നിരൂപകരെ ഇതിലേ ഇതിലേ

നിരൂപണം എളുപ്പപ്പണിയല്ല. അതിനു ചട്ടവും ചട്ടക്കൂടും ഒക്കെയുണ്ട്. മലയാളത്തിൽ നിരൂപണം നടത്തുന്നവർ അധികമില്ല. അജയ് മങ്ങാട്ടും പികെ രാജശേഖരനും മിയ്ക്കപ്പോഴും ലിറ്റററി ജേർണലിസമാണ് ചെയ്യുന്നത്. അത് അവർ എടുത്തു പറയാറില്ലെന്നു മാത്രം. കൃഷ്ണൻ നായർ തന്റെ കോളത്തിൽ പണ്ടെഴുതിയിട്ടുണ്ട് – താൻ നടത്തുന്നത് ലിറ്റററി ജേർണലിസമാണ്, താനൊരു നിരൂപകനല്ല എന്ന്, എന്നാൽ കേരളത്തിൽ പുസ്തകത്തെപ്പറ്റി എഴുതുന്നവനൊക്കെ നിരൂപകനാണ്. ഫെയ്‌സ്ബുക്ക് ഇത്തരക്കാരുടെ പറുദീസയാണ്. ഒരു വിദേശ പുസ്തകത്തെപ്പറ്റി അറിവ് ലഭിയ്ക്കാൻ വഴികൾ ഏറെയുണ്ടല്ലോ – അതുവഴി വരുന്ന കണ്ടെന്റ് തന്റേതായ ഭാഷയിൽ (തന്റെ ഇമ്പ്രെഷൻ), ചിലപ്പോൾ വായനാനുഭവം വയ്ക്കാതെയും, വച്ചുമൊക്കെ എഴുതുന്നവരുണ്ട്. എന്നാൽ സ്വന്തമായി ഭാഷയുള്ളവർ (ബ്രെയിൻ വർക്ക് ചെയ്യാൻ താല്പര്യമുള്ളവരും) അത് വിപുലീകരിച്ചു എഴുതും. അവിടെയും ജേർണലിസം കടന്നുവരാം. ന്യൂസ് ഏജൻസികൾ കൊടുക്കുന്ന വാർത്തകൾ ഇവിടെയുമെത്തിയ്ക്കുന്ന പരിപാടി. ഇവിടത്തെ എല്ലാ (ലിറ്റററി) ജേർണലിസ്റ്റുകളും ഇത് ചെയ്യാറുണ്ട്. സ്വന്തം അനുഭവം എഴുതുമ്പോൾ അത് ആസ്വാദനമായി. അതാണ് അജയ് പോലുള്ളവർ ചെയ്യുന്നത്. അജയ് നിരൂപണം എഴുതിയിട്ടുണ്ട്, ഇല്ലെന്നല്ല. രാജശേഖരന്റെ വാക്കിന്റെ മൂന്നാം കര എന്ന പുസ്തകമാണ് എന്നെ, കൃഷ്ണൻ നായരുടെ കോളത്തിനൊപ്പം, വായനക്കാരനാക്കിയത് – ആ പുസ്തകം (ഓർമ്മയിൽ നിന്ന്) ഏകദേശം മുഴുവനായി തന്നെ ജേര്ണലിസമാണ്. ഈ വ്യത്യാസം മനസ്സിലാവാത്തതുകൊണ്ടാണ് ഇവിടെ എല്ലാവരെയും നിരൂപകനാക്കുന്ന പണി നടക്കുന്നത് (ഇത് നിരൂപണമാണ്, ഉദാഹരണത്തിന്, ആൾസോ ഇറ്റ്സ് ആൻ ഒറിജിനൽ – https://www.nybooks.com/daily/2020/08/14/the-unbearable-toward-an-antifascist-aesthetic/). ഞാൻ തന്നെ പല തവണ പല സ്ഥലത്ത് ഞാൻ നിരൂപകനല്ല, പലപ്പോഴും ആസ്വാദകൻ പോലുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. അതിനുള്ള നോൺ ഫിക്ഷൻ ഭാഷ പോലും എനിയ്ക്കില്ല. എനിയ്ക്കു അപ്പപ്പോൾ തോന്നുന്നത് എഴുതാനാണ് ഈ ബ്ലോഗ്. പുസ്തകങ്ങളെപ്പറ്റി, വായനയെപ്പറ്റി ഒക്കെ പൊതുവായ കാര്യങ്ങൾ പറയുക എന്നതാണ് എന്റെ രീതി. റീഡർഷിപ് എന്റെ വിഷയമല്ല. എഴുതുക എന്നത് പ്രധാനമാണ് താനും. പ്രാക്ടീസ് എന്ന അർത്ഥത്തിൽ.

