വെള്ളക്കാരനായ Damon Galgut ആണ് “The Promise” എന്ന നോവലിന് ബുക്കർ ജയിച്ചിരിയ്ക്കുന്നത്. വെള്ളക്കാരുടെ ഒരു കുടുംബത്തെ നാലു വ്യത്യസ്ത ദശകങ്ങളിൽ പിന്തുടരുന്ന ആഖ്യാനമാണ് ഈ നോവലിനുള്ളത്. ഒരു വലിയ കൃഷിയിടവും പടുകൂറ്റൻ വീടും സ്വന്തമായുള്ള മാനിയുടെ ഭാര്യ റെയ് ച്ചൽ മരിയ്ക്കുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. അമോർ എന്ന ഇളയമകൾ ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേയ്ക്കു വരികയാണ്, ദൂരെ ഒരിടത്ത് താമസിച്ചു പഠിയ്ക്കുകയാണ് അവൾ (അമ്മ മരിയ്ക്കാൻ പോകുന്നതുകൊണ്ടാണ് അവളെ ദൂരെ അയച്ചതെന്നും ഇനി അവൾ വീട്ടിൽ തന്നെ നിൽക്കുമെന്നും അച്ഛൻ). മരിയ്ക്കാൻ പോകുന്ന അമ്മയോട് സലോമി എന്ന വേലക്കാരിയ്ക്കു അവർ താമസിയ്ക്കുന്ന സ്ഥലവും വീടും നൽകാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന് അവൾ പറയുന്നു – അച്ഛന് അതോർമ്മയില്ല. ഇതാണ് നോവലിന്റെ പേരിൽ വരുന്ന പ്രോമിസ്. എന്നാൽ ഇത് മൊത്തം സൗത്ത് ആഫ്രിക്കൻ ചരിത്രവുമായി ചേർത്ത് വച്ച് വായിയ്ക്കാനാണ് എഴുത്തുകാരൻ നമ്മളോട് ആവശ്യപ്പെടുന്നത്. അത് നോവലിന്റെ ഘടനയിൽ നിന്ന് വ്യക്തമാണ്. സൗത്ത് ആഫ്രിക്കൻ ചരിത്രത്തിലെ നാലു പ്രധാന സംഭവങ്ങളാണ് നോവലിൽ പ്രതിപാദിയ്ക്കുന്ന നാലു ദശകങ്ങളിൽ നടക്കുന്നത്. ഇത് നോവലിന് സഹായകമായോ എന്നുള്ളതാണ് നമുക്ക് നോക്കാനുള്ളത്
മാനിയുടെ മൂത്തമകൻ ആന്റൺ, ആർമിയിലാണ്. അയാൾ ഒരു ലഹളയ്ക്കിടയിൽ ഒരു കറുത്ത വർഗ്ഗക്കാരിയായ സ്ത്രീയെ വെടിവച്ചു കൊല്ലുന്നു. തന്റെ അമ്മയെയാണ് കൊന്നതെന്ന് അയാൾക്ക് തോന്നുന്നു. ഇതിനുപിന്നാലെ അമ്മ മരിയ്ക്കുകയും അയാൾ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്നു. അച്ഛൻ ഭാര്യയെ ഓർത്തു കരഞ്ഞു കൊണ്ടിരിയ്ക്കുന്നതായി അയാൾ കാണുന്നു, ആ മനുഷ്യൻ ജീവിതകാലത്ത് അമ്മയ്ക്ക് സ്വൈര്യം കൊടുത്തിട്ടില്ല. സലോമിയെ സംബന്ധിച്ച വഴക്കിൽ ആന്റൺ അമോറിന്റെ പക്ഷം കൂടുന്നു. ഇത് അച്ഛനോടുള്ള പ്രശ്ങ്ങൾക്ക് ഇടവയ്ക്കുന്നു. മാനി മതകാര്യങ്ങളിൽ താൽപ്പര്യമുണ്ടായിരുന്ന ആളല്ല, എന്നാൽ മരണത്തിനു മുന്നേ റെയ് ച്ചൽ ജൂദായിസത്തിലേയ്ക്ക് മടങ്ങിയത് അയാളെയും മതത്തോട് അടുപ്പിയ്ക്കുന്നു. അത് മകന്റെ പരിഹാസത്തിനു കാരണമാകുന്നു. ആന്റൺ പുരോഹിതനോട് സംസാരിയ്ക്കുന്ന വിധം അച്ഛന് പിടിയ്ക്കുന്നില്ല. അയാൾ മാപ്പു ചോദിയ്ക്കാൻ പറഞ്ഞതിനും മകൻ പരിഹസിയ്ക്കുന്നു, അയാൾ അവനെ വീട്ടിൽ നിന്നിറക്കിവിടുന്നു.
