിൽ കാണിയ്ക്കുന്നുണ്ടത്രെ.
ഏതായാലും സിഷിന് ലിയുവിന്റെ പുസ്തകങ്ങൾക്ക് വായനക്കാർ കൂടുന്നത് നല്ല സംഗതിയാണ്. ഈ വർഷം ഞാനാദ്യം തീർത്ത പുസ്തകം അയാളുടെ ഹോൾഡ് അപ്പ് ദി സ്കൈ എന്ന കഥാസമാഹാരമായിരുന്നു. അതിലെ പല ആശയങ്ങളും ജോ ഡ്രോപ്പിംഗ് ആയിരുന്നു. എത്ര വായനക്കാർ സയൻസിലേയ്ക്ക് തിരിയുന്നോ അത്രയും നല്ലത്. മലയാളത്തിലും ആരെങ്കിലും സിഷിനെപ്പോലെ, ചിയാങ്ങിനെപ്പോലെ ഒക്കെ വരുമായിരിയ്ക്കും. പുരാണത്തിന്റെ വാലിൽ പിടിച്ചുള്ള എളുപ്പമുള്ള കളികൾക്കാണ് ഇവിടെ വലിയ എഴുത്തുകാർക്കുപോലും താൽപ്പര്യം എന്നതാണ് പ്രശ്നം.
എൻബി – ഏഡ്രിയൻ ചായ്‌ക്കോവ്സ്കിയുടെ പുതിയ നോവൽ “ഏലിയൻ ക്ലേ” വായിയ്ക്കുയാണ് ഇപ്പോൾ. വർഷാവർഷം ഉഗ്രൻ sci-fi പുസ്തകങ്ങൾ എഴുതുന്ന ഭീകരനാണ് അയാൾ. എന്റെ ബ്ലോഗ്/പഴയ പോസ്റ്റുകൾ നോക്കുക.