ഓൺലൈനിലെ ഒരു “പ്രമുഖ” നിരൂപകൻ മുറകാമിയുടെയും കാർവറുടെയും മീറ്റിംഗിനെപ്പറ്റി സിയാറ്റിൽ ടൈംസിൽ വന്ന ലേഖനം മലയാളത്തിലാക്കി, റെഫറെൻസ് കൊടുക്കാതെ ഫെയ്‌സ്ബുക്കിൽ കൊടുത്തത് കണ്ടു കുറേപ്പേർ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഞെട്ടിയത്രേ. എനിയ്ക്കൊരു ഞെട്ടലുമില്ല. ഇതേ ആൾ തന്നെ പണ്ട് ഹാവിയർ മരിയസിനെപ്പറ്റി ലേഖനം എഴുതിയപ്പോൾ പാരീസ് റിവ്യൂ ഇന്റർവ്യൂവിന്റെ ആദ്യഭാഗം അതേപോലെ കോപ്പി അടിച്ചു കൊടുത്തിട്ടുണ്ട്. അതിനെപ്പറ്റി ഞാൻ തന്നെ എഴുതിയിട്ടുണ്ട്. നൂറു ജോലിത്തിരക്കിനും മറ്റിനും ഇടയിലാണ് നമ്മളൊക്കെ പുസ്തകങ്ങൾ വായിയ്ക്കുന്നതും അതിനെപ്പറ്റി എഴുതുന്നതും. അഥവാ, ഒരു ക്രീയേറ്റീവ് ജോലി പോലെയാണ് വായനയും. അതിന് അതിന്റെതായ പരിശ്രമവും അധ്വാനവുമുണ്ട്. വൈക്കം മുരളി പോലെയുള്ളവർ മുഴുവൻ സമയം വായിയ്ക്കാനായി മാറ്റിവയ്ക്കുന്നു – അയാൾ മാധ്യമത്തിൽ 2021-ലെ വായനയെപ്പറ്റി എഴുതിയ കുറിപ്പ് നോക്കുക (ഇതേ വാരികയിൽ വേറൊരു സംഗതിയുണ്ട്, വഴിയെപ്പറയാം), അയാൾ ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ മിർസിയ കാട്ടറെസ്ക്യുവിന്റെ ബ്ലൈൻഡിങ്, യാൻ ഫോസെയുടെ മെലങ്കളി, പിസാനിക്കിന്റെ കവിതകൾ, പെസോവയുടെ ബയോഗ്രഫി തുടങ്ങിയവയുണ്ട്. ബ്ലൈൻഡിങ് വളരെ ശ്രദ്ധയോടെ വായിയ്ക്കേണ്ട നോവലാണ്, ഞാൻ കഴിഞ്ഞ വര്ഷം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല, കാരണം അതർഹിയ്ക്കുന്ന ശ്രദ്ധ കൊടുക്കാൻ പറ്റിയ സാഹചര്യം എനിയ്ക്കില്ല, കിൻഡിലിൽ 23% ശതമാനത്തിൽ ഇരിപ്പാണ് ആ നോവൽ (ഈ കുറിപ്പ് കണ്ടപ്പോൾ ഇച്ഛാഭംഗം തോന്നി), ഫോസെയുടെ പുസ്തകം ഇന്ത്യയിൽ ലഭ്യമല്ല – അത് മുരളി വിദേശത്തു നിന്ന് വരുത്തിയതാണ് എന്നൂഹിയ്ക്കാം (അയാൾ ലേഖനത്തിൽ തന്നെ അമ്മാതിരി കാര്യങ്ങൾ പറയുന്നുണ്ട്). പിസാനിക്കിന്റെ കവിതകൾ പഴയതാണ് അതിലെ മിയ്ക്കവാറും കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്, പലപ്പോഴായി, നാലോ അഞ്ചോ വരികളിൽ വായനയിൽ കുറച്ചു പ്രയാസമുള്ള കവിതകളാണ് അവർ എഴുതിയിരിയ്ക്കുന്നത്. പെസോവയുടെ പുസ്തകവും കിൻഡിലിൽ ഉണ്ട് – ഇത് ഞാൻ ഇതുവരെ തുടങ്ങിയിട്ടില്ല. സരമാഗോയുടെ പെസോവ നോവലും ഞാൻ വായിയ്ക്കുന്നുണ്ട് എന്ന് മുന്നേ സൂചിപ്പിച്ചിട്ടുള്ളതാണ്. ആനിവേഴ്സറീസ് എന്ന (തടിയൻ) നോവലിനെപ്പറ്റി ഞാൻ രണ്ടു മൂന്നു വര്ഷം മുന്നേ ഫെയ്‌സ്ബുക്കിൽ എഴുതിയിട്ടുണ്ട്. പറഞ്ഞു വന്നത് മുരളി ലിസ്റ്റ് ചെയ്ത പുസ്തകങ്ങൾ വായിയ്ക്കുക എളുപ്പമല്ല, സമയവും അദ്ധ്വാനവും അർപ്പണവും എല്ലാം വേണ്ട സംഗതികളാണ് (മുരളിയുടേത് ലിറ്റററി ജേര്ണലിസത്തിനു പെർഫെക്റ്റ് ഉദാഹരണവുമാണ്).