വിഷം തീണ്ടി അച്ഛൻ ആശുപത്രിയിലായപ്പോൾ ആന്റൺ തിരികെ വരുന്നുണ്ട്. ബോധമില്ലാതെ കിടക്കുന്ന അയാളോട് മകൻ താൻ അയാളെ ഒരിയ്ക്കലും സ്നഹിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനെത്തുടർന്ന് അച്ഛൻ മരിയ്ക്കുന്നു, ആസ്ട്രിഡ്, രണ്ടാമത്തെ മകൾ, തലേദിവസം വരെ അച്ഛന് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ എന്നോർത്ത് കരയുന്നു. ആന്റൺ വിചാരിയ്ക്കുന്നു, അവൾ അവൾക്കുവേണ്ടി, അവളുടെ തന്നെ മരണത്തെയോർത്താണ് കരയുന്നത് (എഴുത്തുകാരനാണ് കഥ പറയുന്നത്, ജെയിംസ് വുഡ് ന്യൂ യോർക്കറിൽ പറയുന്നത് “സരമാഗോ ഒക്കെ ചെയ്തപോലെ” എന്നാണ് – അനുഭവസമ്പത്തുള്ളവരുടെ wisdom ആ ആഖ്യാനത്തിൽ ഉണ്ടെന്നാണ് സൂചന. അത് ഈ നോവലിൽ അത്ര കണ്ടു വിജയിയ്ക്കുന്നില്ല എന്നാണ് എനിയ്ക്കു തോന്നിയത്). വിൽപ്പത്രം വായിയ്ക്കുമ്പോൾ തനിയ്ക്ക് സ്വത്തിൽ ഒന്നും തന്നെ എഴുതിവച്ചിട്ടില്ല എന്നതറിഞ്ഞ് ആന്റൺ അത്ഭുതപ്പെടുന്നു. നാട്ടിൽ അസ്വസ്ഥത വളരുകയാണ് (അമ്മ മരിയ്ക്കുമ്പോൾ പശ്ചാത്തലം പ്രശസ്തമായ റഗ്ബി ചാമ്പ്യൻഷിപ്പാണ്, അതിനെപ്പറ്റി സിനിമയൊക്കെയുണ്ട്, ഇപ്പോൾ Mbeki പ്രസിഡന്റാകുന്നു). അമോറിന് സലോമിയുടെ മകനോട് ചെറുപ്പത്തിൽ അടുപ്പമുണ്ടായിരുന്നു. എന്നാൽ അവൾ നാടുവിട്ടു പോകുന്നു. അന്നാട്ടിലെ നൂറുകൂട്ടം പ്രശ്നങ്ങളിൽ അവളുടെ കാമുകനൊക്കെ പെട്ടുപോകുന്നു. ആന്റൺ തന്റെ സ് കൂൾ കാലത്തെ കാമുകിയെത്തന്നെ വിവാഹം കഴിയ്ക്കുന്നു. അച്ഛൻ മരിയ്ക്കുമ്പോൾ അമോർ ലണ്ടനിലാണ്. അവൾ ആവർത്തിയ്ക്കുന്ന ഒരേ ഒരു കാര്യം സലോമിയ്ക്കു അമ്മ നൽകിയ വാഗ്ദാനമാണ്. അവളുടെ ചേച്ചി ആസ്ട്രിഡ് കാത്തലിക്കാകുന്നു. അവർ വിവാഹം കഴിയ്ക്കുകയും രണ്ടു കുട്ടികളുടെ അമ്മയാവുകയും ചെയ്യുന്നു. അവർ മറ്റൊരാളുമായി അടുപ്പത്തിലാകുകയാണ്. പിന്നെയും രണ്ടു പ്രധാന മരണങ്ങൾ നോവലിലുണ്ട്. എല്ലാം കഴിഞ്ഞു “വാഗ്ദാനം” നിറവേറിയോ എന്നതാണ് നോവലിന്റെ ബാക്കി ഭാഗത്തെ പ്രധാന കൗതുകം (അവസാനത്തിൽ പ്രോമിസിന് ആ കടലാസിന്റെ വിലപോലുമില്ലായിരുന്നെന്നും മറ്റും ഒരു കഥാപാത്രം പറയുന്നുണ്ട്).