അപ്പോഴാണ് പുസ്തകമേ വായിയ്ക്കാത്ത വിരുതന്മാർ ഇമ്മാതിരി ഉഡായിപ്പും കൊണ്ടിറിങ്ങിയിരിയ്ക്കുന്നത്. ഈ വിദ്വാന്റെ ക്രിയകൾ എനിയ്ക്കു പരിചയമുള്ളതാണ്. ഇന്ത്യയിൽ സെബാൾഡ് വരുന്നതിനു മുന്നേ പുറത്തു നിന്ന് വരുത്തിച്ച പുസ്തകത്തെപ്പറ്റി എന്റെയടുത്തു നിന്ന് സമ്മറി വാങ്ങി മാധ്യമത്തിൽ എഴുതിയ ആളാണ്, എന്നിട്ടൊരു പിഡിഎഫ് എന്റെ മെയിലിൽ. ഇത് സ്ഥിരം പണിയായപ്പോഴാണ് ഞാൻ പിൻമാറിയത്. എന്നാൽ ഇന്നലെ ഇതേ മാധ്യമത്തിൽ കണ്ട കൊങ്കിണി ഭാഷയെപ്പറ്റിയുള്ള ടിയാന്റെ ലേഖനം ഒരു അതിക്രമമാണ്. InterDISCIPLINARY Journal of Portuguese Diaspora Studies -ൽ വന്ന “Gossiping about the Goan Ayah: Migration, Diaspora, and Anxieties at Home in Karmelin” എന്ന ലേഖനം അതുപോലെ അടിച്ചെടുത്തിയിരിക്കുകയാണ്.

“She works as a domestic worker— an ayah—in the home of a wealthy Arab couple, Nissar and his wife, Nooriya. After a while Karmelin starts having sexual relations with Nissar, subsequent to which she rationalizes this relationship as providing her with sexual fulfillment and a way to make extra money. The exact nature of the relationship that Karmelin shares with her Arab employer is not clear, whether they are in a romantic relationship or if it is an exchange of cash for sexual favors.”

“ധനികരായ അറബ് ദമ്പതികളായ നിസാറിന്റെയും ഭാര്യ നൂരിയയുടെയും വീട്ടിലെ വേലക്കാരിയായ കാർമെലിനെ നിസാർ കാമാഭിലാഷത്തോടെയാണ് നോക്കിയിരുന്നത്. എന്നാൽ, ഈ ബന്ധം അവൾക്ക് ലൈംഗിക പൂർത്തീകരണം നൽകുന്നതായി പരിണമിക്കുന്നു. മാത്രമല്ല കൂടുതൽ പണം സമ്പാദിക്കാനുള്ള ഒരു വഴിയായും ഇതിനെ കാർമെലിൻ കാണുകയാണ്. നിസാറും കാർമെലിനും തമ്മിലുള്ള ബന്ധത്തിന്റെ കൃത്യമായ സ്വഭാവം നിർവചിക്കാനാവില്ല. എങ്കിലും പ്രാഥമികമായ തലത്തിൽ അതിനെ ലൈംഗികവ്യവഹാരമായി രേഖപ്പെടുത്താം.”