മേലെ സൂചിപ്പച്ചതു പോലെ നോവലിലെ പ്രധാനസംഗതികൾക്കൊക്കെ ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. അവ എത്ര കണ്ട് ഫലപ്രദമാണ് എന്നതാണ് എന്റെ സംശയം. കഥയിലെ “24 വാതിലുകളുള്ള”, “പലപ്പോഴായി മുറികൾ ചേർക്കുകയും തകർക്കുകയും ഒക്കെ ചെയ്യുന്ന” വലിയ വീടും ആ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് വേണമെങ്കിൽ കരുതാം. നോവലിലെ ആഖ്യാതാവ് പലപ്പോഴും തമാശയായും കാര്യമായും പറയുന്ന സംഗതികൾ നോവലിന്റെ മാറ്റുകൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ effectiveness-നെപ്പറ്റി എഴുത്തുകാരന് തന്നെ സംശയമുണ്ടെന്ന് അവസാനഭാഗങ്ങളിൽ “ഇരുപതു വർഷമായി” ആന്റൺ എഴുതിക്കൊണ്ടിരിയ്ക്കുന്ന നോവലിനെപ്പറ്റി പറയുമ്പോൾ ആഖ്യാതാവ് ഇടപെട്ടു നടത്തുന്ന കമന്റുകൾ വായിച്ചാൽ നമുക്ക് തോന്നും (“There are interjections from the author in the margin too. Is this a family saga or a farm novel? one says. And another, Weather is indifferent to history! And also, Is this comedy or tragedy? These interjections take over, till very soon there is no story left, just a rough scheme of what the writer still intended.”). അതിനും പുറമെയാണ് നോവലിസ്റ്റ് തന്നെ പബ്ലിക്കായി പറഞ്ഞ ചില സംഗതികൾ – “some are leaving the country, and taking their money with them. I’m not among them – yet – but for the first time the idea is in my mind, and it’s not going away” എന്നാണ് അയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ട്വിറ്ററിൽ കണ്ടത് (സൗത്ത് ആഫ്രിക്കയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ അതിഗുരുതരമാണ്, ഇന്ത്യക്കാരും, ബ്ലാക് സും, വൈറ്റ് സും എല്ലാം തമ്മിൽ സംഘർഷത്തിലാണ് ). “To be a white man in South Africa today is to be disadvantaged as the odds are stacked against you. ” എന്നും അയാൾ പറഞ്ഞത്രേ. അപ്പോൾ നോവലിൽ, വൈറ്റ് ഫാമിലിയ്ക്ക് നേരിടേണ്ടി വരുന്ന തകർച്ചയും, അവർക്കു നേരിടേണ്ടി വരുന്ന അക്രമണങ്ങളും (ബ്ലാക്സ് ചെയ്യുന്ന ഒരു കൊലപാതകമടക്കം) നമ്മൾ നോക്കിക്കാണേണ്ട വിധം മാറുന്നു. ഇത്തരം സംഗതികൾ എങ്ങനെയാണ് വായിച്ചെടുക്കേണ്ടത് എന്ന, കഠിനമായ, ഒരു ചോദ്യം ഇപ്പോൾ എല്ലാ വായനകളിലുമെന്നപോലെ ഇവിടെയുമുണ്ട്. ആഫ്രിക്കയിൽ നിന്ന് അവാർഡ് കിട്ടിയത് ഒരു വെള്ളക്കാരനാണെന്നത് കൊണ്ട് പ്രത്യേകിച്ചും (മുന്നേ രണ്ടു നോമിനേഷൻ കിട്ടിയിട്ടുണ്ടെന്നതുകൊണ്ട് ബുക്കറിന്റെ കാര്യത്തിൽ ഈ വിജയം സ്വാഭാവികമായ സംഗതിയാണ്, അങ്ങനെയുള്ള മറ്റു വിന്നേഴ് സും ഉണ്ട്). ഈ റെപ്രെസന്റേഷൻ കൺസേൺസ് കാരണമാണ് നൊബേൽ കമ്മിറ്റി ഇത്തവണ മറ്റൊരു ശരാശരി (വായിച്ചിടത്തോളം) എഴുത്തുകാരന് നൊബേൽ കൊടുത്തത്. അയാളാകട്ടെ വർഷങ്ങളായി ബ്രിട്ടനിൽ താമസിയ്ക്കുന്ന ആളും, അയാളേത് നിലയ്ക്കാണ് “റെപ്രെസന്റേഷനാ”കുന്നത്? മുന്നെ വിവാദത്തിൽപ്പെട്ട Handke ഒന്നാം കിട എഴുത്തുകാരനാണ്. എന്നാൽ ഇവരൊക്കെ പല നിലവാരത്തിൽ എഴുതുന്ന ആളുകളും, ആ വ്യത്യാസവുമുണ്ട്.
കഴിഞ്ഞ വർഷം വിജയിച്ച നോവൽ Shuggie Bain-ലെ അമ്മയും മകനും ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്. പ്രോമിസിലെ പാത്രങ്ങളെ ഞാൻ ഇപ്പോഴേ മറന്നു തുടങ്ങിയെന്നതും ഞാനൊരു സൂചനയായി കാണുന്നു. നോവലിന്റെ തുടക്കത്തിലെ “പ്രോമിസ്”, എന്റെ വായനയിൽ, എഴുത്തുകാരന് നിലനിർത്താനായില്ല എന്നതാണ് സത്യം, അതിനൊരു കാരണം തീർച്ചയായും ഞാൻ പിന്നീട് വായിച്ച, മേലെ സൂചിപ്പിച്ച” കാര്യങ്ങളാണ്. Damon Galgut മോശം എഴുത്തുകാരനാണ് എന്നൊന്നും ഞാൻ കരുതുന്നില്ല, ഞാൻ വായന തുടർന്നുകൊണ്ടിരിയ്ക്കുന്ന Artic Summer എന്ന നോവൽ മറ്റൊരു തരം അനുഭവമാണ്. എന്നാൽ Deborah Levy പോലെയുള്ള എഴുത്തുകാർ (അവർ സൗത്ത് ആഫ്രിക്കയിൽ ജനിച്ച് ബ്രിട്ടനിലേയ്ക്ക് കുടിയേറിയതാണ്, അവരുടെ അച്ഛൻ Aparthied-ന് എതിരെ പോരാടി ജയിലിൽ കൊടിയ പീഡനങ്ങൾ അനുഭവിയ്ക്കേണ്ടി വന്നു) എത്ര അനായാസമായാണ് ഇത്തരം തീമുകൾ കൈകാര്യം ചെയ്യുന്നത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. വൈറ്റ് സുപ്രിമസി എന്ന മാനസികാവസ്ഥ വൈറ്റ് പുരുഷമാർക്കു മാത്രം വരുന്ന വട്ടച്ചൊറിയാണ് എന്ന് തോന്നുന്നു (ബ്ലാക്ക് ആണെങ്കിലും വീറ്റിഷ് ഫെയർ എന്ന് സ്വയം അഭിമാനിയ്ക്കുന്ന നമ്മുടെ നാട്ടുകാരെപ്പോലെ തന്നെ).
NB: എന്തൊരു കൂതറ കവർ.