“While there are no monographs available on the history of Goan ayahs in Bombay, the Goan ayah finds mention in works of fiction such as Rohinton Mistry’s Family Matters (2001), and Salman Rushdie’s celebrated
Midnight’s Children (1981).”

“ആയമാരായി ബോംബെയിൽ തൊഴിൽ ചെയ്യാൻ ഗോവയിൽ നിന്ന് സ്ത്രീകൾ വലിയതോതിൽ പുറപ്പെട്ടിരുന്നു. സൽമാൻ റുഷ്ദിയുടെ ‘മിഡ്നൈറ്റ്‌സ് ചിൽഡ്രൻ’ റോഹിങ്ടൺ മിസ്ട്രിയുടെ ‘ഫാമിലി മാറ്റേഴ്‌സ്’ എന്നീ കൃതികളിലെല്ലാം ഇത്തരം കഥാപാത്രങ്ങളുണ്ട്.” – മാധ്യമത്തിൽ ഇങ്ങനെ.

ഇങ്ങനെ ഏകദേശം മൊത്തം കോപ്പിയടിയാണ്, ആദ്യഭാഗം എവിടെനിന്നെന്നു കണ്ടുപിടിയ്ക്കാനായില്ല. ഇത് മാധ്യമത്തിലെ എഡിറ്ററുടെ പരാജയമാണ്. പ്ലെയ്ജറിസം എന്താണ് എന്നൊന്നുമറിയാത്ത എഴുത്തുകാരനും അതിനു പറ്റിയ എഡിറ്ററും.

അപ്പോഴും “എങ്കിലും പ്രാഥമികമായ തലത്തിൽ അതിനെ ലൈംഗികവ്യവഹാരമായി രേഖപ്പെടുത്താം.” എന്നൊക്കെ എഴുതുന്നത് ജേർണലിസമാണെങ്കിലും കടന്ന കയ്യാണ്.

ഇനി മറ്റൊന്ന് :- ആള് ടിയാൻ തന്നെ.

“…മണിക്കൊടി എന്ന സാഹിത്യമാസിക ചെറുകഥയുടെ വികാസത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. പുതുമൈപ്പിത്തന്‍, മൗനി, കു.പ. രാജഗോപാലന്‍ മുതലായ പ്രധാനപ്പെട്ട എഴുത്തുകാര്‍ ഈ മാസികയിലൂടെ പ്രശസ്തി നേടി. ഇപ്പറഞ്ഞ എഴുത്തുകാര്‍ പാശ്ചാത്യ ചെറുകഥയുടെ രൂപവും ഘടനയും കടമെടുത്തുകൊണ്ട്, പ്രാദേശികചുറ്റുപാടുകളില്‍ വേരൂന്നി കഥകള്‍ മെനഞ്ഞെടുക്കാന്‍ ആരംഭിച്ചു.
ഇക്കൂട്ടത്തില്‍ പുതുമൈപ്പിത്തന്‍ സമൂഹത്തിന്റെ സ്ഥിതിഗതികളിലാണ് ശ്രദ്ധ പുലര്‍ത്തിയത്. സാമൂഹികവ്യവസ്ഥിതിയെ വിരോധാഭാസമായ നോട്ടത്തോടെ കണ്ട അദ്ദേഹം അത്തരം അനുഭവങ്ങളെ കഥകളിലൂടെ സാക്ഷാത്കരിച്ചു. ഗ്രാമീണ-നഗര ജീവിതത്തിന്റെ പച്ചയായ വഴികളും ചരിത്രവും മിത്തുകളുമൊക്കെ അദ്ദേഹത്തിന്റെ കഥാലോകത്തിനു കരുത്ത് പകര്‍ന്നു. മറ്റൊരു പ്രധാന എഴുത്തുകാരനായ മൗനി തന്റെ കഥാപാത്രങ്ങളെ നിരന്തരം മനഃശാസ്ത്രപരമായ വിശകലനത്തിന് വിധേയരാക്കിയാണ് കഥ വികസിപ്പിച്ചത്.”

(ട്രൂ കോപ്പിയിൽ വന്നത്)

“It was the literary journal Manikodi that promoted the short story and played a major role in its development. Three important writers, Pudumaippittan, Mauni and Ku Pa Rajagopalan earned their fame through this magazine. It was Pudumaippittan who honed the idiom of the modern Tamil short story; the stamp of his influence is seen even today. The Manikodi writers borrowed merely the form and its finer aspects from the Western short story; the themes and language were deeply rooted in their own milieu, resonating the pulse of the Tamil experience, lending a fresh literary vibrancy. If Pudumaippittan turned an ironic gaze on society in his starkly realistic accounts of rural and urban life and retold myths inventively and often shockingly, using even history as a backdrop, Mauni plumbed the psychological depths of his characters, subjecting them to philosophical scrutiny and in the process often twisted language into new, impossible shapes.”

– From the Foreword written by Dileep Kumar for the book The Tamil Story: Through the times, through the tides (ed. Dileep Kumar), 2016

എങ്ങനെയുണ്ട്? ട്രൂ കോപ്പിയിൽ ഒക്കെ എഡിറ്റിംഗ് ടീം ഇല്ലേ എന്ന് വായനക്കാർക്ക് സംശയിയ്ക്കാമോ?

ഇതുപോലൊരു ഏർപ്പാടാണ് ഒരെഴുത്തുകാരന്റെ ഒരു പുസ്തകം ക്ലിക്കായാൽ പിന്നെ ബാക്കിയെല്ലാറ്റിനേയും വെറുതെ കിടന്നു പുകഴ്ത്തുന്ന ഇക്കൂട്ടരുടെ പരിപാടി. മലയാളി എഴുത്തുകാർക്കും അവരുടെ പ്രസിദ്ധീകരണ ശാലകൾക്കും വിമർശനം ഇഷ്ടമല്ലാത്തതുകൊണ്ടു ഇത് മനസ്സിലാക്കാം (വിമർശകർക്കും പുസ്തകമിറക്കണമല്ലോ). എന്നാൽ വിദേശികൾ എഴുതിയാലും ഇത് തന്നെ സ്ഥിതി. പാമുക്ക് അയാളുടെ ഏറ്റവും ചവർ നോവലിറക്കിയപ്പോൾ (റെഡ് ഹെയേഡ് വുമൺ) ഞാൻ റീഡേഴ്സ് സർക്കിളിൽ എഴുതിയിരുന്നു, മോശം വർക്ക് ആണെങ്കിലും അയാളുടെ എളുപ്പത്തിൽ വായിയ്ക്കാവുന്ന നോവലാണ് ഇത്, നീളവും കുറവ്, ഇത് എല്ലാവരും വായിയ്ക്കാൻ സാധ്യതയുണ്ടെന്ന് – പറഞ്ഞപോലെ തന്നെ നടന്നു. എന്ന് മാത്രമല്ല നോവലിന് റിവ്യൂകളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ ഒന്നുപോലും പാമുക്കിനെ വിമർശിച്ചില്ല. കാരണം തുർക്കിയിൽ കിടക്കുന്ന പാമുക്ക് പിണങ്ങിയാലോ? ഈ ഭയം മലയാളികൾക്ക്, ഈയടുത്തുണ്ടായ വായനാബൂമിനുശേഷം വന്നതാണ്. അതാണ് സമുദ്രശില അല്ലെങ്കിൽ മീരയുടെ പോലെയുള്ള ശരാശരി നോവലുകൾ ഇവിടെ വാഴുന്നത്. ചില എഴുത്തുകാരുടെ പുസ്തകത്തപ്പറ്റി ആരെങ്കിലും മിണ്ടിയാൽ പിന്നെ അവർക്കെതിരെ ഇതുപോലുള്ള സ്തുതിപാഠകരുടെ അഴിഞ്ഞാട്ടമാണ്. എന്റെ നേരെയുമുണ്ടായി, കഴിഞ്ഞ വർഷമോ മറ്റോ.