Hello Abhilash, ഈ ലേഖനവുമായി ബന്ധമുള്ളതല്ല എന്നാലും കവിതകളേ പറ്റി എഴുതിയത് വായിച്ചിട്ടുണ്ട് പ്രത്യേകിച്ച് Transtromer നെ
പറ്റിയൊക്കെ, ആ കവിതകളുടെ ആഴത്തിലുള്ള അർത്ഥം മനസിലാക്കുന്നത് നിരന്തരമായ വായനയുടെ ഫലമാണോ അതോ മറ്റെന്തെങ്കിലും പ്രോസസ് ഉണ്ടോ..
Prose വായിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചിലവഴിക്കാറുണ്ടോ
വായന തന്നെ കാര്യം. വായനയിൽ അനുഭവസമ്പത്തുണ്ടാകുന്നത് പ്രധാനമാണ്. കാഴ്സൺ, ട്രാൻസ്ട്രോമെർ, ബിഗ്‌ന്യൂ ഹെബെർട്, സെലാൻ ഒന്നും പെട്ടെന്ന് പിടി തരില്ല. കൂടുതൽ വായിയ്ക്കുക, വായിച്ചതിനെപ്പറ്റി എഴുതിനോക്കുക/ ആലോചിയ്ക്കുക എന്നിവയും പ്രധാനം – എനിയ്ക്കാണെങ്കിൽ റൈറ്റിങ് ഈസ് തിങ്കിംഗ്. എന്റെ ബ്ലോഗ് മൊത്തം എന്റെ തിങ്കിങ് ആണ്.
നേരത്തേ FB, ക്ലബ് ഹൗസിൽ ഒക്കെ ഞാൻ ഫോളോ ചെയ്തിരുന്നു ഇപ്പോ ഗുഡ്റീഡ്സിലും, എന്നേപ്പോലെയുള്ളവർക്ക് കുറേ പ്രയോജനം ചെയ്യുന്നുണ്ട് ഈ ബ്ലോഗ്,
അതിനും കൂടി Thanks
Thanks, bud.
Hello Abhilash, ഈ ലേഖനവുമായി ബന്ധമുള്ളതല്ല എന്നാലും കവിതകളേ പറ്റി എഴുതിയത് വായിച്ചിട്ടുണ്ട് പ്രത്യേകിച്ച് Transtromer നെ
പറ്റിയൊക്കെ, ആ കവിതകളുടെ ആഴത്തിലുള്ള അർത്ഥം മനസിലാക്കുന്നത് നിരന്തരമായ വായനയുടെ ഫലമാണോ അതോ മറ്റെന്തെങ്കിലും പ്രോസസ് ഉണ്ടോ..
Prose വായിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചിലവഴിക്കാറുണ്ടോ
വായന തന്നെ കാര്യം. വായനയിൽ അനുഭവസമ്പത്തുണ്ടാകുന്നത് പ്രധാനമാണ്. കാഴ്സൺ, ട്രാൻസ്ട്രോമെർ, ബിഗ്‌ന്യൂ ഹെബെർട്, സെലാൻ ഒന്നും പെട്ടെന്ന് പിടി തരില്ല. കൂടുതൽ വായിയ്ക്കുക, വായിച്ചതിനെപ്പറ്റി എഴുതിനോക്കുക/ ആലോചിയ്ക്കുക എന്നിവയും പ്രധാനം – എനിയ്ക്കാണെങ്കിൽ റൈറ്റിങ് ഈസ് തിങ്കിംഗ്. എന്റെ ബ്ലോഗ് മൊത്തം എന്റെ തിങ്കിങ് ആണ്.
നേരത്തേ FB, ക്ലബ് ഹൗസിൽ ഒക്കെ ഞാൻ ഫോളോ ചെയ്തിരുന്നു ഇപ്പോ ഗുഡ്റീഡ്സിലും, എന്നേപ്പോലെയുള്ളവർക്ക് കുറേ പ്രയോജനം ചെയ്യുന്നുണ്ട് ഈ ബ്ലോഗ്,
അതിനും കൂടി Thanks
Thanks, bud.