ചുരുക്കിപ്പറഞ്ഞാൽ, എളുപ്പത്തിലുള്ള പ്രശസ്തി, എന്തെങ്കിലും രീതിയിൽ സ്ഥാനലഭ്യത ഇതാണ് മലയാള സാഹിത്യലോകത്തെ പ്രധാന സംഗതി. പുസ്തകം എഴുതുന്നവനും അതിനു കുറിപ്പെഴുതുന്നവനും (നിരൂപണം എന്ന് അവർ) എല്ലാം ഇതിനുപിന്നാലെയാണ്. അതിനുവേണ്ടി ഐക്കൺസിനെ ഉൽപ്പാദിപ്പിയ്ക്കുന്ന ഫാക്ടറികളാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്‌മകൾ. രാഷ്ട്രീയ പാർട്ടികളോട് ചേർന്ന് നിൽക്കുക, പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കി മാത്രം എഴുതുക, മുദ്രാവാക്യം ലെവെലിലുള്ള എഴുത്തുകൾ എഴുതുക, ക്രൈസിസ് പോൺ എന്ന് വിളിയ്ക്കാവുന്ന (അതാ സിറിയയിലേയ്ക്ക് നോക്കൂ എന്ന മട്ടിൽ, അവനവന്റെ നാട്ടിൽ എല്ലാം ഭദ്രമാണ്) സംഗതികൾ വച്ച് സീരീസുകൾ എഴുതുക ഇതൊക്കെയാണ് പരിപാടികൾ. എന്നാൽ ഇത്തരത്തിലുള്ള സ്ഥാനലബ്ധിയ്ക്കു വേണ്ടി എഴുത്തിലും വായനയിലും പണിയെടുക്കാനൊന്നും ആരും തയ്യാറല്ല. പൊതുവെ ആർക്കും മനസ്സിലാവാത്ത ഭാഷയിൽ എഴുതലാണ് നിരൂപണം എന്ന് ഇത്തരം ആളുകളെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്. അതല്ലെങ്കിൽ ഇമ്മാതിരി തട്ടിക്കൂട്ട് പരിപാടികൾ (കോപ്പിയടിച്ചെഴുതുമ്പോൾ ഭാഷ സിംപിൾ ആവുന്നത് മേലെ നോക്കിയാൽ കാണാം, അല്ലെങ്കിൽ ഒന്നും മനസ്സിലാവില്ല). പണ്ട് മനോജ് നിരക്ഷരൻ എന്നയാൾ സോമൻ കടലൂർ എന്നോ മറ്റോ പേരുള്ള ഒരാളെ ഇതുപോലെ പിടിച്ചിട്ടുണ്ട്. അതുപോലെ ഏതോ ഫെയ്ക്ക് ഐഡിയിൽ നിന്ന് റീഡേഴ്സ് സർക്കിളിൽ എഴുതിയിരുന്ന ഒരാളെയും. എന്തിനാണ് ഈ അഭ്യാസമെന്നു എനിയ്ക്കറിയില്ല. ഇരുപതോ മുപ്പതോ പേജുകൾ മാത്രം വായിച്ചു തീരാനുള്ള എത്രയോ നോവലുകൾ എന്റെ റീഡിങ് ലിസ്റ്റിലിരിയ്ക്കുന്നു. പല കാരണങ്ങൾ കൊണ്ട് അവ പിന്തള്ളപ്പെട്ടുപോകും. 2020-ൽ തീരേണ്ട പുസ്തകങ്ങൾ ഇപ്പോഴും കിടപ്പുണ്ട്. പിസാനിക്കിന്റെ കവിതകൾ, വായിയ്ക്കാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞെന്നാണ് തോന്നുന്നത്. പൂർത്തിയാക്കാത്തത് ആരും ചോദിയ്ക്കാനോ അറിയാനോ ഒന്നും പോകുന്നില്ല – എന്നാലും നമ്മൾ പൊതുവിടത്തിൽ വരുമ്പോൾ സ്വയമെങ്കിലും അക്കൗണ്ടബിൾ ആവണമല്ലോ (ആത്മവഞ്ചനയെങ്കിലും ചെയ്യാതെയിരിയ്ക്കുക). അത് ഇക്കൂട്ടർക്ക് വയ്യ. ഇതൊക്കെ പബ്ലിഷ് ചെയ്യുന്ന, താഴ്ന്ന തരം എഡിറ്റർമാരാണ് മലയാളം വാരികകളിലും ഓൺലൈൻ പോർട്ടലുകളിലും ഉള്ളതും. ഞാൻ 2666-നെപ്പറ്റി ഒരു കുറിപ്പ് ട്രൂ കോപ്പിയിൽ എഴുതിയിരുന്നു. അങ്ങനെ എഴുതാനുള്ള ഭാഷയൊന്നും എനിയ്ക്കില്ല, എന്നാലും അത് ചെയ്തു (സത്യത്തിൽ, ടിയാന്റെ തന്നെ ഇമ്മാതിരി കുറിപ്പുകൾ കണ്ട് മടുത്തിട്ടു ചെയ്തതാണ്, ബൊലാഞ്ഞോയെ വായിച്ചവർക്കു മനസ്സിലാവും. എന്റെ ബ്ലോഗിൽ ഞാൻ സാവേജ് ഡിറ്റക്റ്റീവ്സ്-നേപ്പറ്റി എഴുതിയപ്പോൾ ഒരു സുഹൃത്ത് എഴുത്തുകാരന്റെ ദാരിദ്ര്യത്തെപ്പറ്റി എഴുതാത്തതിന് പരാതി പറഞ്ഞു – അതും മലയാളത്തിലെ ഒരു ട്രോപ്പാണ്. പട്ടിണികിടന്നു കഷ്ടപ്പെടുന്ന എഴുത്തുകാർ, ആത്മഹത്യ ചെയ്യുന്നവർ ഇവർക്കൊക്കെ വല്ല്യ ഡിമാൻഡാണ്, അത് വായിയ്ക്കുമ്പോൾ ഇവിടത്തെ വായനക്കാർക്കും ഒരു ഹരം). അതിന് വേണ്ടി റെഫർ ചെയ്ത എല്ലാ പുസ്തകങ്ങളുടെയും, ലെക്ച്ചറുകൾക്കായി കണ്ട വീഡിയോകളുടെയും പേരുകൾ അതിൽ കൊടുത്തിരുന്നു. പുസ്തകങ്ങൾ എല്ലാം എന്റെ കയ്യിലുള്ളവയാണ്. എന്നാൽ അതിങ്ങനെ തന്നെ വേണം എന്നെനിയ്ക്കു നിർബന്ധമുണ്ടായിരുന്നു. അതാണ് മാന്യത. എന്നാൽ ഇതൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിയ്ക്കുന്നത്. ഇവിടെ എഴുത്തുകാരാവുന്നതല്ല, വായനക്കാരാവുന്നതാണ് യഥാർത്ഥ വെല്ലുവിളി.

 

5 thoughts on “നിരൂപകരെ ഇതിലേ ഇതിലേ”

  1. ഫേസ്ബുക്കിൽ എഴുത്തുകാരുടെ ആരാധകവൃന്ദവും, തമ്മിൽ തമ്മിൽ പൊക്കലും(ക്രൈം ഫിക്ഷൻ ), പിന്നെ ഇത് പോലെ ഒരു നാണവും ഇല്ലാത്ത കോപ്പി അടിയും കാരണം റീഡേഴ്സ് ഗ്രൂപുകളിൽ കേറാൻ പറ്റാത്ത അവസ്ഥയാണ്. അഭിലാഷ് Quote ചെയ്ത തമിഴ് പുസ്തകത്തിന് ഏറ്റവും നല്ല വിമർശനം ഉണ്ടായതു തമിഴ് വിവർത്തകനായ കല്യാൺ രാമനിൽ നിന്നാണ് (ട്വീറ്റ് ചേർക്കുന്നു https://twitter.com/kalyanasc/status/1466407793020178433), ദിലീപ് അവതാരിക എഴുതിയ പുസ്തകം ഇബുക്ക് ആയി ഡിസംബെരിൽ മറ്റോ വായിച്ചിരുന്നു മലയാളത്തിലെ വിമര്ശകന്റെ അവതാരിക വായിച്ചതുമില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top